Saturday, March 4, 2023

ബി ഉണ്ണിക്കൃഷ്ണന്റെ ഭേദപ്പെട്ട 'ക്രിസ്റ്റഫർ' !!


ബി ഉണ്ണികൃഷ്ണന്റെ 'ആറാട്ട്' വച്ച് നോക്കുമ്പോൾ 'ക്രിസ്റ്റഫർ' എത്രയോ മികച്ച സിനിമയാണെന്ന് പറയാം. അപ്പോഴും പിടിച്ചിരുത്തുന്ന ത്രില്ലൊന്നും തരാൻ ക്രിസ്റ്റഫറിന് സാധിച്ചിട്ടില്ല എന്നത് നിരാശ തന്നെയാണ് .. കണ്ടു മറന്ന ഒരുപാട് സിനിമകളിലെ സീനുകളൊക്കെ കൂടി ചേർത്ത് വച്ച് വേറൊരു സിനിമ എടുത്ത പോലെ. 

ഭീഷ്മപർവ്വത്തിന്റെ പ്ലോട്ടിൽ പുതുമയില്ലായിരുന്നിട്ടും ആ സിനിമയെ ഗംഭീരമാക്കിയത് അമൽ നീരദിന്റെ മേയ്ക്കിങ് മികവാണ് .. ഇവിടെ ക്രിസ്റ്റഫറിലും അതേ സാധ്യതകൾ ഉണ്ടായിരുന്നെങ്കിലും അതൊന്നും വേണ്ട വിധം വർക്ക് ഔട്ട് ആയില്ല. അതിനൊത്ത ഒരു തിരക്കഥ ഒരുക്കാൻ ഉദയകൃഷ്ണക്ക് സാധിച്ചിട്ടില്ല എന്നതാണ് സത്യം .

പോലീസിനും സർക്കാരിനും കോടതിക്കുമൊന്നും നടപ്പിലാക്കാൻ സാധിക്കാത്ത നീതി സാധാരണക്കാർക്കും അവശർക്കുമൊക്കെ വേണ്ടി നടപ്പാക്കുന്ന നായക സങ്കൽപ്പത്തിന് ഏത് കാലത്തും സ്വീകാര്യതയുണ്ട് ... ക്രിസ്റ്റഫർ മുതലാക്കുന്നതും അത് തന്നെ.

ശരത് കുമാറിന് ഒരു സീനേ ഉണ്ടായിരുന്നുള്ളൂവെങ്കിലും ആ സീനിൽ പുള്ളി തീയായിരുന്നു. പക്ഷെ അദ്ദേഹത്തെയൊന്നും ഈ സിനിമക്ക് വേണ്ടി ഉപയോഗപ്പെടുത്താൻ ആർക്കും താൽപ്പര്യമില്ലായിരുന്നു.


പറഞ്ഞു പോകുമ്പോൾ സ്നേഹയുടെയും അമല പോളിന്റെയും ഐശ്വര്യയുടേയുമടക്കം ഒരുപാട് സ്ത്രീ കഥാപാത്രങ്ങൾ ഉണ്ടെങ്കിലും ആർക്കും സിനിമയിൽ ഒരു എഫക്ട് ഉണ്ടാക്കാൻ സാധിച്ചില്ല. ആകെ നിറഞ്ഞു നിൽക്കുന്നത് മമ്മുക്ക മാത്രമാണ്. 

വിനയിന്റെ വില്ലൻ വേഷവും പ്രകടനവുമൊക്കെ കൊള്ളാമായിരുന്നു. പക്ഷേ അതും ഒടുക്കമെത്തുമ്പോൾ ഊതി വീർപ്പിച്ച കുമിള പോലെ പൊട്ടിപ്പോകുന്നു.

ഷൈൻ ടോം ചാക്കോ ആളൊക്കെ പോളിയാണ്... വില്ലനായാൽ നന്നാവാറുമുണ്ട്. പക്ഷെ ഇന്റർവ്യൂവിലൊക്കെയുള്ള പുള്ളിയുടെ അതേ ശരീര ഭാഷയും സംസാര ശൈലിയും കൊണ്ട് സിനിമയിലെ കഥാപാത്രമായി മാറിയപ്പോൾ അത് വൻ ശോകമായി. 

വരുന്നവരും പോകുന്നവരുമെല്ലാം തുടരെ തുടരെ ഇങ്ങിനെ കൊല്ലപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു സിനിമ എന്റെ ഓർമ്മയിൽ ഇല്ല ..ആ നിലക്ക് അതൊരു പുതുമയായിവേണേൽ പറയാം. 

'മാനാട്' സിനിമയിൽ എസ്.ജെ സൂര്യ പറയും പോലെ..  "വന്താ....സുട്ടാ...സത്താ..റിപ്പീറ്റ്!!... ഇന്നേക്ക് വരുവാ...സുടുവാ...സാവാ...റിപ്പീറ്റ്.   മുടിയലെ തലൈവരെ ..മുടിയലെ !! "

ആകെ മൊത്തം ടോട്ടൽ = ക്രിസ്റ്റഫർ ആയിട്ടുള്ള മമ്മുക്കയുടെ സ്‌ക്രീൻ പ്രസൻസ്, സ്റ്റൈൽ , ബി ഉണ്ണികൃഷ്ണന്റെ ചില കിടിലൻ ഷോട്ടുകൾ, പിന്നെ ഈ സിനിമയുടെ കളറിംഗ്, ബിജിഎം  ഇത്രേം ഇഷ്ടപ്പെട്ടു . അതിനപ്പുറം എന്തായിരുന്നു ക്രിസ്റ്റഫർ സിനിമ എന്ന് പുറകോട്ട് ആലോചിച്ചാൽ കുറെയേറെ വെടിയൊച്ചകൾ മാത്രം എന്ന് പറയേണ്ടി വരും .

*വിധി മാർക്ക് = 5.5/10

-pravin-

No comments:

Post a Comment