Thursday, June 9, 2022

പുഴുവരിക്കുന്ന യാഥാർഥ്യങ്ങൾ !!


ജാതി ഒരു മിഥ്യയെങ്കിലും ജാതീയത ഒരു യാഥാർഥ്യമാണ്. മനുഷ്യൻ മാറി റോബോട്ട് വന്നാലും ഇതൊന്നും അങ്ങിനെ മാറില്ലെടോ എന്ന് കുട്ടപ്പൻ പറയുന്നത് അത് കൊണ്ടാണ്.

മമ്മൂട്ടിയുടെ കുട്ടനും അപ്പുണ്ണി ശശിയുടെ കുട്ടപ്പനും തമ്മിലുള്ള അന്തരം കൃത്യമായി വരച്ചു കാണിക്കുന്നതോടൊപ്പം ആ രണ്ടു കഥാപാത്രങ്ങളും കൊണ്ട് നടക്കുന്ന നിലപാടുകളും ആദർശവും അമർഷവുമൊക്കെ അവരുടേതായ കാഴ്ചപ്പാടിൽ കാണിച്ചു തരുന്നുണ്ട് സിനിമ. ഇതിൽ കുട്ടന്റെ കൂടെ നിൽക്കണമോ കുട്ടപ്പന്റെ കൂടെ നിൽക്കണമോ എന്നത് കാഴ്ചക്കാരന്റെ രാഷ്ട്രീയം പോലിരിക്കും.


'വിധേയനി'ലെ ഭാസ്ക്കര പട്ടേലരും, 'പാലേരി മാണിക്യ'ത്തിലെ മുരിക്കിൻ കുന്നത് അഹമ്മദ് ഹാജിയെയുമൊക്കെ വച്ച് താരതമ്യപ്പെടുത്തുമ്പോൾ 'പുഴു'വിലെ കുട്ടൻ എന്ന കഥാപാത്രം മമ്മൂട്ടി എന്ന നടനെ സംബന്ധിച്ച് ഒരു വില്ലൻ വേഷമേ അല്ല. എന്നാൽ അറപ്പിന്റെയും വെറുപ്പിന്റെയുമൊക്കെ ചിന്താഗതികൾ കൊണ്ട് നെഗറ്റിവ് പരിവേഷം കൈവരുന്ന കുട്ടൻ എന്ന കഥാപാത്രത്തെ തനിക്ക് മാത്രം സാധ്യമായ സൂക്ഷ്മാഭിനയങ്ങളിലൂടെ മികച്ചതാക്കി മാറ്റുന്നു മമ്മൂട്ടി.

വേണുവിന്റെ 'മുന്നറിയിപ്പി'ൽ പുറമേക്ക് ശാന്തശീലനായി പെരുമാറുന്ന, ആരെയും ആകർഷിക്കുന്ന സംസാര-പെരുമാറ്റങ്ങൾ ഉള്ള സി.കെ രാഘവനെ എത്ര നിഗൂഢമായാണ് മമ്മൂട്ടി അവതരിപ്പിച്ചത് എന്നോർത്തു നോക്കൂ. ഇവിടെ 'പുഴു'വിലെ കുട്ടനിലും സമാനമായ ഒരു നിഗൂഢതയുണ്ട്. അയാൾ അധികം സംസാരിക്കില്ല, പലപ്പോഴും ഒരു ശത്രുവിനെ പ്രതീക്ഷിക്കുന്നു, പലതിനെയും ഭയക്കുന്നു, പലരെയും വെറുക്കുന്നു, ഒരു വേട്ടക്കാരനെ പോലെ നിലകൊള്ളുന്നു . ഈ സ്വഭാവ സവിശേഷതകൾക്കെല്ലാം പശ്ചാത്തലമായി നിൽക്കുന്നതാകട്ടെ അയാൾക്കുള്ളിലെ സവർണ്ണ ബോധമാണ്. അത് തന്റെ മകനിലേക്ക് കൂടി പകർന്നു കൊടുക്കാൻ അയാൾ ശക്തമായി ശ്രമിക്കുന്നു.

കുട്ടൻ എന്ന കഥാപാത്രത്തിന്റെ മാനറിസങ്ങളെ മമ്മൂട്ടി പകർന്നാടുന്നത് ഹൈ വോൾട്ടേജിൽ അല്ല മറിച്ച് നിസ്സാരമെന്ന് തോന്നാവുന്ന ഭാവപ്രകടനങ്ങളിൽ കൂടിയാണ്. ഉള്ളിൽ വെറുപ്പ് ഒതുക്കി കൊണ്ട് സംസാരിക്കുന്നതും, മനസ്സിൽ പക കത്തി നിൽക്കുമ്പോൾ വൈകാരികമായി പെരുമാറുന്നതും, ഒരു ക്രൂരകൃത്യം നടപ്പിലാക്കിയ ശേഷം തെല്ലും കുറ്റബോധമില്ലാതെ തീർത്തും സാധാരണമായി തന്നെ മറ്റുള്ളവരുമായി ഇടപഴകുന്നതുമടക്കം പല വിധ സ്വഭാവ-പെരുമാറ്റ ശൈലികൾ കൊണ്ട് കുട്ടനെ വേറിട്ടൊരു നെഗറ്റിവ് കഥാപാത്രമാക്കി പൂർണ്ണതയിൽ എത്തിക്കാൻ മമ്മൂട്ടിക്ക് സാധിച്ചു.

കുട്ടൻ -കുട്ടപ്പൻ എന്ന ഒരു പോലെയുള്ള കഥാപാത്ര നാമകരണത്തിന്റെ പിന്നിൽ പോലും കൃത്യതയുണ്ട്. രണ്ടു പേരുകളിൽ ഒന്ന് ഓമനത്തത്തോടെ സ്വീകരിക്കപ്പെടുന്നതും മറ്റൊന്ന് ദളിത് സ്വത്വമുള്ള പേരായി കണ്ട് അവഗണിക്കപ്പെടുന്നതുമാണ്. അപ്പുണ്ണി ശശിയുടെ കുട്ടപ്പനിലേക്ക് ചെന്നാൽ അയാൾ ഒരുപാട് അവഗണനകളും അവഹേളനങ്ങളും അനുഭവിച്ചറിയുകയും അതിൽ നിന്ന് സ്വയമേ പൊരുതി വിജയിച്ചവനുമാണ് എന്ന് മനസ്സിലാക്കാം.

സ്‌കൂളിൽ പഠിക്കുന്ന കാലത്ത് ടീച്ചർമാരിൽ നിന്ന് നേരിട്ട പരിഹാസത്തെ കുട്ടിയായിരിക്കെ തന്നെ അയാൾ തന്റേതായ രീതിയിൽ ഒറ്റക്ക് നാടകം കളിച്ചു കൊണ്ട് പ്രതിഷേധിച്ചതായി പറയുന്നുണ്ട്. തന്റെ നിറത്തെ ജാതീയമായി പരിഹസിച്ചവനെ കായികമായി കൈകാര്യം ചെയ്തു കൊണ്ട് പ്രതിഷേധിക്കുന്ന തലത്തിലേക്ക് അയാൾ മാറിയതിന് പിന്നിൽ കയ്പ്പേറിയ ജീവിതാനുഭവങ്ങൾ തന്നെയാകാം കാരണം. അയാൾ നിയമവ്യവസ്ഥകളിലൂടെ നീതി വാങ്ങാൻ വേണ്ടി കാത്തു നിൽക്കുന്നില്ല എന്ന് മാത്രമല്ല സ്വതന്ത്രമായി ജീവിക്കാൻ ഒരു ലൈസൻസിന്റെയും ആവശ്യമില്ല എന്ന് പറയുന്ന തരത്തിൽ ഒരു റബൽ ആയി തന്നെ നിലകൊള്ളുന്നു.


കുട്ടപ്പന്റെ ഭാര്യാ കഥാപാത്രം പാർവ്വതിയെ സംബന്ധിച്ചിടത്തോളം പ്രകടനപരമായ സാധ്യതകൾ നൽകുന്ന ഒന്നായിരുന്നില്ല . പാർവ്വതിക്ക് പകരം ആര് അഭിനയിച്ചാലും ആ റോൾ മോശമാകുകയും ഇല്ല. എന്നിട്ടും എന്ത് കൊണ്ട് പാർവ്വതി എന്ന ചോദ്യത്തിന്റെ ഉത്തരമായിരുന്നു ചിലരൊക്കെ അപ്പുണ്ണി ശശിക്ക് എതിരെ പറഞ്ഞ സവർണ്ണത നിറഞ്ഞ കമെന്റുകൾ.

കലാഭവൻ മണിയുടെ നായികയാകാൻ വിമുഖത കാണിച്ച നടിമാരുണ്ടായിരുന്ന മലയാള സിനിമയിൽ അത്ര പോലും പ്രശസ്തനല്ലാത്ത അപ്പുണ്ണി ശശിയുടെ ഭാര്യാ വേഷം ചെയ്യാൻ തയ്യാറായ പാർവ്വതിയുടെ നിലപാട് ആണ് ഈ സിനിമയിലെ അവരുടെ കഥാപാത്രത്തേക്കാൾ കൈയ്യടി അർഹിക്കുന്നത്.

പുഴു എന്ന പേര് ഈ സിനിമയുടെ പല തലങ്ങളിൽ കൂടിപ്പിണഞ്ഞു കിടക്കുന്നുണ്ട്. നിസ്സാരവത്ക്കരണത്തിന്റെ ഭാഗമായും അറപ്പിന്റെ പ്രതീകമായുമൊക്കെ പുഴുവിനെ സിനിമയിൽ ബന്ധപ്പെടുത്തി കാണാം. അതിനോടൊപ്പം തന്നെ സിനിമയിൽ പ്രാധാന്യമുണ്ട് തക്ഷകന്റെ ആ നാടകത്തിന്. അഥവാ ആ നാടകമാണ് പുഴുവിന്റ ആത്മാവ്.

ആകെ മൊത്തം ടോട്ടൽ =  ഒരിക്കലും പറയാത്ത ഒരു വിഷയമല്ല പുഴുവിന്റെ പ്രമേയം, പക്ഷെ എത്ര പറഞ്ഞാലും പ്രസക്തി നഷ്ടപ്പെടാത്ത ഒരു വിഷയത്തെ കൈകാര്യം ചെയ്യുന്ന സിനിമ എന്ന നിലക്ക് തന്നെയാണ് 'പുഴു' ഇന്നും പ്രസക്തമാകുന്നത്. അവതരണത്തിലെ മന്ദഗതിയും പറഞ്ഞു തുടങ്ങിയ വിഷയത്തെ പറഞ്ഞവസാനിപ്പിച്ച ശൈലിയുമൊക്കെ പുഴുവിന്റെ പോരായ്മാകളായി പറയാമെങ്കിലും ഒരു പാഴ് കാഴ്ചയല്ല 'പുഴു' വിന്റേത്.

*വിധി മാർക്ക് = 7/10 

©bhadran praveen sekhar

No comments:

Post a Comment