ചോരക്കളിയും വലിയ ഒച്ചപ്പാടുകളും ഒന്നുമില്ലാതെ കുടുംബ സമേതം കാണാവുന്ന ഒരു കോമഡി / ഇൻവെസ്റ്റിഗേഷൻ ത്രില്ലർ എന്ന നിലക്ക് 'ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്‌സ്' പോലൊരു സിനിമക്ക് പ്രസക്തിയുണ്ട്.
മമ്മുക്കയെ പോലൊരു നടന് അനായാസേന ചെയ്യാവുന്ന പ്രത്യേകിച്ച് വെല്ലുവിളികൾ ഒന്നുമില്ലാത്ത ഒരു കഥാപാത്രമാണ് ഡൊമിനിക്. ഒരു സൂപ്പർ താരത്തിന്റെ യാതൊരു വിധ ബാധ്യതകളും പേറാതെ ഡൊമിനിക്കിനെ അദ്ദേഹം അവതരിപ്പിക്കുന്നത് കാണുമ്പോൾ സന്തോഷം തോന്നി.
കളഞ്ഞു കിട്ടിയ ലേഡീസ് പേഴ്‌സിന്റെ ഉടമയെ തേടിയുള്ള അന്വേഷണം സരസമായാണ് തുടങ്ങുന്നതെങ്കിലും ആ കേസിന്റെ തുടരന്വേഷണങ്ങളിൽ താനേ സിനിമക്ക് ഗൗരവ സ്വഭാവം വന്നു ചേരുന്നത് കാണാം.
ഡൊമിനികിന്റെ അസിസ്റ്റന്റായി കൂടെ കൂടുന്ന വിഘ്‌നേഷ് / വിക്കിയായി ഗോകുൽ സുരേഷ് നൈസായി സ്‌കോർ ചെയ്തിട്ടുണ്ട്.
മമ്മുക്ക - ഗോകുൽ സുരേഷ് കോംബോ സീനുകളൊക്കെയും രസകരമായി എന്ന് പറയാം.
'ഇന്ദ്രപ്രസ്ഥ'ത്തിലെ നാസക്ക് വേണ്ടി ഡെവലപ്പ് ചെയ്ത സോഫ്റ്റ് വെയറിനെ കുറിച്ച് പറഞ്ഞു കൊണ്ട് മമ്മുക്ക സെൽഫ് ട്രോൾ അടിക്കുന്നതും 'ടൈഗറി'ലെ വാപ്പച്ചീസ് ലെഗസി കൊണ്ട് ഗോകുൽ സുരേഷ് തന്റെ അച്ഛനെ ട്രോളുന്നതുമൊക്കെ 'ഡൊമിനികി'ന്റെ കോമഡി ട്രാക്കിൽ വർക് ഔട്ട് ആയി.
ഗൗതം വാസുദേവ് മേനോനെ സംബന്ധിച്ച് ഇത് അദ്ദേഹത്തിന്റെ വേറിട്ടൊരു സംവിധാന സംരംഭമായി തന്നെ വിലയിരുത്താം. തന്റെ മുൻകാല സിനിമകളോടൊന്നും സാമ്യത അനുഭവപ്പെടുത്താത്ത സംവിധാന ശൈലി കൊണ്ട് ഡൊമിനിക്കിനെ വ്യത്യസ്തമാക്കൻ ഗൗതം വാസുദേവ് മേനോന് സാധിച്ചു.
ടിപ്പിക്കൽ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ സിനിമകളുടെ അവതരണ ശൈലിയോ, ചടുലതയോ, ബാക് ഗ്രൗണ്ട് സ്‌കോറോ, ആക്ഷൻസോ ഒന്നുമില്ലാതെ തന്നെ ഡൊമിനിക്കിനെ കൊണ്ട് കേസ് സോൾവ് ചെയ്യിപ്പിക്കുന്ന രീതിയൊക്കെ വ്യക്തിപരമായി എന്നെ തൃപ്‍തിപ്പെടുത്തി.
അവസാനത്തെ ഇരുപത് മിനുട്ടുകളിൽ സിനിമയുടെ അത് വരെയുണ്ടായിരുന്ന കോമിക് മൂഡൊക്കെ മാറി മറയുന്നത് ഗംഭീരമായി കൈകാര്യം ചെയ്തിട്ടുണ്ട്. സസ്പെൻസ് വെളിപ്പെടുത്തുന്ന രംഗത്തെ ചിട്ടപ്പെടുത്തിയിടത്തുണ്ട് പഴയ ഗൗതം മേനോന്റെ കൈയ്യൊപ്പ് .
സമാനമായ ട്വിസ്റ്റുകൾ മറ്റു ചില സിനിമകളിൽ കണ്ടിട്ടുണ്ടെങ്കിലും ഈ സിനിമയുടെ ക്ലൈമാക്സിൽ അതൊന്നും ഒരു അപാകതയായി അനുഭവപ്പെട്ടില്ല എന്ന് വേണം പറയാൻ.
അതി ഗംഭീര സിനിമയെന്നുള്ള അവകാശവാദങ്ങളൊന്നുമില്ലെങ്കിൽ കൂടി ഈ വർഷത്തെ ഇഷ്ട സിനിമകളിൽ ഡൊമിനിക്കും ലേഡീസ് പഴ്‌സും ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നു.
©bhadran praveen sekhar
No comments:
Post a Comment