പൊന്നിയിൻ സെൽവന്റെ ആദ്യ ഭാഗം മനസ്സിൽ അവശേഷിപ്പിച്ച ചോദ്യങ്ങളുടെയും സംശയങ്ങളുടേയുമൊക്കെ കേവല ഉത്തരങ്ങൾ കണ്ടു ബോധിക്കുക എന്നതിനപ്പുറം പൂർണ്ണമായും പറഞ്ഞവതരിപ്പിച്ചിട്ടില്ലാത്ത ആ കഥയേയും അതിലെ അനേകം കഥാപാത്രങ്ങളെയും രണ്ടാം ഭാഗത്തിൽ സമയബന്ധിതമായി എങ്ങിനെയായിരിക്കും മണി രത്‌നം പറഞ്ഞവസാനിപ്പിക്കുന്നുണ്ടാകുക എന്ന ആകാംക്ഷയിലാണ് PS 2 കാണേണ്ടി വരുന്നത്.
സത്യത്തിൽ മണിരത്നത്തെ പോലുള്ള ഒരു മികച്ച സംവിധായകന് നേരിടേണ്ടി വന്ന വെല്ലുവിളികളുടെ സ്‌ക്രീൻ കാഴ്ചകൾ കൂടിയാണ് 'പൊന്നിയിൻ സെൽവൻ' നൽകുന്നത് എന്ന് പറയേണ്ടി വരും.
ഒരുപാട് ഇവെന്റുകൾ കടന്നു വരുന്ന ഒരു കഥയിൽ കൃത്യമായി ഏത് കഥാപാത്രത്തെ ഫോക്കസ് ചെയ്തു കൊണ്ട് കഥ പറയണം എന്നറിയാതെ പോകുന്ന സീനുകൾ കാണാൻ പറ്റും 'പൊന്നിയിൻ സെൽവനി'ൽ. അത് മണിരത്‌നം എന്ന സംവിധായകന്റെ പരാജയമല്ല മറിച്ച് പൊന്നിയിൻ സെൽവൻ പോലൊരു നോവലിനെ വെറും രണ്ടു ഭാഗങ്ങളുള്ള സിനിമയിലേക്ക് ഒതുക്കി അവതരിപ്പിക്കേണ്ടി വരുന്നതിലെ പരിമിതികളാണ്.
ആദ്യ ഭാഗത്ത് കുന്ദവൈ - നന്ദിനി മുഖാമുഖം വന്നു നിൽക്കുന്ന സീനിൽ ഐശ്വര്യ റായി - തൃഷ മാരിൽ ആരാണ് മികച്ചതെന്ന് പറയാനാകാത്ത വിധം ഗംഭീരമായിരുന്നു. പകയും കുടിലതയും ഉള്ളിൽ ഒളിപ്പിച്ചു കൊണ്ട് സംസാരിക്കുന്ന നന്ദിനിയുടെയും, നന്ദിനിയുടെ മനസ്സ് വായിച്ചറിഞ്ഞു കൊണ്ട് മറുപടി നൽകുന്ന കുന്ദവൈയുടെയും സൗന്ദര്യം ഒരൊറ്റ കാഴ്ച കൊണ്ട് അവസാനിക്കുന്നതായിരുന്നില്ല. അതിന്റെ ഒരു തുടർച്ചക്ക് രണ്ടാം ഭാഗത്തിൽ എവിടെയും പ്രസക്തി ഇല്ലാതാകുന്നു.
രണ്ടാം ഭാഗം ആരംഭിക്കുന്നത് നന്ദിനിയുടെയും ആദിത്ത കരികാലന്റെയും മനോഹരമായ ഫ്ലാഷ് ബാക്ക് സീനുകളിൽ നിന്നാണ്. അവരുടെ പ്രണയവും നഷ്ടപ്രണയവും വിരഹവുമൊക്കെ പിന്നീട് ആ രണ്ടു പേരിലുണ്ടാക്കിയ മാറ്റങ്ങൾ നമ്മൾ ഊഹിച്ചെടുക്കണം.
പകയും പ്രതികാരവും ചതിയുമൊക്കെ ഒളിഞ്ഞിരിക്കുന്ന അവരുടെ മനസ്സുകളിൽ അണയാതെ കത്തി നിൽക്കുന്ന പ്രണയമുണ്ട്. പക്ഷേ അത് പ്രകടമാക്കാൻ നന്ദിനിയും പ്രകടമാക്കാതിരിക്കാൻ ആദിത്ത കരികാലനും സാധിക്കുന്നില്ല.
രണ്ടാം ഭാഗത്തിലെ ഏറ്റവും മികച്ച സീനായി അനുഭവപ്പെട്ടത് ആദിത്ത കരികാലനും നന്ദിനിയുടെയും ആ കൂടി കാഴ്ച സീൻ തന്നെ. വിക്രമിന്റെയും ഐശ്വര്യയുടെയും പ്രകടനങ്ങൾ എടുത്തു പറയേണ്ട സീനുകൾ.
ആദ്യ ഭാഗത്തെ പോലെ തന്നെ വന്ദ്യത്തേവനിലൂടെ തന്നെയാണ് രണ്ടാം ഭാഗത്തിലും കഥ മുന്നോട്ട് പോകുന്നതെങ്കിലും രണ്ടാം ഭാഗത്തിൽ സ്‌ക്രീൻ സ്‌പേസ് മൊത്തത്തിൽ കൈയ്യേറുന്നത് ഐശ്വര്യയുടെ നന്ദിനിയാണ്.
അരുൾമൊഴി - കുന്ദവൈ- ആദിത്ത കരികാലൻ കോംബോ സീൻ നന്നായിരുന്നു. നന്ദിനി- ആദിത്ത കരികാലൻ പ്രണയത്തെ പോലെ പ്രാധാന്യം കൊടുക്കേണ്ടിയിരുന്ന കുന്ദവൈ-വന്ദ്യത്തേവൻ പ്രണയം നാമ മാത്രമായ് ഒതുങ്ങി പോകുന്നുണ്ട് സിനിമയിൽ. അപ്പോഴും അവരുടെ പ്രണയ സീനും ആ പാട്ടുമൊക്കെ മികച്ചതായി തന്നെ തോന്നി.
ആദ്യ ഭാഗത്തിൽ ഒരുപാട് കഥാപാത്രങ്ങളെ തുറന്നു കാട്ടുകയും അവർക്കൊക്കെ കഥയിൽ വന്നേക്കാവുന്ന പ്രാധാന്യം അനുഭവപ്പെടുത്തുകയും ചെയ്തിട്ട് രണ്ടാം ഭാഗത്തിലേക്ക് വരുമ്പോൾ അങ്ങിനെയുള്ള പല കഥാപാത്രങ്ങൾക്കും വേണ്ട സ്‌പേസ് നൽകാതെ പോയ പോലെ തോന്നി.
സുന്ദര ചോഴൻ - ഊമൈ റാണി ബന്ധത്തെ വെളിപ്പെടുത്തുന്ന രംഗങ്ങൾ പഴയ നാടകങ്ങളെ ഓർമ്മപ്പെടുത്തി. ഒന്നാം ഭാഗത്തിൽ ഊമൈ റാണിക്ക് കൊടുത്ത ഇൻട്രോയും ദുരൂഹതയുമൊക്കെ വച്ച് നോക്കുമ്പോൾ രണ്ടാം ഭാഗത്തിൽ ആ കഥാപാത്രത്തെ അവതരിപ്പിച്ച രീതിയൊന്നും ഒട്ടും ദഹിച്ചില്ല.
ഇങ്ങിനെ പറഞ്ഞു പോകുമ്പോൾ സംഭവ ബഹുലമായ രണ്ടാം ഭാഗത്തിൽ ഒട്ടും അനുഭവപ്പെടുത്താതെ പോയ സീനുകൾ പലതുണ്ട്. പക്ഷെ പിടി വിട്ടു പോകുന്ന പടമായാലും മണിരത്നത്തിന് മാത്രമായി കൈകാര്യം ചെയ്യാൻ സാധിക്കുന്ന കുറെ എലമെൻറ്സ് ഉണ്ട് സിനിമയിൽ. പ്രത്യേകിച്ച് പറഞ്ഞാൽ ആദിത്ത കരികാലൻ - നന്ദിനി പ്രണയം തന്നെ. അവർക്കിടയിലെ പ്രശ്‌നങ്ങളും വൈകാരികതകളുമൊക്കെ വച്ച് രണ്ടാം ഭാഗത്തെ പരിക്ക് പറ്റാത്ത വിധം മണിരത്നം ഡീൽ ചെയ്തെന്ന് പറയാം.
ആ രണ്ടു കഥാപാത്രങ്ങളുടെയും രംഗങ്ങൾ അവസാനിക്കുമ്പോൾ സിനിമയിൽ വലിയൊരു സ്‌പേസ് രൂപപ്പെടുന്നു. ആ സ്‌പേസിലാകട്ടെ കാര്യമായൊന്നും ചെയ്യാനില്ലാതെ നിന്ന് പോകുകയാണ് ടൈറ്റിൽ കഥാപാത്രമായ പൊന്നിയിൻ സെൽവനും വന്ദ്യത്തേവനും സർവ്വോപരി എല്ലാത്തിനും തുടക്കമിടുന്ന മധുരാന്തകൻ പോലും.
എല്ലാത്തിനുമൊടുവിൽ നടക്കുന്ന യുദ്ധത്തിന്റെ കാര്യ കാരണങ്ങൾ, യുദ്ധ രംഗത്തെ പക്ഷം പിടിക്കലുകളിൽ പറയുന്ന ന്യായങ്ങൾ അടക്കം പലതും അനുഭവപ്പെടുത്തലുകൾ ഇല്ലാത്ത വെറും പറഞ്ഞു പോകലുകൾ മാത്രമാകുന്നു.
ചോള സാമ്രാജ്യത്തിന്റെ ചരിത്ര കഥയല്ല 'പൊന്നിയിൻ സെൽവന്റെ' സിനിമാ ദൗത്യം എന്ന് വെറുതെ പറയാമെങ്കിലും പൊന്നിയിൻ സെൽവനെന്ന സിനിമയിൽ നിർബന്ധമായും അടയാളപ്പെടേണ്ടിയിരുന്ന ചരിത്രമുണ്ടായിരുന്നു ചോള സാമ്രാജ്യത്തിന് എന്ന് വിസ്മരിക്കാനാകില്ല.
ഒരുപാട് പ്രതീക്ഷിച്ചു കണ്ടത് കൊണ്ടുള്ള ചില നിരാശകൾ ഒഴിച്ച് നിർത്തിയാൽ പടം ഇഷ്ടപ്പെട്ടു. ഐശ്വര്യ റായ്, വിക്രം, കാർത്തി, തൃഷ, ജയറാം എല്ലാവരും കൊള്ളാം . പിന്നെ AR റഹ്മാൻ സംഗീതം. No words.
ആകെ മൊത്തം ടോട്ടൽ = മണി രത്നത്തിന്റെ ഏറ്റവും മികച്ച സിനിമകളിലേക്ക് 'പൊന്നിയിൻ സെൽവനെ' ചേർക്കാനാകില്ലെങ്കിലും ഒരു മണിരത്‌നം സിനിമ എന്ന നിലക്ക് തിയേറ്റർ കാഴ്ചയുടെ എല്ലാ ആസ്വാദനവും സമ്മാനിക്കുന്നു 'പൊന്നിയിൻ സെൽവം' .
*വിധി മാർക്ക് = 7/10
-pravin-
No comments:
Post a Comment