Sunday, May 30, 2021

കുടുംബ കഥയിൽ ഒളിപ്പിച്ചു വച്ച കൊലപാതക രഹസ്യം !!


ഒരു കുടുംബ കഥയെന്നോണം തുടങ്ങി പതിയെ ഒരു കൊലപാതക രഹസ്യത്തിലേക്ക് പറഞ്ഞെത്തുന്ന സിനിമയെ ഏത് ജെനറിൽ ഉൾപ്പെടുത്താം എന്ന ആശയക്കുഴപ്പമുണ്ട്. ഒരിക്കലും ഒരു ത്രില്ലർ സിനിമയല്ല 'ആർക്കറിയാം'. എന്നാൽ പൂർണ്ണമായും ഒരു കുടുംബ സിനിമയുമല്ല. അതേ സമയം 'ക്രൈം' എന്ന വിഷയത്തെ സിനിമ കടം കൊള്ളുന്നുമുണ്ട്.

ഒരു ക്രൈം ത്രില്ലറാക്കാൻ സാധിക്കുമായിരുന്ന കഥാ ഘടകങ്ങളുണ്ടെങ്കിലും അങ്ങിനെയൊരു ത്രില്ലർ സ്വഭാവം സിനിമക്ക് കൊടുക്കാതെ ഒരു കുടുംബ പശ്ചാത്തലത്തിൽ പ്രാദേശികമായി നടന്ന ഒരു കുറ്റകൃത്യത്തെ പതിഞ്ഞ താളത്തിൽ കൈയ്യൊതുക്കത്തോടെ പറഞ്ഞവതരിപ്പിക്കുന്നിടത്താണ് 'ആർക്കറിയാം' വേറിട്ട് നിൽക്കുന്നത്.
'ജോജി'ക്ക് ശേഷം കോവിഡ് കാലം പരമർശിക്കപ്പെടുന്ന സിനിമ കൂടിയാണ് 'ആർക്കറിയാം'. കഴിഞ്ഞ വർഷം രാജ്യം ആദ്യമായി ലോക് ഡൗണിലേക്ക് പോകുന്ന സമയത്തെയും സാഹചര്യത്തെയുമൊക്കെ വളരെ കൃത്യമായി കഥയിലേക്ക് കൂട്ടി ചേർത്തിട്ടുണ്ട് സംവിധായകൻ.

ആ കാലത്തെ ചാനൽ വാർത്തകളിൽ രാജ്യത്തെ മരണങ്ങളുടെ എണ്ണവും സംസ്ഥാനത്തെ കേസുകളുടെ എണ്ണവുമൊക്കെ സിനിമയിലൂടെ ഈ കാലത്തിരുന്നു കേൾക്കുമ്പോൾ അന്ന് നമ്മൾ എത്ര മാത്രം സുരക്ഷിതരായിരുന്നു എന്ന് തോന്നിപ്പോകും.
പ്രകടനം കൊണ്ട് നോക്കിയാൽ ബിജു മേനോൻ തന്നെയാണ് ഈ സിനിമയുടെ ഹൈലൈറ്റ്. ആൻഡ്രോയ്ഡ് കുഞ്ഞപ്പനിൽ സുരാജിന്റെ ഭാസ്ക്കര പൊതുവാൾ സ്‌കോർ ചെയ്ത പോലെ ഈ സിനിമയിൽ ബിജു മേനോന്റെ ഇട്ടിയവര മികച്ചു നിൽക്കുന്നു.
സംസാര ശൈലി കൊണ്ടും നടപ്പ് കൊണ്ടും ഓരോ ചെറു ചലനം കൊണ്ടും അതിഭവകത്വമില്ലാത്ത വിധം തനിക്ക് കിട്ടിയ വയസ്സൻ കഥാപാത്രത്തെ മികവുറ്റതാക്കാൻ ബിജു മേനോന് സാധിച്ചിട്ടുണ്ട്.
ഒരു വ്യക്തിയിൽ ശരികളും തെറ്റുകളുമുണ്ടാകുന്നത് കൊണ്ട് തന്നെ ഒരാൾ മറ്റൊരാൾക്ക് ശരിയല്ലാത്തവനായി മാറുമ്പോൾ മറ്റു ചിലർ അതേ ആളെ സ്നേഹത്തോടെ ഓർക്കുന്നു. ഒരാൾ പലർക്കും പലതായിരിക്കാം എന്ന ചിന്തയെ സങ്കീർണ്ണമാക്കാതെ ഓരോ കഥാപാത്രങ്ങളുടെയും പക്ഷം പിടിച്ചു ബോധ്യപ്പെടുത്താൻ സിനിമക്ക് സാധിക്കുന്നുണ്ട്
ആകെ മൊത്തം ടോട്ടൽ = ഒരു ഫീൽ ഗുഡ് ഫാമിലി സിനിമ പ്രതീക്ഷിച്ചു കാണുന്നവർ നിരാശപ്പെട്ടേക്കാം. ഒരൽപ്പം സ്ലോ പേസിൽ കഥ പറയുന്നത് കൊണ്ട് ചിലയിടത്ത് ലാഗും അനുഭവപ്പെടാം. എങ്കിലും നിരാശപ്പെടുത്താത്ത സിനിമാനുഭവം സമ്മാനിക്കാൻ സാധിച്ചിട്ടുണ്ട് സാനു വർഗ്ഗീസിന്.

*വിധി മാർക്ക് = 7.5/10
-pravin-

1 comment:

  1. ആർക്കറിയാം ഒട്ടും നിരാശപ്പെടുത്താത്ത സിനിമാനുഭവം തന്നെയാണ് ..

    ReplyDelete