Wednesday, November 20, 2024

ഒരു നാടൻ സൈബർ ക്രൈം ത്രില്ലർ !!


ഇതിന് മുൻപേ നമ്മൾ കണ്ടു ശീലിച്ചിട്ടുള്ള സൈബർ ക്രൈം ത്രില്ലർ സിനിമകളുടെ ഗണത്തിൽ ഒന്നും പെടുത്താനാകാത്ത വിധം സൈബർ ക്രൈമെന്ന പ്രമേയത്തെ തീർത്തും പ്രാദേശികമായൊരു കഥാപശ്ചാത്തലത്തിൽ പറഞ്ഞവതരിപ്പിക്കുന്നിടത്താണ് ഗിരീഷ് എ.ഡിയുടെ 'ഐ ആം കാതലൻ' വ്യത്യസ്തത അനുഭവപ്പെടുത്തുന്നത്.

സൈബർ ക്രൈമിന്റെ സങ്കീർണ്ണതകളിലേക്കൊന്നും പോകാതെ തന്നെ ആ കുറ്റകൃത്യത്തിന്റെ ഗൗരവം ലളിതമായി ബോധ്യപ്പെടുത്തുന്ന ഒരു സാധാരണ സിനിമ എന്നും പറയാം.

കൈകാര്യം ചെയ്യുന്ന പ്രമേയത്തിന്റെ പ്രാധാന്യത്തിനായി യാതൊരു വിധ ഗിമ്മിക്കുകളും സിനിമയിൽ ഉപയോഗപ്പെടുത്തുന്നില്ല. സിനിമയിലെ ഛായാഗ്രഹണം, സംഗീതം അടക്കമുള്ളവയിൽ അത് പ്രകടമാണ്.

എന്നിട്ടും ആദ്യാവസാനം വരെ ഒരിടത്തും ബോറടിപ്പിക്കാതെ, ഒഴുക്കോടെ പറഞ്ഞവതരിപ്പിക്കാൻ സാധിക്കുന്നിടത്താണ് ഗിരീഷിന്റെ കാതലൻ വിജയിക്കുന്നത്.

നടൻ ആയിട്ട് മാത്രം ഒതുങ്ങി കൂടേണ്ട ആളല്ല എന്ന് തിരക്കഥാ രചന കൊണ്ട് സജിൻ ചെറുകയിൽ തെളിയിച്ചു.

ടൈപ്പ് കാമുക വേഷത്തിന്റെ കുപ്പായം ഇടുമ്പോഴും, സ്വതസിദ്ധമായ ഭാവപ്രകടനങ്ങൾ കൊണ്ട് ഒരു മുഴുനീള സിനിമയെ അനായേസേന ചുമലിലേറ്റാൻ നസ്ലന് സാധിക്കുന്നത് ചെറിയ കാര്യമല്ല.

വരാനിരിക്കുന്ന 'ആലപ്പുഴ ജിംഖാന' പോലുള്ള സിനിമകൾ നസ്ലനെ സ്ഥിരം കഥാപാത്രങ്ങളുടെ ചട്ടക്കൂടിൽ നിന്ന് പുറത്തു ചാടിക്കുമെന്ന് തന്നെ പ്രതീക്ഷിക്കുന്നു.

വിനീത് വിശ്വത്തിന്റെ അനീഷേട്ടനും , വിനീത് വാസുദേവന്റെ മാത്യുവും, സജിൻ ചെറുകയിലിന്റെ പ്രവീണുമൊക്കെ രസകരമായിട്ടുണ്ട്.

ലിജോമോളുടെ കഥാപാത്രത്തിന് കുറച്ചു കൂടെ സ്‌ക്രീൻ സ്പേസ് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല.

'തണ്ണീർമത്തൻ ദിനങ്ങൾ', 'സൂപ്പർ ശരണ്യ', 'പ്രേമലു' പോലുള്ള മുൻകാല സിനിമകളെ വച്ച് നോക്കുമ്പോൾ സംവിധായകനെന്ന നിലക്ക് ഗിരീഷിൻറെ ഒരു വഴി മാറി നടത്തം കൂടിയാണ് 'ഐ ആം കാതലൻ' .

ഏറെക്കുറെ ഒന്നേ മുക്കാൽ മണിക്കൂറും അഞ്ചാറ് മിനുട്ടും മാത്രം ദൈർഘ്യമുള്ള ബോറടിപ്പിക്കാത്ത ഒരു കുഞ്ഞു ത്രില്ലർ സിനിമ എന്ന നിലക്ക് തൃപ്തിപ്പെടുത്തി 'I Am കാതലൻ '.

©bhadran praveen sekhar

No comments:

Post a Comment