Saturday, April 9, 2022

ത്രസിപ്പിക്കുന്ന തിയേറ്റർ കാഴ്ചകൾ !!


ചരിത്രവും ലോജിക്കുമൊക്കെ നോക്കി വിലയിരുത്താൻ പോയാൽ RRR ന് ഒരു തരത്തിലുമുള്ള ആസ്വാദനവുമുണ്ടാകില്ല എന്നത് ട്രെയ്‌ലറിൽ നിന്ന് തന്നെ വ്യക്തമായിരുന്നത് കൊണ്ട് RRR എങ്ങിനെ കാണേണ്ട ഒരു സിനിമയാണ് എന്നത് സംബന്ധിച്ച് ഒരു ധാരണ ഉണ്ടായിരുന്നു. അത് കൊണ്ട് തന്നെ ഒരു രാജമൗലി സിനിമയിൽ നിന്ന് എന്ത് പ്രതീക്ഷിച്ചിരുന്നോ അത് RRR ൽ നിന്ന് കാണാൻ കിട്ടി.

അല്ലൂരി സീതാ രാമ രാജുവും കോമരം ഭീമുമൊക്കെ ചരിത്രത്തിൽ അടയാളപ്പെട്ടു കിടക്കുന്നത് രണ്ടു വ്യത്യസ്ത കാലഘട്ടത്തിലെ വിപ്ലവകാരികൾ ആയിട്ടാണെങ്കിലും അവരുടെ പോരാട്ടങ്ങൾ പൊതുവേ ആദിവാസി സമൂഹത്തിന് വേണ്ടിയായിരുന്നു. ബ്രിട്ടീഷ് രാജിനെതിരെയായിരുന്നു സീതാ രാമ രാജുവിന്റെ പോരാട്ടമെങ്കിൽ കോമരം ഭീം പ്രധാനമായും അന്നത്തെ നിസാം നവാബിന്റെ ഭരണത്തിനും ജന്മിത്തത്തിനുമെതിരെയാണ് പോരാടിയത്.
ഈ രണ്ടു ചരിത്ര പുരുഷന്മാരെയും തന്റെ സിനിമയിലെ പ്രധാന കഥാപാത്രങ്ങളാക്കി അവതരിപ്പിക്കുന്നു എന്നതൊഴിച്ചാൽ ഏതെങ്കിലും വിധത്തിൽ ചരിത്രവുമായി ബന്ധപ്പെടുത്തി കൊണ്ടുള്ള ഒരു കഥ പറച്ചിലിനല്ല രാജ മൗലി ശ്രമിക്കുന്നത് . മറിച്ച് ആദിവാസികളടക്കം വിവിധ ജന വിഭാഗങ്ങൾക്കിടയിൽ നിന്ന് രാം -ഭീം മാർക്ക് കിട്ടിയ ദൈവീക പരിവേഷത്തെ ആഘോഷിക്കാൻ സാധിക്കുന്ന തലത്തിൽ പൂർണ്ണമായും ഫിക്ഷന്റെ സ്വാതന്ത്ര്യത്തിൽ ഒരു സിനിമയുണ്ടാക്കുക എന്നത് മാത്രമായിരുന്നു രാജ മൗലിയുടെ ഉദ്ദേശ്യം.

അല്ലൂരി സീതാ രാമ രാജുവിന്റെ യൗവ്വന കാലത്തെ സന്യാസ ജീവിതവും ആധ്യാത്മിക വിഷയങ്ങളിലെ പഠനവും യോഗാ പരിശീലനവും കുതിരയോട്ടത്തിലെ മെയ്‌വഴക്കവുമടക്കമുള്ള കാര്യങ്ങളിലെ റഫറൻസുകൾ ആയിരിക്കാം കാൽപ്പനിക കഥകളിൽ അദ്ദേഹത്തിന് ശ്രീരാമ പരിവേഷം ചാർത്തി നൽകിയിട്ടുണ്ടാകുക . കോമരം ഭീമിന്റെ കാര്യത്തിലും സമാനമായ ഒരു ദൈവീക പരിവേഷം ആദിവാസി സമൂഹം നൽകിയിട്ടുണ്ട് . RRR സിനിമയിലേക്ക് ഈ രണ്ടു കഥാപാത്രങ്ങളെയും പരിഗണിക്കുമ്പോൾ രാജമൗലി ഫിക്ഷന്റെ സാധ്യതകൾ കണ്ടെത്തുന്നതും അവിടെ നിന്ന് തന്നെ.
ഒരു ഹീറോയിക് സിനിമയുടെ എല്ലാ വിധ സാധ്യതകൾ ഉണ്ടായിരുന്നിട്ടും അത് വേണ്ട മികവിൽ അവതരിപ്പിച്ചു പ്രതിഫലിപ്പിക്കാൻ സാധിക്കാതെ പോയിടത്താണ് പ്രിയ ദർശന്റെ കുഞ്ഞാലി മരക്കാറൊക്കെ അടപടലം വീണു പോയതെങ്കിൽ അതേ സാധ്യതകളെ സാങ്കേതിക തികവോടെയും മികവോടെയും ഗംഭീരമാക്കുകയാണ് രാജമൗലി ചെയ്തത്.
ചടുലമായ അവതരണവും രാംചരൺ- ജൂനിയർ എൻ ടി ആർ കോമ്പോയുടെ ഗംഭീര പ്രകടനവുമൊക്കെ കൂടിയ സ്‌ക്രീൻ കാഴ്ചകളിൽ ലോജിക്ക് പരതാനും ചരിത്രം പറയാനും സമയം കിട്ടുന്നില്ല എന്നതാണ് സത്യം. ചരിത്രത്തിനോ യുക്തിക്കോ അല്ല അനുഭവപ്പെടുത്തലിനാണ് അവിടെ പ്രസക്തി.

രാം ചരണിന്റെയും ജൂനിയർ എൻ ടി ആറിന്റെയുമൊക്കെ ഇൻട്രോ സീനും മറ്റു ഫൈറ്റ് സീനുകളുമൊക്കെ കാണുമ്പോൾ അറിയാം ആ ഒരു സീനിനു വേണ്ടി അവർ എടുത്ത തയ്യാറെടുപ്പുകൾ എത്രയായിരുന്നു എന്ന്. കത്തി സീനുകളെന്ന് വിലയിരുത്താൻ എളുപ്പമെങ്കിലും തിയേറ്റർ കാഴ്ചയിൽ അത്തരം സീനുകളെല്ലാം ത്രസിപ്പിക്കുന്നതാക്കി മാറ്റിയതിന് പിന്നിൽ രാജമൗലിയുടെ മാജിക്ക് തന്നെയാണ്.
പ്രകടനപരമായി നോക്കിയാൽ രാം ചരണും - ജൂനിയർ എൻ ടി ആറും തന്നെയാണ് ഈ സിനിമയെ മൊത്തത്തിൽ മുന്നോട്ട് കൊണ്ട് പോകുന്നത്. അവരുടെ എനർജി തന്നെയാണ് RRR ന്റെ പവർ എന്ന് പറയാം. ആലിയാ ഭട്ടിന്റെ സീതയെക്കാളും പ്രകടന സാധ്യത കിട്ടിയതും നന്നായി തോന്നിയതും ജെന്നിഫർ ആയി വന്ന ഇംഗ്ലീഷ്കാരിയാണ് . ചെറിയ വേഷമെങ്കിലും അജയ് ദേവ്ഗണിന്റെ പ്രകടനവും മികച്ചു നിന്നു.
ബാഹുബലിയുമായി തുലനപ്പെടുത്തേണ്ട ഒരു സിനിമയല്ല RRR. ബാഹുബലിയുമായി സാമ്യതപ്പെടുത്താൻ ഒന്നും ബാക്കി വക്കാതെ തീർത്തും മറ്റൊരു കഥയും കഥാപശ്ചാത്തലവും കഥാപാത്ര പ്രകടനങ്ങളുമൊക്കെയായി വേറിട്ട് നിൽക്കുന്നിടത്താണ് RRR ന്റെ ഭംഗി.
ഈ സിനിമയിലെ ഏറ്റവും ഇഷ്ടപ്പെട്ട കാര്യം ഏതാണെന്ന് ചോദിച്ചാൽ രാം ചരൺ - ജൂനിയർ എൻ ടി ആർ കോമ്പോ സീനുകൾ ആണെന്ന് പറയും. അത്ര മാത്രം ഗംഭീരമായി തന്നെ ആ രണ്ടു കഥാപാത്രങ്ങൾക്കിടയിലെ സൗഹൃദവും സംഘർഷവും ഒന്നിച്ചുള്ള പോരാട്ടവുമൊക്കെ സ്‌ക്രീനിൽ കാണാം.

ആകെ മൊത്തം ടോട്ടൽ = തിയേറ്ററിൽ കണ്ടാസ്വദിക്കേണ്ട ഒരു സിനിമ.

വിധി മാർക്ക് =8/10
-pravin-

No comments:

Post a Comment