Friday, March 17, 2023

ഹൃദ്യം, മനോഹരം ഈ കുടുംബ-പ്രണയ സിനിമ !!


എത്ര പറഞ്ഞാലും പഴകാത്ത ഒരു വിഷയം തന്നെയാണ് പ്രണയമെങ്കിലും അത് വ്യത്യസ്തമായി പറഞ്ഞവതരിപ്പിക്കുന്നിടത്താണ് കൂടുതൽ മനോഹരവും ആസ്വദനീയവുമാകുന്നത്. നിഖിൽ മുരളിയുടെ 'പ്രണയ വിലാസം' അങ്ങിനെയൊരു സിനിമാനുഭൂതിയാണ് നൽകുന്നത്.

There is nothing more enduring than a first love എന്ന ഒറ്റ വാചകത്തിൽ നിന്ന് വിരിഞ്ഞു വന്ന മനോഹരമായ ഒരു പ്രണയ പുഷ്പമാണ് ഈ സിനിമ.

പുത്തൻ തലമുറയുടെ ക്യാമ്പസ് പ്രണയ കഥയെന്നോണം പറഞ്ഞു തുടങ്ങി പതിയെ ഒരു കുടുംബ കഥയുടെ ചുറ്റുവട്ടത്തിലേക്കാണ് സിനിമ നമ്മളെ കൊണ്ട് പോകുന്നത്.. എന്നാൽ ഒരു പ്രണയ സിനിമയിൽ കുടുംബത്തിന്റെ റോൾ എന്താകും എന്ന ഊഹങ്ങളെയൊക്കെ തെറ്റിച്ചു കൊണ്ടുള്ള ട്വിസ്റ്റുകൾ സിനിമയെ എൻഗേജിങ് ആക്കുന്നു .

പഴയ കാല- പുതിയ കാല പ്രണയങ്ങളും, മാറുന്ന പ്രണയ സങ്കൽപ്പങ്ങളുമടക്കം പ്രണയത്തിന്റെ വ്യത്യസ്ത വക ഭേദങ്ങളെ കാണിച്ചു തരുന്നു സിനിമ. പ്രണയം അവസാനിപ്പിച്ച് പോകേണ്ടി വരുന്നവരെ തേപ്പുകാരായി ചിത്രീകരിക്കുന്ന പതിവ് ശൈലിയിൽ നിന്ന് മാറി സിനിമയിലെ കഥാപാത്രങ്ങൾ അത്തരം സാഹചര്യങ്ങളിൽ പക്വമായി പെരുമാറുന്നവരായി കാണിച്ചതൊക്കെ നന്നായിരുന്നു.


നഷ്ടപ്രണയവും ഗൃഹാതുരതയുമൊക്കെ കഥയിലെ പ്രധാന ഭാഗമായി കടന്നു വരുമ്പോഴും ഒരു പൈങ്കിളി സിനിമയെന്ന പരിഹാസം വരാത്ത വിധം തിരക്കഥാ രചനയിൽ കൃത്യത പുലർത്താൻ സുനു - ജ്യോതിഷ് കൂട്ടുകെട്ടിന് സാധിച്ചു.

അർജ്ജുൻ അശോകൻ -മമിതാ ബൈജു പ്രണയ ജോഡികളിലൂടെയാണ് കഥ പറഞ്ഞു തുടങ്ങിയതെങ്കിലും സിനിമ അവസാനിക്കുമ്പോൾ ഹക്കീം ഷാ- അനശ്വര ജോഡികളാണ് മനസ്സിൽ കയറിക്കൂടുന്നത് . രണ്ടു പ്രണയ ജോഡികളെയും രണ്ടു തരത്തിൽ മികവുറ്റതാക്കാൻ രണ്ടു കൂട്ടർക്കും സാധിച്ചു.

അർജ്ജുൻ അശോകൻ - മനോജ്‌ കെ. യു അച്ഛൻ മകൻ കോംബോ സീനുകളെല്ലാം രസകരമായിരുന്നു. ആ അമ്മ കഥാപാത്രമൊക്കെ മറക്കാൻ പറ്റാത്ത വിധം മനസ്സിൽ പതിഞ്ഞു കിടക്കുന്നുണ്ട്. അവർക്കൊപ്പം എപ്പോഴും ഒരു നിഴലു പോലെ കൂടെയുണ്ടാകുന്ന, അവരെ ഏറ്റവും കൂടുതൽ മനസ്സിലാക്കിയിട്ടുള്ള റംലയെന്ന കഥാപാത്രത്തെ ഉണ്ണിമായ നാലപ്പാടവും നന്നായി ചെയ്തു കാണാം.

ഒരു പ്രണയ കഥയുടെ രസക്കൂട്ടിനിടയിലും വീടകങ്ങളിൽ അവനവനു വേണ്ടി ജീവിച്ചിട്ടില്ലാത്ത സ്ത്രീ ജീവിതങ്ങളെ കൂടി വരച്ചിടാൻ സിനിമക്ക് കഴിഞ്ഞു. ആ നിലക്ക് നോക്കിയാൽ ഭർത്താവിനും മകനും വേണ്ടി മാത്രം ജീവിച്ച ഒരു സാധു സ്ത്രീയുടെ ജീവിതകഥ കൂടിയാണ് 'പ്രണയവിലാസം'.

കണ്ണൂരിന്റെ പ്രാദേശികതയെ മനോഹരമായി ഒപ്പിയെടുത്ത ഷിനോസിന്റെ ഛായാഗ്രഹണവും ഷാൻ റഹ്മാന്റെ പശ്ചാത്തല സംഗീതവുമൊക്കെ 'പ്രണയവിലാസ'ത്തിന്റെ ഭംഗി കൂട്ടി.

കുറച്ച് കാലത്തിനു ശേഷം മലയാള സിനിമയിൽ പ്രണയത്തെ വളരെ നന്നായി അവതരിപ്പിച്ചു കണ്ട ഒരു സിനിമ.. വിനോദിനെയും അനുശ്രീയേയുമൊന്നും ആരും മറക്കില്ല.

കാലഘട്ടവും തലമുറകളുമൊക്കെ മാറി മറയുമ്പോഴും പ്രണയം മാത്രം അനശ്വരമായി നിലനിൽക്കുന്നു.. ഒരു പക്ഷേ ഈ ഭൂമിയിലെ നഷ്ട പ്രണയങ്ങൾ തന്നെയായിരിക്കാം പ്രണയത്തെ ഇത്ര മേൽ ഹൃദ്യവും അനശ്വരവുമാക്കിയിട്ടുണ്ടാകുക. പ്രണയവിലാസത്തിന്റെ ക്ലൈമാക്‌സും ആ tale end സീനുമൊക്കെ അങ്ങിനെ ചിന്തിപ്പിക്കുന്നു.

ആകെ മൊത്തം ടോട്ടൽ = മനോഹരമായ ഒരു കുടുംബ പ്രണയ സിനിമ. 

*വിധി മാർക്ക് = 8/10 

-pravin-

No comments:

Post a Comment