Tuesday, July 31, 2012

Phoonk


രാം ഗോപാല്‍ വര്‍മ സംവിധാനം  ചെയ്ത്  സുദീപ്, അമൃത  ഖന്‍വില്‍കാര്‍ , അശ്വിനി കല്‍സേകര്‍  തുടങ്ങിയവര്‍ പ്രധാന വേഷങ്ങില്‍ അഭിനയിച്ച് 2008 ഇല്‍ റിലീസ് ആയ  ഒരു ഹൊറര്‍ സിനിമയാണ് Phoonk. 

പതിവ് രാം ഗോപാല്‍ സിനിമകളില്‍ നിന്നും ഒരല്‍പം വ്യത്യസ്തത ഈ സിനിമക്കുണ്ട് എന്ന് വേണമെങ്കില്‍ പറയാം. കാരണം ഈ സിനിമയില്‍ പ്രേതമോ ഭൂതമോ അല്ല പ്രശ്നക്കാരായി വരുന്നത്, മറിച്ച് കൂടോത്രവും ആഭിചാരവും മറ്റ് അനുബന്ധ സംഭവങ്ങളുമാണ് കേന്ദ്ര വിഷയം. അതില്‍ തന്നെ മനശാസ്ത്രപരമായി ഇത്തരം വിഷയങ്ങള്‍ക്കുള്ള വ്യാഖ്യാനവും സിനിമയില്‍ കൊണ്ട് വരാന്‍ എഴുത്തുകാരനും സംവിധായകനും വളരെ നല്ല രീതിയില്‍ തന്നെ ശ്രമിച്ചിരിക്കുന്നു. 

ഒരു നിരീശ്വര വാദിയും സിവില്‍ എന്ജിനീയരുമായ രാജീവ്  (സുദീപ്) ഭാര്യയും മക്കളും വയസ്സായ തന്‍റെ അമ്മയോടും കൂടി സന്തുഷ്ടമായി ജീവിച്ചു വരുന്നതിനിടയില്‍  ബിസിനസ്‌ ശത്രുക്കളില്‍ ആരൊക്കെയോ ചേര്‍ന്ന് തന്‍റെ ജീവിതത്തില്‍ താളപ്പിഴകള്‍ സൃഷ്ടിക്കുന്നു. പൊതുവേ നിരീശ്വര വാദിയായിരുന്ന രാജീവ് ആദ്യം കൂടോത്രത്തെയും മറ്റ് അന്ധവിശ്വാസങ്ങളെയും എതിര്‍ത്തു കൊണ്ടിരുന്നുവെങ്കിലും, പിന്നീട്  ഇത്തരം വിശ്വാസങ്ങള്‍ ശരിയാണെന്ന ചിന്താഗതിയില്‍ എത്തിച്ചേരുന്നു. അതിനു തക്ക വിശ്വസനീയമായ ന്യായീകരണങ്ങള്‍ ഈ സിനിമയില്‍ തന്നെ പങ്കു വക്കപ്പെടുന്നു. 

മണിച്ചിത്രത്താഴ് എന്ന മലയാളം സിനിമയില്‍ സയന്‍സും മന്ത്രവാദവും കൂടിപ്പിണഞ്ഞു കൊണ്ട് കഥ പറയുന്ന ഒരു രീതി ഈ സിനിമയിലും പ്രകടമാണ്. സിനിമയുടെ അവസാന ഭാഗത്തില്‍,  സയന്‍സ് വിജയിച്ചു എന്നര്‍ത്ഥത്തില്‍ ഒരു വിഭാഗം അവകാശപ്പെടുമ്പോഴും, ചില അന്ധവിശ്വാസങ്ങള്‍ക്ക് പിന്നില്‍ ചില സത്യങ്ങള്‍ കൂടിയുണ്ട് എന്ന് മൌനമായി നമുക്ക് തന്നെ സമ്മതിക്കേണ്ട ഒരു സ്ഥിതിവിശേഷമാണ് സംവിധായകനും എഴുത്തുകാരനും കൂടി സൃഷ്ട്ടിച്ചെടുത്തിരിക്കുന്നത്  എന്ന് പറയാതെ വയ്യ. 

ആകെ മൊത്തം ടോട്ടല്‍ = അവസാന രംഗങ്ങളിലെ ചില പാളിച്ചകള്‍ ഒഴിവാക്കിയാല്‍ കണ്ടിരിക്കാവുന്ന  ഒരു  ഹൊറര്‍ സിനിമ. 
*വിധി  മാര്‍ക്ക്‌ = 6/10 
-pravin- 

No comments:

Post a Comment