Thursday, November 25, 2021

വില്ലന് മാസ്സ് പരിവേഷം നൽകുമ്പോൾ !!


സിനിമയെ വെറും സിനിമയായി മാത്രം കാണാനാകില്ല എന്ന് ശഠിച്ചു കൊണ്ട് ഓരോ സീനിലെയും പൊളിറ്റിക്കൽ കറക്ട്നെസ്സ് വരെ ചൂണ്ടി കാണിച്ചു വിമർശിക്കുന്ന കാലത്താണ് പിടികിട്ടാപ്പുള്ളി സുകുമാരകുറുപ്പിന് സിനിമയിലൂടെ താരപരിവേഷം നൽകി ആഘോഷിക്കാൻ നമ്മൾ തയ്യാറാകുന്നത് എന്നോർക്കുമ്പോൾ ലജ്ജയുണ്ട്.

യഥാർത്ഥ സംഭവങ്ങളുടെ ദൃശ്യാവിഷ്ക്കാരമോ ആരുടെയെങ്കിലും ജീവചരിത്രമോ അല്ല പറയാൻ പോകുന്നത് എന്നൊക്കെയുള്ള മുൻ‌കൂർ ജാമ്യങ്ങൾ എഴുതി കാണിച്ചു കൊണ്ടാണ് സിനിമ തുടങ്ങുന്നതെങ്കിലും സിനിമയിൽ പറയുന്നതത്രയും പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ മേൽവിലാസത്തിലുള്ള കാര്യങ്ങൾ തന്നെയാണ്.

വടക്കൻ പാട്ടുകളിലൂടെ മാത്രം കേട്ടറിഞ്ഞ ചതിയൻ ചന്തുവിനെ എം.ടി വടക്കൻ വീരഗാഥക്ക് വേണ്ടി മാറ്റിയെഴുതിയ പോലെയല്ല ജസ്റ്റിസ് കെ.ടി തോമസിനെ പോലെയുള്ളവർ വളരെ വിശദമായി എഴുതി വച്ചിട്ടുള്ള കുറുപ്പെന്ന ക്രിമിനലിനെ വീരപരിവേഷത്തോടെ സിനിമയിലൂടെ പുനരവതരിപ്പിക്കുന്നതും ആഘോഷിക്കുന്നതും . പ്രത്യേകിച്ച് അയാൾ ക്രൂരമായി കൊല ചെയ്ത ചാക്കോയുടെ കുടുംബം ജീവിച്ചിരിക്കെ തന്നെ.

ചാക്കോയുടെ മകനും കുടുംബവും ഈ സിനിമയെ കുറ്റം പറഞ്ഞില്ലല്ലോ എന്ന് ചോദിക്കാൻ ആളുണ്ടാകാം . അവരോട് പറയാനുള്ളത് ചാക്കോയുടെ മകന്റെ സിനിമാസ്വാദനം തന്നെയാകണം നമ്മളെല്ലാവർക്കും കിട്ടേണ്ടത് എന്ന് നിർബന്ധമില്ലല്ലോ എന്നാണ്.

സുകുമാര കുറുപ്പ് = സുധാകര കുറുപ്പും, ചാക്കോ = ചാർളിയും, ഭാസ്ക്കര പിള്ള= ഭാസി പിള്ളയും, ഷാഹു =ഷാബുവും , ഡ്രൈവർ പൊന്നപ്പൻ = ഡ്രൈവർ പൊന്നച്ചനും, സരസമ്മ =ശാരദാമ്മയുമൊക്കെയായി പേര് മാറ്റി അവതരിപ്പിച്ച ശേഷം ഇവരൊന്നും യഥാർത്ഥ കഥാപാത്രങ്ങളെ പ്രതിനിധീകരിക്കുവന്നവരോ യഥാർത്ഥ സംഭവങ്ങളുമായി ബന്ധപ്പെട്ടവരോ അല്ല എന്ന് പറയുന്നതിലെ ലോജിക്ക് എന്താന്നെന്ന് മനസ്സിലാകുന്നില്ല. സുകുമാര കുറുപ്പിന്റെ ആദ്യത്തെ പേരെന്ന് പറയുന്ന ഗോപാലകൃഷ്ണനു സമാനമായി തന്നെയാണ് ഗോപീകൃഷ്ണൻ എന്ന പേര് പോലും ഉപയോഗിക്കുന്നത്.

കേട്ടറിഞ്ഞതും വായിച്ചറിഞ്ഞതുമായ ചാക്കോ കൊലക്കേസ് അന്വേഷണത്തിലെ നാൾ വഴികളും കുറുപ്പിന്റെ ജീവിതവുമൊക്കെ തന്നെയാണ് സിനിമയുടെ മുക്കാൽ ഭാഗവും നിറഞ്ഞു നിൽക്കുന്നതെങ്കിലും കുറുപ്പിനെ ഒരു സ്റ്റൈലിഷ് - മാസ്സ് ഹീറോ ആക്കാൻ വേണ്ടിയുള്ള കൂട്ടി ചേർക്കലുകളൊക്കെ ഉണ്ടായിട്ടുണ്ട്. കുറുപ്പെന്ന ക്രിമിനലിന്റെ ജീവിതത്തെ വിവരിക്കാൻ ഫിക്ഷന്റെ സാധ്യതകളെ തേടിയപ്പോൾ അവതരണത്തിൽ കുറുപ്പിന് അറിഞ്ഞോ അറിയാതെയോ ഹീറോ പരിവേഷം ഉണ്ടായിട്ടുണ്ട് എന്ന് പറയാതിരിക്കാനാകില്ല.

യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തി കൊണ്ട് സിനിമ ചെയ്യുമ്പോൾ അതിലേക്ക് ഫിക്ഷൻ ചേർത്താലും യാഥാർഥ്യത്തോട് പൊരുത്തപ്പെടുന്ന അവതരണമായിരിക്കണം ഉണ്ടാകേണ്ടത് . ഇവിടെ കുറുപ്പ് എന്ന ക്രിമിനലിനെ മറന്ന് കൊണ്ട് കുറുപ്പിന്റെ ബുദ്ധിയും കുടില ബുദ്ധിയും സ്റ്റൈലുമൊക്കെയാണ് അസാധ്യമായി മാർക്കറ്റ് ചെയ്തിരിക്കുന്നത് എന്ന് മാത്രം.

താരാദാസിനെയും ജാക്കിയേയും പോലുള്ള കഥാപാത്രങ്ങൾക്ക് കൈയ്യടിച്ചിട്ടുള്ള പ്രേക്ഷകന് കുറുപ്പിന്റെ ഈ മാസ്സ് റോളിനും കൈയ്യടിച്ചു കൂടെ എന്ന് വാദിക്കാം. പക്ഷെ അവിടെയും പ്രശ്‌നം അവതരണത്തിലെ ഗ്ലോറിഫിക്കേഷനുകൾ തന്നെയാണ്.


കുറുപ്പ് എന്ന വ്യക്തി യഥാർത്ഥ ജീവിതത്തിൽ ചെയ്ത ക്രൈമിനെ സിനിമാറ്റിക്കാക്കി അവതരിപ്പിക്കുമ്പോൾ അതിന് യാഥാർഥ്യ ബോധവും ധാർമ്മികതയും വേണം . എന്നാൽ താരാദാസും ജാക്കിയും പോലെയുള്ള സാങ്കൽപ്പിക നായക കഥാപാത്രങ്ങൾ സിനിമയിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയാലും അത്തരം ബാധ്യതകളില്ല.

'കുറുപ്പ്' എന്ന സിനിമയിലേക്ക് വരുമ്പോൾ പ്രകടനം കൊണ്ട് ഞെട്ടിച്ചത് ഷൈൻ ടോം ചാക്കോയുടെ ഭാസി പിള്ളയാണ്. നോക്കൂ അയാൾ ചെയ്യുന്ന കഥാപാത്രവും ദുൽഖറിന്റെ കഥാപാത്രവും ഒരേ ക്രൈമിന്റെ ഭാഗങ്ങളാണ്. എന്നിട്ടും കുറുപ്പിനേക്കാൾ ഭീകരനായ വില്ലനായി ഷൈൻ ടോം ചാക്കോയുടെ ഭാസി പിള്ളയെ നമുക്ക് അനുഭവപ്പെടുന്നു. അതേ സമയം ദുൽഖറിന്റെ കുറുപ്പിൽ നമ്മൾ കാണുന്നത് സ്റ്റൈലും മാസ്സും ഒത്ത പേരിന് മാത്രം നെഗറ്റിവ് പരിവേഷമുള്ള ഒരു നായകനെയും. ഇവിടെയാണ് കുറുപ്പ് എന്ന സിനിമയുടെ പ്രശ്നവും.

പ്രമാദമായ ഈ കേസിനെ ഇത്രത്തോളം വഴികളിലൂടെ അന്വേഷിച്ചു വിവരങ്ങൾ ശേഖരിച്ച ഇന്ദ്രജിത്തിന്റെ DYSP കൃഷ്ണദാസ് എന്ന കഥാപാത്രത്തിന് പേരിനു പോലും ഒരു പഞ്ച് സീൻ ഇല്ലാത്ത വിധം ഒന്നുമല്ലാതാക്കി ഒതുക്കി കളയുന്നത് 'കുറുപ്പി'നല്ലാതെ മറ്റൊരാൾക്കും കൈയ്യടികൾ വേണ്ട എന്ന തീരുമാനം കൊണ്ട് മാത്രമാണ്.

കുറുപ്പിന്റെ കഥയുമായി യാതൊരു ബന്ധവുമില്ലാതെ നാട്ടിൻപുറത്തെ ഏതെങ്കിലും ഒരു ഗോപീകൃഷ്ണന്റെ കഥയിൽ നിന്നെന്ന പോലെ തുടങ്ങി അലക്‌സാണ്ടർ എന്ന ഒരു ഇന്റർനാഷണൽ ഗ്യാങ്‌സ്റ്ററിന്റെ കഥയിലേക്ക് വികസിച്ചു പോകുന്ന തിരക്കഥയുടെ ബലത്തിലാണ് ഈ സിനിമ ദുൽഖറിലെ താരത്തെ ആഘോഷിച്ചിരുന്നതെങ്കിൽ മുകളിൽ പറഞ്ഞ പരാതികളെല്ലാം തന്നെ റദ്ദ് ചെയ്യപ്പെടുമായിരുന്നു.

ആകെ മൊത്തം ടോട്ടൽ = യഥാർത്ഥ സംഭവങ്ങളെയെല്ലാം മറന്നു കൊണ്ട് ഒരു സിനിമ എന്ന നിലക്ക് തൃപ്തിപ്പെടുത്തുന്ന മേക്കിങ് മികവുകളും ശബ്ദവിന്യാസങ്ങളുമൊക്കെ കുറുപ്പിന്റെ ഭാഗമായിട്ടുണ്ട് എന്നതിൽ യാതൊരു തർക്കവുമില്ല. DQവിന്റെ സ്ക്രീൻ പ്രസൻസ്, ഭാസി പിള്ളയായിട്ടുള്ള ഷൈൻ ടോം ചാക്കോയുടെ അഴിഞ്ഞാട്ടം, സുഷിൻ ശ്യാമിന്റെ പശ്ചാത്തല സംഗീതം, നിമിഷ് രവിയുടെ ഛായാഗ്രഹണം ഇതൊക്കെയാണ് 'കുറുപ്പ്' നൽകിയ ആസ്വാദനം

*വിധി മാർക്ക് = 6.5/10 

-pravin- 

No comments:

Post a Comment