Sunday, September 5, 2021

പരിയനിൽ നിന്ന് കർണ്ണനിലേക്ക് !!



'പരിയേറും പെരുമാൾ' പോലെ ഗംഭീരമായൊരു സിനിമയാക്കാൻ സാധിച്ചില്ലെങ്കിലും മാരി സെൽവരാജിന്റെ സ്വത്വ രാഷ്ട്രീയം 'കർണ്ണനി'ലൂടെയും ശക്തമായി അടയാളപ്പെടുത്തുന്നുണ്ട് .

പരിയേറും പെരുമാളിലെ കഥാ പശ്ചാത്തലം പുളിയങ്കുളം എന്ന ഗ്രാമമായിരുന്നെങ്കിൽ കർണ്ണനിലേക്ക് എത്തുമ്പോൾ അത് പൊടിയങ്കുളമാണ്. പരിയാന്റെ കറുത്ത നായക്ക് ബദലായി കർണ്ണന് കറുത്ത കുതിരയാണ് കൊടുക്കുന്നത്. കറുപ്പ് നിറത്തെ രണ്ടു സിനിമയിലും രണ്ടു വിധത്തിൽ ഉപയോഗപ്പെടുത്തി സംവിധായകൻ.


'പരിയേറും പെരുമാളി'ൽ നിലപാടുകളും യാഥാർഥ്യ ബോധവുമുള്ള നായക സങ്കൽപ്പമായിരുന്നെങ്കിൽ 'കർണ്ണനി'ൽ ഒരു നാടിൻറെ രക്ഷക സ്ഥാനവും ഹീറോയിസവുമൊക്കെയുള്ള നായക സങ്കൽപ്പമാണുള്ളത്.

"നീങ്ക നീങ്കളായി ഇരുക്കിറ വരേയ്ക്കും.. നാൻ നായാ താൻ ഇറുക്കണന്ന് നീങ്ക എതിർപാക്കിറെ വരേയ്ക്കും ഇങ്കെ എതുവുമേ മാറാത്….ഇപ്പടി താൻ ഇറുക്കും!!"

ജാതി അസമത്വമൊക്കെ ഒരു പക്ഷെ നാളെ മാറിയേക്കാം എന്ന ആശ്വാസ വാക്കിനോട് എത്ര കൃത്യമായാണ് പരിയൻ മറുപടി പറയുന്നത് എന്ന് നോക്കൂ.

എന്നാൽ പരിയാന്റെ നിലപാടുകളിൽ നിന്ന് മാറി ദളിത് രാഷ്ട്രീയത്തിന്റെ ഒരു പോരാട്ട മുഖമായാണ് മാരി സെൽവ രാജ് കർണ്ണനെ ഒരുക്കിയിരിക്കുന്നത്.

ഇവിടെ ഒരു ജനതയുടെ നായകനും നേതാവുമൊക്കെയായി സിനിമാറ്റിക് ആയിട്ട് തന്നെ ധനുഷിനെ അവതരിപ്പിക്കുമ്പോൾ പരിയേറും പെരുമാളിൽ നിന്ന് കിട്ടിയ ഒരു ക്ലാസ്സ് സിനിമാനുഭവം കർണ്ണനിൽ നഷ്ടപ്പെടുന്നുണ്ട് എന്ന് മറച്ചു വെക്കുന്നില്ല.

ആകെ മൊത്തം ടോട്ടൽ = 1995 കാലത്ത് തൂത്തുക്കുടി ജില്ലയിലെ കൊടിയങ്കുളം ഗ്രാമത്തിൽ നടന്ന കലാപവുമായി ചേർത്ത് വായിക്കാവുന്ന സിനിമയാണ് 'കർണ്ണൻ'. അറുന്നൂറിലധികം പോലീസുകാർ ചേർന്ന് അടിച്ചു തകർക്കുകയും കൊള്ളയടിക്കുകയും ചെയ്ത ഒരു ദളിത് ഗ്രാമത്തിന്റെ കഥ സിനിമയിലൂടെ ഓർമ്മിപ്പിക്കാൻ സാധിച്ചെങ്കിൽ അത് തന്നെയാണ് 'കർണ്ണന്റെ' വിജയം.

*വിധി മാർക്ക് = 7.5/10 
-pravin-

1 comment:

  1. കറുപ്പിന്റെ തമിഴ് രാഷ്ട്രീയം പറയുന്ന സിനിമ

    ReplyDelete