Saturday, September 29, 2012

Barf! -ഓസ്ക്കാര്‍ വരെ എത്തേണ്ട സിനിമയാണോ ?


'Kites' എന്ന സിനിമയ്ക്കു ശേഷം അനുരാഗ് ബസു രചനയും സംവിധാനവും വഹിച്ച സിനിമയാണ് ബര്‍ഫി. റിലീസ് ചെയ്ത ആദ്യ ആഴ്ച കൊണ്ട് തന്നെ പ്രേക്ഷക ശ്രദ്ധ ആകര്‍ഷിക്കുകയും ബോക്സോഫീസില്‍ സാമ്പത്തികമായി വിജയം കൈവരിക്കുകയും ചെയ്തിരുന്നു ഈ സിനിമ. മാത്രവുമല്ല, ഈ വര്‍ഷത്തെ ഓസ്കാര്‍ അവാര്‍ഡിനുള്ള ഇന്ത്യയുടെ ഔദ്യോഗിക നാമ നിര്‍ദേശം ഈ സിനിമക്കാണ്  ലഭിച്ചത്. കാര്യങ്ങള്‍ ഇത്രയൊക്കെയായ സ്ഥിതിക്ക് ഇന്ത്യാക്കാരായ നമ്മള്‍ ഈ സിനിമ കണ്ടില്ല എന്ന് പറഞ്ഞാല്‍ മോശമല്ലേ ?  

 ജന്മം കൊണ്ട് തന്നെ   ബധിരനും മൂകനുമാണ് ബര്‍ഫി (രണ്ബീര്‍ കപൂര്‍). അമ്മയുടെ മരണ ശേഷം ഡ്രൈവറായ അച്ഛനാണ് ബര്‍ഫിയെ വളര്‍ത്തുന്നത്. ബര്‍ഫി ആളിങ്ങനെയൊക്കെ ആണെങ്കിലും പലര്‍ക്കും ഇവനൊരു തലവേദനയാണ്. പ്രത്യേകിച്ച് പോലീസുകാര്‍ക്ക്. ബര്‍ഫിയുടെ ജീവിതത്തില്‍ അവിചാരിതമായി കടന്നു വരുന്ന പെണ്ണാണ് ശ്രുതി ഘോഷ് /സെന്‍ ഗുപ്ത (ഇല്ല്യാന ഡിക്രൂസ്). ബര്‍ഫിയുടെ കുസൃതിയും, പ്രണയവും, ജീവിതവുമാണ് സിനിമയെ ആദ്യ ഭാഗങ്ങളില്‍ മുന്നോട്ടു നയിക്കുന്നത്. പക്ഷെ ഇതിനിടയില്‍ കഥയിലേക്ക്‌ കടന്നു വരുന്ന ബര്‍ഫിയുടെ ബാല്യകാല സഖി ജില്‍മില്‍ ചാറ്റര്‍ജി (പ്രിയങ്കാ ചോപ്ര) സിനിമയെ മറ്റൊരു വഴിക്ക് നയിക്കുന്നു. ജില്‍മില്‍, ഓട്ടിസം ബാധിച്ച ഒരു പെണ്‍കുട്ടി ആയതു കൊണ്ട് കാലങ്ങളോളം  വീട്ടില്‍ നിന്നും അകലെയുള്ള ഒരു ട്രസ്റ്റിനോട് ബന്ധപ്പെട്ടുള്ള സ്പെഷ്യല്‍ കെയര്‍ സെന്റെറില്‍ ആണ് താമസം. ജില്‍മിലിന്റെ വരവിനു ശേഷം  ബര്‍ഫിയുടെ ജീവിതത്തില്‍ നടക്കുന്ന സംഭവ വികാസങ്ങളാണ് തുടര്‍ന്നങ്ങോട്ട് സിനിമയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന പ്രധാന ഭാഗം. മൂന്നു കാലഘട്ടത്തില്‍ (1972, 1978, present) കൂടിയാണ് സിനിമ സഞ്ചരിക്കുന്നത്. കല്‍ക്കത്തയും ഡാര്‍ജിലിങ്ങും പ്രധാന ലൊക്കേഷനായി തിരഞ്ഞെടുത്തു കൊണ്ടാണ് സിനിമയില്‍ കഥ പുരോഗമിക്കുന്നത്.

ഒരു റൊമാന്റിക്‌ കോമഡി എന്ന സങ്കല്‍പ്പത്തിലാണ് സിനിമ, പ്രേക്ഷകനെ കഥയിലേക്ക്‌ ക്ഷണിക്കുന്നത് എങ്കില്‍ കൂടി പലയിടങ്ങളിലും ലോജിക്കായി ചിന്തിക്കേണ്ട അവസ്ഥ പ്രേക്ഷകന് വരുന്നുണ്ട്. മാത്രവുമല്ല, നായകന്‍ ബധിരനും മൂകനും ആയത്  കൊണ്ട് ആശയ വിനിമയങ്ങളില്‍ ആംഗ്യ  ഭാഷയുടെ സ്ഥാനം വളരെ വലുതാണ്‌..,. ഇത് പലപ്പോഴും കഥയില്‍ ഒരു ഇഴച്ചില്‍ സൃഷ്ട്ടിക്കുന്നുണ്ട്. പ്രകടന നിലവാരം കൊണ്ട് രണ്ബീര്‍ കപൂറും പ്രിയങ്കാ ചോപ്രയും പ്രേഷക സമൂഹത്തെ അതിശയിപ്പിക്കുന്നുവെങ്കിലും മേല്‍പ്പറഞ്ഞ ആശയ വിനിമയ ഭാഗങ്ങള്‍ ചില രംഗങ്ങളില്‍ അധികമായി (കഥക്ക് ആവശ്യമെങ്കിലും) പോയോ എന്ന് ചില പ്രേക്ഷകര്‍ക്കെങ്കിലും തോന്നിയേക്കാം. 

ജീവിതത്തോടും പ്രണയത്തോടും യാഥാര്‍ത്ഥ്യത്തോടുമുള്ള   ചില കഥാപാത്രങ്ങളുടെ കാഴ്ചപ്പാടുകള്‍ സിനിമയില്‍ ശ്രദ്ധേയമാണ്. ബധിരനും മൂകനുമായ യുവാവിനോട് പ്രണയം തോന്നുന്ന വേളയില്‍ ശ്രുതിയുടെ അമ്മ അവളെ ഉപദേശിക്കുന്ന രീതി വ്യത്യസ്തവും ചിന്തനീയവുമായിരുന്നു. അതിനെല്ലാം ശേഷം മറ്റൊരാളെ വിവാഹം കഴിച്ചു ജീവിക്കുന്നതിനിടയില്‍ പോലും തന്‍റെ പഴയ പ്രണയത്തെ കുറിച്ച് ശ്രുതി സ്മരിക്കുന്നുണ്ട്. തന്‍റെ വിവാഹ ജീവിതത്തിലൂടെ തനിക്കുണ്ടായ അനുഭവ പരിചയം,  അമ്മ പണ്ട് പറഞ്ഞു തന്ന തത്വത്തിനോട് മുഖം തിരിച്ചു നില്‍ക്കുന്ന ഒന്നാണ് എന്ന് ബോധ്യപ്പെട്ട ശ്രുതി  ജീവിതത്തെ കുറിച്ച് ആധികാരികമായി തന്നെ അമ്മയോട് സംസാരിക്കുന്നതും ശ്രദ്ധേയമാണ്.  


ജില്‍മിലിന്റെ പ്രണയം സിനിമയില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട ഒരു വിഷയമാണ്. ബധിരനും മൂകനുമായ ബര്‍ഫി തന്‍റെ പോരായ്മകള്‍ മറന്നു കൊണ്ടാണ് ശ്രുതിയെ സ്നേഹിക്കാന്‍ തുനിഞ്ഞത് എങ്കില്‍ , ജില്‍മില്‍ ഒരിക്കലും അങ്ങിനെയൊരു സാഹസത്തിനു മുതിരുന്നില്ല. തന്‍റെ പോരായ്മകളെ ഏറ്റവും കൂടുതല്‍ അടുത്തറിഞ്ഞ ബര്‍ഫിയോട് അവള്‍ക്കു പ്രണയം തോന്നിയെങ്കില്‍ അതിനെ ഒരിക്കലും കുറ്റം പറയാനാകില്ല. അതെ സമയം, ശ്രുതിയുടെയും ബര്ഫിയുടെയും ഇടയില്‍ നിലനിന്നിരുന്ന പ്രണയത്തിനു വിഘാതമായി ആദ്യമേ വന്നത് ബര്ഫിയുടെ ബധിരതയും മൂകതയുമാണ്. സ്വന്തം അമ്മയില്‍ നിന്നും കിട്ടിയ വിലയേറിയ നിര്‍ദ്ദേശം ഒരു മകളെന്ന നിലയില്‍ ശ്രുതി അനുസരിക്കുന്നുവെങ്കിലും പ്രണയത്തിലെ വിട്ടു വീഴ്ചയും ത്യാഗവും ഏതൊരാളെയും പോലെ അവളെയും എന്നും വേദനിപ്പിച്ചു കൊണ്ടേയിരിക്കുന്നു. തിരസ്ക്കരിക്കപ്പെട്ട പ്രണയത്തെ കുറിച്ച് ബര്‍ഫി ഒരിക്കലും അസ്വസ്ഥനാകുന്നില്ല. അതെ സമയം താന്‍ യഥാര്‍ത്ഥത്തില്‍  സ്നേഹിക്കപ്പെട്ടത്‌ ജില്‍മിലില്‍ നിന്നാണ് എന്ന സത്യം അവളുടെ അഭാവം അവനെ മനസിലാക്കി കൊടുക്കുകയും അതില്‍ അസ്വസ്ഥനാകുകയും ചെയ്യുന്നുമുണ്ട്. 

അനുരാഗ് ബസു മറ്റ് പല ചിത്രങ്ങളില്‍ നിന്നും കോപ്പി പെയ്സ്റ്റ് ചെയ്താണ് ഈ സിനിമ ഉണ്ടാക്കിയിരിക്കുന്നത് എന്ന വാദം ശരിയായാല്‍ തന്നെ അദ്ദേഹത്തിന്‍റെ സംവിധാന മികവിനെ അഭിനന്ദിച്ചേ പറ്റൂ. കാരണം അത്രക്കും മനോഹരമായ ഈച്ച കോപ്പിയടിയിലൂടെയാണ് ഓരോ സീനും തന്‍റെ സിനിമയിലേക്ക് മറ്റൊരു കഥാ പശ്ചാത്തലത്തിലെക്കെന്ന നിലയില്‍ പകര്‍ത്തിയിരിക്കുന്നത്.  

അനുരാഗ് ബസുവിന്റെ മുന്‍കാല ചിത്രങ്ങള്‍ ശ്രദ്ധിച്ചാലും ഇത് പോലെ പലതും കണ്ടു പിടിക്കപ്പെട്ടെക്കാം.  കഥാ പാത്രങ്ങളുടെയും, കഥാ പശ്ചാത്തലത്തിന്‍റെയും പുതുമയില്‍ കൂടി തന്‍റെ സിനിമകളെ വ്യത്യസ്തമാക്കാന്‍ ശ്രമിക്കുന്നതിനിടയിലെ  വ്യഗ്രതയില്‍ ഒരു സംവിധായകനു പറ്റിയ കയ്യബദ്ധമായി ഈ കോപ്പിയടിയെ പ്രേക്ഷകര്‍ നോക്കി കാണാന്‍ ശ്രമിക്കുമായിരിക്കാം . ഈ കുറഞ്ഞ കാലയളവില്‍ സിനിമയെ ചുറ്റി പറ്റി ഇത്തരം വിവാദങ്ങള്‍ ഉണ്ടാകുമായിരുന്നില്ല എങ്കില്‍  കൂടി ഒരിക്കലും ഓസ്കാര്‍ നോമിനേഷന്‍ വരെ എത്തിപ്പെടാന്‍ തരത്തിലുള്ള ഒരു മികവും   ഈ സിനിമയ്ക്കു അവകാശപ്പെടാനില്ല എന്ന സത്യം കൂടി ഇതിനോടൊപ്പം   ഓര്‍മിപ്പിക്കട്ടെ.

ആകെ മൊത്തം ടോട്ടല്‍ = പ്രകടന നിലവാരം കൊണ്ടും അവതരണ രീതി  കൊണ്ടും പുതുമ നിലനിര്‍ത്തിയ ഒരു സിനിമ. ഒന്ന് കണ്ടെന്നോ കണ്ടില്ലെന്നോ വിചാരിച്ചു ഒരു നഷ്ടവും വരുത്താത്ത സിനിമ. 

*വിധി മാര്‍ക്ക്‌ = 7/10
-pravin-

16 comments:

  1. ഓസ്ക്കാര്‍ അവാര്‍ഡൊക്കെ ഇപ്പോള്‍ പെട്ടിക്കടയില്‍ വാങ്ങാന്‍ കിട്ടുമോ? ഈ പടം അയക്കുന്നു എന്ന് കേട്ടപ്പോള്‍ തോന്നിയ ഒരു സംശയം

    ReplyDelete
    Replies
    1. ഹാ..ഹ...കാര്യങ്ങളുടെ പോക്ക് ഏകദേശം അങ്ങിനെയൊക്കെയാണ് ....

      Delete
  2. അല്ലാ. അല്ലെങ്കിലിപ്പോ ഏത് പടാ അയക്കാൻ പറ്റിയതുള്ളത്....

    ReplyDelete
  3. Appo Abudhabi poyath ithinokke aanu alle?.....Paniyonnum illa alle....hmmm:D

    ReplyDelete
  4. രണ്ബീറിന്റെയും , പ്രിയങ്കയുടെയും അഭിനയവും, സംവിധാനവും തന്നെയാണ് ഈ സിനിമയിലെ ഹൈലൈറ്റ്. ഇഴച്ചില്‍ അനുഭവപ്പെട്ടെങ്കിലും, സംഭവം എനിക്ക് ഇഷ്ടമായി :)

    ReplyDelete
    Replies
    1. അതെ ..സിനിമ എനിക്കും ഇഷ്ടായി ..രണ്ബീർ , പ്രിയങ്ക എല്ലാരും നന്നായി ..

      Delete
  5. ആദ്യം പ്രിയന്‍ ...പ്രിയന്‍ സിനിമ പിന്നെ മതി ഇത് :)

    ReplyDelete
  6. ഇതിന്റെ പാട്ടും, റീലുകളെല്ലാം കുറേ കണ്ടു, സിനിമയും കാണണം

    ReplyDelete
    Replies
    1. അത് ശരി ..അപ്പൊ ഇത് വരെ കണ്ടിട്ടില്ലേ ..

      Delete
  7. നല്ല പടം..ഓസ്കാറിനു അയക്കാനുള്ള പ്രത്യേകതകളൊന്നും ഇല്ലെങ്കിലും സാദാ തട്ടുപൊളിപ്പന്‍ സിനിമകളില്‍ നിന്നും ഒരു വ്യത്യസ്തമായ അവതരണമായിരുന്നു.
    തുടക്കത്തിലേ ചില രംഗങ്ങള്‍ ചാര്‍ളിചാപ്ലിന്‍ സിനിമകളുടെ അനുകരണമാണോ എന്ന് തോന്നിപ്പോകും.
    എന്തൊക്കെ ആയാലും രണ്ബീരും പ്രിയങ്കയും മികച്ച പ്രകടനം കാഴ്ചവെച്ചു എന്ന് തന്നെ പറയാം .

    ReplyDelete
  8. ഇത്രയും ഭൂലോക ചളി പടം ഇതുവരെ കണ്ടിട്ടില്ല.

    ReplyDelete
    Replies
    1. ഹി ഹി ... ബഹു ജനം പല വിധം ..പല അഭിപ്രായം ,,അത്ര മാത്രം ..

      Delete