Tuesday, November 12, 2024

ജീവിതം വച്ചുള്ള ചതുരംഗ കളി !!


ഹൻസൽ മേഹ്തയുടെ 'Scam 1992' വെബ് സീരീസിന്റെ സിനിമാ പതിപ്പാകുമോ 'ലക്കി ഭാസ്‌ക്കർ' എന്ന സംശയത്തോടെയാണ് കണ്ടു തുടങ്ങിയതെങ്കിലും എല്ലാ തരം മുൻവിധികളെയും കാറ്റിൽ പറത്തുന്ന സ്ക്രിപ്റ്റിംഗും മെയ്‌ക്കിങ്ങുമായിരുന്നു വെങ്കി അറ്റ്ലൂരിയുടേത്.

1992 ലെ ഓഹരി കുംഭകോണത്തെ പറ്റിയുള്ള കഥയല്ലെങ്കിലും അതേ കാലഘട്ടത്തിന്റെ പശ്ചാത്തലവും ഹർഷദ് മെഹ്തയുടെ റഫറൻസുമൊക്കെ സമർത്ഥമായി കോർത്തിണക്കി കൊണ്ടുള്ള കഥ പറച്ചിൽ ആളെ പിടിച്ചിരുത്തുന്നതാണ്.

സാമ്പത്തിക പരാധീനതകളുടെ പേരിൽ അവഗണിക്കപ്പെടുകയും അപമാനിതനാകേണ്ടിയുമൊക്ക വരുന്നവരുടെ പ്രതിനിധിയായി പ്രത്യക്ഷപ്പെടുന്ന ദുൽഖറിന്റെ ഭാസ്ക്കറിനെ പ്രേക്ഷകർക്ക് പെട്ടെന്ന് ഉൾക്കൊള്ളാൻ സാധിക്കും.

കഴിവും ആത്മാർത്ഥതയും സത്യസന്ധതയുമൊക്കെ ഉണ്ടായിട്ടും ജീവിതത്തിൽ ഒന്നും നേടാൻ സാധിച്ചിട്ടില്ലാത്തവരോട് വൈകാരികമായി ബന്ധം സ്ഥാപിക്കുന്നുണ്ട് ഭാസ്‌ക്കർ. അത് കൊണ്ട് തന്നെ അയാളുടെ മാനസിക വ്യപാരങ്ങളിൽ ഒരു ഘട്ടത്തിൽ നമ്മളും അറിയാതെ പങ്കു ചേർന്ന് പോകുന്നു.

എന്നാൽ പണത്തിന്റെ ലഹരി ഒരാളുടെ ജീവിതത്തെ താറുമാറാക്കുന്നത് എങ്ങിനെയെന്ന് ബോധ്യപ്പെടുത്തുന്നിടത്ത് അയാളെ നമുക്കു കൈയ്യൊഴിയേണ്ടിയും വരുന്നു.

ജീവിക്കാൻ പണം വേണം ..പക്ഷെ പണത്തിന് വേണ്ടി ജീവിക്കരുത് എന്ന ആ തിരിച്ചറിവിനു എന്തിനേക്കാളും മൂല്യവും തിളക്കമുണ്ട്.

1989 ൽ തുടങ്ങി 1992 വരെയുള്ള ബോംബൈയുടെ കഥാപശ്ചാത്തലവും, ആ കാലഘട്ടത്തിനൊത്ത കഥാപാത്രങ്ങളുടെ വേഷ ഭൂഷാദികളും, അക്കാലത്തെ കെട്ടിട സമുച്ചയങ്ങളും, ഓഫിസ് സെറ്റപ്പും, സാമ്പത്തിക ക്രയ വിക്രയങ്ങളും, വീടും, വാഹനങ്ങളുമടക്കമുള്ള കാര്യങ്ങൾ സിനിമയിൽ ശ്രദ്ധ പിടിച്ചു പറ്റുന്നു.

മധ്യവർത്തി കുടുംബസ്ഥനായും ബാങ്ക് ഉദ്യോഗസ്ഥനായും പണക്കാരനായുമൊക്കെയുള്ള ഭാസ്ക്കറിന്റ വിവിധ രൂപ ഭാവ മാറ്റങ്ങളെ കൃത്യതയോടെ പകർന്നാടുന്നു DQ. കരിയറിലെ ചില വീഴ്ചകൾക്കിടയിലും കഥാപാത്ര തിരഞ്ഞെടുപ്പുകളിൽ അയാൾ സ്വീകരിക്കുന്ന വ്യത്യസ്തത അഭിനന്ദനീയം തന്നെ.

DQ വിന്റെ ഭാര്യ വേഷത്തിൽ മീനാക്ഷി ചൗധരി മോശമാക്കിയില്ല. ചെറിയ വേഷങ്ങളെങ്കിലും രാംകി, സച്ചിൻ ഖേഡെക്കർ, ടീന്നു ആനന്ദ് എന്നിവരെ സിനിമയിൽ നന്നായി തന്നെ ഉപയോഗപ്പെടുത്തി.

നിമിഷ് രവിയുടെ ഛായാഗ്രഹണവും , GV പ്രകാശ് കുമാറിന്റെ സംഗീതവും , നവീൻ നൂലിയുടെ ചിത്ര സംയോജനവുമൊക്കെ 'ലക്കി ഭാസ്ക്കറി'നെ സൂപ്പർ ഭാസ്‌ക്കറാക്കുന്നതിൽ പ്രധാന പങ്കു വഹിച്ചു.

പാളിപ്പോകാൻ ഒരുപാട് സാധ്യതകൾ ഉണ്ടായിരുന്ന ഒരു ഐറ്റത്തെ ആദ്യാവസാനം വരെ പിടിച്ചിരുത്തുന്ന സിനിമയാക്കി മാറ്റിയ വെങ്കി അറ്റ്ലൂരി മാജിക്കും, നടനെന്ന നിലയിലുള്ള DQ വിന്റെ ഡെഡിക്കേഷനും തന്നെയാണ് ലക്കി ഭാസ്ക്കറിന്റെ ഹൈലൈറ്റ്.

©bhadran praveen sekhar

No comments:

Post a Comment