Monday, May 22, 2023

മഹാപ്രളയത്തിന്റ മികവുറ്റ സിനിമാവിഷ്ക്കാരം !!


2018 ലെ മഹാ പ്രളയത്തിൽ നമ്മൾ കണ്ടതും അനുഭവിച്ചതുമായ കാര്യങ്ങളെ ഒരു ഓർമ്മപ്പെടുത്തലെന്ന പോലെ പറഞ്ഞു പോകുന്നതിനപ്പുറം അന്നത്തെ പ്രളയത്തിന്റെ ഭീകരവും നിസ്സഹായവുമായ നേർ കാഴ്ചകളെ തിയേറ്ററിനുള്ളിൽ എല്ലാ തലത്തിലും അനുഭവഭേദ്യമാക്കാൻ ജൂഡ് ആന്റണിക്ക് സാധിച്ചു.
 
ഈ സിനിമ ആസ്വദിച്ചു എന്ന് പറയുന്നതിനേക്കാൾ 2018 ലെ മഹാപ്രളയം തിയേറ്ററിനുള്ളിലിരുന്ന് അനുഭവിക്കുകയായിരുന്നു എന്ന് പറയുന്നതാണ് ഉത്തമം. അത്ര മാത്രം തീവ്രമായി സിനിമയിലെ കഥാപാത്രങ്ങളും അവർ നേരിടേണ്ടി വരുന്ന സാഹചര്യങ്ങളും അവരുടെ മാനസികാവസ്ഥകളുമൊക്കെ നമ്മുടേത് കൂടിയായി മാറുന്നു.

1924 ൽ കേരളത്തിലുണ്ടായ വെള്ളപ്പൊക്കത്തിന്റെ വിവരണങ്ങളിലൂടെ തുടങ്ങി 2018 ന്റെ ടൈറ്റിൽ തെളിയുന്നതോടെ തന്നെ തന്റെ സിനിമയുടെ ഒരു റേഞ്ച് എന്താണെന്ന് ബോധ്യപ്പെടുത്തുന്നുണ്ട് സംവിധായകൻ.

അടിയൊഴുക്കിൽ പെട്ട് പോകുന്ന ഒരു മീൻ ഡാമിൽ നിന്ന് കുതിച്ചു ചാടി നേരെ പാറക്കല്ലിൽ പോയി വീണ് ചോരയോടെ പിടയുന്ന ആ ഒരു ചെറിയ സീൻ കൊണ്ട് തന്നെ പ്രളയം വിഴുങ്ങാൻ പോകുന്ന കേരളത്തിന്റെ അവസ്ഥയെ വരച്ചിടുകയാണ് ജൂഡ്.

പ്രളയ ദിവസത്തിലെ സംഭവ വികാസങ്ങൾ പല ഭാഗത്തുള്ള കഥാപാത്രങ്ങളുടെ ജീവിത സാഹചര്യങ്ങളുമായി ബന്ധപ്പെടുത്തി കൊണ്ട് വരച്ചിടുന്ന സീനുകളിൽ പലയിടത്തും കണ്ണ് നിറഞ്ഞു പോയി. പല സീനുകളും സിനിമക്കുമപ്പുറം കേരളത്തെയും മലയാളികളെയും കുറിച്ച് അഭിമാനം കൊള്ളിച്ചു.


ഹെലികോപ്റ്റർ ലിഫ്റ്റിങ് സീനിലൊക്കെ എന്ത് നടക്കുമെന്ന ബോധ്യം ഉള്ളപ്പോഴും ആ സീനൊക്കെ തന്ന ത്രില്ലും ഫീലുമൊക്കെ വേറെ തന്നെയായിരുന്നു. ഈ സിനിമയിലെ ഇഷ്ട സീനുകളെ കുറിച്ചോ പ്രകടനങ്ങളെ കുറിച്ചോ പറഞ്ഞാൽ പറഞ്ഞു തീരില്ല. എന്നാലും എടുത്തു പറയാൻ തോന്നുന്ന ഒരു സെഗ്മെന്റ് ആയി മാറി സുധീഷ്-ജിലു ജോസഫ് അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾ വീട്ടിനുള്ളിൽ തങ്ങളുടെ വയ്യാത്ത മകനുമായി പ്രളയത്തിൽ കുടുങ്ങി പോകുന്നത് .

പ്രളയത്തിന്റെ ഭീകരത വെളിപ്പെടുത്തുന്ന ദൃശ്യങ്ങൾക്കൊപ്പം തന്നെ മികച്ചു നിൽക്കുന്ന കഥാപാത്ര പ്രകടനങ്ങളായിരുന്നു സുധീഷ്-ജിലു ജോസഫ് ടീമിന്റെത്. മകനായി അഭിനയിച്ച ആ കുട്ടിയെയും മറക്കാനാവില്ല.

ലാൽ-ആസിഫ് അലി-നരേൻ കോമ്പോ, അത് പോലെ ടോവിനോ -ഇന്ദ്രൻസ്, പിന്നെ കുഞ്ചാക്കോ ബോബൻ, റോണി ഡേവിഡ് പോലുള്ളവരുടെ കഥാപാത്രങ്ങളടക്കം ചെറുതും വലുതുമായ എല്ലാ കഥാപാത്രങ്ങളെയും കൃത്യമായി പ്ലേസ് ചെയ്തിട്ടുണ്ട് സിനിമയിൽ.

നഷ്ടങ്ങളുടെ കണക്ക് മാത്രം സമ്മാനിച്ച പ്രളയത്തിലും മനുഷ്യർ ഒറ്റക്കെട്ടായി നിന്ന് പൊരുതിയതും അതിജീവിച്ചതുമൊക്കെ ആശ്വാസം തരുന്ന കാര്യങ്ങളായിരുന്നു. ആശ്വാസത്തിന്റെ അത്തരം സ്ക്രീൻ കാഴ്ചകളുടെ കൂട്ടത്തിൽ മത്സ്യതൊഴിലാളികൾ കേരളത്തിന് നൽകിയ സഹായം എടുത്തു കാണിച്ചത് അവർക്കുള്ള സമർപ്പണമായി.


പ്രളയ കാലത്തെ സർക്കാർ സംവിധാനങ്ങളെ കുറിച്ചും രാഷ്ട്രീയ നേതൃത്വത്തിന്റെ മികവിനെ കുറിച്ചുമൊന്നും സിനിമ സംസാരിച്ചില്ല എന്ന പരാതിക്കാരോട് പറയാനുള്ളത് അതിന് മാത്രമായി വേറൊരു സിനിമ എടുക്കേണ്ടി വരുമെന്ന് മാത്രമാണ്. ഇനി അങ്ങിനെ നോക്കിയാൽ തന്നെ സർക്കാരിനേക്കാൾ കൂടുതൽ കേരളത്തിന് വേണ്ടി പ്രളയ സമയത്തും പ്രളയാനന്തരവും ഉണർന്ന് പ്രവർത്തിച്ച പ്രവാസി സമൂഹത്തെ സ്മരിക്കാതെ പോയതിലാണ് ഏറ്റവും വലിയ പരാതി പറയേണ്ടി വരുക.

ഈ സിനിമ പ്രധാനമായും ഫോക്കസ് ചെയ്യുന്നത് പ്രളയം നേരിട്ട ഒരു ജനതയെയാണ്. അതിൽ ജീവൻ നഷ്ടപ്പെട്ടവരും ജീവിതം തിരിച്ചു പിടിച്ചവരും തിരിച്ചറിവുകൾ നേടിയവരുമൊക്കെയുണ്ട്. ആ തലത്തിൽ മനുഷ്യന്റെ ഏറ്റവും പ്രാഥമിക രാഷ്ട്രീയമായ മാനവികതയെ കുറിച്ച് സംസാരിക്കാൻ സിനിമക്ക് സാധിച്ചിട്ടുണ്ട് എന്നിരിക്കെ പരാമർശിക്കാതെ പോയ കാര്യങ്ങളെ ചൊല്ലി പരാതിപ്പെടുന്നതിൽ കാര്യമില്ല എന്ന് തോന്നുന്നു.

ആകെ മൊത്തം ടോട്ടൽ = സൗണ്ട് ഡിസൈൻ, കാമറ, ലൈറ്റിങ്, ആർട്ട്, VFX അടക്കം എല്ലാത്തിലും സാങ്കേതികമായി മികവറിയിച്ച, ഈ വർഷം തിയേറ്ററിൽ കണ്ട മലയാള സിനിമകളിൽ വച്ച് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ.

*വിധി മാർക്ക് = 8.5/10 

-pravin-

No comments:

Post a Comment