നിഗൂഢതകളും ആകാംക്ഷയും നിറഞ്ഞു നിന്ന ഒരു പുതുമയുള്ള കഥയുണ്ട് നിഴലിന്. ആദ്യ പകുതി വരെ ആ ജെനറിനോട് നീതി പുലർത്തിയ സിനിമ പിന്നീടങ്ങോട്ട് കൈ വിട്ടു പോയി .
ഒരു മികച്ച മിസ്റ്ററി ത്രില്ലറിനു വേണ്ട എല്ലാ വിധ സാധ്യതകളും ഉണ്ടായിട്ടും ക്ലൈമാക്സ് അടക്കമുള്ള പ്രധാന ഭാഗങ്ങളിലെല്ലാം സിനിമയുടെ ഗ്രാഫ് താഴേക്കാണ് പോയത് .
കുഞ്ചാക്കോ ബോബന്റെ കഥാപാത്രമൊക്കെ വ്യത്യസ്തമായിരുന്നെങ്കിലും ആ കഥാപാത്രത്തിന് സംഭവിക്കുന്ന ആക്സിഡന്റും അതേ തുടർന്നുണ്ടാകുന്ന ട്രോമയുമൊക്കെ സിനിമയിൽ എന്തിനു വേണ്ടി ഉപയോഗപ്പെടുത്തണം എന്ന് സംവിധായകന് ഒരു ധാരണയുമില്ലാതെ പോകുന്നുണ്ട്. അതുമല്ലെങ്കിൽ വെറുതെ ഇടക്കിടക്ക് മഴ പെയ്യുന്നതായി ആ കഥാപാത്രത്തിന് തോന്നിക്കോട്ടെ എന്ന് കരുതിക്കാണും.
നയൻ താര ഈ സിനിമയിൽ ഒരു അധികപ്പറ്റായി അനുഭവപ്പെടുത്തി. ഏറ്റവും അരോചകമായി തോന്നിയത് നയൻതാരയ്ക്ക് നൽകിയ ഡബ്ബിങ് ആണ്. അത് പോലെ കുഞ്ചാക്കോ ബോബൻ - നയൻ താരയുടെ തുടരെയുള്ള കൂടി കാഴ്ചകളും സംസാരങ്ങളും ഒരേ പാറ്റേണിൽ അവതരിപ്പിച്ചത് ബോറടിപ്പിച്ചു.
ഇങ്ങിനെ പറഞ്ഞു പോകുമ്പോൾ പല നെഗറ്റിവുകളുമുണ്ടെങ്കിലും കഥയെ വേറിട്ട് നിർത്തുന്നത് കേന്ദ്ര കഥാപാത്രമായ ആ കുട്ടിയിലൂടെയാണ്.കുട്ടിയുടെ കഥകളിലെ കൊലപാതകങ്ങൾ യഥാർത്ഥത്തിൽ സംഭവിച്ചതാണോ എന്നറിയാനുള്ള ജോൺ ബേബിയുടെ അന്വേഷണവും കുട്ടിയുടെ ഉപബോധ മനസ്സിലേക്ക് ആ കഥകൾ എത്തിപ്പെടാനുണ്ടായ വഴികളുമൊക്കെ ത്രില്ലിംഗ് ആക്കി മാറ്റാൻ സംവിധായകന് സാധിച്ചിട്ടുണ്ട്. എന്നാൽ പറഞ്ഞു തുടങ്ങിയ ഉപകഥകളെ പ്രധാന കഥയിലേക്ക് വേണ്ട വിധം ഇഴ ചേർത്തവർത്തരിപ്പിക്കാൻ സാധിക്കാതെ പോയത് കൊണ്ട് തന്നെ പാതി വെന്ത ആസ്വാദന വിഭവമായി മാറി 'നിഴൽ'.
ആകെ മൊത്തം ടോട്ടൽ = ഒരു മിസ്റ്ററി ത്രില്ലറിന്റെ കഥയെ വേണ്ട വിധത്തിൽ അവതരിപ്പിച്ചു പ്രതിഫലിപ്പിക്കാൻ സാധിക്കാതെ നിരാശപ്പെടുത്തിയ സിനിമ.
-pravin
വല്ലാത്ത ബോറായിരുന്നു നിഴൽ ..
ReplyDelete