'അയ്യപ്പനും കോശി'യിലെ പോലെ ഒരു ഈഗോ ക്ലാഷിൻറെ കഥയാകുമെന്ന് തോന്നിപ്പിക്കുന്ന വിധം പറഞ്ഞു തുടങ്ങിയിട്ട് പെട്ടെന്നൊരു ട്രാക്ക് മാറ്റിപ്പിടിത്തം. അവിടുന്നങ്ങോട്ട് ഒരു കുറ്റാന്വേഷണ സിനിമയുടെ എല്ലാ വിധ ആസ്വാദനങ്ങളും തന്നു കൊണ്ടാണ് 'തലവൻ' മുന്നോട്ട് പോകുന്നത്.
ടെലിവിഷൻ പ്രോഗ്രാമിന്റെ ഭാഗമായി DYSP ഉദയഭാനു പറഞ്ഞു തുടങ്ങുന്ന കേസ് വിവരണങ്ങളിലൂടെ ആദ്യമേ തന്നെ ഒരു ആകാംക്ഷ ഉണ്ടാക്കി എടുക്കാൻ സിനിമക്ക് സാധിച്ചു.
ബിജു മേനോൻ ആയാലും ആസിഫ് അലി ആയാലും മുന്നേ തന്നെ പോലീസ് വേഷങ്ങൾ ഗംഭീരമായി കൈകാര്യം ചെയ്തവരാണ്. അത് കൊണ്ട് തന്നെ ആ കഥാപാത്രങ്ങളിൽ നിന്നൊക്കെ വ്യത്യസ്തമായി പുതിയ പോലീസ് വേഷങ്ങളിൽ തിളങ്ങുക എന്നത് അവരെ സംബന്ധിച്ച് ശ്രമകരമായ ദൗത്യം തന്നെയായിരുന്നു.
'അയ്യപ്പനും കോശി'യിലെ ബിജുമേനോന്റെ എസ്.ഐ അയ്യപ്പൻ നായരായാലും 'കൂമനി'ലെ ആസിഫ് അലിയുടെ സി.പി.ഒ ഗിരി ആയാലും
രണ്ടു സ്വഭാവതലങ്ങളിൽ നിന്ന് കൊണ്ടുള്ള പ്രകടനങ്ങളായിരുന്നു.
'തലവനി'ലേക്ക് വരുമ്പോൾ രണ്ടു പേരും അത്ര കണ്ട് കോംപ്ലക്സ് ലെവലിലേക്ക് പോകാതെ തന്നെ തങ്ങൾക്ക് കിട്ടിയ കഥാപാത്രങ്ങളെ തീർത്തും ഗംഭീരമാക്കുന്നു. രണ്ടു പേരുടെയും കോമ്പോയും ആ നിലക്ക് മികച്ചു നിൽക്കുന്നുണ്ട് സിനിമയിൽ.
'റോഷാക്കി'ന് ശേഷം കോട്ടയം നസീറിലെ നടന് തിളക്കം കൂട്ടിയ പ്രകടനമായിരുന്നു 'അന്വേഷിപ്പിൻ കണ്ടെത്തും' സിനിമയിലെ DYSP അലക്സ് മാമ്പ്ര. ഇപ്പോൾ അതിന്റെ തന്നെ തുടർച്ചയെന്ന് പറയാവുന്ന മറ്റൊരു കഥാപത്ര പ്രകടനം സമ്മാനിക്കുന്നു 'തലവനി'ലെ സി.പി.ഓ രഘു.
ദിലീഷ് പോത്തൻ, ബിലാസ് ചന്ദ്രഹാസൻ, സുജിത് ശങ്കർ, അനുശ്രീ, രഞ്ജിത്ത് ശേഖർ, അൻസാൽ പള്ളുരുത്തി, ജോജി ജോൺ etc .. എല്ലാവരും നന്നായിട്ടുണ്ട്. സാബു മോന്റെ വക്കീൽ വേഷം മാത്രമാണ് കൂട്ടത്തിൽ ഒരു കല്ല് കടിയായി അനുഭവപ്പെട്ടത്. മിയ ജോർജ്ജിന് താരതമ്യേന വലിയ റോൾ ഉണ്ടായില്ല.
അതേ സമയം കുറച്ചു സീനുകളെ ഉള്ളൂവെങ്കിലും ജാഫർ ഇടുക്കി വന്നപ്പോഴൊക്കെ തിയേറ്ററിൽ ചിരി ഓളമുണ്ടായി. അങ്ങേർക്ക് ഏത് വേഷവും പോകും. അമ്മാതിരി ഒരു ഐറ്റം തന്നെ.
ബിജുമേനോനെ പോലെയുള്ള ഒരാൾ ഗുണ്ടകളുമായി തലങ്ങും വിലങ്ങും ഫൈറ്റ് ചെയ്യുമ്പോൾ ഉണ്ടാകേണ്ട അടിയുടെ കനവും പവറുമൊന്നും തലവനിലെ ഫൈറ്റ് സീനിൽ കണ്ടു കിട്ടിയില്ല എന്ന ഒരു നിരാശ കൂട്ടത്തിൽ പറയട്ടെ. ഒരു പക്ഷെ പുള്ളിയുടെ കഥാപാത്രത്തിന് ഒരു മാസ്സ് ഹീറോ പരിവേഷം രൂപപ്പെടേണ്ട എന്ന് കരുതി മനഃപൂർവ്വം ചെയ്തതുമാകാം.
ക്ലൈമാക്സ് സീനുകളൊക്കെ ഈ സിനിമയുടെ ആസ്വാദന മികവ് ഇരട്ടിപ്പിച്ചു. ആരും പ്രതീക്ഷിക്കാത്ത ഒരു വില്ലനെ കാണിച്ചു തരുക എന്നതിനേക്കാൾ വില്ലന്റെ മോട്ടീവും മാനസികാവസ്ഥയുമൊക്കെ കാണുന്നവർക്ക് കൂടി ബോധ്യപ്പെടും വിധം പറഞ്ഞവതരിപ്പിക്കാൻ സാധിച്ചതൊക്കെ നന്നായി.
ആനന്ദ് തേവർക്കാട്ട്- ശരത് പെരുമ്പാവൂർ ടീമിന്റെ കെട്ടുറപ്പുള്ള തിരക്കഥ, ട്രാക്ക് മാറ്റി പിടിച്ച ജിസ് ജോയ് സംവിധാനം, സൂരജ് എസിന്റെ ചടുലമായ എഡിറ്റിങ്, ശരൺ വേലായുധന്റെ ഛായാഗ്രഹണം, അധികം ബിൽഡ് അപ്പുകൾ ഒന്നുമില്ലാതെ കഥാപാത്രങ്ങളുടെ മാനസികാവസ്‌ഥകളും കഥാസാഹചര്യങ്ങളുമൊക്കെ കണക്കിലെടുത്ത് കൊണ്ടുള്ള ദീപക് ദേവിന്റെ ബാക്ഗ്രൗണ്ട് സ്‌കോർ..അങ്ങിനെ എല്ലാം കൊണ്ടും തിയേറ്റർ ആസ്വാദനം ഉറപ്പ് നൽകുന്ന 'തലവ'നെ കാണാൻ മറക്കണ്ട.
©bhadran praveen sekhar
No comments:
Post a Comment