Friday, May 31, 2024

ടർബോ പവറിൽ മമ്മുക്കയുടെ ആക്ഷൻ ഷോ !!


"തീർക്കാൻ പറ്റാത്തതൊന്നും അയാൾ തുടങ്ങി വെക്കാറില്ല"

ടർബോ ജോസിനെ പറ്റി ഇന്ദുലേഖ പറയുന്ന ആ ഡയലോഗ് കേൾക്കുമ്പോൾ സമീപ കാലത്തായി മമ്മൂട്ടി എന്ന നടൻ പകർന്നാടിയ വൈവിധ്യമുള്ള കഥാപാത്രങ്ങളാണ് മനസ്സിൽ മിന്നി മറഞ്ഞത്.
 
കഥാപാത്ര തിരഞ്ഞെടുപ്പുകളിൽ ഒരിടത്തും ടൈപ്പ് ആകാതെ അങ്ങേര് വേഷങ്ങൾ കെട്ടിയാടി കൊണ്ടേയിരിക്കുന്നു. ടർബോ ജോസിലേക്ക് വരുമ്പോഴും ആ അതിശയപ്പെടുത്തൽ ഉണ്ട്.

കഥാപരമായ പുതുമകളൊന്നുമില്ലാതിരുന്നിട്ടും ടർബോ പോലൊരു സിനിമയിൽ തന്റെ സ്‌ക്രീൻ പ്രസൻസും സ്വാഗുമൊക്കെ കൊണ്ട് ആവേശം കൊള്ളിക്കാൻ അദ്ദേഹത്തിന് സാധിക്കുന്നു.

മിഥുൻ മാനുവലിന്റെ എഴുത്തിൽ ഒരു ടിപ്പിക്കൽ വൈശാഖ് സിനിമക്ക് വേണ്ട ചേരുവകൾ എല്ലാം ഉണ്ടായിരുന്നു. എന്നാൽ അതിനപ്പുറത്തേക്ക് സിനിമയെ എത്തിക്കുന്നത് വൈശാഖിന്റെ മേക്കിങ് തന്നെയാണ്.

ക്രിസ്റ്റോ സേവ്യറുടെ ബാക്ക്ഗ്രൗണ്ട് സ്‌കോർ ..വിഷ്ണു ശർമ്മയുടെ ഛായാഗ്രഹണം ..'ടർബോ'യുടെ ആക്ഷൻ പവർ ഇരട്ടിപ്പിക്കുന്നു. അത് പോലെ എടുത്തു പറയേണ്ടത് ഷമീർ മുഹമ്മദിന്റെ എഡിറ്റിങ്. അത് വേറെ ലെവൽ ആയിരുന്നു. പ്രത്യേകിച്ച് ആക്ഷൻ-ചെയ്‌സിങ് സീനുകളിൽ.

ടർബോ ജോസിന്റെ ഇടികൾ മാത്രമല്ല കാർ ചേസിങ് - ഡ്രിഫ്റ്റിംഗ് സീനുകളൊക്കെയും തിയേറ്റർ കാഴ്ചയിൽ ആവേശം കൊള്ളിച്ചു.

മമ്മൂട്ടി-ബിന്ദുപണിക്കർ അമ്മ-മകൻ സീനുകൾ പലയിടത്തും 'പോത്തൻ വാവ'യിലെ മമ്മൂട്ടി-ഉഷ ഉതുപ്പ് കോംബോയെ ഓർമ്മിപ്പിച്ചു.

മമ്മുക്കയുടെ ഇടിപ്പടത്തിൽ കാര്യമായി ചെയ്യാൻ ഒന്നുമില്ലെങ്കിലും ശബരീഷ്, അഞ്ജന ജയപ്രകാശ് പോലെയുളളവരുടെ കഥാപാത്രങ്ങളും 'ടർബോ'യിൽ അടയാളപ്പെടുന്നുണ്ട്.


മമ്മുക്കയുടെ ടർബോ ജോസിനൊത്ത വില്ലനായി രാജ് ബി ഷെട്ടിയാണ് സിനിമയിൽ തിളങ്ങിയത്. വെട്രിവേൽ ഷണ്മുഖ സുന്ദരത്തിന്റെ ഇൻട്രോ സീനും, സ്റ്റൈലും മാനറിസവും ഡയലോഗ് ഡെലിവെറിയുമൊക്കെ രാജ് ബി ഷെട്ടി ഗംഭീരമായി തന്നെ കൈകാര്യം ചെയ്തു. ആ കൊച്ചു ശരീരവും വച്ച് ടർബോ ജോസിനൊപ്പമുള്ള ആക്ഷൻ സീനുകളിൽ പോലും രാജ് ബി ഷെട്ടി ഞെട്ടിക്കുന്നു.

വെട്രിവേലിന്റെ വലം കൈയ്യായ വിൻസെന്റിന്റെ വേഷത്തിൽ കബീർ ദുഹാൻ സിംഗും, കോമഡി ടച്ചുള്ള ഓട്ടോ ബില്ലയായി സുനിലും കൊള്ളാമായിരുന്നു.

ടിപ്പിക്കൽ ആക്ഷൻ മസാല പടങ്ങളുടെ ഗണത്തിൽ പെടുത്തി കാണുമ്പോഴും ആദ്യാവസാനം വരെ ബോറടിപ്പിക്കാതെ പറഞ്ഞവതരിപ്പിക്കാൻ വൈശാഖിനു സാധിച്ചു എന്നത് തന്നെയാണ് ടർബോയുടെ ആസ്വാദനം.

ലോകേഷ് കനകരാജിന്റെ 'ലിയോ' യുടെ ടെയ്ൽ എൻഡ് സീനിൽ ലിയോ ദാസിനെ തേടി വിക്രമിന്റെ അപ്രതീക്ഷിത ഫോൺ കാൾ വരുന്ന പോലെ ടർബോ ജോസിനും ഒരു അപ്രതീക്ഷിത ഫോൺ കാൾ.. മറു തലക്കലെ നടന്റെ ശബ്ദവും കൂടി കേൾക്കുമ്പോൾ രണ്ടാം ഭാഗത്തിലേക്കുള്ള ആവേശമായി വീണ്ടും കത്തുന്നു 'ടർബോ'. ടർബോയുടെ തിയേറ്റർ ആസ്വാദനത്തിന് മേൽപ്പറഞ്ഞതൊക്കെ ധാരാളം.

©bhadran praveen sekhar

Saturday, May 25, 2024

ഗുരുവായൂരമ്പലനടയിൽ


ഗംഭീരമായി കല്യാണം നടത്താൻ ഇറങ്ങി തിരിച്ചവർ തന്നെ ഇടക്ക് വച്ച് അതേ കല്യാണം മുടക്കാൻ ശ്രമിക്കുകയും ഒടുക്കം എങ്ങിനെയൊക്കെയോ കല്യാണം നടത്തുകയും ചെയ്യുന്നു.

ഏറെക്കുറെ സിനിമയുടെ വൺലൈൻ സ്റ്റോറി പോലെ തന്നെ പറയാവുന്ന ഒരു ആസ്വാദനമാണ് സിനിമയുടേതും.

രസകരമായ തുടക്കം. ആദ്യത്തെ കുറച്ചു മിനുട്ടുകൾ കൊണ്ട് തന്നെ കഥയിലെ പ്രധാന ട്വിസ്റ്റും കോൺഫ്ലിക്റ്റും എന്താണെന്ന് വെളിപ്പെടുന്നു.

പിന്നീടങ്ങോട്ട് ഇടവേള വരെ സിനിമയിൽ സിറ്റുവേഷണൽ കോമഡി നന്നായി വർക് ഔട്ട് ആക്കാൻ സാധിച്ചിട്ടുണ്ട്. പ്രത്യേകിച്ച് പൃഥ്വിരാജ് -ബേസിൽ കോംബോ സീനുകൾ.

രണ്ടാം പകുതിയിൽ നേരത്തെ പറഞ്ഞ അതേ സാഹചര്യങ്ങളെ വീണ്ടും സങ്കീർണ്ണമാക്കാൻ വേണ്ടിയുള്ള ശ്രമങ്ങളിൽ കൃത്രിമത്വം അനുഭവപ്പെട്ടു. അത് വരെയുണ്ടായിരുന്ന സിറ്റുവേഷണൽ കോമഡികളുടെ സ്വാഭാവികതയും ഇല്ലാതായി.

ഇടവേളക്ക് ശേഷം കഥയിലേക്ക് വരുന്ന രസികൻ കഥാപാത്രങ്ങളിൽ ജോർജ്ജിനെ പോലെയുള്ളവർ ഓളമുണ്ടാക്കിയപ്പോൾ മായീൻ കുട്ടി വിയെ പോലുള്ള ചില കഥാപാത്രങ്ങളെ സഹിക്കേണ്ടിയും വരുന്നുണ്ട്.

എന്നാൽ അത്തരം പോരായ്മകളെ ജഗദീഷ്, ബൈജു, കുഞ്ഞികൃഷ്ണൻ ടീമിന് അനായാസേന പരിഹരിക്കാൻ സാധിക്കുന്നു.

അനശ്വരയും നിഖിലയും കോമഡി കൈകാര്യം ചെയ്യാൻ കഴിവുള്ള നടികളെങ്കിലും സിനിമയിൽ അവരെ കാര്യമായി പരിഗണിച്ചിട്ടില്ല. സിനിമയിലെ മിക്ക സ്ത്രീ കഥാപാത്രങ്ങൾക്കും ഏറെക്കുറെ അതേ അവസ്ഥ തന്നെ.

അംഗിത് മേനോന്റെ സംഗീതം ഒരു ആഘോഷ സിനിമക്ക് വേണ്ട എനർജി കൊടുക്കുന്നുണ്ട്. കെ ഫോർ കല്യാണം, കെ ഫോർ കൃഷ്ണൻ പാട്ടുകൾ കഥാസാഹചര്യത്തിനു അനുയോജ്യമായിരുന്നു.

വെറുതെ വന്നു പോയതെങ്കിലും അരവിന്ദ്, യോഗി ബാബു, അജു വർഗ്ഗീസ് കൊള്ളാമായിരുന്നു.

സിനിമാപാട്ട് / ഡയലോഗ് റഫറൻസുകൾ ചിലയിടത്ത് നന്നാകുകയും ചിലയിടത്ത് കല്ല് കടിയാകുകയും ചെയ്തു.

പ്രിയദർശൻ സിനിമകളിലെ നൂലാമാല കോൺഫ്ലിക്റ്റുകളും കൂട്ടയടികളും, 'ഗോഡ്ഫാദ'റിലെ താലി ഏറും കല്യാണം നടത്തലുമൊക്കെ എത്ര ഗംഭീരമായിരുന്നു എന്ന് ഓർമ്മപ്പെടുത്തി തന്നു 'ഗുരുവായൂരമ്പലനടയിൽ'.

'കുഞ്ഞിരാമായണം' തൊട്ട് 'പദ്മിനി' വരെയുള്ള ദീപു പ്രദീപിന്റെ എഴുത്തിലെല്ലാം ഒരു കല്യാണ ലഹളയുണ്ട്. അതിന്റെ തന്നെ മറ്റൊരു പതിപ്പാണ് ഇവിടെയും ഉള്ളത്.

എഴുത്തിൽ രസകരവും എന്നാൽ സിനിമയിലേക്കുള്ള അവതരണത്തിനിടയിൽ പാളിപ്പോകുന്നതുമായ കാര്യങ്ങളുമുണ്ടാകാം. 'പദ്മിനി' അതിന്റെ ഉദാഹരണമായിരുന്നു. അത് വച്ച് നോക്കിയാൽ ഫാമിലി എന്റെർറ്റൈനെർ എന്ന നിലയിൽ 'ഗുരുവായൂരമ്പലനടയിൽ' സേഫ് ആണെന്ന് പറയാം.

'ജയ ജയ ജയ ജയഹേ' പറഞ്ഞവതരിപ്പിച്ച വിഷയങ്ങളും അതിന്റെ അവതരണവുമൊക്കെ വച്ച് നോക്കുമ്പോൾ സംവിധായകൻ വിപിൻ ദാസിനെ സംബന്ധിച്ചും 'ഗുരുവായൂരമ്പലനടയിൽ' അത്ര ഗംഭീരമാക്കാൻ കഴിഞ്ഞിട്ടില്ല. എങ്കിലും പങ്കിലും കുടുംബസമേതം ഒരു ഓളത്തിൽ കാണാവുന്ന പടം തന്നെയാണ് 'ഗുരുവായൂരമ്പലനടയിൽ'.

©bhadran praveen sekhar

Thursday, May 23, 2024

നടികർ


സിനിമയുടെ തുടക്കത്തിൽ നസീർ സാറിന്റെ പഴയ ഒരു വീഡിയോ കാണിക്കുന്നതിൽ പറയുന്നുണ്ട് റോസാപ്പൂ വിരിച്ച കിടക്കയല്ല സ്റ്റാർഡം എന്ന്. സൂപ്പർ താര പദവി നേടിയെടുക്കുന്നതിനേക്കാൾ കഷ്ടപ്പാട് അത് നിലനിർത്താനാണ് എന്ന് സാരം.

ഒന്നോ രണ്ടോ സിനിമകളുടെ വിജയം കൊണ്ട് സൂപ്പർ താര പദവിയിലേക്ക് എത്തി എന്ന് ധരിക്കുകയും പിന്നീട് സ്വന്തം പ്രൊഡക്ഷനും കോക്കസുമൊക്കെയായി സിനിമാ ലോകത്ത് തങ്ങൾ എന്തൊക്കെയോ ആണെന്ന് കാണിച്ചു കൂട്ടുകയും ചെയ്യുന്ന പുതിയ നടന്മാരുടെ കാലഘട്ടത്തിൽ നസീർ സാറിന്റെ വാചകങ്ങൾക്ക് പ്രസക്തിയുണ്ട്.

സിനിമാ സെറ്റുകളും, ഷൂട്ടിങ് മാമാങ്കങ്ങളും, സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കലിന്റെ വിവിധ ഗെറ്റപ്പുകളും, അയാളെ കാണാനുള്ള ഫാൻസിന്റെ തിക്കും തിരക്കും, സൂപ്പർ സ്റ്റാർ പരിവേഷത്തിൽ മതി മറന്ന അയാളുടെ ആഘോഷ ജീവിതവുമൊക്കെ കാണിച്ചു കൊണ്ടുള്ള ചടുലമായ തുടക്കം കൊള്ളാമായിരുന്നു.

ടൈറ്റിലുകൾ എഴുതി തെളിഞ്ഞു തുടങ്ങുന്നിടത്ത് 'നടികർ' നമ്മളെ ആകർഷിക്കുന്നത് അങ്ങിനെയാണ്. പക്ഷേ ഒരു മുഴുനീള സിനിമയിൽ ഈ ആകർഷണം മാത്രം പോരല്ലോ.

ജീൻ പോളിന്റെ 'ഡ്രൈവിംഗ് ലൈസൻസി'ൽ സൂപ്പർ സ്റ്റാർ ഹരീന്ദ്രന്റെ മാനസിക നിലകളുമായി പ്രേക്ഷകരെ ബന്ധിപ്പിക്കുന്ന കഥാമുഹൂർത്തങ്ങളും പിരിമുറുക്കങ്ങളും ഉണ്ടായിരുന്നു. 'നടികറി'ലെ ഡേവിഡ് പടിക്കലിന്റെ കഥാപാത്രത്തിലേക്ക് നോക്കിയാൽ അങ്ങിനെ യാതൊന്നും കണ്ടു കിട്ടില്ല.

'ഉദയനാണ് താര'ത്തിൽ രാജപ്പൻ തെങ്ങുംമൂടിനെ അഭിനയം പഠിപ്പിക്കാൻ പച്ചാളം ഭാസി എത്തുമ്പോൾ ചിരിക്കൊപ്പം തന്നെ ആ കഥാപാത്രത്തിന് അഭിനയ കലയിലുള്ള പ്രാവീണ്യം എന്താണെന്ന് ജഗതിയുടെ നവരസ പ്രകടനം കൊണ്ട് തന്നെ ബോധ്യപ്പെട്ടിരുന്നു.


സമാനമായി ഇവിടെ ഡേവിഡ് പടിക്കലിനെ അഭിനയം പഠിപ്പിക്കാൻ സൗബിന്റെ ബാല എത്തുന്നുണ്ടെങ്കിലും ആ കഥാപാത്രത്തിന് അഭിനയകലയിൽ എന്തെങ്കിലും പിടിയുള്ളതായി ലവലേശം അനുഭവപ്പെടാതെ പോകുന്നു.

ഒരുപാട് നടീനടന്മാരെ ഗസ്റ്റ് അപ്പിയറൻസ് കണക്കെ സിനിമയിൽ മുഖം കാണിപ്പിച്ചു വിടുന്നു എന്നതിനപ്പുറം അവരുടെ സീനുകൾക്കൊന്നും കഥാപരമായി യാതൊരു കണക്ഷനുമില്ല. അഥവാ ഉണ്ടെങ്കിൽ തന്നെ അത് വർക് ഔട്ട് ആയിട്ടുമില്ല. ഭാവനയുടെയൊക്കെ കഥാപാത്രം ആ നിലക്ക് നിരാശപ്പെടുത്തി.

ടോവിനോ തനിക്ക് കിട്ടിയ കഥാപാത്രത്തെ വളരെ നന്നായി തന്നെ ചെയ്തിട്ടുണ്ട് എന്ന് പറയാതെ വയ്യ. അപ്പോഴും വർഷങ്ങൾക്ക് ശേഷ'ത്തിൽ ഒറ്റക്ക് വഴി വെട്ടി വന്ന നിതിൻ മോളി ഉണ്ടാക്കിയ ഓളം പോലും ഡേവിഡ് പടിക്കലിൽ നിന്ന് നമുക്ക് കിട്ടാതെ പോകുന്നു.

ഈ സിനിമയിൽ എടുത്തു പറയേണ്ടത് സുരേഷ് കൃഷ്ണയുടെ പൈലിയെ തന്നെയാണ്. അങ്ങേരോളം ഈ സിനിമയിൽ അഴിഞ്ഞാടിയ വേറെയാളില്ല. ബാലു വർഗ്ഗീസും കൊള്ളാം.

ഡേവിഡ് പടിക്കൽ എന്ന സൂപ്പർ താര കഥാപാത്രത്തിന് കൊടുക്കാത്ത ഇമോഷണൽ ബാക്ക്ഗ്രൗണ്ട് അയാൾ സിനിമക്കുള്ളിൽ അഭിനയിക്കുന്ന കഥാപാത്രത്തിനു കൊടുത്തു കാണാം ക്ലൈമാക്സ് സീനിൽ.

അവസാന സീനുകളിലേക്കൊക്കെ എത്തുമ്പോൾ ഈ പടം എങ്ങിനെ പറഞ്ഞവസാനിപ്പിക്കണം എന്ന് ആർക്കും ഒരു ധാരണയുമില്ലാതെ പോയ പോലെയാണ് തോന്നിയത്.

ഇത്രയേറെ പോരായ്മകൾ അനുഭവപ്പെട്ടപ്പോഴും തിയേറ്റർ സ്‌ക്രീനിൽ ആസ്വദിക്കാൻ പാകത്തിൽ സിനിമയുടെ സാങ്കേതിക വശങ്ങളൊക്കെ മികച്ചതായി തോന്നി. പ്രത്യേകിച്ച് സിനിമയുടെ കളറിംഗ്, ഛായാഗ്രഹണം, പശ്ചാത്തല സംഗീതം, വസ്ത്രാലങ്കാരം ഒക്കെ. അത് വലിയ ഒരു ആശ്വാസമായിരുന്നു.

©bhadran praveen sekhar

Friday, May 17, 2024

പവി കെയർ ടേക്കർ


വിനീത് കുമാറിന്റെ 'അയാൾ ഞാനല്ല' യുമായി തട്ടിച്ചു നോക്കിയാൽ പിന്നീട് വന്ന 'ഡിയർ ഫ്രണ്ട്' സംവിധായകൻ എന്ന നിലക്ക് അയാളുടെ ഗ്രാഫ് ഉയർത്തിയിരുന്നു. ആ നിലക്ക് 'പവി കെയർ ടേക്കർ' വിനീതിലെ സംവിധായകനെ സംബന്ധിച്ച് നല്ലൊരു സിനിമാ തിരഞ്ഞെടുപ്പായില്ല എന്ന് പറയാം.

സ്ലാപ്സ്റ്റിക് കോമഡികൾക്ക് പുതിയ സിനിമാ കാലത്ത് പ്രസക്തിയില്ല എന്നൊന്നും കരുതുന്നില്ല. പക്ഷേ ഒരു കാലത്തെ ദിലീപ് സിനിമകളിൽ കണ്ടു മറന്ന അതേ സംഗതികൾ ഒരേ ടെമ്പ്ലെറ്റിൽ പുനരവതരിപ്പിക്കപ്പെടുന്നതിന്റെ ആവശ്യകത എന്താണെന്ന് ചിന്തിക്കാം.

രാജേഷ് രാഘവന്റെ തിരക്കഥയിൽ വന്ന 'അരവിന്ദന്റെ അതിഥികളി'ൽ അരവിന്ദന്റെ അനാഥത്വവും അയാൾ കടന്നു പോകുന്ന മാനസികാവസ്ഥയുമൊക്കെ സിനിമ കാണുന്നവരിലേക്ക് ആദ്യ സീൻ മുതലേ കണക്ട് ആയിരുന്നു.

പവിത്രന്റെ കാര്യത്തിൽ അയാൾ ജീവിതത്തിൽ ഒറ്റപ്പെട്ടു പോയ ആളാണെന്ന് പറയുമ്പോഴും ആ കഥാപാത്രത്തിന്റെ വൈകാരിക തലങ്ങളൊന്നും സിനിമയിൽ വേണ്ട വിധം ഉപയോഗിക്കാൻ ശ്രമിച്ചിട്ടില്ല.


പവിത്രൻ അങ്ങിനെ ഇമോഷണലായി സംസാരിക്കുന്ന രണ്ടു സീനുകൾ നന്നായിരുന്നു. പക്ഷേ അതിനൊന്നും പിന്നെ ഒരു തുടർച്ച അനുഭവപ്പെടുന്നില്ല എന്ന് മാത്രം.

നായികമാർ എണ്ണം കൊണ്ട് അഞ്ച് എന്നൊക്കെ പറയാമെങ്കിലും സിനിമയിൽ അവർക്കൊന്നും യാതൊരു വിധ പ്രാധാന്യവും ഉള്ളതായി തോന്നിയില്ല.

പിറകിലാരോ വിളിച്ചു., വെണ്ണിലാ കന്യകേ..മിഥുൻ മുകുന്ദന്റെ ആ രണ്ടു പാട്ടുകളും സിനിമയിൽ നന്നായി വന്നിട്ടുണ്ട് ... ഓണപ്പാട്ട് ഒക്കെ വെറുതെ ഇടയിൽ കയറ്റി വിട്ട പോലെയായിരുന്നു.

പറയത്തക്ക പുതുമകളോ അവതരണമികവോ ഒന്നുമില്ലെങ്കിലും അവസാനം വന്ന രണ്ട് ദിലീപ് സിനിമകൾ വച്ച് നോക്കിയാൽ 'പവി കെയർ ടേക്കർ' എത്രയോ ഭേദപ്പെട്ട സിനിമയാണ്.

©bhadran praveen sekhar