എല്ലാവരും കാണേണ്ട ഒരു പടം. തുടക്കം മുതൽ ഒടുക്കം വരെ ഈ സിനിമയിലെ കഥാപാത്രങ്ങളുമായും അവരുടെ സാഹചര്യങ്ങളുമായും കാണുന്നവരെ ഇമോഷണലി കണക്ട് ആക്കുന്ന മേക്കിങ്. ക്ലൈമാക്സ് സീനുകളൊക്കെ അത്രയേറെ ഹൃദ്യമായിരുന്നു.. പ്രത്യേകിച്ച് ആ tale end സീനൊക്കെ.
ഒരൊറ്റ ദിവസത്തെ കഥയെ നല്ലൊരു തിരക്കഥയാക്കി മാറ്റിയതിനൊപ്പം അതെല്ലാം ഏച്ചു കൂട്ടലുകളില്ലാതെ പറഞ്ഞവതരിപ്പിക്കാനും സംവിധായകൻ ആർ. മന്ദിരമൂർത്തിക്ക് സാധിച്ചു.
ശശികുമാർ, പ്രീതി അസ്രാനി അടക്കമുള്ളവരുടെ കാസ്റ്റിങ്ങും പ്രകടനവുമൊക്കെ ഈ സിനിമയുടെ പ്രധാന മികവുകളായി മാറി. അതോടൊപ്പം പശ്ചാത്തല സംഗീതവും പാട്ടുകളും നൽകിയ ഫീലും എടുത്തു പറയാവുന്നതാണ്.
മരണം ആർക്ക് വേണമെങ്കിലും എപ്പോ വേണമെങ്കിലും സംഭവിക്കാം .. പക്ഷേ അത് സംഭവിക്കുന്നത് അന്യനാടുകളിൽ വച്ചാണെങ്കിൽ മൃതദേഹം വിട്ടു കിട്ടാനും സ്വന്തം നാട്ടിലേക്ക് എത്തിക്കാനുമൊക്കെ വേണ്ടി വരുന്ന നിയമ നടപടികൾ വലുതാണ്. അത്തരം പ്രതിസന്ധി നിറഞ്ഞ സാഹചര്യങ്ങളും അതെല്ലാം അഭിമുഖീകരിക്കേണ്ടി വരുന്നവരുടെ മാനസികാവസ്ഥയുമൊക്കെ 'അയോത്തി' നമ്മളെ ബോധ്യപ്പെടുത്തുന്നു.
മനുഷ്യത്വം നിറഞ്ഞ പ്രവർത്തികളാണ് ആചാര വിശ്വാസങ്ങളെക്കാൾ വലുത്. അതൊന്നും പാലിക്കാതെയുള്ള നമ്മുടെ പ്രാർത്ഥനകൾക്ക് എന്താണ് പ്രസക്തി എന്ന് ചോദിക്കുകയാണ് സിനിമ.
പ്രവാസ ലോകത്ത് മരണപ്പെടുന്നവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ശ്രീ. അഷ്‌റഫ് താമരശ്ശേരിയെ പോലുള്ളവർ നടത്തുന്ന പ്രവർത്തനങ്ങൾ ഓർത്തു പോകുന്നുണ്ട് സിനിമ കാണുമ്പോൾ. 'പരേതരുടെ സംരക്ഷകൻ' എന്ന വിളിപ്പേരിനു എന്ത് കൊണ്ടും അനുയോജ്യനായ ആ മനുഷ്യനെ പരാമർശിക്കാതെ ഈ സിനിമയെ കുറിച്ച് പറഞ്ഞവസാനിപ്പിക്കാൻ സാധ്യമല്ല.
ആകെ മൊത്തം ടോട്ടൽ = A must watch movie. വെറുപ്പ് പ്രചരിപ്പിക്കാൻ വേണ്ടി മാത്രം സിനിമകളെടുക്കുന്ന ഈ കാലത്ത് 'അയോത്തി' പോലുള്ള സിനിമകൾ മനസ്സിന് തരുന്ന ആശ്വാസം ചെറുതല്ല. അത് കൊണ്ട് തന്നെയാകാം ഈ സിനിമ മറക്കാനാകാത്ത പ്രിയപ്പെട്ട ഒന്നായി മാറുന്നതും.
*വിധി മാർക്ക് = 8/10
-pravin-
No comments:
Post a Comment