ഒറ്റപ്പെട്ട വീടുകളും വിജനമായ വഴികളും റബ്ബർ എസ്റ്റേറ്റുമൊക്കെ കഥയിലെ ദുരൂഹതക്ക് മികവേകിയപ്പോൾ ദൃശ്യപരിചരണത്തിലൂടെ ഒരു ഹൊറർ മൂഡ് സൃഷ്ടിച്ചെടുക്കുന്നതിൽ സിനിമ വിജയിച്ചു. സൗണ്ട് ഡിസൈനും നന്നായി അനുഭവപ്പെട്ടു .
ഒരു പോലീസ് കുറ്റാന്വേഷണ കഥയുടെ സ്ഥിരം ചട്ടക്കൂടുകൾ ഉണ്ടെങ്കിലും ഈ സിനിമയിലെ അന്വേഷണം ദാസ് എന്ന പോലീസുകാരനിൽ നിന്ന് മാറി ദാസിന്റെ വ്യക്തിപരമായ അന്വേഷണമായി മാറുന്നതൊക്കെ കൊള്ളാമായിരുന്നെങ്കിലും അന്വേഷണത്തെ ചടുലമാക്കുന്ന കഥാഗതികളോ അനുബന്ധ കഥകളോ ഇല്ലാതെ പോകുന്നിടത്ത് ഒരൽപ്പം വിരസമാകുന്നുണ്ട് അന്താക്ഷരി.
സാധാരണ കുറ്റാന്വേഷണ സിനിമകളിൽ കൂർമ്മ ബുദ്ധിയുള്ള പോലീസ് കഥാപാത്രങ്ങളെ മാത്രം കണ്ടു ശീലിച്ചത് കൊണ്ടാകാം സൈജു കുറുപ്പിന്റെ ആത്മവിശ്വാസമില്ലാത്ത പോലീസ് കഥാപാത്രം വ്യത്യസ്തതമായി തോന്നി.
ആത്മവിശ്വാസമില്ലായ്‌മയും ഭയവുമൊക്കെ കൂടി കലർന്ന പോലീസ് കഥാപാത്രത്തെ സൈജു കുറുപ്പ് നന്നായി ചെയ്തിട്ടുണ്ട്. ടോർച്ച് വെളിച്ചത്തിൽ റബ്ബർ എസ്റ്റേറ്റിലെ ഇരുട്ടിലൂടെ കൊലപാതകിയെ തേടി ഭയത്തോടെ അന്താക്ഷരി കളിക്കേണ്ടി വരുന്ന സീനൊക്കെ ഗംഭീരമായി തന്നെ സൈജു ചെയ്തിട്ടുണ്ട്.
ഭയം എന്ന വികാരത്തിനെ ഈ സിനിമയിലെ മിക്ക കഥാപാത്രങ്ങളുമായും ബന്ധപ്പെടുത്തി കൊണ്ട് കഥ പറയാൻ സംവിധായകൻ ശ്രമിച്ചു കാണാം സിനിമയിൽ. അരക്ഷിതരായി ജീവിക്കേണ്ടി വരുന്നവരുടെയും, ആത്മവിശ്വാസം നഷ്ടപ്പെട്ടവരുടെയുമൊക്കെ മനസ്സിലെ ഭയം ഒരു ഘട്ടം കഴിഞ്ഞാൽ ഏത് വയലൻസും ചെയ്യാനുള്ള മാനസികാവസ്ഥയിലേക്ക് അവരെ കൊണ്ട് ചെന്നെത്തിക്കുന്നു എന്ന് ബോധ്യപ്പെടുത്താനും ശ്രമിക്കുന്നുണ്ട് സിനിമ.
കഥാപാത്ര പ്രകടനങ്ങളിൽ രമേഷ് കോട്ടയത്തിന്റെ പോലീസ് കഥാപാത്രം മികച്ചു നിന്നു. അത് പോലെ കിഷോറിന്റെ കുട്ടിക്കാലം അഭിനയിച്ച പയ്യന്റെ പ്രകടനവും എടുത്തു പറയേണ്ടതാണ് .
ആകെ മൊത്തം ടോട്ടൽ = ഒരു വറൈറ്റി ത്രില്ലർ എന്ന് പറയാമെങ്കിലും അപൂർണ്ണമാണ് പലതും.. പല കഥാപാത്രങ്ങളെയും വേണ്ട പോലെ കഥയിലേക്ക് ബന്ധപ്പെടുത്താനോ ഉപയോഗപ്പെടുത്താനോ ശ്രമിക്കാതെ പാതി വഴിയിൽ ഉപേക്ഷിച്ച പോലെ തോന്നി.. അതൊഴിച്ചു നിർത്തിയാൽ കണ്ടിരിക്കാവുന്ന ഒരു പടമാണ് 'അന്താക്ഷരി'.
*വിധി മാർക്ക് = 5.5/10
-pravin-
No comments:
Post a Comment