Wednesday, January 15, 2025

പിടി തരാത്ത 'ഐഡന്റിറ്റി' !!


പേര് സൂചിപ്പിക്കുന്നത് പോലെ ഐഡന്റിറ്റി തന്നെയാണ് സിനിമയുടെ മുഖ്യ പ്രമേയം. സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങളുടെയെല്ലാം യഥാർത്ഥ ഐഡന്റിറ്റി എന്താണെന്നോ ഏതാണെന്നോ പ്രേക്ഷകന് പിടി കിട്ടില്ല. അത് സിനിമയുടെ കഥാവഴികളിൽ മാറി മറയുകയാണ്.ദുരൂഹതയുണർത്തുന്ന തുടക്കത്തിന് ശേഷം സിനിമ തീർത്തും ഒരു ക്ലിഷേ പ്ലോട്ടിൽ നിന്ന് കൊണ്ടാണ് കഥ പറയുന്നത്.

കർണ്ണാടക പോലീസിന്റെ സീക്രട്ട് മിഷനും, കൊലയാളിയെ തേടിയുള്ള രേഖാ ചിത്രം വരപ്പിക്കലുമൊക്കെയായി ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറിന്റെ മൂഡ് കൊണ്ട് വരുമ്പോഴേക്കും കൊലപാതകി ആരാണെന്ന് നമുക്ക് ഊഹിക്കാൻ സാധിക്കുന്നു.

പക്ഷേ കൊലയാളി പിടിക്കപ്പെട്ടു എന്ന് നമ്മൾ കരുതന്നിടത്ത് നിന്നങ്ങോട്ട്, പ്രത്യേകിച്ച് ഇടവേള തൊട്ട് ട്വിസ്റ്റിന്റെ പൊടി പൂരമാണ്. രണ്ടാം പകുതിയിൽ സിനിമ അങ്ങിനെ വീണ്ടും ട്രാക്ക് മാറി ഒരു ആക്ഷൻ ത്രില്ലറായി പരിണമിക്കുമ്പോൾ ആണ് 'ഐഡന്റിറ്റി' ഒന്ന് കത്തിക്കയറുന്നത് എന്ന് പറയാം.

അവസാനത്തെ അര മുക്കാൽ മണിക്കൂർ സീനുകളാണ് ഈ സിനിമയിലെ ഏറ്റവും ഇഷ്ടപ്പെട്ടത്. ഫ്ളൈറ്റിനുള്ളിലെ ആക്ഷൻ സീനുകൾ എടുത്തു പറയാം. മലയാള സിനിമയിൽ ഇന്നേ വരെ കണ്ടിട്ടില്ലാത്ത ഒരു ആക്ഷൻ പശ്ചാത്തലം ഒരുക്കിയതിൽ അനസ് ഖാൻ - അഖിൽ പോൾ ടീമിന് അഭിമാനിക്കാം.

ലോജിക്ക് നോക്കാതെ കണ്ട് ആസ്വദിക്കാവുന്ന സിനിമകൾ ധാരാളമുണ്ടെങ്കിലും 'ഐഡന്റിറ്റി' യുടെ കാര്യത്തിൽ ലോജിക്ക് നോക്കേണ്ടി വരുന്നത് സിനിമയുടെ കഥ അങ്ങിനെ ഒന്നായത് കൊണ്ടാണ് .

സ്കെച്ച് ആർട്ടിസ്റ്റും രേഖാചിത്രവുമൊക്കെ ഒരു കേസന്വേഷണത്തിൽ നിർണ്ണായകമാകുന്നതും, ഒരാളെ നമ്മൾ മനസ്സിലാക്കി വെക്കുന്നതിന് പിന്നിലെ തലച്ചോറിന്റെ പ്രവർത്തനവും, മനുഷ്യ മനഃശാസ്ത്രവും, ഫേസ് ബ്ലൈൻഡ്നെസ്സും, ഫോട്ടോഗ്രാഫിക് മെമ്മറിയും, സ്‌കൈ മാർഷലും, സുപ്രീം കോടതിയുടെ വിറ്റ്നസ് പ്രൊട്ടക്ഷൻ സ്‌കീമും അടക്കമുള്ള ഒട്ടനവധി വിഷയങ്ങളെ പറ്റിയുള്ള നീണ്ട വിശദീകരണങ്ങൾ സിനിമയിൽ അധിക പറ്റായി പലർക്കും തോന്നാം.

പക്ഷേ ഷമ്മി തിലകന്റെ ശബ്ദത്തിൽ അത്തരം വിശദീകരണങ്ങൾ കേൾക്കുമ്പോൾ ഒരു മികച്ച അധ്യാപകന്റെ ക്ലാസ്സിലിരിക്കുന്ന സുഖമുണ്ടായിരുന്നു . 

കിട്ടിയ കഥാപാത്രങ്ങളെ ടോവിനോ ആയാലും വിനയ് ആയാലും നന്നായി ചെയ്തിട്ടുണ്ട്. അവർ രണ്ടു പേരുടെയും കോംബോ സീനുകളെല്ലാം മികച്ചു നിന്നു.

വ്യത്യസ്ത മാനറിസങ്ങൾ കൊണ്ടും ഗെറ്റപ്പു കൊണ്ടുമൊക്കെ തനിക്ക് കിട്ടിയ കഥാപാത്രത്തെ ടോവിനോ ഗംഭീരമാക്കി. ആക്ഷൻ സീനുകളിലെ പ്രകടനങ്ങളും എടുത്തു പറയാം. 

'ഐഡന്റിറ്റി' യിലെ കഥാപാത്രം കൊണ്ട് 'ക്രിസ്റ്റഫറി'ൽ പറ്റിയ പറ്റിന് പകരം വീട്ടാൻ വിനയ്‌ക്ക് സാധിച്ചു. തൃഷയൊക്കെ വെറുതെ ഈ സിനിമയുടെ ഭാഗമായി എന്നതിനപ്പുറം കാര്യമായൊന്നും പറയാനില്ല.

ജേക്സ് ബിജോയുടെ സംഗീതവും 'അഖിൽ ജോർജ്ജിന്റെ ഛായാഗ്രഹണവുമൊക്കെ ഐഡന്റിറ്റി'യെ ചടുലമാക്കുന്നുണ്ട്.

യാനിക്ക് ബെൻ - ഫീനിക്സ് പ്രഭു ടീമിന്റെ ആക്ഷൻ കൊറിയോഗ്രാഫി ഈ സിനിമയുടെ ഹൈലൈറ്റ് ആണ്.

അഖിൽ പോൾ - അനസ് ഖാൻ തിരഞ്ഞെടുത്ത പ്രമേയം കൊള്ളാമായിരുന്നെങ്കിലും ഒരേ സമയം ഒരുപാട് വിഷയങ്ങളെ കോർത്തിണക്കി കൊണ്ട് കഥ പറയാൻ ശ്രമിച്ചതിൽ പാളിച്ചകൾ സംഭവിച്ചിട്ടുണ്ട് .

രണ്ടേ മുക്കാൽ മണിക്കൂർ ദൈർഘ്യമുള്ള സിനിമയെ ഒന്ന് കൂടി വെട്ടി ഒതുക്കി സീനുകളൊക്കെ റീ ഓർഡർ ചെയ്‌താൽ ഒരു പക്ഷേ ഒന്നൂടെ നില മെച്ചപ്പെടുത്താൻ പറ്റില്ലേ എന്നും ചിന്തിച്ചു പോയി.

©bhadran praveen sekhar

No comments:

Post a Comment