'മിഖായേലി'ൽ കണ്ട വില്ലൻ മാർക്കോയെ ഹനീഫ് അദേനി എങ്ങിനെ ഹീറോയാക്കി മാറ്റി അവതരിപ്പിക്കുന്നു എന്ന ആകാംക്ഷയിലാണ് 'മാർക്കോ' കണ്ടു തുടങ്ങിയത്. പക്ഷേ മിഖായേലിന്റെ പഴയ കഥയിലേക്ക് ഒരു കണക്ഷനും കൊടുക്കാതെ മാർക്കോയെ ഒരു ഡെവിൾ ഹീറോ ബ്രാൻഡായി നേരിട്ട് പ്രതിഷ്ഠിക്കുകയാണ് ഹനീഫ് അദേനി ചെയ്തിരിക്കുന്നത്.
മാർക്കറ്റിങ്ങ് സമയത്ത് പറഞ്ഞതത്രയും ശരി വക്കുന്ന നിലയിലുള്ള വയലൻസാണ് ഈ സിനിമയുടെ മെയിൻ. എന്ന് കരുതി അന്യഭാഷകളിലെ സ്ലാഷർ ഴോനറിൽ പെടുന്ന സിനിമകൾ കണ്ടു ശീലിച്ചവരെ സംബന്ധിച്ച് മാർക്കോയിലുള്ളത് ഒരു വല്യ വയലൻസ് ആണെന്ന് പറയാനും പറ്റില്ല.
കഥാപരമായ പുതുമയൊന്നും പ്രതീക്ഷിക്കാതെ 'മാർക്കോ'ക്ക് വേണ്ടി സെറ്റ് ചെയ്ത് വച്ച പ്ലോട്ടിനെ മാത്രം ഉൾക്കൊണ്ടാണ് സിനിമ കണ്ടത്.
സ്വന്തം കുടുംബത്തിൽ കേറി കളിച്ചവർക്കിട്ട് തിരിച്ചു പണിയുന്ന നായകൻറെ കഥക്ക് സ്വീകാര്യതയുള്ളത് കൊണ്ട് തന്നെ ആസ്വാദനത്തിന് കുറവുണ്ടായില്ല. എന്നാൽ സമാനമായ വൺ ലൈൻ സ്റ്റോറിയുള്ള 'RDX' , 'പണി' പോലുള്ള പടങ്ങളുടെ ഗ്രാഫല്ല മാർക്കോയുടേത് എന്നത് വേറെ കാര്യം.
രവി ബസ്രൂറിന്റെ ബാക്ക്ഗ്രൗണ്ട് സ്കോറും, ഷമീർ മുഹമ്മദിന്റെ എഡിറ്റിങ്ങും, ചന്ദ്രു സെൽവരാജിന്റെ ഛായാഗ്രഹണവും 'മാർക്കോ'യെ ആദ്യാവസാനം ചടുലമാക്കി നിലനിർത്തുന്നു.
സ്‌ക്രീൻ പ്രസൻസും ആക്ഷനും സ്വാഗുമൊക്കെ കൊണ്ട് ഉണ്ണി മുകുന്ദൻ എല്ലാ തലത്തിലും 'മാർക്കോ' ആയി അഴിഞ്ഞാടി എന്ന് പറയാം.
അത്രയേറെ ബിൽഡ് അപ്പ് കൊടുത്തുണ്ടാക്കിയ ഹീറോയെ ഒരു ഘട്ടത്തിൽ വെറും നോക്കു കുത്തിയാക്കി ചോരയിൽ കുളിപ്പിച്ച് ഇഞ്ചപ്പരുവമാക്കി നിർത്തുമ്പോൾ അത് വരെയുണ്ടായിരുന്ന ആക്ഷന്റെ ത്രില്ല് നഷ്ടപ്പെടുന്നുണ്ട്.
എല്ലാവരെയും സംരക്ഷിക്കാൻ ശപഥം എടുത്തിട്ടും അയാൾ നിസ്സഹായനായി നിന്ന് പോകുന്നിടത്ത് മാർക്കോയെന്ന ഹീറോയുടെ ബ്രാൻഡ് ഇടിയുന്നത് പോലെ തോന്നി.
വില്ലൻ റോളിൽ ജഗദീഷ് സ്‌കോർ ചെയ്യും എന്ന കണക്ക് കൂട്ടലുകളും തെറ്റിപ്പോയി. ടോണി ഐസക്കായുള്ള ജഗദിഷിൻറെ പ്രകടനത്തിൽ ഇടക്കെല്ലാം അപ്പുക്കുട്ടന്റെ നിഴലാട്ടം കാണേണ്ടി വന്നു.
അതേ സമയം അപ്പുക്കുട്ടന്റെ കൂട്ടുകാരനായിരുന്ന ഗോവിന്ദൻ കുട്ടിയെയോ മറ്റേതെങ്കിലും മുൻകാല കഥാപാത്രങ്ങളേയോ അനുസ്മരിപ്പിക്കാത്ത വിധം ജോർജ്ജ് പീറ്ററായി സിദ്ധീഖ് അവസാനം വരെ സ്‌കോർ ചെയ്തു.
ജഗദീഷിന്റെ കൊടൂര വില്ലനെ കാണാൻ ആഗ്രഹിച്ചിടത്ത് പക്ഷേ വില്ലൻ കഥാപാത്രങ്ങളിൽ വന്നു ഞെട്ടിച്ചത് അഭിമന്യു ഷമ്മി തിലകനും കബീർ ദുഹാനുമൊക്കെയാണ്. മാർക്കോയെ പോലെ തന്നെ റസ്സലും, സൈറസും വയലൻസ് കൊണ്ട് സ്‌ക്രീനിൽ ആറാടി തിമിർക്കുന്നു.
സ്ത്രീ കഥാപാത്രങ്ങൾക്കൊക്കെ ഈ സിനിമയിൽ എന്താണ് റോൾ എന്നൊന്നും ചോദിക്കരുത്. ചുമ്മാ വില്ലന്മാരുടെയും മാർക്കോയുടെയും ഇടയിൽ പെട്ട് ക്രൂരതയുടെ ഇരകളാകാൻ വേണ്ടി നിയോഗിക്കപ്പെട്ട, ഒന്നിനും പ്രാപ്തിയില്ലാത്തവർ.
കഥയിൽ വയലൻസിന് പ്രാധാന്യം കൊടുക്കുന്നതിൽ തെറ്റില്ല. പക്ഷേ കഥയേക്കാൾ പ്രാധാന്യം വയലൻസിനാകുമ്പോൾ ഉണ്ടാകുന്ന കല്ല് കടികളുണ്ട് ഈ സിനിമയിൽ. പ്രത്യേകിച്ച് ക്ലൈമാക്സ് സീനുകളിൽ.
'Animal', 'Kill' പോലുള്ള സിനിമകളിൽ വയലൻസിനെ ഗംഭീരമായി പ്ലേസ് ചെയ്തതൊക്കെ വച്ച് നോക്കുമ്പോൾ 'മാർക്കോ' യിൽ അങ്ങിനെയുള്ള സംഗതികളിൽ പോരായ്മകളുണ്ട്.
പോരായ്മകളില്ലാത്ത അതി ഗംഭീര സിനിമ എന്നൊന്നും പറയാനില്ലെങ്കിലും സ്റ്റൈലിഷ് മേക്കിങ്ങും ആക്ഷൻസുമൊക്കെ കൊണ്ട്
തിയേറ്റർ സ്‌ക്രീനിൽ 'മാർക്കോ'ക്ക് ആസ്വാദനമുണ്ട്.
©bhadran praveen sekhar
No comments:
Post a Comment