Tuesday, August 13, 2019

ലൂക്ക - നിഗൂഢമായ ഒരു പ്രണയകാവ്യം !

നിഗൂഢമായ ഒരു പ്രണയകാവ്യത്തിന്റെ മനോഹരമായ ദൃശ്യാവിഷ്ക്കാരമാണ് ലൂക്ക. മരണത്തിൽ തുടങ്ങി ജീവിതത്തിലേക്കും പ്രണയത്തിലേക്കും വിരഹത്തിലേക്കുമൊക്കെ നമ്മളെ കൈ പിടിച്ചു കൊണ്ട് പോകുകയാണ് ലൂക്കയും നീഹാരികയും. പ്രണയം കൊണ്ട് മരണത്തെ അതിജീവിച്ചു മഴയിലും കാറ്റിലും ഒന്നായി മാറിയവർ. 

ഒരു ത്രില്ലർ സ്വഭാവമുള്ള കഥയും അന്വേഷണാത്മകത നിറയുന്ന സാഹചര്യങ്ങളുമൊക്കെ ഉണ്ടായിട്ടും പതിഞ്ഞ താളത്തിൽ അത്യാവശ്യം ലാഗടിപ്പിച്ചു കൊണ്ടുള്ള അവതരണം എന്തിനായിരുന്നു എന്ന് ആദ്യം തോന്നിപ്പോയെങ്കിലും ആ ലാഗ് തന്നെയാകാം ക്ലൈമാക്സിനു ഇത്ര ഭംഗി നൽകിയത് എന്ന് ഒടുക്കം തിരുത്തിപ്പറയേണ്ടി വരുന്നു. 

പ്രണയ സിനിമകൾക്കിടയിൽ 'ലൂക്കാ' വ്യത്യസ്തമാകുന്നത് നീഹാരികയും ലൂക്കയും തമ്മിലുള്ള വെറും പ്രണയം കൊണ്ടല്ല. അവർ പ്രണയിക്കുന്ന ശൈലി കൊണ്ടും പരസ്പ്പരം പ്രണയിക്കാനിടയാകുന്ന കാരണങ്ങൾ കൊണ്ടുമൊക്കെയാണ്. 

തന്റെ കണ്ണിനു മുന്നിലുള്ളതിനെ  വരക്കാതെ അതിനു പിന്നിലെ ആരും കാണാതെ പോകുന്ന കാഴ്ചകളെ വരച്ചെടുക്കുന്ന ലൂക്കയാണ് നീഹാരികയെ ശരിക്കും നോക്കി കാണുന്ന ഒരേ ഒരാൾ. നീഹാരികയെ തന്റെ മനസ്സിന്റെ കാൻവാസിലേക്ക് അത്രത്തോളം ആഴത്തിൽ വരച്ചിടാൻ ലൂക്കക്ക് സാധിക്കുന്നു. അതേ ലൂക്കയെ മറ്റാർക്കും സാധിക്കാത്ത വിധം ഉള്ളറിഞ്ഞ് സ്നേഹിക്കാനും അവനു വേണ്ടി ഏതറ്റം വരെ പോകാനും നീഹാരികക്ക് സാധിക്കുന്നത് ലൂക്കയുടെ പ്രണയം അത്ര മേൽ ശക്തമായി അവൾ അനുഭവിക്കുന്നത് കൊണ്ടുമാണ്. 

അച്ഛൻ നഷ്ടപ്പെട്ട സമയത്ത് അനുഭവിക്കുന്ന കടുത്ത അരക്ഷിതാവസ്ഥയും അമ്മാവനാൽ നശിപ്പിക്കപ്പെട്ട നീഹാരികയുടെ കുട്ടിക്കാലവുമൊക്കെ കുറഞ്ഞ ഷോട്ടുകൾ കൊണ്ട് നീറുന്ന കാഴ്ചയാക്കി മാറ്റുന്നു സംവിധായകൻ. അച്ഛന്റെ തൂങ്ങിയാടുന്ന കാലുകൾ കണ്ടു ഉണർന്ന് എഴുന്നേറ്റ ലൂക്കയുടെ കുട്ടിക്കാലം എത്രത്തോളം ഭീകരമായ ഒരു അനുഭവമായിരുന്നിരിക്കാം !! ഒരർത്ഥത്തിൽ അന്നത്തെ ആ കാഴ്ചയുടെ ഇരയാണ് പിന്നീടുള്ള ലൂക്കയുടെ ജീവിതം.

അമ്മയിലേക്കൊതുങ്ങി ജീവിക്കേണ്ടി വന്ന ലൂക്കയെ പിന്നീടും വിധി മരണം കാണിച്ച് പേടിപ്പെടുത്തുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്നുണ്ടെങ്കിലും ആരുമല്ലാത്ത ആരൊക്കെയോ ചേർന്ന് ലൂക്കക്ക് അവന്റേതായ ഒരു ലോകം ഉണ്ടാക്കി കൊടുക്കുന്നു. നീഹാരികയുടെ വരവോടു കൂടെയാണ് ലൂക്കയുടെ ആ ലോകം അതിരില്ലാതെ വിശാലമാകുന്നത്. 

അക്ബർ ഹുസ്സൈനെന്ന മുഴുനീള പോലീസ് വേഷം കൈകാര്യം ചെയ്ത നിഥിൻ ജോർജ്ജ് ഒരു പുതുമുഖത്തിന്റേതായ യാതൊരു ഭാവ ലക്ഷണവുമില്ലാതെയാണ് തുടക്കം മുതൽ ഒടുക്കം വരെ ടോവിനോയുടെ ലൂക്കാക്ക് സമാന്തരമായി സ്‌ക്രീനിൽ മറ്റൊരു തലത്തിൽ നിറഞ്ഞു നിന്നത്. ലൂക്കയുടെയും നീഹാരികയുടെയും പ്രണയം ഏറ്റവും കൂടുതൽ സ്വാധീനിക്കുന്നതും അക്ബറിനെയാണ് എന്ന് പറയാം. ഒരാളുടെ മരണവും ജീവിതവും അന്വേഷിച്ചു തുടങ്ങി ഒടുക്കം പ്രണയത്തിന്റെ അനശ്വരതയിൽ ഉത്തരമില്ലാതെ നിന്ന് പോകേണ്ടി വരുന്ന ഒരു പോലീസ് ഓഫിസറാണ് അക്ബർ. 

മണ്ണാങ്കട്ടയുടെയും കരിയിലയുടെയും പ്രണയകഥ ഇനി കേൾക്കുമ്പോൾ ലൂക്കയെയും നീഹാരികയെയും ഓർമ്മ വരും. എത്രയോ തവണ കേട്ടിട്ടും അറിയാതെ പോയ കരിയിലയുടെയും മണ്ണാങ്കട്ടയുടെയും വേദന ഇനി ആ കഥ കേൾക്കുമ്പോൾ നമ്മൾ അനുഭവിച്ചറിയും. അപ്രകാരമാണ് 'ലൂക്കാ' നമുക്കുള്ളിലേക്ക് നമ്മൾ പോലുമറിയാതെ പ്രണയമെന്ന സ്ലോ പോയിസൺ കുത്തി വക്കുന്നത്. 

ആകെ മൊത്തം ടോട്ടൽ = ടോവിനോ-അഹാനയുടെ കോമ്പിനേഷൻ, നിമിഷ് രവിയുടെ ഛായാഗ്രഹണം, സൂരജ് എസ് കുറുപ്പിന്റെ സംഗീതം ഇത് മൂന്നും അരുൺ ബോസ് എന്ന സംവിധായകന് നൽകിയ പിന്തുണയാണ് 'ലൂക്കാ'യുടെ സൗന്ദര്യം വേറിട്ടതാക്കിയത്. പുതുമുഖ തിരക്കഥാകൃത്തുക്കൾ എന്ന നിലയിൽ അരുൺ ബോസും മൃദുൽ ജോർജ്ജും മലയാള സിനിമയുടെ നാളത്തെ പ്രതീക്ഷകൾ തന്നെയെന്ന് പറഞ്ഞു വക്കാം. 

*വിധി മാർക്ക് - 7.5/10 

-pravin- 

1 comment: