Saturday, May 25, 2024

ഗുരുവായൂരമ്പലനടയിൽ


ഗംഭീരമായി കല്യാണം നടത്താൻ ഇറങ്ങി തിരിച്ചവർ തന്നെ ഇടക്ക് വച്ച് അതേ കല്യാണം മുടക്കാൻ ശ്രമിക്കുകയും ഒടുക്കം എങ്ങിനെയൊക്കെയോ കല്യാണം നടത്തുകയും ചെയ്യുന്നു.

ഏറെക്കുറെ സിനിമയുടെ വൺലൈൻ സ്റ്റോറി പോലെ തന്നെ പറയാവുന്ന ഒരു ആസ്വാദനമാണ് സിനിമയുടേതും.

രസകരമായ തുടക്കം. ആദ്യത്തെ കുറച്ചു മിനുട്ടുകൾ കൊണ്ട് തന്നെ കഥയിലെ പ്രധാന ട്വിസ്റ്റും കോൺഫ്ലിക്റ്റും എന്താണെന്ന് വെളിപ്പെടുന്നു.

പിന്നീടങ്ങോട്ട് ഇടവേള വരെ സിനിമയിൽ സിറ്റുവേഷണൽ കോമഡി നന്നായി വർക് ഔട്ട് ആക്കാൻ സാധിച്ചിട്ടുണ്ട്. പ്രത്യേകിച്ച് പൃഥ്വിരാജ് -ബേസിൽ കോംബോ സീനുകൾ.

രണ്ടാം പകുതിയിൽ നേരത്തെ പറഞ്ഞ അതേ സാഹചര്യങ്ങളെ വീണ്ടും സങ്കീർണ്ണമാക്കാൻ വേണ്ടിയുള്ള ശ്രമങ്ങളിൽ കൃത്രിമത്വം അനുഭവപ്പെട്ടു. അത് വരെയുണ്ടായിരുന്ന സിറ്റുവേഷണൽ കോമഡികളുടെ സ്വാഭാവികതയും ഇല്ലാതായി.

ഇടവേളക്ക് ശേഷം കഥയിലേക്ക് വരുന്ന രസികൻ കഥാപാത്രങ്ങളിൽ ജോർജ്ജിനെ പോലെയുള്ളവർ ഓളമുണ്ടാക്കിയപ്പോൾ മായീൻ കുട്ടി വിയെ പോലുള്ള ചില കഥാപാത്രങ്ങളെ സഹിക്കേണ്ടിയും വരുന്നുണ്ട്.

എന്നാൽ അത്തരം പോരായ്മകളെ ജഗദീഷ്, ബൈജു, കുഞ്ഞികൃഷ്ണൻ ടീമിന് അനായാസേന പരിഹരിക്കാൻ സാധിക്കുന്നു.

അനശ്വരയും നിഖിലയും കോമഡി കൈകാര്യം ചെയ്യാൻ കഴിവുള്ള നടികളെങ്കിലും സിനിമയിൽ അവരെ കാര്യമായി പരിഗണിച്ചിട്ടില്ല. സിനിമയിലെ മിക്ക സ്ത്രീ കഥാപാത്രങ്ങൾക്കും ഏറെക്കുറെ അതേ അവസ്ഥ തന്നെ.

അംഗിത് മേനോന്റെ സംഗീതം ഒരു ആഘോഷ സിനിമക്ക് വേണ്ട എനർജി കൊടുക്കുന്നുണ്ട്. കെ ഫോർ കല്യാണം, കെ ഫോർ കൃഷ്ണൻ പാട്ടുകൾ കഥാസാഹചര്യത്തിനു അനുയോജ്യമായിരുന്നു.

വെറുതെ വന്നു പോയതെങ്കിലും അരവിന്ദ്, യോഗി ബാബു, അജു വർഗ്ഗീസ് കൊള്ളാമായിരുന്നു.

സിനിമാപാട്ട് / ഡയലോഗ് റഫറൻസുകൾ ചിലയിടത്ത് നന്നാകുകയും ചിലയിടത്ത് കല്ല് കടിയാകുകയും ചെയ്തു.

പ്രിയദർശൻ സിനിമകളിലെ നൂലാമാല കോൺഫ്ലിക്റ്റുകളും കൂട്ടയടികളും, 'ഗോഡ്ഫാദ'റിലെ താലി ഏറും കല്യാണം നടത്തലുമൊക്കെ എത്ര ഗംഭീരമായിരുന്നു എന്ന് ഓർമ്മപ്പെടുത്തി തന്നു 'ഗുരുവായൂരമ്പലനടയിൽ'.

'കുഞ്ഞിരാമായണം' തൊട്ട് 'പദ്മിനി' വരെയുള്ള ദീപു പ്രദീപിന്റെ എഴുത്തിലെല്ലാം ഒരു കല്യാണ ലഹളയുണ്ട്. അതിന്റെ തന്നെ മറ്റൊരു പതിപ്പാണ് ഇവിടെയും ഉള്ളത്.

എഴുത്തിൽ രസകരവും എന്നാൽ സിനിമയിലേക്കുള്ള അവതരണത്തിനിടയിൽ പാളിപ്പോകുന്നതുമായ കാര്യങ്ങളുമുണ്ടാകാം. 'പദ്മിനി' അതിന്റെ ഉദാഹരണമായിരുന്നു. അത് വച്ച് നോക്കിയാൽ ഫാമിലി എന്റെർറ്റൈനെർ എന്ന നിലയിൽ 'ഗുരുവായൂരമ്പലനടയിൽ' സേഫ് ആണെന്ന് പറയാം.

'ജയ ജയ ജയ ജയഹേ' പറഞ്ഞവതരിപ്പിച്ച വിഷയങ്ങളും അതിന്റെ അവതരണവുമൊക്കെ വച്ച് നോക്കുമ്പോൾ സംവിധായകൻ വിപിൻ ദാസിനെ സംബന്ധിച്ചും 'ഗുരുവായൂരമ്പലനടയിൽ' അത്ര ഗംഭീരമാക്കാൻ കഴിഞ്ഞിട്ടില്ല.
എങ്കിലും പങ്കിലും കുടുംബസമേതം ഒരു ഓളത്തിൽ കാണാവുന്ന പടം തന്നെയാണ് 'ഗുരുവായൂരമ്പലനടയിൽ'.

©bhadran praveen sekhar

No comments:

Post a Comment