ലോകേഷ് - തലൈവർ ഒരുമിക്കുന്ന പടം എന്ന വിശേഷണം തന്നെയായിരുന്നു 'കൂലി'യുടെ ആദ്യത്തെ ഹൈപ്പ് ..അതിലേക്ക് മറ്റു സൂപ്പർ സ്റ്റാർസിന്റെ കാസ്റ്റിങ് കൂടിയായപ്പോൾ ആ ഹൈപ്പ് ഇരട്ടിച്ചു. അമ്മാതിരി ഹൈപ്പിനൊത്ത പടമായില്ല എന്ന് സമ്മതിക്കുമ്പോഴും വ്യക്തിപരമായി 'കൂലി' എന്നെ നിരാശപ്പെടുത്തിയില്ല.
സമീപ കാലത്ത് ഹൈപ്പടിച്ചു വന്ന് അടപടലം നിരാശപ്പെടുത്തിയ 'കങ്കുവ', 'റെട്രോ', 'തഗ് ലൈഫ്' പോലുള്ള സിനിമകളൊക്കെ വച്ച് നോക്കുമ്പോൾ 'കൂലി' എന്ത് കൊണ്ടും പൈസ വസൂൽ പടമാണ്.
നാളിതു വരെയുള്ള ലോകേഷ് പടങ്ങളിൽ കണ്ടു പരിചയിച്ച കഥാപാത്രങ്ങളും, അവരുടെ തൊഴിലിടങ്ങളും, പരസ്പ്പര വൈര്യവും, പോരാട്ടങ്ങളുമൊക്കെ തന്നെയാണ് 'കൂലി'യിലും മാറ്റിയവതരിപ്പിക്കപ്പെടുന്നത്.
പാട്ടിനൊപ്പമുള്ള ആക്ഷനും പഴയ സിനിമാ റഫറൻസുകളുമൊക്കെ ഇവിടെയും കാണാം.
ലോകേഷ് യൂണിവേഴ്‌സിലെ നായക - പ്രതിനായക പോരാട്ടങ്ങളിൽ യുക്തി തിരയുന്നത് യുക്തിരഹിതമാണെന്നിരിക്കെ സ്‌ക്രീനിൽ കാണുന്ന കാഴ്ചകളിലേക്ക് കണക്ട് ആയാൽ സിനിമക്കൊപ്പം സഞ്ചരിക്കുക എന്നത് മാത്രമാണ് ചെയ്യാനുള്ളത്. അങ്ങിനെയാണ് 'കൂലി' ആസ്വദിച്ചതും.
രജിനികാന്തിനെ വച്ച് ഒരു മാസ്സ് പടം ചെയ്യുക എന്നതിനപ്പുറത്തേക്ക് അതിനൊത്ത കെട്ടുറപ്പുള്ള തിരക്കഥയൊരുക്കാനൊന്നും ലോകേഷ് ശ്രമിച്ചിട്ടില്ല എന്നത് സത്യമാണെങ്കിലും സ്ക്രിപ്റ്റിന്റെ പോരായ്മാകളെ ടെക്നിക്കൽ സൈഡിലെ മികവ് കൊണ്ട് മറക്കാൻ ലോകേഷിന് സാധിച്ചിട്ടുണ്ട്.
ഫ്ലാഷ് ബാക്ക് സീനുകളിൽ സാങ്കേതിക വിദ്യ കൊണ്ട് പഴയ രജിനികാന്തിനെ പുനരവതരിപ്പിച്ചതൊക്കെ ഗംഭീരമായിരുന്നു. പവർ ഹൌസുമായി ബന്ധപ്പെട്ട ഫ്ലാഷ് ബാക്ക് സ്റ്റോറിക്ക് തിരക്കഥയിൽ കുറച്ചധികം പ്രാധാന്യം കൊടുത്തിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി.
സത്യരാജ്- രജിനികാന്ത് കോംബോയിലെ രാജശേഖരൻ - ദേവ സൗഹൃദത്തിന്റെ ആഴമൊക്കെ പ്രേക്ഷകന് ഊഹിക്കാൻ മാത്രമുള്ള അവസരണമാണുള്ളത്.
'കുബേര' യിലെ ക്ഷീണിത പ്രകടനത്തിലൂടെ നൽകിയ നിരാശ 'കൂലി'യിലെ സൈമണിലൂടെ നാഗാർജ്ജുന നികത്തി തന്നു. സൈമൺ ആയി നാഗാർജ്ജുന തിളങ്ങി.
ഉപേന്ദ്രയുടെ സ്‌ക്രീൻ പ്രസൻസും അദ്ദേഹത്തിന് കൊടുത്ത ബിജിഎമ്മും ഇഷ്ടപ്പെട്ടു.
ശ്രുതി ഹാസനു കാര്യമായി ഒന്നും ചെയ്യാനില്ലായിരുന്നു. പ്രീതി - ദേവ കഥാപാത്രങ്ങൾ തമ്മിലുള്ള ഇമോഷണൽ കണക്ഷൻസ് ഒന്നും വർക് ഔട്ട് ആയില്ല. ആ രണ്ടു കഥാപാത്രങ്ങളുടെ കണക്ഷൻ കഥ കൂടുതൽ പറയാൻ പോയാൽ 'കൂലി' 'കൗരവ'രുമായി ലയിക്കേണ്ടി വരുമല്ലോ എന്ന് ഓർത്തു പോയി.
ശ്രുതി ഹാസനേക്കാൾ 'കൂലി' യിൽ സ്‌കോർ ചെയ്തത് രചിതാ റാം ആണെന്ന് പറയാം.
ദാഹയുടെ കാഴ്ചപ്പാടിൽ പ്രതികാരവും ശത്രുതയുമല്ല ബിസിനസ്സാണ് താൽപ്പര്യം എന്നത് വ്യക്തമാണെന്നിരിക്കെ സൂര്യയുടെ റോളക്സ് പോലൊരു വേഷവുമായി ആമിർ ഖാന്റെ ദാഹയെ താരതമ്യപ്പെടുത്തുന്നതിനോട് യോജിപ്പില്ല. ഒരിത്തിരി കോമിക് മാനറിസത്തിൽ ആ കഥാപാത്രത്തെ അവതരിപ്പിച്ചത് നന്നായി എന്നാണ് അഭിപ്രായം.
ആമിർ ഖാൻ - രജിനികാന്ത് - ഉപേന്ദ്ര കോംബോ സീൻ ഇഷ്ടപ്പെട്ടു.
വില്ലനായിട്ടുള്ള സൗബിന്റെ മുഴുനീള പ്രകടനം ഗംഭീരമെന്ന് തോന്നിക്കുമ്പോഴും ഇടക്ക് പല സീനിലും വെള്ളി വീഴുന്നുണ്ട്. അത്തരം ചെറിയ കല്ല് കടികൾ ഒഴിവാക്കിയാൽ, പ്രധാന വില്ലന്മാരെക്കാൾ സൗബിന്റെ ദയാൽ തന്നെയാണ് 'കൂലി'യിൽ ആദ്യാവസാനം വരെ ഒരു ഹീറോ -വില്ലൻ ചെയ്‌സിങ് മൂഡ് ഉണ്ടാക്കുന്നത്.
അനിരുദ്ധിന്റെ മ്യൂസിക്കും, ഗിരീഷ് ഗംഗാധരന്റെ ഛായാഗ്രഹണവും, അൻപ് -അറിവിന്റെ ആക്ഷൻസും , ഫിലോമിൻ രാജിന്റെ എഡിറ്റിങ്ങും എല്ലാം കൂടെയാകുമ്പോൾ തിയേറ്റർ ആസ്വാദനത്തിൽ 'കൂലി' ചടുലമാണ്.
ഹൈപ്പ് അടിച്ചു നിരാശപ്പെടുത്തിയ സിനിമകളുടെ കൂട്ടത്തിലേക്ക് എന്തായാലും 'കൂലി'യെ ചേർക്കുന്നില്ല.
©bhadran praveen sekhar
No comments:
Post a Comment