Sunday, July 5, 2020

സൂഫിയും സുജാതയും

'റൂഹിന് നൂറിനോടുള്ള പ്രണയമാണ് പടച്ചവളെ പടച്ചവനാക്കിയത്' എന്നെഴുതി കാണിച്ചു കൊണ്ട് തെളിയുന്ന ടൈറ്റിലുകളും ഒരു പ്രണയ സിനിമയെന്ന് തോന്നിക്കുന്ന മികച്ച തുടക്കവും അതിന് വേണ്ട എല്ലാ ചേരുവകളും ഉണ്ടെങ്കിലും കാഴ്ചയിൽ അനുഭവപ്പെടുത്തുന്ന പ്രണയമോ കാത്തിരിപ്പോ ഒന്നും തന്നെയില്ല സൂഫിയും സുജാതയുടെയും കാര്യത്തിൽ. പക്ഷെ പുതുമയുള്ള ഒരു കഥാപശ്ചാത്തലവും പാട്ടുകളും ഫ്രെയിമുകളുമൊക്കെയായി സിനിമ ഒരു മാന്ത്രിക അനുഭൂതി തരുന്നുണ്ട്. അത് തന്നെയാണ് 'സൂഫിയും സുജാതയു'ടെയും ആസ്വാദനവും. അല്ലാത്ത പക്ഷം നിരാശപ്പെടുന്നവർ ധാരാളം ഉണ്ടാകും എന്ന് ഉറപ്പ്. 

തേന്മാവിൻ കൊമ്പത്തിലും, സുന്ദരകില്ലാഡിയിലുമൊക്കെ നമ്മൾ കണ്ട സാങ്കൽപ്പിക ഗ്രാമങ്ങളെ പോലെ ഇവിടെയും ഒരു സാങ്കൽപ്പിക ഗ്രാമമുണ്ട്. കേരള - കർണ്ണാടക അതിർത്തിയിലെവിടെയോ ആണെന്ന് തോന്നിക്കുന്ന ഒരു സൂഫി ഗ്രാമം. 

സൂഫിസത്തിന്റെ പശ്ചാത്തലത്തിൽ, സൂഫി സംഗീതത്തിന്റെ അകമ്പടിയിലൊക്കെ തന്നെയാണ് 'സൂഫിയും സുജാതയും' പിന്നീട് മനസ്സിലേക്ക് കയറിക്കൂടുന്നത്.

ബാങ്ക് വിളിച്ചാൽ പുഴ മുറിച്ചു കടന്നു ജിന്ന് പള്ളിയിലേക്ക് നിസ്‌കരിക്കാൻ വരുന്ന വിശ്വാസികളും, എപ്പോഴും ഉത്സവാന്തരീക്ഷത്തിലുള്ള ആ മുല്ല ബാസാറും, ക്ലാരിനെറ്റ് ഊതി മനസ്സ് കവരുന്ന അബൂബ് ഉസ്താദും, ആരുടെ മരണം നടന്നാലും ഖബർ കുഴിക്കാനെത്തുന്ന കുമാരനും, മൈലാഞ്ചി ചെടികൾ നിറഞ്ഞു നിൽക്കുന്ന ഖബർസ്ഥാനും, സൂഫിയുടെ ബാങ്ക് വിളിയും, സുജാതയുടെ നൃത്തവുമടക്കം പലതും മനസ്സിൽ പതിഞ്ഞു പോകുന്നുണ്ട്.

ബാങ്ക് വിളിയുടെ സംഗീതം ഇത്ര മേൽ മനോഹരമായി മുൻപെങ്ങും കേൾക്കാത്ത തരത്തിൽ സൂഫി പാടുമ്പോൾ കേൾക്കുന്ന നമ്മളും മറ്റൊരു ലോകത്തേക്ക് എത്തിപ്പെടുന്നു. സിനിമ പറയാൻ വന്ന പ്രണയത്തേക്കാൾ സിനിമയിൽ ഇഷ്ടപ്പെട്ടു പോകുന്നതും ആ സംഗീതം തന്നെ. 

സൂഫിയും സുജാതയും തമ്മിലുള്ള പ്രണയത്തേക്കാളേറെ അവർ തമ്മിലുള്ള ആശയ വിനിമയങ്ങളിലെ സംഗീത-നൃത്ത ഭംഗിയാണ് വ്യക്തിപരമായി എനിക്കേറ്റവും ഇഷ്ടപ്പെട്ടത്.

അദിതി റാവുവിന്റെ സുജാതയേക്കാളും, ജയസൂര്യയുടെ രാജീവനേക്കാളുമേറെ ദേവ് മോഹന്റെ സൂഫിയും അയാളുടെ ആ ചിരിയും ബാങ്കു വിളിയും തന്നെയായിരിക്കാം സിനിമക്ക് ശേഷം കൂടുതലും നമ്മൾ ഓർക്കുക.

പ്രണയ കഥ കൊണ്ടല്ല, പ്രണയ സംഗീതം കൊണ്ടാണ് 'സൂഫിയും സുജാതയും' മനസ്സ് തൊടുന്നത്. 

ആകെ മൊത്തം ടോട്ടൽ = മികച്ച സിനിമയെന്ന അവകാശവാദമില്ല. പരിമിതികളും പോരായ്മാകളും ഏറെയുണ്ട് താനും. എന്നാലും ദൃശ്യ ഭംഗി കൊണ്ടും സംഗീതം കൊണ്ടും  കണ്ടിരിക്കാവുന്ന ഒരു കൊച്ചു സിനിമ. 

*വിധി മാർക്ക് = 5.5/10 

-pravin- 

1 comment:


  1. 'സൂഫിയും സുജാതയും തമ്മിലുള്ള പ്രണയത്തേക്കാളേറെ അവർ തമ്മിലുള്ള ആശയ വിനിമയങ്ങളിലെ സംഗീത-നൃത്ത ഭംഗിയാണ് വ്യക്തിപരമായി എനിക്കേറ്റവും ഇഷ്ടപ്പെട്ടത്.'
    ഈ അനുഭവം തന്നെയാവും ഒട്ടുമിക്ക പ്രേക്ഷകർക്കും അനുഭവപ്പെട്ടിട്ടുണ്ടാകുക

    ReplyDelete