നീതിക്ക് വേണ്ടി ഉയരുന്ന ശബ്ദങ്ങൾ അത് സമൂഹത്തിലായാലും സിനിമയിലായാലും ആവേശം കൊള്ളിക്കുന്നതാണ്. കൊമേഴ്സ്യൽ സിനിമകളിൽ അത്തരം കാര്യങ്ങളെ പറഞ്ഞവതരിപ്പിക്കുമ്പോൾ പലപ്പോഴും പറയുന്ന വിഷയത്തേക്കാൾ കൂടുതൽ പ്രാധാന്യം ഹീറോയിസത്തിന് നൽകുന്ന ശൈലിയാണ് കൂടുതലും കാണാറുള്ളത് . ഡിജോ ജോസ് ആന്റണിയുടെ 'ജനഗണമന' ആ കാര്യത്തിൽ വേറിട്ടൊരു മാതൃക സമ്മാനിക്കുന്നുണ്ട്.
സ്ഥിരം നായക-പ്രതിനായക സങ്കൽപ്പങ്ങളിൽ നിന്ന് വ്യത്യസ്തമായി വ്യവസ്ഥിതികൾ മാറ്റിയെടുത്ത അല്ലെങ്കിൽ അതിനനുസരിച്ചു മാറി ജീവിക്കുന്നവരെ പൂർണ്ണമായും നായകനെന്നോ പ്രതിനായകനെന്നോ പിടി തരാത്ത വിധം അവതരിപ്പിക്കുകയാണ് സിനിമയിൽ. ആ തരത്തിൽ പൃഥ്വിരാജ്-സുരാജ് ടീമിന്റെയൊക്കെ കേന്ദ്ര കഥാപാത്രങ്ങളെ നെഗറ്റീവ് ഷെയ്ഡിൽ ഫലവത്തായി ഉപയോഗിക്കാൻ സാധിച്ചിടത്ത് സിനിമ മികച്ചു നിൽക്കുന്നു.
സമകാലീന സംഭവങ്ങളെ കോർത്തിണക്കി കഥ പറയുമ്പോഴും അതിനൊത്ത കഥാപാത്ര നിർമ്മിതികളും കഥാസാഹചര്യങ്ങളുമൊക്കെ കൊണ്ട് കെട്ടുറപ്പുള്ള ഒരു തിരക്കഥയുണ്ടാക്കാൻ ഷാരിസ് മുഹമ്മദിന് സാധിച്ചിടത്താണ് 'ജനഗണമന' വിജയിക്കുന്നത്.
തിരുത്തപ്പെടേണ്ട പൊതു ബോധ്യങ്ങളും ധാരണകളുമൊക്കെ പ്രേക്ഷകർക്ക് മുന്നിൽ വ്യക്തമായി അവതരിപ്പിക്കാൻ സാധിച്ചതും, കെട്ട കാലത്തെ രാഷ്ട്രീയ വ്യവസ്ഥിതികളെ കുറിക്ക് കൊള്ളുന്ന കഥാപാത്ര സംഭാഷണങ്ങളിലൂടെ വിമർശന വിധേയമാക്കിയതുമെല്ലാം ഒരു സിനിമക്കപ്പുറം ജനഗണമനയെ ശ്രദ്ധേയമാക്കുന്നുണ്ട്.
പൃഥ്വിരാജിന്റെ അരവിന്ദ് സ്വാമിനാഥനും വിൻസിയുടെ ഗൗരി ലക്ഷ്മിയുമൊക്കെ നന്നായി എന്ന് പറയുമ്പോഴും സുരാജിന്റെ സജ്ജൻ കുമാർ തന്നെയാണ് പ്രകടനത്തിൽ ഏറെ മികച്ചതായി അനുഭവപ്പെട്ടത്. സ്പെഷ്യൽ പ്രോസിക്യൂട്ടർ വേഷത്തിൽ എത്തുന്ന ഷമ്മി തിലകനും കൊള്ളാമായിരുന്നു.
രണ്ടാം പകുതിയിലെ കോടതി സീനുകളിൽ ലോജിക്ക് പരതാനും അവതരണത്തിലെ നാടകീയതകളെ ചോദ്യം ചെയ്യാനുമൊക്കെയുള്ള അവസരം തരുന്നുണ്ടെങ്കിലും കൈകാര്യം ചെയ്യുന്ന പ്രമേയത്തിന്റെയും ഉന്നയിക്കുന്ന ചോദ്യങ്ങളുടെയുമൊക്കെ പ്രസക്തി കൊണ്ട് ആ സീനുകൾ കല്ല് കടിയായി അനുഭവപ്പെട്ടില്ല.
റിയലിസ്റ്റിക് ആയി കൈകാര്യം ചെയ്യാമായിരുന്ന സീനുകളെങ്കിലും ആ സീനുകൾക്ക് ഒരു പവർ ഉണ്ടാകണമെങ്കിൽ ഒരൽപ്പം നാടകീയതയും സിനിമാറ്റിക് അവതരണവുമൊക്കെ അനുയോജ്യമാണെന്ന് തന്നെയാണ് അഭിപ്രായം.
ദൈർഘ്യമേറിയ കോടതി സീനുകളും വാദ പ്രതിവാദങ്ങളും അതിനേക്കാളുപരി സമൂഹത്തിൽ നില നിൽക്കുന്ന പൊതു ബോധങ്ങളെയും മിഥ്യാ ധാരണകളെയുമൊക്കെ വലിച്ചു കീറുന്ന സംഭാഷണങ്ങളുമൊക്കെ ആരെയെങ്കിലും അസ്വസ്ഥതപ്പെടുത്തുന്നുണ്ടെങ്കിൽ അത് തന്നെയാണ് ആ സീനിന്റെ വിജയവും .
ജേക്സ് ബിജോയുടെ സംഗീതവും, സുദീപിന്റെ ഛായാഗ്രഹണവും, ശ്രീജിത്ത് സാരംഗിന്റെ എഡിറ്റിങ്ങുമൊക്കെ 'ജനഗണമന'യുടെ ചടുലതയെ കൂടുതൽ മനോഹരമാക്കി. ക്ലൈമാക്സ് ട്വിസ്റ്റുകളും കേന്ദ്ര കഥാപാത്രങ്ങളുടെ ട്രാൻസ്ഫോമേഷൻ സീനുകളൊക്കെ എടുത്തു പറയേണ്ട മികവുകളാണ്.
ആകെ മൊത്തം ടോട്ടൽ = പൂർണ്ണമായും ഒരു രാഷ്ട്രീയ സിനിമ എന്ന നിലക്ക് വിലയിരുത്തപ്പെടാനാകില്ലെങ്കിലും പത്ര വാർത്തകളിലൂടെ നമ്മൾ വായിച്ചു മറന്നിട്ടുള്ള പല സംഭവങ്ങളെയും അനീതികളെയും ഓർമ്മപ്പെടുത്തുകയും, അതിനെയെല്ലാം സമകാലീന ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ പ്രസകത്മായ ചോദ്യങ്ങൾ സഹിതം പറഞ്ഞവതരിപ്പിക്കുകയും ചെയ്യുന്ന സിനിമ എന്ന നിലക്ക് 'ജനഗണമന' കൈയ്യടി അർഹിക്കുന്നു.
*വിധി മാർക്ക് = 7.5/10
-pravin-
ഇഷ്ടപ്പെട്ടില്ല
ReplyDelete