Saturday, December 15, 2012

Black Beauty


Anna Sewell എന്ന ഇംഗ്ലീഷ് എഴുത്തുകാരിയുടെ വളരെ പ്രസിദ്ധമായ ഒരു നോവലാണ്  'ബ്ലാക്ക്‌ ബ്യൂട്ടി '. 1877 ഇല്‍ പബ്ലിഷ് ചെയ്യപ്പെട്ട ഈ നോവല്‍ പല കാലഘട്ടങ്ങളിലായി അഭ്രപാളികളില്‍ ദൃശ്യ രൂപത്തില്‍ വന്നു പോയിരുന്നു .അവസാനമായി 1994 ഇല്‍  Caroline Thompson ന്‍റെ സംവിധാന സംരംഭത്തിലാണ്  'ബ്ലാക്ക്‌ ബ്യൂട്ടി' എന്ന പേരില്‍ വീണ്ടും ഇതേ നോവല്‍ സിനിമയാകുന്നത്. 

ബ്ലാക്ക്‌ ബ്യൂട്ടി ഒരു ആണ്‍ കുതിരയുടെ ആത്മകഥയാണ്. ഫാം ഹൌസില്‍ ജനിച്ചു വീഴുന്ന കറുത്ത് മിനുങ്ങുന്ന ദേഹമുള്ള കുട്ടിക്കുതിര അതിന്‍റെ വളര്‍ച്ചയുടെ ആദ്യ ഘട്ടത്തില്‍ സ്വന്തം അമ്മയുടെ കൂടെ കളിച്ചു വളരുന്നു. പിന്നീട് ഫാം ഉടമസ്ഥന്‍ കുതിരയെ മറ്റൊരു കുടുംബത്തിനു കൈമാറുന്നു.  മകനെ  പിരിയുന്ന സമയത്ത് വിഷമിക്കുന്നുണ്ടെങ്കിലും അമ്മക്ക്  ഒരു കാര്യംഉറപ്പായിരുന്നു. സ്നേഹനിധിയായ തങ്ങളുടെ ഉടമസ്ഥന്‍ നല്ലൊരു വ്യക്തിക്ക് മാത്രമേ  മകനെ കൈമാറുകയുള്ളൂ. ആ വിശ്വാസം അവര്‍ക്ക് രണ്ടു പേര്‍ക്കും  വലിയൊരു ആശ്വാസവുമായിരുന്നു. 

പുതിയ  സ്ഥലവും പരിസരവുമായി കുതിര പെട്ടെന്ന് ഇണങ്ങുന്നു.  കൂടെയുള്ള മറ്റു കുതിരകളുമായി വല്ലാത്തൊരു അടുപ്പം 'ബ്ലാക്ക്‌ ബ്യൂട്ടി ' എന്ന് നാമകരണം ചെയ്യപ്പെട്ട ഈ കുതിരക്കുണ്ടാകുന്നു. അധികം വൈകാതെ തന്നെ ആ കുടുംബത്തിലെ എല്ലാവരുടേയും  പ്രിയപ്പെട്ട കുതിരയെന്ന  സ്ഥാനവും ഇവന്‍ സ്വന്തമാക്കുന്നു. പക്ഷെ , ബ്ലാക്ക് ബ്യൂട്ടിക്ക് അധിക കാലം അവിടെയും തുടരനാകുന്നില്ല. ഒരു ഉടമസ്ഥനില്‍ നിന്നും മറ്റൊരു ഉടമസ്ഥനിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന ഒരു വ്യവഹാര വസ്തു മാത്രമായി അവന്‍ മാറുന്നു. 

ഇങ്ങിനെ പല ഉടമസ്ഥന്മാരിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന കുതിര അതിന്‍റെ ജീവിത യാത്രയില്‍ പലതും അനുഭവിക്കുന്നു, അറിയുന്നു അതിലേറെ പലതിനും സാക്ഷ്യം വഹിക്കുന്നു. കുതിരയുടെ ഉടമകളായി വരുന്ന പലരില്‍ നിന്നും പല തരത്തിലുള്ള സമീപനമാണ് കുതിര അനുഭവിക്കുന്നത്. അനുകൂലവും പ്രതികൂലവുമായ സാഹചര്യങ്ങളെ കുതിര തന്‍റെ ജീവിതത്തില്‍ തരണം ചെയ്യുന്ന രംഗങ്ങള്‍ നിരീക്ഷണ വിധേയമാക്കേണ്ടതുണ്ട്. സൂക്ഷ്മ നിരീക്ഷണം ഇല്ലാതെ തന്നെ ആ രംഗങ്ങളില്‍ കൂടി ഒരു സാധരണ പ്രേക്ഷകന് ഉള്‍ക്കൊള്ളാവുന്ന സന്ദേശങ്ങളും സത്യങ്ങളും ഒരുപാടാണ്‌.. ,. 

കഥയിലെ കുതിര വിധിയില്‍ വിശ്വസിക്കുന്നുണ്ടോ എന്നൊരു ചിന്ത ചുരുക്കം ചില പ്രേക്ഷകര്‍ക്ക് തോന്നിപ്പോയാല്‍ അതിനെ കുറ്റം പറയാനാകില്ല. ജീവിതത്തിന്‍റെ സ്വാഭാവിക ഒഴുക്കില്‍ എത്രയോയിടങ്ങളില്‍ നമ്മള്‍ നിസ്സഹായരായി നില്‍ക്കുന്നു, നിലനില്‍പ്പിന്റെ ഭാഗമായി മാത്രം ജീവിതത്തെ ആ ഒഴുക്കിനൊപ്പം സഞ്ചരിക്കാന്‍ വിടുന്നു.  യാത്രയില്‍ നമ്മള്‍ അറിയാതെ തന്നെ നമുക്ക് പല പേരുകളും സ്വീകരിക്കേണ്ടി വരുന്നു. നമുക്ക് ചാര്‍ത്തപ്പെടുന്ന പേരുകള്‍ എന്ത് തന്നെയായാലും ഉടമസ്ഥന്റെ വിളി കേള്‍ക്കാന്‍ നമ്മള്‍ സദാ ബാധ്യസ്ഥരാണ് എന്ന് സിനിമ നമ്മെ ഓര്‍മപ്പെടുത്തുന്നു. 

ആകെ മൊത്തം ടോട്ടല്‍ = ഒരു കുതിരയുടെ ആത്മസംഘര്‍ഷങ്ങളില്‍ കൂടി കഥ പറഞ്ഞു പോകുന്ന മനോഹരവും ഹൃദ്യവുമായൊരു സിനിമ.

വിധി മാർക്ക് = 7/10 

* ഇ മഷി മാഗസിന്‍ ലക്കം നാലില്‍ , ചലിക്കുന്ന ചിത്രങ്ങള്‍ എന്ന വിഭാഗത്തില്‍ പബ്ലിഷ് ചെയ്തു വന്ന സിനിമാ വിചാരണ. ഇ മഷി  

-pravin-

6 comments:

 1. ഈ മഷിയില്‍ വായിച്ചപ്പോള്‍ ഇതൊന്നു കാണണമെന്ന് ഞാന്‍ വിചാരിച്ചതാ , നടന്നില്ല. എന്തായാലും ini ഒന്ന് കണ്ടിട്ട് തന്നെ ബാക്കി കാര്യം

  ReplyDelete
  Replies
  1. കണ്ടിട്ട് വാ...ഇല്ലേല്‍ മുണ്ടൂല...

   Delete
 2. ഒന്ന് ഡൌണ്‍ലോഡ് ചെയ്തു കാണട്ടെ ട്ടോ..

  ReplyDelete
  Replies
  1. പോലീസ് പുടിച്ചാല്‍ ഞമ്മള്‍ അറിയൂല്ല കേട്ടോ ...

   Delete
 3. ഞാന്‍ രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് (1985) പൈക്കോ ക്ലാസ്സിക്സില്‍ ബ്ലാക്ക്‌ ബ്യുട്ടി കോമിക് രൂപത്തില്‍ വരുന്നത്. സിനിമയായി ഒന്ന് കണ്ടു നോക്കാം അല്ലെ! നന്ദി പ്രവീണ്‍ .

  ReplyDelete
  Replies
  1. പ്രവീണ്‍ ഭായ്...സിനിമ കണ്ടു നോക്ക്...ഞാന്‍ അപ്പോഴേക്കും ഇതിന്റെ കോമിക്ക് വേര്‍ഷന്‍ കിട്ടുമോന്നു നോക്കട്ടെ...ഹി ഹി...ഒരു പാലമിട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും എന്നത് എത്ര സത്യം ല്ലേ...ഹി ഹി...

   Delete