ടർബോ ജോസിനെ പറ്റി ഇന്ദുലേഖ പറയുന്ന ആ ഡയലോഗ് കേൾക്കുമ്പോൾ സമീപ കാലത്തായി മമ്മൂട്ടി എന്ന നടൻ പകർന്നാടിയ വൈവിധ്യമുള്ള കഥാപാത്രങ്ങളാണ് മനസ്സിൽ മിന്നി മറഞ്ഞത്.
കഥാപാത്ര തിരഞ്ഞെടുപ്പുകളിൽ ഒരിടത്തും ടൈപ്പ് ആകാതെ അങ്ങേര് വേഷങ്ങൾ കെട്ടിയാടി കൊണ്ടേയിരിക്കുന്നു. ടർബോ ജോസിലേക്ക് വരുമ്പോഴും ആ അതിശയപ്പെടുത്തൽ ഉണ്ട്.
കഥാപരമായ പുതുമകളൊന്നുമില്ലാതിരുന്നിട്ടും ടർബോ പോലൊരു സിനിമയിൽ തന്റെ സ്‌ക്രീൻ പ്രസൻസും സ്വാഗുമൊക്കെ കൊണ്ട് ആവേശം കൊള്ളിക്കാൻ അദ്ദേഹത്തിന് സാധിക്കുന്നു.
മിഥുൻ മാനുവലിന്റെ എഴുത്തിൽ ഒരു ടിപ്പിക്കൽ വൈശാഖ് സിനിമക്ക് വേണ്ട ചേരുവകൾ എല്ലാം ഉണ്ടായിരുന്നു. എന്നാൽ അതിനപ്പുറത്തേക്ക് സിനിമയെ എത്തിക്കുന്നത് വൈശാഖിന്റെ മേക്കിങ് തന്നെയാണ്.
ക്രിസ്റ്റോ സേവ്യറുടെ ബാക്ക്ഗ്രൗണ്ട് സ്‌കോർ ..വിഷ്ണു ശർമ്മയുടെ ഛായാഗ്രഹണം ..'ടർബോ'യുടെ ആക്ഷൻ പവർ ഇരട്ടിപ്പിക്കുന്നു. അത് പോലെ എടുത്തു പറയേണ്ടത് ഷമീർ മുഹമ്മദിന്റെ എഡിറ്റിങ്. അത് വേറെ ലെവൽ ആയിരുന്നു. പ്രത്യേകിച്ച് ആക്ഷൻ-ചെയ്‌സിങ് സീനുകളിൽ.
ടർബോ ജോസിന്റെ ഇടികൾ മാത്രമല്ല കാർ ചേസിങ് - ഡ്രിഫ്റ്റിംഗ് സീനുകളൊക്കെയും തിയേറ്റർ കാഴ്ചയിൽ ആവേശം കൊള്ളിച്ചു.
മമ്മൂട്ടി-ബിന്ദുപണിക്കർ അമ്മ-മകൻ സീനുകൾ പലയിടത്തും 'പോത്തൻ വാവ'യിലെ മമ്മൂട്ടി-ഉഷ ഉതുപ്പ് കോംബോയെ ഓർമ്മിപ്പിച്ചു.
മമ്മുക്കയുടെ ഇടിപ്പടത്തിൽ കാര്യമായി ചെയ്യാൻ ഒന്നുമില്ലെങ്കിലും ശബരീഷ്, അഞ്ജന ജയപ്രകാശ് പോലെയുളളവരുടെ കഥാപാത്രങ്ങളും 'ടർബോ'യിൽ അടയാളപ്പെടുന്നുണ്ട്.
മമ്മുക്കയുടെ ടർബോ ജോസിനൊത്ത വില്ലനായി രാജ് ബി ഷെട്ടിയാണ് സിനിമയിൽ തിളങ്ങിയത്. വെട്രിവേൽ ഷണ്മുഖ സുന്ദരത്തിന്റെ ഇൻട്രോ സീനും, സ്റ്റൈലും മാനറിസവും ഡയലോഗ് ഡെലിവെറിയുമൊക്കെ രാജ് ബി ഷെട്ടി ഗംഭീരമായി തന്നെ കൈകാര്യം ചെയ്തു. ആ കൊച്ചു ശരീരവും വച്ച് ടർബോ ജോസിനൊപ്പമുള്ള ആക്ഷൻ സീനുകളിൽ പോലും രാജ് ബി ഷെട്ടി ഞെട്ടിക്കുന്നു.
വെട്രിവേലിന്റെ വലം കൈയ്യായ വിൻസെന്റിന്റെ വേഷത്തിൽ കബീർ ദുഹാൻ സിംഗും, കോമഡി ടച്ചുള്ള ഓട്ടോ ബില്ലയായി സുനിലും കൊള്ളാമായിരുന്നു.
ടിപ്പിക്കൽ ആക്ഷൻ മസാല പടങ്ങളുടെ ഗണത്തിൽ പെടുത്തി കാണുമ്പോഴും ആദ്യാവസാനം വരെ ബോറടിപ്പിക്കാതെ പറഞ്ഞവതരിപ്പിക്കാൻ വൈശാഖിനു സാധിച്ചു എന്നത് തന്നെയാണ് ടർബോയുടെ ആസ്വാദനം.
ലോകേഷ് കനകരാജിന്റെ 'ലിയോ' യുടെ ടെയ്ൽ എൻഡ് സീനിൽ ലിയോ ദാസിനെ തേടി വിക്രമിന്റെ അപ്രതീക്ഷിത ഫോൺ കാൾ വരുന്ന പോലെ ടർബോ ജോസിനും ഒരു അപ്രതീക്ഷിത ഫോൺ കാൾ.. മറു തലക്കലെ നടന്റെ ശബ്ദവും കൂടി കേൾക്കുമ്പോൾ രണ്ടാം ഭാഗത്തിലേക്കുള്ള ആവേശമായി വീണ്ടും കത്തുന്നു 'ടർബോ'. ടർബോയുടെ തിയേറ്റർ ആസ്വാദനത്തിന് മേൽപ്പറഞ്ഞതൊക്കെ ധാരാളം.
©bhadran praveen sekhar
No comments:
Post a Comment