Friday, May 12, 2023

പുതുമയുടെ അത്ഭുതങ്ങളില്ലെങ്കിലും പാച്ചു ഒരു ഫീൽ ഗുഡ് ആണ് !!


ചെന്നൈ നഗരത്തിന്റെ പശ്ചാത്തലത്തിലാണ് അനൂപ് സത്യൻ ''വരനെ ആവശ്യമുണ്ട്' പറഞ്ഞവതരിപ്പിച്ചതെങ്കിൽ അഖിൽ സത്യൻ 'പാച്ചുവും അത്ഭുതവിളക്കും' പറഞ്ഞു തുടങ്ങുന്നത് മുംബൈ നഗരത്തിന്റെ പശ്ചാത്തലത്തിലാണ്. രണ്ടു പേരും പറഞ്ഞ കഥയിൽ സമാനതകളില്ലെങ്കിലും അവതരണത്തിൽ പലയിടത്തും 'ഫീൽ ഗുഡ്' സമാനതകൾ അനുഭവപ്പെടുന്നുണ്ട്.

'നാടോടിക്കാറ്റും', 'സന്മനസ്സുള്ളവർക്ക് സമാധാനവു'മടക്കമുള്ള സിനിമകളുടെ സീൻ റഫറൻസിനുമപ്പുറം കഥാപാത്ര നിർമ്മിതികളിലും ചില മുൻകാല സത്യൻ അന്തിക്കാട് സിനിമകളെ ഓർമ്മപ്പെടുത്തുന്നുണ്ട് അഖിൽ സത്യൻ.

ഫഹദിന്റെ പ്രകടനത്തിൽ സിദ്ധാർത്ഥനും പ്രകാശനുമൊക്കെ മിന്നി മാഞ്ഞു കൊണ്ടേയിരുന്നപ്പോൾ മുകേഷിൽ എവിടെയോ ജോമോന്റെ അപ്പനെ ഒളിപ്പിച്ചു വെച്ചിട്ടുണ്ടായിരുന്നു. മക്കളുടെ വാക്കുകളെ മറി കടന്നു കൊണ്ട് സ്വന്തം താൽപ്പര്യങ്ങൾക്ക് അനുസരിച്ചു ജീവിക്കാൻ ഇഷ്ടപ്പെടുന്ന കുസൃതിക്കാരി ഉമ്മച്ചിയിൽ കൊമ്പനക്കാട്ടിലെ കൊച്ചു ത്രേസ്യായെ കാണാം.

വിനോദിന്റെ ജീവിത യാത്രയിൽ ഗൗരവം പകരാൻ വഴിയിൽ നിന്ന് കൂടെ കൂടേണ്ടി വന്ന അനുപമയെ പോലെ, അയ്മനം സിദ്ധാർത്ഥനെ തിരുത്താൻ കാനഡയിൽ നിന്ന് വന്നിറങ്ങിയ ഐറീനെ പോലെ, ജോമോനെ നേർവഴിയിലാക്കാൻ അവതരിച്ച വൈദേഹിയെ പോലെ, പ്രകാശന് ജീവിതത്തിന്റെ തിരിച്ചറിവുകൾ നൽകിയ ടീന മോളെ പോലെ.. ഏറെക്കുറെ അത് പോലെ മറ്റൊരു സാഹചര്യത്തിൽ ഗോവയിൽ വച്ച് കണ്ടു മുട്ടുന്ന ഹംസധ്വനി പാച്ചുവിൻറെ ജീവിതത്തിൽ വെളിച്ചം പകരാൻ നിയോഗിക്കപ്പെട്ടവളായി മാറുന്നു.

അങ്ങിനെ നിരീക്ഷിക്കാൻ നിന്നാൽ ഇത് നമ്മൾ കണ്ടു മറന്ന ഏതൊക്കെയോ സത്യൻ അന്തിക്കാട് സിനിമകൾ തന്നെയല്ലേ എന്ന് സംശയിച്ചു പോകാമെങ്കിലും പുതുമകൾ പരതാതെ കണ്ടാൽ നിരാശപ്പെടുത്താത്ത ഒരു ഫീൽ ഗുഡ് സിനിമ തന്നെയാണ് 'പാച്ചുവും അത്ഭുതവിളക്കും'.

അവസാനത്തെ അര മുക്കാൽ മണിക്കൂറിലെ വലിച്ചു നീട്ടൽ ഒഴിച്ച് നിർത്തിയാൽ ഒരു പുതുമുഖ സംവിധായകൻ എന്ന നിലക്ക് അഖിൽ സത്യൻ ഉള്ള കഥയെ നന്നായി തന്നെ പറഞ്ഞവതരിപ്പിച്ചിട്ടുണ്ട്. കുടുംബ പ്രേക്ഷകരെ സംബന്ധിച്ച് അതിനെ ഗ്യാരണ്ടിയുള്ള പടം എന്ന് പറയാം.

ജസ്റ്റിൻ പ്രഭാകരന്റെ മനോഹരമായ പശ്ചാത്തല സംഗീതം ഈ സിനിമക്ക് കൊടുക്കുന്ന ഫീല് എടുത്തു പറയാവുന്ന മികവാണ്. അത് പോലെ പ്രകടനങ്ങളിലേക്ക് വന്നാൽ ഉമ്മച്ചിയായി അഭിനയിച്ച വിജി വെങ്കടേഷ് ഗംഭീരമായി തന്നെ ആ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട് . അഞ്ജനയുടെ ഹംസധ്വനിയും, ധ്വനി രാജേഷിന്റെ നിധിയുമൊക്കെ കൊള്ളാമായിരുന്നു .

ഏറെ ഇഷ്ടപ്പെട്ട പ്രകടനം റിയാസ് ഡോക്ടറായി വന്ന വിനീതിന്റേതായിരുന്നു. വിനീതിലെ നടനെ ഒരു കാലത്തിനിപ്പുറം വേണ്ട വിധം ഉപയോഗിക്കാൻ ഒരു സംവിധായകർക്കും സാധിച്ചിട്ടില്ല എന്ന് പറയേണ്ടി വരും. അഖിൽ സത്യന്റെ ആ ഓർമ്മപ്പെടുത്തലിന് പ്രത്യേക നന്ദി.

ഇന്നസെന്റ് അവസാനമായി അഭിനയിച്ച സിനിമ എന്ന നിലക്ക് കൂടി ശ്രദ്ധേയമായി 'പാച്ചുവും അത്ഭുത വിളക്കും'. അദ്ദേഹത്തിന്റെ അവശതകൾക്കിടയിലും ആ റോൾ പതിവ് പോലെ നമ്മളെ ചിരിപ്പിക്കുന്നതായി മാറി. ഇന്നസെന്റിന്റെ വിയോഗം തീർത്ത നഷ്ടം എത്ര വലുതെന്ന് പറയാനാവില്ല.

ആകെ മൊത്തം ടോട്ടൽ = കണ്ടിരിക്കാവുന്ന ഒരു ഫീൽ ഗുഡ് സിനിമ. 

*വിധി മാർക്ക് = 7/10 

-pravin-

No comments:

Post a Comment