Friday, March 31, 2023

ഐതിഹാസിക സമരത്തിന്റെ വിപ്ലവ വീര്യമുള്ള നേർ കാഴ്ചകൾ !!


ബ്രിട്ടീഷുകാരിൽ നിന്ന് സ്വാതന്ത്ര്യം നേടിയ ശേഷവും വിവേചനങ്ങളും അസമത്വങ്ങളും ചൂഷണങ്ങളുമൊക്കെ ശക്തമായി തന്നെ തുടർന്നിരുന്ന ഒരു കാലത്തിന്റെ പശ്ചാത്തലത്തിലാണ് രാജീവ് രവിയുടെ 'തുറമുഖം' ആരംഭിക്കുന്നത്.

1940 കളിൽ തുടങ്ങി 1962 വരെ കൊച്ചി തുറമുഖത്ത് നിലനിന്നിരുന്ന മനുഷ്യത്വ വിരുദ്ധമായ സമ്പ്രദായങ്ങളിൽ ഒന്നായിരുന്നു ചാപ്പ. ആ ഇരുണ്ട കാലത്തിന്റെ ഓർമ്മപ്പെടുത്തലിനു വേണ്ടി തന്നെയാകാം ടൈറ്റിലുകൾ തെളിയുന്നത് വരെയുള്ള സീനുകളെ ബ്ലാക് ആൻഡ് വൈറ്റിൽ അവതരിപ്പിച്ചിട്ടുണ്ടാകുക.

ചാപ്പക്കെതിരെ തൊഴിലാളികൾ നടത്തിയ പ്രതിഷേധ സമരങ്ങളും അവരുടെ രക്തസാക്ഷിത്വവുമൊന്നും കേരള ചരിത്രത്തിൽ വേണ്ട വിധം അടയാളപ്പെട്ടിട്ടില്ല എന്നത് ദുഖകരമായ സത്യമാണ് . മറവിയിലാണ്ടു പോയ ഇത്തരം സമരങ്ങളെയും ചരിത്രത്തെയുമൊക്കെ ബോധ്യപ്പെടുത്താൻ കലാസൃഷ്ടികൾക്ക് മാത്രമേ സാധിക്കൂ എന്നിരിക്കേ രാജീവ് രവി എന്ന സംവിധായകൻ അതിനായി എടുത്ത ശ്രമങ്ങളും അധ്വാനവുമൊക്കെ അഭിനന്ദനം അർഹിക്കുന്നതാണ്.

മലയാള സിനിമയുടെ കാര്യത്തിലേക്ക് വന്നാൽ ജമാൽ കൊച്ചങ്ങാടിയുടെ കഥയിൽ പി.എ ബക്കർ തിരക്കഥയും സംവിധാനവും നിർവ്വഹിച്ച 'ചാപ്പ' എന്നൊരു സിനിമ മാത്രമാണ് മേൽപ്പറഞ്ഞ വിഷയങ്ങളെ പ്രമേയവത്ക്കരിച്ചതായി അറിവുള്ളൂ.


1982 ലിറങ്ങിയ 'ചാപ്പ'ക്ക് ആ വർഷത്തെ മികച്ച മലയാളം സിനിമക്കുള്ള ദേശീയ അവാർഡ് ലഭിച്ചെങ്കിലും അന്ന് അത് എത്ര പേർക്ക് കാണാൻ സാധിച്ചിട്ടുണ്ട് അല്ലെങ്കിൽ ഇപ്പോഴെങ്കിലും അത് എവിടെയെങ്കിലും കാണാൻ ലഭ്യമാകുമോ എന്നതൊക്കെ സംശയമായി തന്നെ തുടരുന്നു.

മട്ടാഞ്ചേരി സമരത്തെ വേണ്ട വിധം അടയാളപ്പെടുത്തിയ കലാസൃഷ്ടി എന്ന നിലക്ക് ശ്രദ്ധേയമായ റഫറൻസുകൾ പിന്നീട് ലഭ്യമുള്ളത് കെ.എം ചിദംബരത്തിന്റെ 'തുറമുഖം' എന്ന നാടകത്തിലാണ്. കേരളം അറിയേണ്ട ഒരു സമര ചരിത്രത്തെ അഭ്രപാളിയിലേക്ക് എത്തിക്കാൻ തിരക്കഥ ഒരുക്കേണ്ട നിയോഗം അദ്ദേഹത്തിന്റെ മകൻ ഗോപൻ ചിദംബരത്തിനു ലഭിക്കുന്നത് അങ്ങിനെയാണ്.

ഒരു സമര സിനിമ മാത്രമായി ഒതുങ്ങി പോകാത്ത വിധം ഒരു കാലത്തെ മട്ടാഞ്ചേരിയിലെ ജീവിതങ്ങളെ കോർത്തെടുത്തു അവതരിപ്പിച്ചു കാണാം സിനിമയിൽ. അതിനേക്കാളേറെ ഈ സിനിമയിലെ സ്ത്രീ ജീവിതങ്ങളെ കുറിച്ചും പറയാനുണ്ടാകും. പേര് ഓർത്തെടുക്കാൻ പറ്റാതെ പോയാലും പൂർണ്ണിമയുടെ കഥാപാത്രവും കഥാപാത്ര പ്രകടനവുമൊക്കെ ഈ സിനിമക്ക് ശേഷം നമ്മുടെ മനസ്സിൽ അത്ര മേൽ പതിഞ്ഞു കിടക്കുന്നുണ്ടാകും.

മെച്ചപ്പെട്ട ജീവിതത്തിനും വരുമാനത്തിനും വേണ്ടി പല കോണുകളിൽ നിന്ന് കൊച്ചി തുറമുഖത്തേക്ക് ഒഴുകിയെത്തിയ ഒരു കൂട്ടം ജനങ്ങൾ.. തൊഴിലെടുക്കാനുള്ള അവസരം കിട്ടാൻ മൂപ്പന്മാർ എറിഞ്ഞു കൊടുക്കുന്ന ചാപ്പ നാണയങ്ങൾക്ക് വേണ്ടി തല്ല് കൂടുന്ന ദയനീയ കാഴ്ച.. എല്ലു മുറിയെ പണിയെടുത്താലും കൃത്യമായ കൂലി കിട്ടാതെ പട്ടിണിയിൽ നിന്ന് മുഴുപ്പട്ടിണിയിലേക്ക് പോകുന്ന അവസ്ഥ.



ചാപ്പ സമ്പ്രദായത്തിന് എതിരെ തൊഴിലാളികൾ സംഘടിപ്പിച്ചപ്പോൾ രൂപീകരിച്ച ട്രേഡ് യൂണിയനുകൾ പോലും ഒരു ഘട്ടത്തിൽ തൊഴിലാളി വിരുദ്ധരായി മാറുന്നുണ്ട്. ചാപ്പയേറിന്റെ ചുമതല മൂപ്പന്മാരിൽ നിന്ന് ട്രേഡ് യൂണിയനുകളിലേക്ക് മാറി എന്നതിനപ്പുറത്തേക്ക് തൊഴിലാളികളുടെ ജീവിത നിലവാരത്തിൽ മാറ്റങ്ങളൊന്നും സംഭവിക്കാത്ത സാഹചര്യത്തിലാണ് ട്രേഡ് യൂണിയനുകളെക്കാൾ വലുത് വർഗ്ഗ ബോധമുള്ള തൊഴിലാളികളുടെ ഐക്യമാണെന്ന് തിരിച്ചറിഞ്ഞു കൊണ്ടുള്ള സമരം ആരംഭിക്കുന്നത് .

ഇടത് പക്ഷ യൂണിയൻ നയിച്ച ആ സമരത്തിന്റെ പോരാട്ട വീര്യത്തെ രാജീവ് രവി ഗംഭീരമായി തന്നെ വരച്ചിടുന്നുണ്ട് അവസാന സീനുകളിൽ. ഒരർത്ഥത്തിൽ ആ അവസാന സീനുകളാണ് 'തുറമുഖത്തി'ന്റെ ഹൈലൈറ്റ് എന്ന് പറയേണ്ടി വരും.


ചെങ്കൊടിയെന്തി മുദ്രാവാക്യം വിളിച്ചു വരുന്ന സമരക്കാരുടെ സീനൊക്കെ ആവേശവുമുണർത്തുന്നതായിരുന്നു. ജോജുവിന്റെ മൈമുവൊക്കെ കുറച്ചു സീനുകളിലെ വന്നു പോകുന്നുള്ളൂവെങ്കിലും അയാളുടെ സ്‌ക്രീൻ പ്രസൻസ് നന്നായിരുന്നു. നിവിൻ പോളിയെ സംബന്ധിച്ച് മട്ടാഞ്ചേരി മൊയ്‌തു എന്നത് കരിയറിൽ കിട്ടിയ വേറിട്ടൊരു വേഷം തന്നെയാണ്. നെഗറ്റിവ് ഷെയ്ഡിലുള്ള ആ കഥാപാത്രത്തെ ഏറെക്കുറെ അയാൾ ഭംഗിയാക്കി. കമ്മട്ടിപ്പാടത്തിലെ ആശാന്റെ മറ്റൊരു പതിപ്പെന്ന പോലെ തോന്നിച്ചെങ്കിലും പച്ചീക്കായെ സുദേവും നന്നായി അവതരിപ്പിച്ചു.

ഇന്ദ്രജിത്തിന്റെ സാന്റോ ഗോപാലനൊക്കെ വേണ്ട വിധം സ്‌ക്രീൻ സ്‌പേസ് ഇല്ലാതെ പോയ പോലെ തോന്നി. നിമിഷ, ദർശന അടക്കമുള്ളവർക്കും സിനിമയിൽ കാര്യമായി ഒന്നും ചെയ്യാനില്ലാത്ത പോലെയായിരുന്നു മിക്ക സീനുകളും. അതേ സമയം ഈ സിനിമയിൽ കൈയ്യടിക്കേണ്ട പ്രകടനമായി അനുഭവപ്പെടുത്തിയത് പൂർണ്ണിമയുടെയും അർജ്ജുൻ അശോകന്റെയുമാണ്.
സമീറ സനീഷിന്റെ വസ്ത്രാലങ്കാരം സിനിമയിലെ കാലഘട്ടങ്ങൾക്ക് അനുയോജ്യമല്ലാത്ത വിധമാണ് മിക്ക കഥാപാത്രങ്ങളുടെയും കാര്യത്തിൽ കാണാൻ കിട്ടുന്നത്. സമരവീര്യം നിറഞ്ഞു നിൽക്കുന്ന സിനിമയെങ്കിലും ആളെ പിടിച്ചിരുത്തുന്ന വിധമുള്ള ഒരു അവതരണ വീര്യം ഇല്ലാതെ പോകുന്നുണ്ട് 'തുറമുഖ'ത്തിൽ.

സിനിമയുടെ ദൈർഘ്യക്കൂടുതലും നീട്ടി വലിച്ച സീനുകളും കഥാ സാഹചര്യത്തിനൊത്തു ഉയരാതെ പോയ പശ്ചാത്തല സംഗീതവുമൊക്കെ പ്രധാന പോരായ്മകളായി അനുഭവപ്പെട്ടു. പശ്ചാത്തല സംഗീതത്തിന്റെ ദൗത്യം ഏറ്റെടുത്ത മുദ്രാവാക്യം വിളികൾ അവസാന സീനുകളെ മികവുറ്റതാക്കി കാണാം.

ആകെ മൊത്തം ടോട്ടൽ = 'തുറമുഖം' ഒരു സിനിമാറ്റിക് കാഴ്ചാനുഭവമാക്കി മാറ്റണ്ട എന്ന നിർബന്ധ ബുദ്ധി ഒരു പക്ഷേ രാജീവ് രവിക്കുണ്ടായിരുന്നിരിക്കാം. അത് ഈ സിനിമയുടെ ആസ്വാദനത്തിൽ പലർക്കും മുഷിവുണ്ടാക്കിയാലും ഈ സിനിമ പറഞ്ഞവതരിപ്പിച്ച ചരിത്രത്തിന്റെ പ്രസക്തി ഇല്ലാതാക്കുന്നില്ല. മട്ടാഞ്ചേരി സമരത്തെ കൃത്യമായി അടയാളപ്പെടുത്താൻ സാധിച്ച സിനിമ എന്ന നിലക്ക് 'തുറമുഖം' എന്നും ശ്രദ്ധേയമായി തന്നെ തുടരും എന്നതിൽ തർക്കമില്ല.

*വിധി മാർക്ക് = 6.5/10 

pravin-

No comments:

Post a Comment