ഗ്രേറ്റ് ഇന്ത്യൻ കിച്ചനിന്റെ ക്ലൈമാക്സ് സീൻ ഓർത്തു പോകുന്നു.. തനിക്ക് കംഫർട്ട് അല്ല എന്ന് തോന്നിയ ഒരിടത്ത് നിന്ന് അഥവാ ഒട്ടും യോജിക്കാനാകാത്ത ഒരു പാട്രിയാർക്കി സിസ്റ്റത്തിൽ നിന്ന് സ്വയമേ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു കൊണ്ട് അന്തസ്സോടെ ഇറങ്ങി നടക്കുന്ന നായിക.
അവളുടെ ആ ഇറങ്ങി നടപ്പ് സീനിന് കൈയ്യടി വാങ്ങി കൊടുക്കുമ്പോഴും അതിന്റെ പശ്ചാത്തലത്തിൽ ജിയോ ബേബി വരച്ചിടുന്ന ഒരു യാഥാർഥ്യം ഉണ്ട്. കേവലം ഒരു നായികയുടെ നിലപാട് കൊണ്ട് മാത്രം മാറ്റം ഉണ്ടാക്കാവുന്ന സമൂഹമല്ല നമ്മുടേത്. പശ്ചാത്തലത്തിൽ അപ്പോഴും മേൽപ്പറഞ്ഞ സിസ്റ്റത്തിൻറെ ഭാഗമായി വീർപ്പു മുട്ടുന്ന സ്ത്രീ കഥാപാത്രങ്ങളെ കാണാം.
'ഗ്രേറ്റ് ഇന്ത്യൻ കിച്ചനി'ലെ നിമിഷ സജയന്റെ കഥാപാത്രം നടന്ന് നീങ്ങുന്നതിന് പിന്നാലെ തന്നെയാണ് 'ജയ ജയ ജയ ജയഹേ' യിലെ ജയഭാരതിയും ഇറങ്ങി നടക്കുന്നത്. ആ ഇറങ്ങി നടപ്പിന്റെ ഭംഗിയും ശൗര്യവും ആവർത്തന വിരസമാകാത്ത വിധം പറഞ്ഞവതരിപ്പിക്കാൻ വിപിൻ ദാസിനു സാധിച്ചിട്ടുണ്ട്.
വടക്കു നോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള പോലുള്ള സിനിമകളിൽ നമ്മളെ ചിരിപ്പിച്ചിട്ടുള്ള പല സീനുകളുമുണ്ട്. പക്ഷെ ആ സീനുകളിലെ ഭീകരതയെ വേണ്ട വിധം ചർച്ച ചെയ്തിട്ടില്ല. പകരം തളത്തിൽ ദിനേശനും വിജയൻ മാഷുമൊക്കെ ഭാര്യമാരോട് ചെയ്ത ക്രൂരതകൾ സ്‌ക്രീനിലെ എന്റർടൈൻമെന്റ് ആയി മാറി. ഇരകൾ എന്ന നിലക്കുള്ള സിമ്പതി പിടിച്ചു പറ്റുന്ന സീനുകൾ പോലും ശോഭക്കോ ശ്യാമളക്കോ ഇല്ല. പക്ഷേ ദിനേശനും വിജയൻ മാഷിനും ആ സെന്റിമെൻസ് നേടി കൊടുക്കുന്നുമുണ്ട്.
ഇവിടെ ജയഭാരതിയൊക്കെ ഓളം ഉണ്ടാക്കുന്നത് അതിന്റെ ഒരു തുടർച്ചയാണ് എന്ന് പറയാതെ വയ്യ. ഗാർഹിക പീഡനങ്ങൾ ഒരു കോമഡി പശ്ചാത്തലത്തിൽ അവതരിപ്പിക്കേണ്ടതുണ്ടോ എന്ന ശങ്കയിലാണ് സിനിമയുടെ ഒരു ഭാഗം വരെ കണ്ടതെങ്കിലും പിന്നീട് വിഷയം നന്നായി തന്നെ കൈകാര്യം ചെയ്തത് കണ്ടപ്പോൾ ഇഷ്ടപ്പെടുകയാണുണ്ടായത്.
ബേസിൽ, ദർശന ഒരു രക്ഷേം ഉണ്ടായിരുന്നില്ല. രണ്ടു പേരുടെയും ട്രാൻസ്ഫോർമേഷൻ സീനുകളെല്ലാം മികച്ചു നിന്നു. അസീസ്, സുധീർ, ആനന്ദ് മന്മഥൻ അടക്കമുള്ളവരുടെ പ്രകടനവും എടുത്തു പറയാം. അമ്മമാരായി അഭിനയിച്ചവരെയൊന്നും ചത്താലും മറക്കില്ല. അജ്ജാതി പൊളി ടീമുകൾ .
രസകരമായി പറഞ്ഞവതരിപ്പിക്കുമ്പോഴും പറയുന്ന വിഷയത്തിന്റെ ഗൗരവം ചോർന്നു പോകാത്ത വിധം കാണുന്നവരിലേക്ക് എത്തിക്കാൻ സിനിമക്ക് സാധിച്ചു എന്ന് പറയാം. മഞ്ജു പിള്ളയുടെ ജഡ്ജ് വേഷമൊക്കെ അതിന്റെ ഫലം ഇരട്ടിയാക്കി.
ആകെ മൊത്തം ടോട്ടൽ = പാട്രിയാർക്കി ഫാൻസിന്റെ നാഭിക്ക് തന്നെയിട്ട് ചവിട്ടുന്ന സിനിമ എന്ന നിലക്ക് ഇനി കുറച്ചു കരച്ചിലും നിലവിളികളുമൊക്കെ ചിലപ്പോ കേൾക്കുമായിരിക്കും. ആ നിലവിളി ശബ്ദം ഇനിയും മുഴങ്ങട്ടെ. പടം പൊളിയാണ്.
*വിധി മാർക്ക് = 8/10
-pravin-
No comments:
Post a Comment