കുറ്റാന്വേഷണ സിനിമകൾ എന്നാൽ ആദ്യാവസാനം വരെ ത്രില്ലടിപ്പിക്കുന്ന സിനിമകളാകണം എന്ന നിർബന്ധ ബുദ്ധിക്ക് എതിരാണ് വിഷ്ണു വിനയിന്റെ 'ആനന്ദ് ശ്രീബാല'.
ഇവിടെ കുറ്റാന്വേഷണത്തിലെ ഉദ്വേഗത്തേക്കാൾ, വൈകാരികതയാണ് നമ്മളെ 'ആനന്ദ് ശ്രീബാല'യിലേക്ക് ബന്ധിപ്പിക്കുന്നത്.
അമ്മയുടെ ഓർമ്മ ഒരിക്കലും വിട്ടു പോകാതിരിക്കാൻ വേണ്ടിയാണ് തന്റെ പേരിനൊപ്പം കല്യാണി എന്ന് കൂട്ടി ചേർത്തിരിക്കുന്നത് എന്ന് വിശദമായി പറയുന്ന രംഗമൊക്കെ ഉണ്ടെങ്കിലും മോഹൻലാലിൻറെ 'ബാബാ കല്യാണി'യിൽ ആ അമ്മക്ക് ഒരു റോളും ഇല്ലായിരുന്നു. 'ആനന്ദ് ശ്രീബാല' അവിടെയാണ് ശ്രദ്ധേയമാകുന്നത്.
അഭിലാഷ് പിള്ളയുടെ തിരക്കഥയിൽ ഒരു അമ്മയും മകനും തമ്മിലുള്ള ഒരിക്കലും അറ്റു പോകാത്ത ബന്ധത്തെ മനസ്സ് തൊടും വിധം വിളക്കി ചേർത്തിട്ടുണ്ട്.
'ആനന്ദ് ശ്രീബാല' എന്നത് വെറുമൊരു ടൈറ്റിൽ അല്ലായിരുന്നു എന്ന് ബോധപ്പെടുത്തുന്നു സിനിമയിലെ അമ്മ-മകൻ രംഗങ്ങൾ.
ആനന്ദ് ശ്രീബാല എന്ന കഥാപാത്രത്തിന്റെ വേറിട്ട മാനസികാവസ്ഥകളും, കഴിവും, അയാൾക്ക് നേരിടേണ്ടി വരുന്ന വെല്ലുവിളികളുമൊക്കെ അർജ്ജുൻ അശോകൻ ഗംഭീരമായി തന്നെ അവതരിപ്പിച്ചു.
ഒരുപാട് ദൈർഘ്യമുള്ള രംഗങ്ങൾ ഒന്നും ഇല്ലാതിരുന്നിട്ടും സംഗീതയുടെ ശ്രീബാല എന്ന അമ്മ കഥാപാത്രം സിനിമയിൽ അർജ്ജുൻ അശോകനൊപ്പം തന്നെ നിറഞ്ഞു നിൽക്കുന്നു.
സൈജു കുറുപ്പ് - ഈ സീസണിൽ പുള്ളിക്ക് കിട്ടിയ എല്ലാ തരം കഥാപാത്രങ്ങളെയും വേറെ ലെവലിലേക്ക് എത്തിക്കാൻ സാധിച്ചിട്ടുണ്ട്. DYSP ശങ്കർ ദാസും അങ്ങിനെ ഒരു ഐറ്റം തന്നെ.
നല്ലവനെങ്കിൽ നല്ലവൻ കെട്ടവനെങ്കിൽ കെട്ടവൻ. ഈ രണ്ടും സ്വിച്ച് ഇട്ട പോലെ മാറി മാറി അഭിനയിക്കാൻ സൈജു കുറുപ്പിന് പറ്റുന്നു എന്നത് നടനെന്ന നിലയിൽ അയാളുടെ ഗ്രാഫ് ഉയർത്തുന്നുണ്ട്.
അപർണ ദാസ് - അർജ്ജുൻ അശോകൻ കോംബോ സീനുകളൊക്കെ കൊള്ളാമായിരുന്നു. സിദ്ധീഖ്,നന്ദു, കോട്ടയം നസീർ, അസീസ് നെടുമങ്ങാട്, അജു വർഗ്ഗീസ്, ധ്യാൻ ശ്രീനിവാസൻ അങ്ങിനെ നീളുന്ന കാസ്റ്റിങ്ങൊക്കെ സിനിമയിൽ നന്നായി വന്നിട്ടുണ്ട്.
ആദ്യമേ പറഞ്ഞ പോലെ ത്രില്ലടിപ്പിക്കൽ അല്ല ഈ സിനിമയുടെ മെയിൻ ഏരിയ എന്നത് കൊണ്ടാകാം രഞ്ജിൻ രാജിന്റെ സംഗീതത്തിലും അത് പ്രകടമാണ്. പാട്ടായാലും പശ്ചാത്തല സംഗീതമായാലും ഒരു ഇമോഷണൽ ലൈനിലാണ് പിടിത്തം.
ചോരയും വയലൻസും ഒന്നുമില്ലാതെ കുടുംബ സമേതം കാണാനാകുന്ന ഒരു ക്രൈം ഇൻവെസ്റ്റിഗേഷൻ സിനിമ എന്ന നിലക്ക് കൂടി വേറിട്ട് നിൽക്കുന്നുണ്ട് ആനന്ദ് ശ്രീബാല.
സംവിധായകനെന്ന നിലക്ക് 'ആനന്ദ് ശ്രീബാല' വിഷ്ണു വിനയിന്റെ നല്ലൊരു തുടക്കം തന്നെയാണ് എന്ന് പറയാം.
©bhadran praveen sekhar
No comments:
Post a Comment