കോലാർ സ്വർണ്ണ ഖനിയുടെ അധികാരം സൂര്യവർദ്ധനിൽ നിന്ന് ഗരുഡയിലേക്ക് എത്തി നിൽക്കുന്ന കാലത്തായിരുന്നു ബാംഗ്ലൂരിലേക്കുള്ള റോക്കി ഭായിയുടെ എൻട്രി. ഷെട്ടിയുടെ ആളായി ബോംബെ അധോലോകത്ത് വിലസിയിരുന്ന റോക്കി ഭായി ഗരുഡയെ കൊല്ലാൻ വേണ്ടി എത്തുന്നത് തൊട്ടാണ് KGF സംഭവ ബഹുലമാകുന്നത്.
സൂര്യ വർദ്ധന്റെ കാല ശേഷം KGF ന്റെ സർവ്വാധികാരവും കൈക്കലാക്കാൻ വേണ്ടിയുള്ള തർക്കങ്ങളും സംഘർഷങ്ങളും ഒരു ഭാഗത്ത് നടക്കുമ്പോൾ തന്നെ റോക്കി ഭായ് എന്ന വീര നായക പരിവേഷത്തെ ഗംഭീരമായി ബിൽഡ് അപ് ചെയ്യുകയാണ് KGF ന്റെ ആദ്യ ഭാഗത്തിൽ പ്രശാന്ത് നീൽ ചെയ്തത്.
ഗരുഡയെ കൊല്ലുന്നതോടെ KGF ലെ അടുത്ത സംഭവ വികാസങ്ങൾ എന്തൊക്കെയായിരിക്കാം എന്ന ആകാംക്ഷ നിലനിർത്തി കൊണ്ടാണ് ആദ്യ ഭാഗം അവസാനിച്ചതെങ്കിൽ രണ്ടാം ഭാഗം തുടങ്ങുന്നത് KGF ന്റെ സർവ്വാധിപനായി സിംഹാസനത്തിലേറുന്ന റോക്കി ഭായിയിൽ നിന്നാണ്. അത് കൊണ്ട് തന്നെ ഒന്നാം ഭാഗത്തേക്കാൾ ശക്തമായ വീരപരിവേഷത്തോടെ ആഘോഷിക്കപ്പെടുന്നു റോക്കി ഭായ്.
വെറുതേ ഒരു മാസ്സ് ബിൽഡ് അപ്പ് എന്ന് ഒരിടത്ത് പോലും തോന്നിക്കാത്ത വിധം അടിമുടി സ്റ്റൈലും ആക്ഷനുമായി റോക്കി ഭായിയായി യാഷ് അഴിഞ്ഞാടുകയായിരുന്നു. സ്‌ക്രീൻ കാഴ്ചകളിൽ അത്ര മാത്രം പവർ അനുഭവപ്പെടുത്തുന്ന ഒരു കഥാപാത്രമായി റോക്കിയെ അനുഭവപ്പെടുത്തുന്നുണ്ട് സംവിധായകൻ.
ഒന്നാ ഭാഗത്തിൽ അനന്ത് നാഗിന്റെ വിവരണങ്ങളിലൂടെയാണ് KGF ന്റെ കഥയിലേക്ക് നമ്മൾ അടുക്കുന്നത്. രണ്ടാം ഭാഗത്തിലേക്ക് വരുമ്പോൾ അദ്ദേഹത്തിന്റെ മകനായി വരുന്ന പ്രകാശ് രാജിനാണ് കഥയുടെ തുടർ വിവരണത്തിന്റെ ചുമതല കൊടുക്കുന്നത്. പ്രകാശ് രാജ് ഒരു മികച്ച നടനാണെങ്കിൽ കൂടിയും രണ്ടാം ഭാഗത്തിലെ കഥ പറച്ചിൽ സീനുകളിലും അനന്ത് നാഗിനെ തന്നെ ആഗ്രഹിച്ചു പോകും പ്രേക്ഷകർ.
KGF ആദ്യ ഭാഗത്തിലെ വില്ലൻ കഥാപാത്രമായ ഗരുഡ ഉണ്ടാക്കിയ ഓളത്തിനൊപ്പം അധീരക്ക് എത്താൻ സാധിക്കാതെ പോയതിന്റെ കാരണം സഞ്ജയ് ദത്തിന്റെ ആരോഗ്യ പ്രശ്നനങ്ങളാണെന്ന് മനസ്സിലാക്കുന്നു. അത് കൊണ്ട് തന്നെയാകാം അധീരയുടെ ലുക്കിലുള്ള എനർജി പ്രകടനത്തിൽ കുറഞ്ഞു പോയത്. അതേ സമയം അധീരയെക്കാൾ സ്‌കോർ ചെയ്യുന്ന കഥാപാത്രമായി മാറുന്നു രവീണ ടണ്ടൻറെ റമിക സെൻ എന്ന പ്രധാനമന്തി കഥാപാത്രം.
ശ്രീനിധി ഷെട്ടിയുടെ നായികാ വേഷത്തെക്കാൾ KGF ൽ നിറഞ്ഞു നിൽക്കുന്നത് അർച്ചനയുടെ അമ്മ വേഷമാണ്. റോക്കി ഭായിയുടെ നായിക എന്നതിനപ്പുറം ശ്രീനിധിക്ക് അധികമൊന്നും ചെയ്യാനില്ലായിരുന്നു. അതേ സമയം ഒന്നാം ഭാഗത്തിലായാലും രണ്ടാം ഭാഗത്തിലായാലും അധികം സീനുകൾ ഇല്ലാതിരുന്നിട്ടു കൂടി ശക്തമായ ഒരു സ്ത്രീ കഥാപാത്ര സാന്നിധ്യമായി അനുഭവപ്പെടുന്നുണ്ട് റോക്കി ഭായിയുടെ അമ്മ. അമ്മയെ കുറിച്ചുള്ള ഫ്ലാഷ് ബാക്ക് സീനുകളെല്ലാം വൈകാരികമായി തന്നെ അവതരിപ്പിക്കാനും സാധിച്ചു. ഒരർത്ഥത്തിൽ KGF ന്റെ കഥയും റോക്കി ഭായിയുടെ ജീവിതവും മാറ്റി മറക്കുന്നത് ആ അമ്മയാണ് എന്ന് പറയാം.
History Tells Us Powerful People Come From Powerful Places എന്ന ആദ്യ ഭാഗത്തിലെ ഡയലോഗിനെ രണ്ടാം ഭാഗത്തിൽ History was Wrong , Powerful People Make Places Powerful എന്ന് തിരുത്തി പറയുമ്പോഴുള്ള visuals എല്ലാം ഗംഭീരമായിരുന്നു.
സിനിമയുടെ കളർ ടോൺ , ഛായാഗ്രഹണം, ചടുലമായ ബാക് ഗ്രൗണ്ട് മ്യൂസിക്, എഡിറ്റിങ് എല്ലാം തന്നെ എടുത്തു പറയേണ്ട മികവുകളാണ്. എല്ലാം കഴിഞ്ഞെന്ന് കരുതിയിരിക്കുന്നിടത്ത് വീണ്ടുമൊരു തീപ്പൊരി പാറിച്ചു കൊണ്ടുള്ള എൻഡ് ക്രെഡിറ്റ് സീൻ KGF ന്റെ ആവേശത്തെ കെട്ടണക്കാതെ നിലനിർത്തുന്നു.
ആകെ മൊത്തം ടോട്ടൽ = ഗംഭീര മാസ്സ് പടം . കഴിഞ്ഞതത്രയും ആമുഖങ്ങൾ മാത്രമെങ്കിൽ, ഇനിയും പറഞ്ഞു തീർന്നിട്ടില്ലാത്ത കഥയുടെ ഒരു തുടക്കം മാത്രമാണിതെങ്കിൽ, KGF നു ഇനിയും ചാപ്റ്ററുകൾ വേണ്ടി വരും. Let us Wait and See ..!!
*വിധി മാർക്ക് = 8/10
-pravin-
No comments:
Post a Comment