Monday, May 17, 2021

നന്മ നിറഞ്ഞ ഒരു മുഖ്യമന്ത്രിയുടെ '1' മാൻ ഷോ !!


പൊളിറ്റിക്കൽ ത്രില്ലറുകളുടെ കൂട്ടത്തിൽ പെടുത്താനാകാത്ത ഒരു പൊളിറ്റിക്കൽ സിനിമയാണ് '1'. കടക്കൽ ചന്ദ്രനെന്ന ആദർശ ധീരനായ മുഖ്യമന്ത്രിയെ ഓവർ ബിൽഡ് അപ് നൽകി കൊണ്ടുള്ള സീനുകളെല്ലാം സിനിമക്ക് തന്നെ ബാധ്യതയായാണ് തോന്നിയത്.

എല്ലാവരും പേടിക്കുന്ന ഒരു മുഖ്യമന്ത്രിയാണ് കടക്കൽ ചന്ദ്രൻ എന്ന രീതിക്ക് ബിൽഡ് അപ് ചെയ്തിട്ട് ആ കഥാപാത്രം സിനിമയിലുടനീളം എല്ലാവരോടും ഏറ്റവും സമാധാനപ്രിയനായി സഹിഷ്ണുതയോടെ മാത്രമാണ് പെരുമാറുന്നത്.

അഞ്ചു വർഷത്തേക്ക് ജയിപ്പിച്ചു വിടുന്ന ജനപ്രതിനിധികളെ വേണ്ടി വന്നാൽ ജനങ്ങൾക്ക് എപ്പോൾ വേണമെങ്കിലും തിരിച്ചിറക്കാൻ സാധിക്കുന്ന Right to Recall എന്ന ആശയം ഒറ്റയടിക്ക് കൊള്ളാം എന്ന് തോന്നിപ്പിച്ചെങ്കിലും പ്രായോഗികമായി അത് എങ്ങിനെ നടപ്പിലാക്കാം എന്നത് സംബന്ധിച്ച് സിനിമ വ്യക്തത തരുന്നില്ല.

ജനാധിപത്യത്തിൽ ജനങ്ങൾക്ക് കൂടുതൽ അധികാരം നൽകുമെന്ന് പറയുന്ന Right to Recall നടപ്പിലാക്കുന്നത് കൊണ്ട് അഴിമതി ഇല്ലാതാകും എന്ന് പറയുന്നതിലെ യുക്തിയും മനസ്സിലാകുന്നില്ല.


അതേ സമയം ദുരുദ്ദേശത്തോടെയെങ്കിലും പ്രതിപക്ഷ നേതാവായ ജയാനന്ദൻ ചോദിക്കുന്ന ചില ചോദ്യങ്ങൾ പ്രസക്തമെന്ന് തോന്നി. വർഷാ വർഷവും ജനങ്ങൾക്ക് തങ്ങളുടെ ജനപ്രതിനിധികളെ മാറ്റാൻ തോന്നിയാൽ അതുണ്ടാക്കുന്ന ചിലവും സമയനഷ്ടവും എങ്ങിനെ പരിഹരിക്കപ്പെടും ?

ഇത്ര മേൽ ജനാധിപത്യ ബോധമുള്ള മുഖ്യമന്ത്രിയാകട്ടെ സ്വന്തം പാർട്ടിക്കാരുമായി പോലും ചർച്ച ചെയ്യാതെ ഏകപക്ഷീയമായാണ് ബിൽ പരിചയപ്പെടുത്തുന്നതും അവതരിപ്പിക്കുന്നതും.

സൽസ്വഭാവിയും നന്മയും സഹിഷ്ണതയുമുള്ള ഒരു മുഖ്യമന്ത്രി ഉണ്ടായാൽ അത് നന്നായേനെ എന്നൊക്കെ തോന്നാമെങ്കിലും സിനിമക്കപ്പുറം യാതൊരു വിധ സാധ്യതകളുമില്ലാത്ത രാഷ്ട്രീയ പ്രമേയമാണ് '1' കൈകാര്യം ചെയ്യുന്നത്.

ജനങ്ങൾക്ക് ഇഷ്ടമുള്ളവരെ അധികാരത്തിൽ നിന്നിറക്കാനും നിലനിർത്താനും Right to Recall എന്ന ഒരു ആശയത്തിന്റെ ആവശ്യമുണ്ട് എന്ന് ബോധ്യപ്പെടുത്താൻ പോലും സിനിമക്ക് സാധിച്ചില്ല എന്നത് തന്നെയാണ് ആസ്വാദനത്തിലെ ഏറ്റവും വലിയ കല്ലുകടിയായത്.

ആകെ മൊത്തം ടോട്ടൽ = കടക്കൽ ചന്ദ്രന്റെ ചില ഡയലോഗുകളും മമ്മുക്കയുടെ സ്‌ക്രീൻ പ്രസൻസും ഇഷ്ടപ്പെട്ടു എന്നതൊഴിച്ചാൽ '1' ശരാശരി സിനിമ മാത്രമായി തോന്നി. 

*വിധി മാർക്ക് =5/10 

-pravin-

1 comment: