Sunday, July 29, 2012

Hachi - A dog's tale


1987 ഇല്‍ ഇറങ്ങിയ Hachiko Monogatari എന്ന ജാപ്പനീസ് സിനിമ പുനരാവിഷ്ക്കരിച്ചു കൊണ്ട് 2009 ഇല്‍ ഇറങ്ങിയ അമേരിക്കന്‍ സിനിമയാണ് Hachi - A Dog's Tale. 

സിനിമ തുടങ്ങുന്നത് ഒരു സ്കൂള്‍ ക്ലാസ് റൂമില്‍ നിന്നാണ്. ഓരോ കുട്ടികളും അവരവരുടെ മനസ്സിലെ ഹീറോ സങ്കല്പം മറ്റുള്ളവരുടെ മുന്നില്‍ വിവരിച്ചു കൊടുത്ത് കൊണ്ടിരിക്കുന്നു. പല കുട്ടികളും പല ഹീറോകളെ കുറിച്ച് സംസാരിച്ചു കഴിഞ്ഞിരിക്കുന്നു. അതില്‍ നിന്നും വിഭിന്നമായ ഒരു ഹീറോയെ കുറിച്ചുള്ള കഥ പറഞ്ഞു കൊണ്ട് ഒരു കുട്ടി മറ്റുള്ളവരുടെ ശ്രദ്ധയാകര്‍ഷിക്കുന്നു. ആ കുട്ടിയുടെ മുത്തച്ഛന്റെ നായ്ക്കുട്ടിയാണ് കഥയിലെ ഹീറോ. അങ്ങനെ ആ കുട്ടിയുടെ വിവരണത്തിലൂടെ കഥയിലേക്ക്‌ നമ്മള്‍ കടക്കുന്നു. 

Parker Wilsan എന്ന പ്രൊഫസര്‍ ഒരിക്കല്‍ ജോലി കഴിഞ്ഞു വരുന്ന വഴി റെയില്‍വേ സ്റ്റേഷനില്‍ വച്ച് ഒരു നായ്ക്കുട്ടിയെ കാണുന്നു. ആരുടെയോ ശ്രദ്ധയില്ലായ്മ കൊണ്ട് ഒറ്റപ്പെട്ടു പോയ നായ്ക്കുട്ടിയെ പ്രൊഫസര്‍ സ്റ്റേഷനില്‍ ഏല്‍പ്പിക്കാന്‍ ശ്രമിക്കുന്നുവെങ്കിലും സ്റ്റേഷന്‍ മാസ്റ്റര്‍ സമ്മതിക്കാത്തത് കൊണ്ട് അതിനെ തന്‍റെ കൂടെ വീട്ടിലേക്കു കൊണ്ട് പോകാന്‍ അദ്ദേഹം നിര്‍ബന്ധിതനാകുന്നു.  

ആദ്യ കുറച്ചു ദിവസങ്ങളില്‍ നായ്ക്കുട്ടിയെ വീട്ടില്‍ താമസിപ്പിക്കുന്നതുമായി  ഭാര്യയില്‍ നിന്ന് ചില്ലറ വിസമ്മതം കാണുന്നത് കൊണ്ട് നായ്ക്കുട്ടിയുടെ യഥാര്‍ത്ഥ യജമാനനെ അന്വേഷിക്കാന്‍ പ്രൊഫസര്‍ പല വഴി നോക്കി കൊണ്ടിരുന്നു.  ആ കാലയളവിനുള്ളില്‍ നായ്ക്കുട്ടി എല്ലാവരോടും വളരെ ഇണങ്ങുകയും , എല്ലാവര്‍ക്കും അതിനോടുള്ള പ്രിയമേറി  വരുകയും ചെയ്തത് കാരണം തന്‍റെ വീട്ടിലെ ഒരംഗമായി തന്നെ അതിനെ വളര്‍ത്താന്‍ പ്രൊഫസര്‍ തീരുമാനിക്കുന്നു. പ്രൊഫസറിന്റെ   ജാപ്പനീസ് സുഹൃത്ത് വഴി നായ്ക്കുട്ടിയുടെ യഥാര്‍ത്ഥ ദേശം ജപ്പാന്‍ ആണെന്ന് മനസിലാകുകയും  നായ്ക്കുട്ടിക്കു ജാപ്പനീസ് ഭാഷയില്‍  ഹാച്ചി എന്ന് നാമകരണം ചെയ്യുകയും  ചെയ്യുന്നു. 

പിന്നീടങ്ങോട്ട് , പ്രൊഫസറും നായയും തമ്മിലുള്ള ബന്ധം ദൃഡപ്പെടുന്നു. എന്നും  രാവിലെ പ്രൊഫസറെ റെയില്‍വേ സ്റ്റേഷന്‍ വരെ യാത്രയാക്കാന്‍ പോകുകയും വൈകീട്ട് അദ്ദേഹത്തെ കാത്തു കൊണ്ട് സ്റ്റേഷനില്‍ കാത്തിരിക്കുകയും ചെയ്യുന്ന ഹാച്ചി എല്ലാവര്‍ക്കും ആദ്യം കൌതുക കാഴ്ചയും പിന്നീട് എല്ലാവരുടെയും സ്ഥിരം കാഴ്ചയുമായി മാറുന്നു. അത് കൊണ്ട് തന്നെ ഹാച്ചി എല്ലാവരുടെയും പ്രിയപ്പെട്ടവനും ആകുന്നു. 

 ഒരിക്കല്‍ പതിവ് പോലെ പ്രൊഫസറെ കാത്തിരിക്കുന്ന ഹാച്ചിക്ക് അദ്ദേഹത്തെ അന്ന് കാണാന്‍ സാധിക്കുന്നില്ല. അദ്ദേഹത്തിന്‍റെ അവിചാരിതമായ മരണം ഹാച്ചി ഉള്‍ക്കൊള്ളുന്നില്ല. എന്നത്തെയും പോലെ ഹാച്ചി വീണ്ടും തന്‍റെ കാത്തിരുപ്പ് തുടരുന്നു. ആ നീണ്ട  കാത്തിരിപ്പിനിടയില്‍ നടക്കുന്ന സംഭവ വികാസങ്ങളും   മറ്റ് ഹൃദയ സ്പര്‍ശിയായ രംഗങ്ങളെല്ലാം തന്നെ   ഇടയ്ക്കിടെ പ്രേക്ഷകന്‍റെ കണ്ണ് നനയിപ്പിക്കാന്‍ തരത്തില്‍ ആര്‍ദ്രമാണ്. ആ ആര്‍ദ്രതയാണ്‌ ഈ സിനിമയുടെ വിജയം. 

സിനിമ കാണുന്ന പ്രേക്ഷകർക്ക്   പോലും ആ നായ്ക്കുട്ടിയുമായ് ഒരു ആത്മബന്ധം ഉണ്ടായി പോകും  തരത്തില്‍  ഓരോ രംഗവും സംവിധായകന്‍ അതിമനോഹരമായി തന്നെ ചിത്രീകരിച്ചിരിക്കുന്നു. മറ്റൊരു എടുത്തു പറയേണ്ട കാര്യം സിനിമയിലെ മനോഹരമായ പശ്ചാത്തല സംഗീതമാണ്. വളരെയധികം പ്രശംസനീയം തന്നെയാണ് ഇതെല്ലാം തന്നെ. 

ഓരോ അഭിനേതാക്കളും അവരവര്‍ക്ക് കിട്ടിയ കഥാപാത്രങ്ങളെ മികവുറ്റതാക്കിയതിനേക്കാള്‍ പതിന്മടങ്ങ്‌ പൂര്‍ണതയോട് കൂടി ഹാച്ചിയായി അഭിനയിച്ച നായക്കുട്ടി തന്‍റെ കഥാപാത്രം അനശ്വരമാക്കിയിരിക്കുന്നു. ഇതൊരു സംഭവ കഥയാണ് എന്ന് അറിഞ്ഞു കൊണ്ട് കണ്ടാലും , അറിയാതെ കണ്ടാലും ഈ സിനിമ കണ്ടു കഴിയുമ്പോഴേക്കും നിങ്ങളുടെ  കണ്ണുകള്‍ നിറഞ്ഞിട്ടില്ല എങ്കില്‍ നിങ്ങള്‍  ഒരു മനുഷ്യനോ മൃഗമോ അല്ല എന്ന് നിസ്സംശയം പറയാം. അത്ര മേല്‍ മനസ്സ് വിങ്ങുന്ന രംഗങ്ങള്‍ ഈ സിനിമയിലൂടെ കടന്നു പോകുന്നുണ്ട് . 

ആകെ മൊത്തം ടോട്ടല്‍ = വളരെയധികം മനസ്സിനെ സ്പര്‍ശിക്കുന്ന മികച്ച ഒരു സിനിമ. ഈ സിനിമ കണ്ടില്ലെങ്കില്‍ നിങ്ങളുടെ സിനിമാസ്വാദന ജീവിതത്തിലെ ഒരു നഷ്ടം എന്ന് തന്നെ പറയേണ്ടി വരും. 

*വിധി മാര്‍ക്ക്‌ = 10/10 

1 comment: