Friday, March 10, 2023

കിടിലൻ.. രസികൻ.. രോമാഞ്ചം !!

അന്യായ കഥാപാത്രങ്ങൾ.. അതിലും അന്യായ പ്രകടനങ്ങൾ..പേടിപ്പിക്കുന്ന ഒരു വൺലൈൻ സ്റ്റോറിയെ എടുത്ത് കോമഡി ട്രാക്കിൽ പറഞ്ഞവതരിപ്പിച്ചു പ്രതിഫലിപ്പിക്കുക എന്നത് ചെറിയ കാര്യമല്ല.

മലയാള സിനിമയിൽ ഹൊറർ കോമഡി ജോണറിന്റെ സാധ്യതകൾ എല്ലാ തലത്തിലും മുതലാക്കാൻ സംവിധായകൻ ജിത്തു മാധവന് സാധിച്ചു .
വിനായക് ശശികുമാറിന്റെ പാട്ടുകളും സുഷിൻ ശ്യാമിന്റെ സംഗീതവും ഈ സിനിമയുടെ പ്രമേയത്തിനും അവതരണത്തിനുമൊത്ത് ഉയർന്നു നിന്നു.
അഭിനയിച്ചവരുടെ യഥാർത്ഥ പേരുകളെക്കാൾ ഈ സിനിമയിലെ കഥാപാത്രങ്ങളുടെ പേരിലൂടെയായിരിക്കും ഇനിയവർ കൂടുതൽ അറിയപ്പെടുക.. അമ്മാതിരി അടാർ പീസുകൾ .
നിരൂപേട്ടനും ജിബിയും ഷിജപ്പനും സോമനും മുകേഷും ഹരിക്കുട്ടനും സിനുവുമടക്കമുള്ള കഥാപാത്രങ്ങളെ അത്ര മേൽ രസകരമാക്കി അവതരിപ്പിച്ചിട്ടുണ്ട്..
ചെമ്പൻ വിനോദിന്റെ ആ വരവും ഇരിപ്പും പോക്കുമൊക്കെ സിനിമയിൽ ഉണ്ടാക്കിയ ഓളം ചെറുതല്ല... അത് പോലെ അർജ്ജുൻ അശോകൻ.. എന്റെ പൊന്നോ രാത്രിയിലെ ആ ഓട്ട സീനൊക്കെ വേറെ ലെവൽ
ഒരു ചെറിയെ വീടും അതിനുള്ളിലെ മുറികളും പരിസരവും പ്രധാന ഭാഗമാകുന്ന സീനുകൾ ഏറെയുള്ള ഒരു സിനിമ. അതും ഹൊറർ കോമഡി എന്ന റിസ്ക് ജോണറിലുള്ള അവതരണം. ആ വെല്ലുവിളികളെ ഗംഭീരമായി തന്നെ കൈകാര്യം ചെയ്യുന്നു സനു താഹിറിന്റെ കാമറ.
ആരെയൊക്കെ മറന്നു പോയാലും അനാമിക എന്ന പേരിനെ ഒരിക്കലും മറക്കാൻ സാധിക്കാത്ത വിധം സിനിമയിൽ വരച്ചു ചേർത്തിട്ടുണ്ട് ജിത്തു മാധവൻ.. രോമാഞ്ചം 2 ൽ അനാമികയുടെ കഥ കൂടുതൽ ഗംഭീരമായി തുടരട്ടെ എന്ന് ആഗ്രഹിക്കുന്നു.

ആകെ മൊത്തം ടോട്ടൽ = ഒരു കിടിലൻ ചിരിപ്പടം.

*വിധി മാർക്ക് = 8/10

-pravin-

No comments:

Post a Comment