Wednesday, April 27, 2022

മനസ്സ് പൊള്ളിക്കുന്ന 'വെയിൽ മരങ്ങൾ' !!


സിനിമകൾ എന്റർടൈൻമെന്റിന് വേണ്ടി മാത്രമാകണം എന്ന് ആഗ്രഹിക്കുന്നവർ ഒരിക്കലും ഡോക്ടർ ബിജുവിന്റെ സിനിമകൾ കാണരുത്. കാരണം അദ്ദേഹത്തിന്റെ സിനിമകൾ എന്നും അവശരായ മനുഷ്യരെ കുറിച്ചാണ്. അഥവാ അവർക്ക് വേണ്ടിയാണ് അദ്ദേഹത്തിന്റെ സിനിമകളത്രയും.

മനുഷ്യർക്ക് വേണ്ടി നിരന്തരം സംസാരിച്ചു കൊണ്ടിരിക്കുന്ന ഒരു സംവിധായകന്റെ സിനിമയിലെ കഥാപാത്രങ്ങൾക്ക് എന്തിനാണ് ഊരും പേരും? അതൊന്നുമില്ലാതെ തന്നെ എത്രയോ മനുഷ്യരുടെ കഥകൾ അദ്ദേഹം തന്റെ സിനിമകളിലൂടെ പറഞ്ഞിരിക്കുന്നു. 'വെയിൽ മരങ്ങളി'ലേക്ക് വരുമ്പോഴും അത്തരം സമാനതകൾ കാണാൻ സാധിക്കും.
മൺറോതുരുത്തിലെ മഴക്കാലത്തിന്റെയും ഹിമാചലിലെ ശൈത്യ കാലത്തിന്റെയും പശ്ചാത്തലത്തിലുള്ള കഥ പറച്ചിലിന് ദൃശ്യ ഭംഗി ഏറെയെങ്കിലും ഇന്ദ്രൻസിന്റെ പേരില്ലാ കഥാപാത്രത്തിന്റെ പൊള്ളുന്ന ജീവിതമാണ് കാണുന്നവർക്ക് അനുഭവപ്പെടുക.

ഏത് മഴയത്തും ഏത് തണുപ്പത്തും കത്തിയെരിഞ്ഞു കൊണ്ടിരിക്കുന്ന ജീവിത മരങ്ങൾ.അവർക്ക് പേരും മേൽവിലാസവുമൊന്നുമില്ല.. അവർ എവിടെയും ചൂഷണം ചെയ്യപ്പെടുന്നവർ മാത്രമാണ്. ആധാർ കാർഡും റേഷൻ കാർഡും ഒന്നുമില്ലാതെ ജീവിക്കേണ്ടി വരുന്നവർ.. ഈ ഭൂമിയിൽ ജീവിച്ചിരുന്നവരാണ് എന്ന് ഒരിക്കലും തെളിയപ്പെടാത്തവർ.. ചോദിക്കാനും പറയാനും ആരുമില്ലാത്ത അവരെ പോലുള്ളവരുടെ വെറും ഒരു പ്രതിനിധി മാത്രമാകുന്നു 'വെയിൽ മരത്തി'ലെ ഇന്ദ്രൻസിന്റെ കഥാപാത്രം.
ഇരുട്ടിൽ മഴയത്ത് നിന്ന് കത്തുന്ന തെങ്ങും, വെള്ളത്തിൽ മൂടിപ്പോയ വീടും, പ്രളയം തോർന്ന ശേഷം വെള്ളത്തിൽ മുങ്ങി നിൽക്കുന്ന മണ്ടയില്ലാത്ത തെങ്ങിന്റെ മേൽ അഭയം പ്രാപിച്ച കോഴിയുമൊക്കെ മനസ്സിൽ പതിഞ്ഞു പോകുന്ന വെറും കാഴ്ചകൾ മാത്രമല്ല അതൊരു ജനതയുടെ ഇന്നും മാറാത്ത ജീവിത സാഹചര്യങ്ങൾ കൂടിയാണ്.
ആകെ മൊത്തം ടോട്ടൽ = ഇന്ദ്രൻസിന്റെ പ്രകടനവും എം ജെ രാധാകൃഷ്ണന്റെ ഛായാഗ്രഹണവും തന്നെയാണ് വെയിൽ മരങ്ങളുടെ ഹൈലൈറ്റ്. വിദേശ ചലച്ചിത്രമേളകളിൽ ആദരിക്കപ്പെടുമ്പോഴും ഡോക്ടർ ബിജുവിനെ പോലുള്ളവരുടെ സിനിമകൾ കേരളത്തിൽ വേണ്ട വിധം ചർച്ച ചെയ്യപ്പെടാതെ പോകുന്നു എന്നത് ഒരു നിരാശയാണ്.

*വിധി മാർക്ക് = 7.5/10

-pravin-

No comments:

Post a Comment