Saturday, August 4, 2012

അരികെ

സുനില്‍ ഗംഗോപാധ്യായുടെ കഥയെ അടിസ്ഥാനമാക്കി ശ്യാമപ്രസാദ് സംവിധാനം ചെയ്ത് ദിലീപ് , സംവൃതാ സുനില്‍ , മമതാ മോഹന്‍ദാസ്‌ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ച സിനിമയാണ് അരികെ. 

സ്നേഹം, പ്രേമം തുടങ്ങിയ വിഷയങ്ങള്‍ കേന്ദ്രീകരിച്ചു കൊണ്ട് കഥ പറയുന്ന പല സിനിമകളും ഇതിനു മുന്നേ നമ്മള്‍ കണ്ടു മറന്നതാണെങ്കില്‍ കൂടി  അവതരണ മികവു കൊണ്ടും   സമാന വിഷയങ്ങളിലേക്കുള്ള ആത്മാര്‍ഥമായ ഒരു അന്വേഷണ ഭാവം കൊണ്ടും  പ്രേക്ഷകന് മറ്റൊരു വ്യത്യസ്ത ആസ്വാദനാനുഭൂതി  ലഭിക്കുന്നു എന്നതാണ് ഈ സിനിമയുടെ പ്രത്യേകത. 

സിനിമയില്‍ ശന്തനു (ദിലീപ്) - കല്‍പ്പന (സംവൃതാ സുനില്‍) പ്രേമബന്ധമാണ് വിവരിക്കപ്പെടുന്നത്. കല്‍പ്പനയുടെ കൂട്ടുകാരിയായ അനുരാധ (മമതാ മോഹന്‍ദാസ്‌) ഇവരുടെ പ്രേമത്തിനും തുടര്‍ന്നുള്ള ഇവരുടെ കണ്ടുമുട്ടലുകള്‍ക്കും എല്ലാ വിധ സഹായങ്ങളും ചെയ്തു കൊടുക്കുന്നു. അനുരാധയുടെ ചിന്തയില്‍ ഈ ലോകത്തെ ഏറ്റവും അവസാനത്തെ കാമുകീ കാമുകന്മാരാണ് ശന്തനുവും കല്‍പ്പനയും. ഇവരുടെ  പ്രേമ ബന്ധത്തെ ഭ്രാന്തമായ സ്നേഹമായി ഉപമിക്കുന്ന അനുരാധ , ഇവര്‍ക്കിടയില്‍ നടക്കുന്ന എല്ലാ പ്രേമ സല്ലാപങ്ങള്‍ക്കും സാക്ഷിയാണ്. അത് കൊണ്ട് തന്നെ , പൊതുവേ സ്നേഹം, പ്രേമം  എന്ന വികാരത്തെ മാനിക്കാത്ത അനുരാധ എന്ത് കൊണ്ടോ ഈ ലോകത്തിലെ യഥാര്‍ത്ഥ സ്നേഹം ഇവരുടേത് മാത്രമാണ് എന്ന് വിശ്വസിക്കുന്നു. 

ശന്തനു മലയാള സാഹിത്യ ഭാഷയില്‍ ബിരുദവും, റിസേര്‍ച്ചും കഴിഞ്ഞ ഒരാളായത് കൊണ്ടായിരിക്കാം പതിവ് കാമുകന്മാരെ പോലെ ഫോണിലൂടെയല്ല തന്‍റെ പ്രേമ സല്ലാപങ്ങള്‍ രേഖപ്പെടുത്താന്‍ ഇഷ്ടപ്പെടുന്നത്. പഴയ പ്രേമലേഖനങ്ങളെ ഓര്‍മിപ്പിക്കും തരത്തില്‍ സാഹിത്യ ഭാഷയിലൂടെയാണ്‌ ശന്തനു ഇടയ്ക്കിടെ കല്‍പ്പനക്ക് കത്തെഴുതുന്നത്.കല്‍പ്പനയുടെ കാലുകള്‍ തടവിക്കൊണ്ട് ശന്തനു പറയുന്നുണ്ട് , പെണ്‍കുട്ടികളുടെ ഇടതു കാലിനു പ്രത്യേകതയുണ്ടെന്നും , പലപ്പോഴും കല്‍പ്പനയുടെ ഇടതു കാലിലെ ചെറുവിരല്‍ മുറിച്ചെടുക്കാന്‍ തോന്നിയിട്ടുണ്ട് എന്നും. ലോകത്തിലെ എല്ലാ കാമുകിമാരുടെയും  ഇടതുകാലുകള്‍ക്ക് പ്രത്യേകതയുണ്ടെന്ന് പുരാണത്തിലെ ശകുന്തളയെ ഓര്‍മപ്പെടുത്തിക്കൊണ്ട്‌ ശന്തനു പറയുന്നു. 

 പഴയ വിശ്വാസങ്ങളെയും അല്‍പ്പം അന്ധ വിശ്വാസങ്ങളെയും മുറുകെ പിടിച്ചു കൊണ്ട് ജീവിക്കുന്ന കല്‍പ്പനയുടെ ബ്രാഹ്മിണ കുടുംബത്തിന് ശന്തനുവെന്ന അബ്രാഹ്മിണനെ മരുമകനായി അംഗീകരിക്കാന്‍ ബുദ്ധിമുട്ടാണ് എന്നുള്ളത് കൊണ്ട് തന്നെ രെജിസ്ടര്‍ വിവാഹം എന്ന വഴി മാത്രമാണ് ശന്തനുവിനു മുന്നില്‍ ഉണ്ടായിരുന്നത്. അതിനു വേണ്ടിയുള്ള തയ്യാറെടുപ്പുകളില്‍ ശന്തനു മുഴുകുമ്പോഴും കല്‍പ്പനയുടെ മനസ്സ് മാറ്റാന്‍ വീട്ടുകാര്‍ പല തരത്തിലും ശ്രമിക്കുന്നുവെങ്കിലും അതിനൊന്നും തന്നെ കല്‍പ്പന വഴങ്ങുന്നില്ല. പക്ഷെ പിന്നീട് കല്‍പ്പനയുടെ ജീവിതത്തില്‍ നടക്കുന്ന അവിചാരിതമായ ഒരു അപകടം കഥയെ വഴി തിരിക്കുന്നു. അതിനു ശേഷമുള്ള രംഗങ്ങള്‍ വളരെ പ്രസക്തമാണ് എങ്കില്‍ കൂടി കഥാവസാനം സിനിമയ്ക്കു വേണ്ട പൂര്‍ണത ലഭിച്ചോ എന്നത് ഒരു ചോദ്യമായി തുടരുന്നു. 

സിനിമയില്‍ ഇടയ്ക്കു കയറി വരുന്ന ഒരു കഥാപാത്രമാണ് ഗുരുജി. ഗുരുജിയെ ഒരു ആള്‍ ദൈവമായി നമ്മള്‍ മനസ്സില്‍ എവിടെയോ പ്രതിഷ്ഠിച്ചു വക്കാന്‍ പാകത്തിലാണ് സിനിമയില്‍ ആദ്യം പ്രതിപാദിക്കുന്നത് എങ്കില്‍ കൂടി ആ സങ്കല്‍പ്പങ്ങളെയെല്ലാം    അട്ടിമറിച്ചു കൊണ്ടുള്ള വെളിപാടുകളാണ് യഥാര്‍ഥത്തില്‍ ഗുരുജി സിനിമയില്‍ പ്രേക്ഷകന് നല്‍കുന്നത്. ആ രംഗങ്ങളില്‍ കൂടി സമൂഹത്തിലേക്കു പറന്നു വരുന്ന സന്ദേശം ബൃഹത്തായ ഒന്നാണ്. മനുഷ്യരെ അമാനുഷികനും, ആള്‍ ദൈവവും , മറ്റ് ഇല്ലാത്ത കഴിവുകളുടെയെല്ലാം ഉടമയാക്കി മാറ്റുന്നതെല്ലാം മനുഷ്യന്‍ തന്നെയാണ്. മനുഷ്യന് യോഗിയാകാം, സന്യാസിയാകാം പക്ഷെ അപ്പോഴും പരിമിതികള്‍ക്കുള്ളിലെ ദൃഷ്ടാന്തങ്ങള്‍ മാത്രമേ അവനു ലഭിക്കുന്നുള്ളൂ. 

എന്താണ് സ്നേഹം എന്നത് സംബന്ധിച്ചുള്ള ചില നിര്‍വ്വചനങ്ങള്‍ ഈ സിനിമയിലുടനീളം പല തരത്തില്‍ പറയുന്നുണ്ട്. അതില്‍ ശന്തനുവിന്റെ ചിന്തകള്‍ സിനിമയില്‍ ശ്രദ്ധേയമാണ്. അതെ, സമയം കല്‍പ്പനയുടെ സ്നേഹ  സങ്കല്‍പ്പങ്ങള്‍ അല്‍പ്പം വികലമാണോ എന്ന് പ്രേക്ഷകന് തോന്നിയേക്കാം . ആരെങ്കിലും തന്നെ ആത്മാര്‍ഥമായി പ്രേമിക്കാന്‍ താല്പര്യം കാണിച്ചാല്‍ അവരുടെ ആ സ്നേഹം നിഷേധിക്കാനാണ് അനുരാധ ഇഷ്ടപ്പെടുന്നത്. അതിനുള്ള വിശദീകരണങ്ങള്‍ സിനിമയില്‍ പറയുന്നത് അനുരാധയുടെ പഴയ കാലമാണ്.  ഇതെല്ലാം തന്നെ തികഞ്ഞ തന്മയത്വത്തോടെയാണ് എല്ലാ അഭിനേതാക്കളും അഭിനയിച്ചു പ്രതിഫലിപ്പിച്ചിരിക്കുന്നത്. അതി മനോഹരമായ രണ്ടു ഗാനങ്ങള്‍ കൂടി ഈ സിനിമയില്‍ ഉണ്ട്.

ആകെ മൊത്തം ടോട്ടല്‍ = അവസാന രംഗത്തെ  ചില ചില്ലറ  പാളിച്ചകള്‍ ഒഴിവാക്കിയാല്‍ തീര്‍ത്തും നല്ല ഒരു സിനിമ. 
* വിധി മാര്‍ക്ക്‌ = 8/10 
-pravin- 

9 comments:

  1. സിനിമ കിട്ടിയിട്ട് കുറച്ച ദിവസം ആയി.ശ്യാമ പ്രസാദ് ന്റെ പേര് കേട്ട കാരണം കാണാന്‍ ഒരു മടി ആയി ഇരിക്കുകയായിരുന്നു. പ്രവീണിനെ വിശ്വസിച്ചു ഇന്ന് കാണാന്‍ ഇരിക്കണം.

    ReplyDelete
  2. ഞാനും പ്രവീണിനെ വിശ്വസിച്ച് കാണാന്‍ പോവുകയാണ്. കണ്ടിട്ട് പറയാട്ടോ..

    ReplyDelete
  3. സിനിമ കണ്ടു . നല്ല അവതരണം .കഥാപാത്രങ്ങള്‍ക്ക് അനുയോജ്യമായ കസ്ടിംഗ്..ഇഷ്ടപ്പെട്ടു

    ReplyDelete
  4. സിനിമ ഞാനും കണ്ടിരുന്നു.. പക്ഷെ ശ്യാമപ്രസാദ് അതില്‍ ആവശ്യമില്ലാതെ സീന്‍സ് നിറയ്ക്കുന്നത് പോലെ... അകലെ കണ്ടപ്പോഴും അഗ്നിസാക്ഷി കണ്ടപ്പോഴും നമുക്ക് കിട്ടുന്ന ഒരു satisfaction ഇവിടെ നഷ്ടമാകുന്നു

    ReplyDelete
  5. അരികെ എന്ന ഫിലിം എന്നാലെ കണ്ടു .ശ്യാമ പ്രസാദ്‌ നിരാശ പെടുത്തിയില്ല .ശ്യാമ പ്രസാദ്‌ സംവിധാനം ചെയ്ത എല്ലാ സിനിമകളും മികച്ച നിലവാരം പുലര്‍ത്തുന്നവയാണ് .അഗ്നി സാക്ഷിയും ഒരേ കടലും ഒന്നും മറക്കാന്‍ കഴിയില്ല .നഗര ജീവിതത്തിന്‍റെ ആഴങ്ങളില്‍ മനുഷ്യന്‍ അനുബവികുന്ന പ്രയാസങ്ങളും ദുരിതങ്ങളും സന്തോഷങ്ങളും എല്ലാം ശരിക്കും മനസ്സിലാക്കിയ ഒരാളാണ് പ്രസാദ്‌ .ഓരോ വ്യക്തിയിലെക്കും പ്രസാദിന്റെ ചിന്തകള്‍ ഇറങ്ങി ചെന്നിടുണ്ട് എന്ന് അദ്ദേഹത്തിന്റെ സിനിമകള്‍ കാണുമ്പൊള്‍ മനസ്സിലാകും .മനസ്സില്‍ തങ്ങി നില്‍കുന്ന യദാര്‍ത്ഥ പ്രണയങ്ങളെ ചിത്രീകരിക്കാന്‍ അദ്ദേഹത്തിന്റെ കഴിവ് അപാരം തന്നെ .
    ഓരോ കഥ പത്രങ്ങളും മികച്ച രീതിയില്‍ തന്നെ അവരുടെ ജോലി നിര്‍വഹിച്ചു .മമ്തയുടെ ഞാന്‍ കണ്ടത്തില്‍ വെച്ചു ഏറ്റവും നല്ല കഥ പാത്രം ഈ സിനിമയിലാണ് .ദിലീപും മികച്ച രീതിയില്‍ അഭിനയിച്ചു .ചിറ്റ എന്ന കഥ പാത്രം വളരെ വളരെ നന്നായി ഈ സിനിമയില്‍ അഭിനയിച്ചു അല്ല ജീവിച്ചു ]
    ഈ സിനിമയില്‍ ഗുരുജിയുടെ വാക്കുകള്‍ ഏതെങ്കിലും ഒരു അന്ധ വിശ്വാസിയുടെ കണ്ണു തുറപ്പികുക യാണെങ്കില്‍ അതൊരു വലിയ വിജയം തന്നെയാണ് .സാമ്പത്തിക നേട്ടത്തിന് കഥയെ വളച്ചൊടിച്ചു നശിപ്പിക്കുന്ന പ്രവണത ഇല്ലാത്ത ഒരു നല്ല സംവിധായകനാണ് ശ്യാമ പ്രസാദ്‌ .ഒരു സുഹൃത്ത് എഴുതിയത് കണ്ടു സംവിധാനം ശ്യാമ പ്രസാദ്‌ ആയത് കൊണ്ട് കാണാതെ ഇരിക്കുകയായിരുന്നു എന്ന് .താങ്കള്‍ നല്ല സിനിമകളെ സ്നേഹികുന്നെങ്കില്‍ ശ്യാമ പ്രസാദിന്റെ സിനിമകള്‍ എല്ലാം ഒന്ന് കാണാന്‍ ശ്രമിക്കുക .
    തുറന്നു പറയാത്ത പ്രണയം ഇപ്പോഴും മനസ്സില്‍ ഉള്ളത് കൊണ്ടാകാം വീണ്ടും പ്രണയിക്കണം എന്ന് തോന്നുന്നു .ശ്യാമ പ്രസാദിനും ,ഈ കുറിപ് ഇവിടെ എഴുതാന്‍ ഇത്തിരി ഇടം തന്ന പ്രവീണിനും ആശംസകള്‍

    ReplyDelete
    Replies
    1. ലാലേ ...കിടു..കലക്കി...വിശദമായ നിരീക്ഷണം...നല്ല രീതിയില്‍ തന്നെ എഴുതി അവതരിപ്പിച്ചിരിക്കുന്നു...നന്ദി ലാലി ...ഒരുപാട് നന്ദി ..

      Delete
  6. ഞാന്‍ കുറച്ചു ദിവസം മുന്‍പേ കണ്ടിരുന്നു. കണ്ടു മനസ് നിറഞ്ഞു ഒരു വലിയ റിവ്യൂ എഴുതാന്‍ കരുതിയതാണ്. അടിപൊളി ചിത്രം. എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു.

    എനിക്ക് ആദ്യമേ തന്നെ മംതയുടെ കഥാപാത്രത്തെ ഒരുപാട് ഇഷ്ടപ്പെട്ടു. സംവൃതയുടെ സ്നേഹം സത്യമായിരുന്നോ എന്ന് സംശയം തോന്നും, പക്ഷെ അവസാനം അവള്‍ എടുത്ത തീരുമാനം, അത് നല്ലതാണോ അതോ മോശമാണോ എന്ന് എനിക്ക് ഇനിയും മനസിലാകുന്നില്ല.

    അവസാന സീനില്‍ കൊണ്ടുപിടിച്ച ഒരു അവസാനിപ്പിക്കല്‍ പോലെ തോന്നി. ആ "തിരിഞ്ഞുനോട്ടം" മാത്രം മതിയാരുന്നു, എല്ലാം മനസിലാക്കാന്‍.

    സംവൃതയും മമ്തയും "ചിറ്റ"യും ഒക്കെ അഭിനയിക്കുകയല്ല, ശരിക്കും ജീവിക്കുകയായിരുന്നു ചിത്രത്തില് ... നല്ലൊരു ചിത്രം.

    ReplyDelete
    Replies
    1. അതെ. വിഷ്ണു ...ആ സിനിമയില്‍ ഒരുപാട് പേര്‍ ജീവിക്കുകയായിരുന്നു. അവസാനത്തെ രംഗങ്ങള്‍ ഒന്ന് കൂടി നല്ല രീതിയില്‍ എടുക്കാമായിരുന്നു. അതായത് കല്പ്പനയെക്കാള്‍ കൂടുതല്‍ പിരിയാന്‍ വിഷമം അനുവിനെയായിരിക്കാം , അല്ലെങ്കില്‍ അനുവിനെ ആയിരിക്കാം ഒരു പക്ഷെ താന്‍ കൂടുതല്‍ സ്നേഹിച്ചതെന്നു പറയുന്ന ശന്തനു ഒരു പൂര്‍ണതയിലാത്ത ഒരു കഥാപാത്രമായി പെട്ടെന്ന് പറഞ്ഞു അവസാനിപ്പിച്ചു.

      അതെ സമയം സ്നേഹത്തെ കുറിച്ച് ശന്തനു വിശദീകരിച്ചത് വളരെ നന്നായി . " സഹാനുഭൂതിയാണ് സ്നേഹം എന്ന് പറഞ്ഞവസാനിപ്പിക്കുന്ന ശന്തനുവിനോട് ഒന്നും പറയാതെ അകലുന്ന, യഥാര്‍ത്ഥ സ്നേഹ വിശ്വാസം കാത്തു സൂക്ഷിക്കുന്ന ഒരു നായികയെയാണ് പിന്നീട് അനുവില്‍ നമുക്ക് കാണാന്‍ സാധിക്കുന്നത്.

      പിന്നെ, വിഷ്ണു പറഞ്ഞ പോലെ കല്‍പ്പനയുടെ പ്രേമം പൊള്ളയായിരുന്നു എന്ന് പറയാനാകില്ല. കല്‍പ്പന അഗാധമായി തന്നെ ശന്തനുവിനെ സ്നേഹിക്കാന്‍ ശ്രമിച്ചിരുന്നു. പക്ഷെ, അത് ശന്തനു അവസാനം പറയുന്ന സഹാനുഭൂതി ഇല്ലാതെയാണ് എന്ന് മാത്രം. ശന്തനു കല്‍പ്പനയെ കാണാതെ ആകുമ്പോള്‍, വിഷമിക്കുന്നു, ടെന്‍ഷന്‍ അടിക്കുന്നു ...പക്ഷെ കല്‍പ്പനയെ സംബന്ധിച്ചിടത്തോളം സ്നേഹം അതായിരുന്നില്ല. സാമീപ്യത്തില്‍ കൂടി മാത്രമാണ് സ്നേഹം അനുഭവിക്കുന്നത്, പ്രണയം അവള്‍ ആസ്വദിക്കുന്നത്. അല്ലാത്ത സമയം അവള്‍ നോര്‍മല്‍ ആണ്. ശന്തനു മറിച്ച് എല്ലാ സമയത്തും കല്‍പ്പനയെ കുറിച്ച് മാത്രം ചിന്തിക്കുന്നു.

      കല്‍പ്പനയുടെ ഇടതു കാല്‍ തൊട്ടു കൊണ്ട് ശന്തനു അല്‍പ്പം സാഹിത്യ ഭാഷയില്‍ കൂടി തനിക്കു പലപ്പോഴും ആ ചെറു വിരല്‍ മുറിച്ചെടുക്കാന്‍ തോന്നാറുണ്ട് എന്ന് പറയുമ്പോള്‍ കല്‍പ്പന അതെല്ലാം വീക്ഷിച്ചിരുന്നത്‌ മറ്റൊരു തലത്തില്‍ നിന്നായിരിക്കാം എന്ന സൂചനയോടെയാണ് കല്‍പ്പന അവസാനം വികൃതമായ ചെറു വിരല്‍ മറച്ചു വച്ച് കൊണ്ട് അനുവിനോട് "അതൊന്നും നിനക്ക് പറഞ്ഞാല്‍ മനസിലാകില്ല " എന്ന് പറയുന്നത് .

      കല്‍പ്പനയുടെ സ്നേഹം അല്ല യാഥാര്‍ത്ഥ്യം എന്ന് തന്നെയാണ് സിനിമ പറയുന്നത്. അവള്‍ എടുത്ത തീരുമാനം അവള്‍ക്കു നല്ലത് തന്നെയായിരുന്നു...സംശയമില്ല. ശന്തനുവിനെ പോലൊരു നിഷ്ക്കളങ്കനെ അവള്‍ അര്‍ഹിക്കുന്നില്ല.

      Delete