Thursday, December 8, 2022

ആദ്യ പകുതിയെ അതിജീവിച്ചാൽ രണ്ടാം പകുതി ആസ്വദിക്കാം!!


ആറാട്ട് സിനിമ കണ്ടതിൽ പിന്നെ ഒരു വല്ലാത്ത സഹന ശക്തി കിട്ടിയിട്ടുണ്ട് എന്ന് പറയാതെ വയ്യ. മിഥുനത്തിലെ വിഖ്യാതമായ ഇന്നസെന്റിന്റെ ആ നിൽപ്പും മുഖഭാവവും ഉണ്ടല്ലോ. അതാണ് ഇപ്പോഴത്തെ മോഹൻ ലാൽ സിനിമകൾ കാണാൻ തുടങ്ങുമ്പോഴുള്ള മ്മടെ ഒരു ആറ്റിട്യൂഡ്. എന്താച്ചാ വരട്ടെ എന്ന് സാരം.

മോഹൻ ലാലിന്റെ ലക്കി സിംഗ് അപാര വെറുപ്പിക്കൽ ആയിരുന്നു. ആദ്യ പകുതിയിൽ ലക്കി സിംഗിന്റെ കോമാളി കളിക്ക് വേണ്ടി മാത്രം വെറുതേ എഴുതിയുണ്ടാക്കിയ സീനുകൾ. അതൊക്കെ സഹിക്കാൻ സാധിക്കുന്ന പക്ഷം രണ്ടാം പകുതി തൊട്ട് മോൺസ്റ്റർ ആസ്വദിക്കാം. അങ്ങിനെയാണ് ഈ പടത്തിന്റെ ഒരു സെറ്റപ്പ്.

LGBTQ content സിനിമയിലേക്ക് കണക്ട് ചെയ്തതൊക്കെ നന്നായി തോന്നി. ആ ഒരു വിഷയത്തെ പ്രമേയവത്ക്കരിക്കുമ്പോഴും LGBTQ കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച്ച കഥാപാത്രങ്ങളെ നെഗറ്റീവ് ഷെയ്ഡിൽ കൊണ്ട് പോയി നിർത്തിയ കഥയായി മോൺസ്റ്ററിന്റെത്.
ക്രൈം ആര് ചെയ്താലും ക്രൈം തന്നെയാണ് അതിനൊക്കെ നിയമപരമായ ശിക്ഷ കിട്ടുക തന്നെ വേണം എന്ന പോയിന്റിൽ ആ വിമർശനത്തിന് പ്രസക്തി ഇല്ലാതാക്കാൻ പറ്റുമായിരിക്കും. അപ്പോഴും ഉയരുന്ന ഒരു ചോദ്യമുണ്ട് അവർക്ക് നിയമപരിരക്ഷയും നീതിയും കിട്ടാതെ പോയ ഒരു സമൂഹത്തിൽ ഏത് നിയമത്തെയും സിസ്റ്റത്തേയുമാണ് അവർ വിശ്വസിക്കേണ്ടത്?
സിനിമ കൈകാര്യം ചെയ്ത വിഷയം പ്രസക്തമാണ്. LGBTQ വിനെ അഡ്രസ്സ് ചെയ്തു സംസാരിക്കുമ്പോഴും നായകൻ തല്ലി ജയിച്ചാലെ പടം ഗുമ്മാകൂ എന്ന പൊതുബോധത്തെ തൃപ്തിപ്പെടുത്തുകയാണ് സിനിമ.
ആകെ മൊത്തം ടോട്ടൽ = രണ്ടാം പകുതിയിലെ ട്വിസ്റ്റുകളും നായികമാരുടെ പ്രകടനവുമൊക്കെ 'മോൺസ്റ്ററി'ൽ നിന്ന് പ്രതീക്ഷിക്കാതെ കിട്ടിയ ബോണസ് ആയി. ക്ലൈമാക്സ് ഫൈറ്റ് സീനും കൊള്ളാം.മോൺസ്റ്റർ മോഹൻ ലാലിന്റെ പടമാണെന്ന് പറയുമായിരിക്കും. പക്ഷേ പടം കണ്ടു തീരുന്നിടത്ത് ഇതൊരു മോഹൻ ലാൽ പടം അല്ലേ അല്ല. ഹണി റോസ് -ലക്ഷ്മി മാഞ്ചുമാരുടെ സിനിമ മാത്രമാണ്. ഈ സിനിമയിൽ അവരാണ് ഞെട്ടിച്ചത്. Well performed. 'മോൺസ്റ്റർ' ഒരു 'ആറാട്ട്' ആയില്ല എന്നതാണ് ആശ്വാസം.

*വിധി മാർക്ക് = 5/10
-pravin-

No comments:

Post a Comment