Monday, September 3, 2012

ആകാശത്തിന്‍റെ നിറം


ഡോക്ടര്‍ ബിജു രചനയും സംവിധാനവും നിര്‍വഹിച്ച നാലാമത്തെ സിനിമയാണ് 'ആകാശത്തിന്‍റെ നിറം'.  ജൂണ്‍ 2012 ഇല്‍ റിലീസായ ഈ സിനിമ കുറഞ്ഞ കാലയളവിനുള്ളില്‍ അന്തര്‍ദേശീയ തലത്തിലും സംസ്ഥാന തലത്തിലും ശ്രദ്ധിക്കപ്പെട്ടിരുന്നു. 

കരകൌശല വസ്തുക്കള്‍ വില്‍ക്കാനും മറ്റ് സാധനങ്ങള്‍ വാങ്ങാനും  വേണ്ടി ദൂരെയുള്ള ഏതോ ദ്വീപില്‍ നിന്നും ബോട്ടോടിച്ച് ഹാര്‍ബറില്‍ വന്നു പോകുന്ന  വൃദ്ധനെ ദിവസങ്ങളായി  നിരീക്ഷിച്ചു കൊണ്ടിരിക്കുകയായിരുന്നു  ഒരു ചെറുപ്പക്കാരന്‍.,.പോക്കറ്റടി തൊഴിലായി കൊണ്ട് നടക്കുന്ന ഈ ചെറുപ്പക്കാരന്‍,    ഒരു ദിവസം പതിവ് പോലെ തന്‍റെ കര കൌശല വസ്തുക്കള്‍ വിറ്റ ശേഷം കിട്ടിയ പണവുമായി ബോട്ടില്‍ കയറി പോകാനൊരുങ്ങുന്ന വൃദ്ധനെ ഭീഷണിപ്പെടുത്തുന്നു.  ചെറുപ്പക്കാരന് ബോട്ട് നിയന്ത്രിക്കാനും നീന്താനും അറിയില്ല എന്ന് മനസിലാക്കിയ വൃദ്ധന്‍ അയാളുടെ ഭീഷണിക്ക് മുന്നില്‍ പതറാതെ അയാളെയും കൊണ്ട് തന്‍റെ താമസ സ്ഥലത്തേക്ക് ബോട്ടോടിച്ച് പോകുന്നു. വൃദ്ധനോട് കൂടി ദ്വീപിലെത്തുന്ന ചെറുപ്പകാരന്‍ അവിടെ ഒരു കൊച്ചു പയ്യനെയും ഒരു യുവതിയെയും മറ്റൊരു തടിമാടന്‍ സേവകനേയും കാണുന്നു. ആ ദ്വീപില്‍ മാറ്റൊരു താമസക്കാരെയോ ജനങ്ങളെയോ കാണാതെ എന്ത്  ചെയ്യണം എന്നറിയാതെ കുഴയുന്ന ചെറുപ്പക്കാരന്‍ പിന്നീട് വൃദ്ധനെ പറ്റി മനസിലാക്കിയെടുക്കുന്ന വസ്തുതകളും പുതിയ നിയോഗങ്ങളെ കുറിച്ചുമാണ്  സിനിമയുടെ ശിഷ്ട ഭാഗം പറഞ്ഞു പോകുന്നത്. 

വൃദ്ധനായി നെടുമുടി വേണുവും, ചെറുപ്പക്കാരനായി ഇന്ദ്രജിത്തും, ദ്വീപിലെ സഹവാസികളായി അമല പോളും, അനൂപ്‌ ചന്ദ്രനും സിനിമയിലെത്തുന്നു. പ്രിഥ്വിരാജ്  ശ്രദ്ധേയമായ അതിഥി താരവേഷവും ചെയ്തിരിക്കുന്നു. 

ഡോക്ടര്‍ ബിജുവിന്‍റെ മുന്‍കാല സിനിമകളുടെ  പ്രത്യേകതകള്‍ ഈ സിനിമയിലും  ദര്‍ശനീയമാണ്. പേരുകളില്ലാത്ത കഥാപാത്രങ്ങള്‍ സിനിമയില്‍ ഒഴുകി നടക്കുന്നു.  ബിജുവിന്‍റെ സിനിമകളില്‍ പ്രകടമാകുന്ന മറ്റൊരു കാര്യം, ജപ്പാനീസ്- കൊറിയന്‍ സിനിമകളുടെ സ്വാധീനമാണ്. സംഭാഷണങ്ങളെക്കാള്‍ കൂടുതല്‍ പ്രാധാന്യം രംഗങ്ങള്‍ക്കും കഥാപാത്ര ചലനങ്ങള്‍ക്കും സംവിധായകന്‍ പകുത്തു കൊടുത്തിരിക്കുന്നു. ഇത് കൊണ്ട് തന്നെ പലപ്പോഴും കഥ പറഞ്ഞു പോകുന്നിടത്ത് വല്ലാത്തൊരു ഇഴയല്‍ പ്രേക്ഷകന് അനുഭവപ്പെടുന്നുണ്ട്.  

സിനിമയിലെ ഓരോ രംഗങ്ങള്‍ക്കും  അത് പോലെ കഥാപാത്ര മാനറിസങ്ങള്‍ക്കും അതിര് കവിഞ്ഞ പ്രസക്തി കൊടുക്കുന്നതില്‍ കൂടി സംവിധായകന്‍  പ്രേക്ഷകന്‍റെ ആസ്വാദനത്തെ പലയിടത്തും സമയദൈര്‍ഘ്യത്താല്‍ ഹനിച്ചിരിക്കുന്നു എന്ന് പറയേണ്ടി വരും.    ചുരുങ്ങിയ സമയം കൊണ്ട്  മനോഹരവും ഹൃദ്യവുമായൊരു   സന്ദേശം സിനിമയിലൂടെ അവതരിപ്പിക്കാന്‍ സാധിക്കുമായിരുന്നിട്ടും സംവിധായകന്‍ അതിനൊന്നും മുതിരാതെ വലിച്ചു നീട്ടിയ രംഗങ്ങളാല്‍ കഥ പറയാന്‍ ശ്രമിച്ചിരിക്കുന്നു. സിനിമയ്ക്കു കിട്ടേണ്ടിയിരുന്ന പ്രേക്ഷക സ്വീകാര്യത ഇത് മൂലം നഷ്ട്ടപ്പെടുന്നു എന്നതില്‍ തര്‍ക്കമില്ല. 

സിനിമ പറഞ്ഞവസാനിപ്പിക്കുന്നത്  വൃദ്ധനിലൂടെയാണ്. പ്രേക്ഷകനെ പല തരത്തില്‍ ചിന്തിപ്പിക്കാന്‍ ശേഷിയുള്ള ആ വാചകങ്ങള്‍ ഇപ്പോഴും ധ്വനിച്ചു കൊണ്ടേയിരിക്കുന്നു . 

 " ആകാശത്തിന്‍റെ നിറം അങ്ങിനെയാണ്. ചിലപ്പോള്‍ നീല, ചിലപ്പോള്‍ ചുവപ്പ്, ചിലപ്പോള്‍ വെള്ള ..ഇനി കണ്ണടച്ച് കൊണ്ടൊന്നു നോക്കിയാലോ.. ആകാശത്തിന് ഓരോ സമയത്തും ഓരോ നിറങ്ങളാണ് ..ചിലപ്പോള്‍ എല്ലാ നിറങ്ങളും ഒന്നിച്ച്..ചിലപ്പോള്‍ നിറങ്ങള്‍ ഇല്ലാതെ ..പക്ഷെ കണ്ണടച്ച് കൊണ്ട് വിചാരിച്ചാല്‍ ആകാശത്തിനു ഏതു നിറവും കൊടുക്കാം. ഏറ്റവും മനോഹരമായ നിറം സങ്കല്‍പ്പിച്ചാല്‍ ജീവിതവും നിറമുള്ളതായി  തീരും. മനസ്സില്‍ നിന്നും നിറങ്ങള്‍ മാഞ്ഞു പോയാല്‍, ജീവിതത്തിനും നിറം ഉണ്ടാകില്ല."

ആകെ മൊത്തം ടോട്ടല്‍ = സിനിമയെ ഇഴച്ചു വലിച്ചു അവതരിപ്പിക്കാന്‍ ശ്രമിച്ചു എന്ന കുറ്റം ഒഴിവാക്കിയാല്‍ നല്ല കലാമൂല്യവും സന്ദേശവും അടങ്ങിയ ഒരു നല്ല സിനിമ.  

*വിധി മാര്‍ക്ക്‌ = 6.5/10 
-pravin- 

16 comments:


 1. “ആകാശത്തിന്‍റെ നിറമെന്താ..?
  നീല..
  ഊം..?
  ചിലപ്പോ ചുവപ്പ്..
  പിന്നെ..?
  ചിലപ്പോ വെള്ള..
  ഇനി കൈ കൊണ്ട് കണ്ണൊന്ന് പൊത്ത്യേ.. ഇപ്പൊ എന്താ നിറം..?
  ............................................
  ...........................................

  മനസ്സില്‍ നിന്ന് നിറങ്ങള്‍ മാഞ്ഞ് പോയാല്‍ ജീവിതത്തിനും നിറമില്ലാതായിത്തീരും..“

  ഈ വരികള്‍ ഈ സിനിമ കാണാന്‍ കൊതിപ്പിച്ചിരുന്നു എന്നെ..
  ഇന്നലെയാ കാണാന്‍ അവസരമൊത്തത്..
  ഇത്തിരി വലിച്ച് നീട്ടിയാണെങ്കിലും നല്ലൊരു ആശയം പറഞ്ഞിരിക്കുന്നു ഈ സിനിമ.
  നല്ല സിനിമ എന്ന് പറഞ്ഞാല്‍ കമേഷ്യല്‍ ചട്ടക്കൂടില്‍ നിന്ന് ഒരു പ്രത്യേക അകലം പാലിക്കണമെന്ന് നമ്മുടെ സമാന്തര സിനിമാക്കാര്‍ പഠിച്ച് വെച്ചിരിക്കുന്നു എന്ന് തോന്നുന്നു.. ഒരിത്തിരി ഇഴച്ച് കഥ പറയുന്നത് കണ്ടാല്‍ അങ്ങിനെ തോന്നും..
  മനോഹരമായ ലൊക്കേഷന്‍...
  നല്ല സിനിമാട്ടോഗ്രഫി..
  നല്ല നടന്മാര്‍..
  നല്ല കഥ..
  എന്നിട്ടും സിനിമ ഇഴയുന്നുണ്ടേല്‍ അത് സം‌വിധായകന്റ്റെയും , തിരക്കതാ കൃത്തിന്റ്റേയും ചെവിക്ക് പിടിക്കാത്ത്തത് കൊണ്ട് തന്നെയാണ്.

  യൂട്യൂബില്‍ സിനിമ കാനുന്നവര്‍ക്ക് ഈ സിനിമ ഞാന്‍ സജസ്റ്റ് ചെയ്യാം..
  സാധനം വന്നിട്ടുണ്ട്.. തിയ്യറ്ററില്‍ ഇത് എവിടേലും ഇനി കാണോന്ന് സംശയാണ്..
  എന്തായാലും ആര്‍ക്കും അത്ര വലിയ സമയ നഷ്ടമൊന്നും ഉണ്ടാക്കില്ല ഈ സിനിമ.

  ഈ സിനിമ ഞാന്‍ കാണാന്‍ കാരണക്കാരന്‍ നീയാണ് പ്രവീണ്‍..
  നിന്‍റെ ബ്ലോഗ് വന്നപ്പോള്‍ മനസ്സിലായി യുട്യൂബില്‍ വന്നിട്ടുണ്ടെന്ന്..
  നന്ദി.
  :)

  ReplyDelete
  Replies
  1. ഹ..ഹ..സമീരാ...ഇത് വായിച്ച ശേഷം സിനിമ കണ്ടതിനും വിശദമായ നിരീക്ഷണം പങ്കു വച്ചതിനും ഒരുപാട് നന്ദി.

   സമീരന്‍ പറഞ്ഞതിനോട് യോജിക്കുന്നു. ബിജുവിന്റെ ചെവിക്കു പിടിക്കാന്‍ ഒരാള് വേണമായിരുന്നു ...

   പിന്നെ ഞാന്‍ യു ടുബില്‍ നിന്നോ, മറ്റ് ഓണ്‍ ലൈന്‍ സൈറ്റുകളില്‍ നിന്നോ സിനിമകള്‍ കാണാറില്ല ട്ടോ. എനിക്ക് വീട്ടില്‍ ഒരു വീഡിയോ ഗാലറി തന്നെയുണ്ട്‌. ഇവിടെ അതിനു സൌകര്യമില്ലാത്തത് കാരണം ഡൌണ്‍ ലോഡ് ചെയ്തു ഹാര്‍ഡ് ഡിസ്കില്‍ സൂക്ഷിച്ച് വക്കുകയും കാണുകയും ചെയ്യുന്നു എന്ന് മാത്രം. തിയേറ്ററില്‍ വരുന്നത് അവിടെ പോയും കാണും.

   Delete
 2. കുറച്ചു കാലമായി കണ്ഫ്യൂഷന് ആയിരുന്നു കാണണോ വേണ്ടയോ എന്ന്. എന്തായാലും കലാമൂല്യമുള്ള ചിത്രമാണെന്ന് മനസിലായി. പക്ഷെ വലിച്ചുനീട്ടല്‍ ...?

  അതുകൊണ്ട് എന്നെങ്കിലും അങ്ങേയറ്റം ബോറടിച്ചു പണ്ടാരമടങ്ങി ഇരിക്കുമ്പോള്‍ കാണാം. അതാ നല്ലത്.

  ReplyDelete
  Replies
  1. ഹ..ഹ..വിഷ്ണൂ.. ബോറടിച്ചു പണ്ടാരമടങ്ങി ഇരിക്കുമ്പോള്‍ ഇതും കൂടിയങ്ങ്‌ കണ്ടാല്‍ നിന്റെ കാര്യത്തില്‍ ഒരു തീരുമാനമാകും..

   Delete
 3. ഞാനീ ചിത്രം കാണണമെന്ന്‍ കരുതിയതാണു. ഡൌണ്‍ ലോഡ് ചെയ്യണം ഇന്നു തന്നെ..

  ReplyDelete
  Replies
  1. കാണൂ..കണ്ടിട്ട് അഭിപ്രായം പറയൂ. ഡൌണ്‍ ലോഡ് ചെയ്തവര്‍ മുഴുവനും മിക്കവാറും ഒരേ ലോക്കപ്പില്‍ തന്നെ ആയാല്‍ മതിയായിരുന്നു..ഈശ്വരാ..കാത്തോളണമേ

   Delete
 4. ഞാന്‍ കണ്ടു .ഇഷ്ടപ്പെട്ടു .പക്ഷെ എവിടെയോ കുറച്ചു ഇഴച്ചില്‍ ,മിസ്സിംഗ്‌ ലിങ്ക്സ്..എന്നാലും അകെ മൊത്തം ടോട്ടല്‍ കുഴപ്പമില്ല .

  ReplyDelete
  Replies
  1. അതെ...ആ ഇഴച്ചില്‍ മാത്രമാണ് സിനിമയുടെ പോരായ്മ. ആശയപരമായി സിനിമ മുന്നിട്ടു തന്നെ നിന്നിരുന്നു. ബിജുവിന്റെ അടുത്ത പടത്തില്‍ തീര്‍ച്ചയായും ഈ പോരായ്മ മാറ്റപ്പെടും എന്ന് തന്നെ പ്രതീക്ഷിക്കാം.

   നന്ദി ഹര്‍ഷ , ഈ സിനിമയോടുള്ള താങ്കളുടെ നിരീക്ഷണം പങ്കു വച്ചതിന്.

   Delete
 5. കാണണം. ഡിവിഡി ഇറങ്ങുമായിരിക്കും അല്ലെ. ഇനിയിപ്പൊ ഡൊണ്‍ലോഡ് ചെയ്ത് ജെയിലില്‍ പോകാനൊന്നും വയ്യ. യു ട്യൂബില്‍ കണ്ടാലും അകത്താക്കുമൊ..

  ReplyDelete
  Replies
  1. ഡി .വി. ഡി ഇറങ്ങി എന്നാണു തോന്നുന്നത്. ജയിലില്‍ നല്ല താമസവും ഭക്ഷണവും സര്‍ക്കാര്‍ തരുമെന്ന ഉറപ്പുണ്ടെങ്കില്‍ മാത്രം ഡൌണ്‍ ലോഡ് ചെയ്യുക .

   Delete
 6. പ്രവീണ്‍ ഒരു ടോര്രെന്റ്റ്‌ സിനിമ നിരൂപകന്‍ ആകുന്നോ എന്ന് സംശയം. ഞാനും കണ്ടു പടം. ഇഴച്ചില്‍ ഒഴിവാക്കിയാല്‍ നല്ല സിനിമ.

  ReplyDelete
  Replies
  1. ഹ..ഹ...തിയേറ്ററില്‍ നിന്നും കാണാന്‍ സാധിക്കാതെ പോകുന്ന പടങ്ങളും മറ്റുമാണ് ഡി വി ഡി എടുത്തും ഓണ്‍ ലൈനിലും എല്ലാം കാണുന്നത്. തിയറ്ററില്‍ പോയി കണ്ട സിനിമകള്‍ ഒരുപാടുണ്ടല്ലോ ഈ ബ്ലോഗില്‍ തന്നെ. ഈ മാസം തന്നെ നാലെണ്ണം കണ്ടു കഴിഞ്ഞു ...ഇനി പുതിയത് കാണാന്‍ തിയെട്ടരിലും വരണമല്ലോ ... അത് വരെ കയ്യില്‍ കിട്ടുന്ന സിനിമകള്‍ മൊത്തം കാണും. കാണുന്ന സിനിമകളെ കുറിച്ചൊക്കെ സമയം പോലെ എഴുതും എന്ന് മാത്രം..

   ഈ സിനിമയൊക്കെ തിയേറ്ററില്‍ വന്നു പോലും കണ്ടില്ല.

   Delete
 7. കണ്ടിട്ട് വരാം.

  ReplyDelete
  Replies
  1. എന്നാല്‍ കണ്ടിട്ട് വരൂ ..

   Delete