Thursday, January 23, 2025

പുതുമയുള്ള കഥ..മികവുറ്റ അവതരണം..വ്യത്യസ്തമായൊരു സിനിമാനുഭവം !!


ചരിത്രം പറയുന്ന സിനിമകൾ പലതും നമ്മൾ കണ്ടിട്ടുണ്ടാകാം. പക്ഷെ ഇവിടെ ഇതര ചരിത്രത്തിന്റെ പുതുമകൾ നിറഞ്ഞ കഥാവഴികളും അവതരണ ശൈലിയുമൊക്കെ കൊണ്ട് ഈ സിനിമ തന്നെ ഒരു ചരിത്രമായി മാറുകയാണ്.

ഒരു സിനിമയിലെ വൈകാരിക രംഗങ്ങൾ കാണുമ്പോൾ അല്ലെങ്കിൽ കഥാപാത്രത്തിന്റെ മനസികാവസ്ഥകൾ ആഴത്തിൽ കണക്ട് ആകുമ്പോഴൊക്കെ കണ്ണ് നിറഞ്ഞു പോയിട്ടുണ്ട്. പക്ഷെ സിനിമ കണ്ടു തീർന്ന ശേഷം അതിന്റെ പരിപൂർണ്ണതയിൽ സന്തോഷം കൊണ്ട് കണ്ണ് നിറയുന്നത് ഇതാദ്യമായാണ്.

'രേഖാചിത്രം' വ്യക്തിപരമായി എന്റെ മനസ്സിനെ അത്രെയേറെ തൃപ്തിപ്പെടുത്തിയത് 'കാതോട് കാതോര'ത്തെ സസൂക്ഷ്മം നിരീക്ഷിച്ച്, ആ സിനിമയുടെ ഷൂട്ടിങ് കാലഘട്ടവും, അന്നത്തെ സിനിമാ വിശേഷങ്ങളുമൊക്കെ വളരെ ഭംഗിയായി ഈ സിനിമയിലേക്ക് ബന്ധപ്പെടുത്തി അവതരിപ്പിച്ചതിലെ കൃത്യതയും പൂർണ്ണതയും കൊണ്ടാണ്.


സൂപ്പർ സ്റ്റാറുകളുടെയും അവരുടെ ഹിറ്റ് സിനിമകളുടെയുമൊക്കെ റഫറൻസ് ഉപയോഗപ്പെടുത്തിയ മുൻകാല സിനിമകളിൽ നിന്ന് 'രേഖാചിത്രം' വേറിട്ട് നിൽക്കുന്നതും അത് കൊണ്ടൊക്കെ തന്നെയാണ്.

വെറുമൊരു സിനിമാ റഫറൻസ് എന്നതിനപ്പുറത്തേക്ക് 'കാതോട് കാതോര'വും, ഭരതനും, ജോൺ പോളും, മമ്മൂട്ടിയുമൊക്കെ 'രേഖാചിത്ര'ത്തിന്റെ കഥയിലേക്ക് അത്ര മാത്രം ഇഴ ചേർന്ന് കിടക്കുന്നുണ്ട്.

ഹേമാ കമ്മിറ്റി റിപ്പോർട്ടൊക്കെ ഏറെ ചർച്ച ചെയ്യപ്പെട്ട ഈ കാലത്ത്, നീളത്തിൽ നിവർത്തിയിട്ട സാരികളുടെ മറവിലേക്ക് കൂട്ടം ചേർന്ന് വസ്ത്രം മാറാൻ പോകുന്ന എൺപതുകളിലെ വനിതാ ജൂനിയർ ആർട്ടിസ്റ്റ്മാരെ കാണിക്കുന്ന സീനൊക്കെ വല്ലാത്തൊരു ഓർമ്മപ്പെടുത്തലാണ്.

AI യുടെ സാങ്കേതികതയെ ഗംഭീരമായി വിളക്കിച്ചേർത്ത മലയാള സിനിമ എന്ന നിലക്ക് കൂടി ശ്രദ്ധയേമാകുന്നു 'രേഖാചിത്രം'.

'എബ്രഹാം ഓസ്‌ലറി'ൽ മമ്മുക്കയുടെ അതിഥി വേഷത്തെ മിഥുൻ മാനുവൽ ആഘോഷിക്കുകയാണ് ചെയ്തതെങ്കിൽ ഇവിടെ മമ്മൂക്കയുടെ സ്റ്റാർഡം അപ്പിയറൻസുകളേക്കാൾ സിനിമക്ക് എന്താണോ ആവശ്യം അതനുസരിച്ചു മാത്രം ഉപയോഗപ്പെടുത്തുകയാണ് ജോഫിൻ ടി ചാക്കോ ചെയ്തിരിക്കുന്നത്. സംവിധാനത്തിലെ ഈ കൈയ്യൊതുക്കം 'രേഖാചിത്ര'ത്തിന്റെ മികവ് കൂട്ടുന്നു.

മനോജ് കെ ജയൻ - കുറച്ചു കാലങ്ങൾക്ക് ശേഷം വേറിട്ടൊരു ഗെറ്റപ്പിൽ നല്ലൊരു വേഷം ചെയ്തു കണ്ടു.ഇന്ദ്രൻസ്, ടി.ജി രവി ..ചെറിയ വേഷങ്ങളെങ്കിലും കസറി.

കൊലുസിട്ട കന്യാസ്ത്രീ വേഷത്തിലും, സിനിമാ പ്രേമം മൂത്ത പൊട്ടിപ്പെണ്ണായും അനശ്വര രാജൻ രേഖാ പത്രോസിനെ മികച്ചതാക്കി.

തലവൻ - ലെവൽ ക്രോസ്സ് - അഡിയോസ് അമിഗോ - കിഷ്കിന്ധാകാണ്ഡം - രേഖാചിത്രം. ആസിഫ് അലിയുടെ സമീപകാല ഫിലിമോഗ്രാഫിക്ക് എന്തൊരു ഭംഗിയാണ് .. എല്ലാം വ്യത്യസ്ത കഥാപാത്രങ്ങൾ ..മികച്ച കഥാപാത്ര പ്രകടനങ്ങൾ.

വില്ലനാര്, കൊലയാളിയാര് എന്നതിലേക്കുള്ള ത്രില്ലടിപ്പിക്കുന്ന ഒരു ടിപ്പിക്കൽ പോലീസ് കുറ്റാന്വേഷണത്തിന്റെ റൂട്ടിലുള്ള കഥ പറച്ചിലല്ല ഇവിടെ. പേരും ഊരും അറിയാത്ത ഒരു അസ്ഥികൂടത്തിന്റെ ഐഡന്റിറ്റി തേടിയുള്ള വൈകാരികമായ ഒരു അന്വേഷണ യാത്രയാണ് ഈ സിനിമ. ഒരു നിയോഗം കണക്കെ ആ അന്വേഷണത്തിൽ പലരും പങ്കു ചേർക്കപ്പെടുന്നത് പോലെ 'കാതോട് കാതോര'വും ചർച്ച ചെയ്യപ്പെടുന്നു.

'രേഖാചിത്ര'ത്തിനൊപ്പം ആൾട്ടർനേറ്റ് ഹിസ്റ്ററി / ഇതര ചരിത്രം എന്നൊരു പുത്തൻ ഴോനർ കൂടി കടന്നു വരുകയാണ്. രാമു സുനിൽ - ജോൺ മന്ത്രിക്കൽ.. ക്രിയാത്മകമായ ഈ പുത്തൻ എഴുത്തിന് നന്ദി.

നന്ദി ജോഫിൻ ടി ചാക്കോ..പുതുമ നിറഞ്ഞ ഇങ്ങനൊരു മനോഹര സിനിമ സമ്മാനിച്ചതിന്.

©bhadran praveen sekhar

1 comment: