പുരുഷ പ്രേതം എന്ന പേര് ഈ സിനിമക്ക് കൊടുക്കുന്ന മൈലേജ് ചെറുതല്ല. പേരിലെ പ്രേതം ആകാംക്ഷ ഉണർത്തുന്ന ഒരു ആകർഷണമാണ് . 'പുരുഷ പ്രേതം' ഒരു പ്രേത പടമാണെന്ന് തോന്നിക്കുന്ന സൂചനകൾ ട്രൈലറിൽ ഉണ്ടായിരുന്നത് കൊണ്ട് പ്രേതത്തെ മൃതദേഹം എന്ന അർത്ഥത്തിൽ വായിച്ചെടുക്കാൻ സാധിക്കാതെ പോയവരുണ്ട് .
മൃതദേഹം പരിശോധിക്കുന്ന പ്രക്രിയക്ക് പോലീസിന്റെ ഔദ്യോഗിക ഭാഷയിൽ പറഞ്ഞിരുന്നത് പ്രേത വിചാരണ, പ്രേത പരിശോധന എന്നൊക്കെയായിരുന്നു. എന്നാൽ ഈ പദപ്രയോഗങ്ങൾ മൃതശരീരത്തിനെ അനാദരിക്കുന്നതാണെന്ന പരാതി ഉയർന്ന ഘട്ടത്തിൽ ആ പദങ്ങൾക്ക് പകരം അനുയോജ്യമായ മറ്റു വാക്കുകളോ അതുമല്ലെങ്കിൽ ഇൻക്വിസ്റ്റ് എന്ന് മലയാളത്തിൽ എഴുതിയാലും മതി എന്ന ഉത്തരവ് നൽകുകയുണ്ടായി നമ്മുടെ ആഭ്യന്തര വകുപ്പ്.
ഇപ്രകാരം മൃതദേഹത്തെ പദ പ്രയോഗങ്ങൾ കൊണ്ട് പോലും അനാദരിക്കരുത് എന്ന നിലപാടുള്ള നമ്മുടെ നാട്ടിൽ അജ്ഞാത മൃതദേഹങ്ങൾ ആദരവോടെ തന്നെയാണോ മറവ് ചെയ്യപ്പെടുന്നത് എന്ന ചോദ്യം ഉന്നയിക്കുകയാണ് 'പുരുഷ പ്രേതം'.
അജ്ഞാത മൃതദേഹങ്ങളുടെ കേസിൽ പോലീസ് സ്വീകരിക്കേണ്ട നടപടികളും പാലിക്കേണ്ട ഉത്തരവാദിത്തവും നടപ്പിലാക്കേണ്ട കാര്യങ്ങളുമൊക്കെ എന്താണെന്ന് വ്യക്തമായി ചർച്ച ചെയ്യാൻ ഈ സിനിമക്ക് സാധിച്ചു.
ഗൗരവമുളള ഒരു വിഷയത്തിന്റെ നർമ്മത്തിൽ പൊതിഞ്ഞു കൊണ്ടുള്ള അവതരണ ശൈലിയും മികച്ച കഥാപാത്ര പ്രകടനങ്ങളുമൊക്കെ 'പുരുഷ പ്രേത' ത്തിന്റെ ആസ്വാദനം വർദ്ധിപ്പിക്കുന്നു .
തിരഞ്ഞെടുത്ത വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തുന്നതോടൊപ്പം കഥയുടെ വിവിധ സാഹചര്യങ്ങളിൽ രൂപപ്പെടുന്ന ഹാസ്യത്തെ മികച്ച രീതിയിൽ കൈകാര്യം ചെയ്യാനും സംവിധായകൻ കൃഷാന്ദിന് സാധിച്ചിട്ടുണ്ട്.
തൊഴിലിടങ്ങളിലെ ജാതീയതയും, അധികാര ദുർവിനിയോഗവും, സ്ത്രീ സമത്വവുമൊക്കെ ഇരുണ്ട ഹാസ്യമായി അവതരിപ്പിക്കപ്പെടുന്ന ഒട്ടേറെ സീനുകളുണ്ട് സിനിമയിൽ .
പുഴയിൽ അഴുകി കിടക്കുന്ന മൃതദേഹത്തെ കരയിലേക്ക് കയറ്റാൻ സീനിയർ ആയ ദിലീപ് തന്നെ ഇറങ്ങിയാൽ മതി എന്ന് പറയുമ്പോൾ തമാശയായി തോന്നാമെങ്കിലും തൊട്ടടുത്ത സീനുകളിൽ തന്നെ ആ തമാശക്ക് പിന്നിലെ ജാതീയത വ്യക്തമാക്കപ്പെടുന്നുണ്ട്.
സമാനമാണ് മലാ പാർവ്വതി അവതരിപ്പിക്കുന്ന പി.പിയെ കാണാൻ ചെല്ലുന്ന സീൻ. ഒരു സ്ത്രീ ഇനി എന്ത് പിപി. ആയാലും ജഡ്ജി ആയാലും സ്വന്തം വീട്ടിലെത്തിയാൽ അവർക്ക് വീട്ടു പണി തന്നെയാണ് പ്രധാന പണി. പിപിയെ കാണാൻ വരുന്ന സെബാസ്റ്റ്യനെയും ദിലീപിനെയും വീട്ടിലേക്ക് കയറ്റാതെ പുറകു വശത്തെ അവരുടെ അലക്ക് സ്ഥലത്തേക്കാണ് ഭർത്താവ് പറഞ്ഞു വിടുന്നത്.
അങ്ങിനെ ഓരോ സീനിലും ആക്ഷേപ ഹാസ്യവും കയ്പ്പേറിയ യഥാർഥ്യവും ഒരു പോലെ നിറഞ്ഞു നിൽക്കുന്നത് കാണാം.
പ്രശാന്ത് അലക്‌സാണ്ടറിന്റെ പ്രകടനം എടുത്തു പറയേണ്ട ഒന്നാണ്. കാത്തിരുന്നു കിട്ടിയ ഒരു കഥാപാത്രമെന്ന പോലെ അയാൾ ഈ സിനിമയിൽ മുഴുനീളെ ആടി തിമിർക്കുകയാണ്.
ആ കഥാപാത്രത്തിന്റെ മാനസിക സംഘർഷങ്ങൾ, ഈഗോ , ആശ്വാസങ്ങൾ, പരാജയങ്ങൾ, ഉയിർത്തെഴുന്നേൽപ്പുകൾ അങ്ങിനെ മാറി മറയുന്ന കഥാ സാഹചര്യങ്ങൾക്ക് അനുസരിച്ചുള്ള ശരീര ഭാഷ കൂടി സൃഷ്ടിച്ചെടുത്തു കൊണ്ടുള്ള പ്രകടനം. പ്രശാന്ത് അലക്‌സാണ്ടർ എന്ന നടനെ ഗംഭീരമായി അടയാളപ്പെടുത്തുന്നു 'പുരുഷ പ്രേതം'.
സമീപ കാലത്ത് കാണാൻ കിട്ടി തുടങ്ങിയ ജഗദീഷിന്റെ മികച്ച കഥാപാത്രങ്ങളിലേക്ക് ഈ സിനിമയിലെ ദിലീപേട്ടനും കൂടി ചേരുന്നു. ജിയോ ബേബിയൊക്കെ തന്റെ കഥാപാത്രത്തെ രസകരമായി കൈകാര്യം ചെയ്തു കാണാം. എല്ലാവരും സൂപ്പർ.
ആകെ മൊത്തം ടോട്ടൽ = തിരഞ്ഞെടുത്ത വിഷയം കൊണ്ടും ആഖ്യാന ശൈലിയിലെ വ്യത്യസ്തത കൊണ്ടും കഥാപാത്ര പ്രകടനങ്ങൾ കൊണ്ടും ഏറെ മികവ് പുലർത്തിയ സിനിമ എന്ന നിലക്ക് പുരുഷ പ്രേതത്തിന് കൈയ്യടി നൽകാതെ വയ്യ.
*വിധി മാർക്ക് = 7.5/10
-pravin-
No comments:
Post a Comment