Monday, February 11, 2013

വിശ്വരൂപം ദര്‍ശിച്ചു കഴിഞ്ഞപ്പോള്‍


2010 -ല്‍ റിലീസായ മന്മദന്‍ അമ്പിന്  ശേഷം കമല്‍ ഹാസനെ ബിഗ്‌ സ്ക്രീനില്‍ നിറഞ്ഞു കാണാന്‍ കൊതിച്ച കമല്‍ ഫാന്‍സിനു വല്ലാത്തൊരു അടിയായിരുന്നു വിശ്വരൂപവുമായി ബന്ധപ്പെട്ടു വന്ന വിവാദങ്ങള്‍.  സിനിമ കണ്ട 'ചിലരും', കാണാത്ത 'പലരും' ഈ സിനിമയെ ആദ്യമേ തന്നെ തൂക്കിലേറ്റി കൊന്നു. അത് കൊണ്ട് തന്നെ എല്ലാവരിലും ഈ സിനിമ കാണാനുള്ള അമിതമായ ഒരു വെമ്പല്‍ ഉണ്ടായെന്നു പറയാം. ആ വെമ്പലുകള്‍ പലതും കമല്‍ ഹാസന് സപ്പോര്‍ട്ടായി മാറി . അങ്ങിനെ ചില നൂലാമാല ചര്‍ച്ചകള്‍ക്ക് ഒടുവില്‍ ഏഴു സീനുകള്‍ കട്ട് ചെയ്യാമെന്ന വാഗ്ദാനത്തോടെ 'വിശ്വരൂപന്‍' പുനര്‍ജനിച്ചു.  ഇത് വരെയാണ് കഥ . ശേഷം സ്ക്രീനില്‍ കാണാം . 

കമല്‍ ഹാസ്സന്‍ നൂറു കോടി മുടക്കിയെടുത്ത ഒരു സിനിമ എന്നതിലുപരി ഈ സിനിമയില്‍ കൂടി വിശിഷ്യാ ഒന്നും ദര്‍ശനീയമായില്ല എന്നത് ആദ്യമേ പറയട്ടെ.  തുടക്കത്തിലെ ഈ വിവാദ മഴയും പ്രതിഷേധവും ഉണ്ടായിരുന്നില്ല എങ്കില്‍ നിശബ്ദമായി ബോക്സ് ഓഫീസില്‍ മരണപ്പെടെണ്ടിയിരുന്ന ഒരു സിനിമയായിരുന്നു ഇത്, പക്ഷെ മേല്‍പ്പറഞ്ഞ "ചില-പലര്‍" സൃഷ്ടിച്ച  കോലാഹലങ്ങള്‍  കൊണ്ട് മാത്രം ഈ സിനിമ ഉയിര്‍ത്തെഴുന്നെല്‍ക്കപ്പെട്ടു. ഉയിര്‍ത്തെഴുന്നേറ്റ ഈ സിനിമയ്ക്കു എന്താണ് സത്യത്തില്‍ സമൂഹത്തിനോടും  പ്രേക്ഷകനോടും പറയാനുണ്ടായിരുന്നത് എന്ന ചോദ്യം ഇവിടെ അപ്രസക്തമാണ്. കാരണം ഇന്നിറങ്ങുന്ന സിംഹഭാഗം സിനിമകള്‍ക്കും ആ ഉദ്ദേശ്യമില്ല. ഉള്ള ഉദ്ദേശ്യങ്ങളില്‍ ഒന്ന് കച്ചവടം ആണ്. സിനിമ കാണാന്‍ വരുന്ന പ്രേക്ഷകനെ  രണ്ടോ മൂന്നോ മണിക്കൂര്‍ ഒരു കുടുസ്സ് ഇരുട്ട് മുറിയില്‍ ഇരുത്തിക്കൊണ്ട് ദൃശ്യ- ശ്രവ്യാസ്വദനം നല്‍കുക എന്നതാണ് രണ്ടാമത്തെ ഉദ്ദേശ്യം. പക്ഷെ ഈ സിനിമയുടെ കാര്യത്തില്‍ അതും ഒരു പരിധിക്കപ്പുറം പരാജയമാണ് എന്നേ പറയാന്‍ സാധിക്കുന്നുള്ളൂ. ആക്ഷന്‍ രംഗങ്ങളിലെ മികവും, അഫ്ഗാനിസ്താന്‍ പശ്ചാത്തലത്തില്‍ കഥ (അതെന്ത്‌ എന്ന് ചോദിക്കരുത്) പറയുന്നതിന്‍റെ പുതുമയും മാത്രമാണ് ഈ സിനിമയുടെ ഏക ആകര്‍ഷണീയത. 

താലിബാന്‍ ക്യാമ്പുകളില്‍ നടക്കുന്ന തീവ്രവാദ ട്രെയിനിംഗ്, അവരുടെ പരിശീലന മുറകള്‍ തുടങ്ങിയവയെല്ലാം കമല്‍ ഹാസന്‍ വളരെ ആധികാരികമായി തന്നെ ചിത്രത്തില്‍ ദൃശ്യവല്‍ക്കരിച്ചിട്ടുണ്ട്. സിനിമയില്‍ എവിടെയും മതപരമായ അവഹേളനങ്ങളോ, ഇസ്ലാമിനെ മോശമായി ചിത്രീകരിക്കുന്ന രംഗങ്ങളോ അനുഭവപ്പെടുന്നില്ല. പക്ഷെ, ഈ സിനിമ കാണുന്ന  ചിലര്‍ക്കെങ്കിലും അങ്ങിനെ അനുഭവപ്പെട്ടാല്‍ അതിനെ തെറ്റ് പറയാനും പറ്റില്ല. കാരണം സിനിമയിലെ താലിബാനികള്‍ മുസ്ലീം ആണ്. താലിബാനികളെ മുസ്ലീമായല്ലാതെ ഹിന്ദുവോ ക്രിസ്ത്യനോ ജൂതനോ ആയി കാണിക്കാന്‍ തരമില്ലാത്തത് കൊണ്ട് സിനിമയിലെ താലിബാനികളും അവരുടെ എല്ലാ ഭാവ ചലനങ്ങളിലും സംഭാഷണങ്ങളിലും ഇസ്ലാമീയതയാണ് പ്രകടമാക്കുന്നത്. തുടക്കം മുതല്‍ ഒടുക്കം വരെ ഇതേ പശ്ചാത്തലത്തില്‍ കാര്യങ്ങള്‍ അവതരിക്കപ്പെടുമ്പോള്‍ ചിലര്‍ക്കെല്ലാം സിനിമ ഇസ്ലാം വിരുദ്ധമായി തോന്നിയാല്‍ അതില്‍ സിനിമയുടെതായ തെറ്റുണ്ട് എന്ന് പറയാനാകില്ല. എല്ലാ സിനിമകളും കഥയുടെ  (?) എല്ലാ വശവും പറഞ്ഞു കൊണ്ട് നിഷ്പക്ഷമായ ഒരു സമീപനം സ്വീകരിക്കണം എന്ന വാദത്തിന് പ്രസക്തിയുണ്ട് ഇവിടെ. അതേ സമയം എല്ലാ സിനിമകളും ഇതെല്ലാം പാലിക്കുന്നുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ല എന്നുമാണ് ഉത്തരം. സിനിമയുടെ കഥാപരിസരം അനുശാസിക്കുന്ന നിഷ്പക്ഷത വിശ്വരൂപത്തില്‍ കാണാന്‍ സാധിക്കുമെങ്കിലും ആഗോളതലത്തില്‍ ചര്‍ച്ചാ പ്രസക്തമായ വിഷയങ്ങള്‍ സിനിമയില്‍ പ്രമേയമാകുമ്പോള്‍  കാണിക്കേണ്ടിയിരുന്ന നിഷ്പക്ഷത വിശ്വരൂപത്തില്‍ കടന്നു വന്നിട്ടില്ല എന്ന് കൂടി നിരീക്ഷിക്കേണ്ടിയിരിക്കുന്നു. കമല്‍ ഹാസന്‍ അറിഞ്ഞോ അറിയാതെയോ പല രംഗങ്ങളിലും അമേരിക്കയുടെ അധിനിവേശ സംസ്ക്കാരത്തെ പാടെ മറന്നു കൊണ്ട് അമേരിക്കയെ തെല്ലൊന്ന് വെള്ള പൂശി കൊടുത്തിട്ടുണ്ട്.


കാര്യങ്ങള്‍ ഇങ്ങിനെയൊക്കെയാണ് എങ്കില്‍ പോലും, താലിബാന്‍ പരിശീലന കേന്ദ്രത്തിലെ ചില സീനുകള്‍ അതിന്റേതായ ഭീകരാവസ്ഥയില്‍ തന്നെ അവതരിപ്പിച്ചു ഫലിപ്പിക്കുന്നതില്‍ കമല്‍ ഹാസന്‍ വിജയിച്ചു എന്ന് പറയാം. സിനിമയിലെ മറ്റൊരു പ്രധാന കല്ല്‌ കടിയായിരുന്നു നായികമാരുടെ സാന്നിധ്യം. ആണ്ട്രിയയും പൂജാ കുമാറും ഈ സിനിമയില്‍ എന്തിനു അഭിനയിച്ചു എന്നാണു ആദ്യം ചോദിക്കേണ്ടത് . ഒരു തരത്തിലും അവരുടെ കഥാപാത്രങ്ങള്‍ ഒരഭിനയ ശേഷി കാഴ്ച വച്ചില്ല. തമ്മില്‍ ഭേദം തൊമ്മന്‍ എന്ന നിലയില്‍ ബാക്കിയുള്ള അഭിനേതാക്കള്‍ അവരവരുടെ വേഷം ഭംഗിയായി നിര്‍വഹിച്ചു എന്ന് മാത്രം പറയാം.  കമല്‍ ഹാസന്‍ എന്ന മഹാനടന്‍റെ മുന്‍കാല സിനിമകള്‍ തുലനം ചെയ്തു നോക്കുമ്പോള്‍ അദ്ദേഹത്തിനും ഈ സിനിമ മികച്ച ഒരു അഭിനയത്തിനുള്ള അവസരം നല്‍കിയില്ല എന്നത് ദുഖകരമായ സത്യമാണ്. ഈ പറഞ്ഞ പോരായ്മകള്‍ക്കിടയില്‍ എല്ലാം മികച്ചു നിന്നത് സിനിമയുടെ സാങ്കേതിക വശവും പിന്നെ ശങ്കര്‍ എഹ്സാന്‍ ലോയുടെ  സംഗീതവും മാത്രമാണ്. 

ആകെ മൊത്തം ടോട്ടല്‍ = അഫ്ഗാനിസ്ഥാന്‍ പശ്ചാത്തലത്തില്‍ പ്രത്യേകിച്ച് കഥയോ ട്വിസ്ട്ടോ ഒന്നുമില്ലാതെ ചിത്രീകരിച്ച ഒരു തട്ടിക്കൂട്ട് പടം. ഇതിനു വേണ്ടിയായിരുന്നോ വിവാദങ്ങള്‍, ഇതിനു വേണ്ടിയാണോ പ്രേക്ഷകര്‍ അക്ഷമരായി കാത്തിരുന്നത് എന്ന് ചിന്തിച്ചു പോകുന്നു. 

*വിധി മാര്‍ക്ക്‌ = 5/10
-pravin-

17 comments:

  1. :) Praveen, Thattikkoott ennu parayano?

    Twist ellatha kadhakalkkum nilanilppundennu theliyichu kondirikkunna oru kalaghattathiloodeyaanu eppozhathe oru koottam nalla cinemakal sanjarikkunnathu enna pakshathodu viyojippundo??..


    ezhuthu nannayi...nalla bhasha....
    Eniyum nalla vicharanakal prathekshikkunnu.....ashamsakal....

    ~Kannan Nair

    ReplyDelete
    Replies
    1. തട്ടിക്കൂട്ട് എന്ന് പറഞ്ഞതിന് കാരണമുണ്ട്...ഈ സിനിമ എവിടെയും ഒന്നും പൂര്‍ണമായി പറയുന്നില്ല. അപൂര്‍ണത മാത്രമേ ഉള്ളൂ. യഥാര്‍ഥത്തില്‍ ഉദ്ദേശിച്ചത് താലിബാനികളുടെ ജീവിത ശൈലി വ്യക്തമാക്കുന്ന ഒരു സാദാ ഡോക്കുമെന്റാരി സിനിമയാണ്. പക്ഷെ ചിത്രീകരണത്തിന് മുടക്കിയ മുതല്‍ തിരിച്ചു പിടിക്കാന്‍ അതൊരു കൊമേഴ്സ്യല്‍ സിനിമ ആകുകയും വേണം ..ഈ ഘട്ടത്തില്‍ ആണ് സിനിമയില്‍ പലതും ചേര്‍ക്കേണ്ടി വന്നത്. വിവാദങ്ങള്‍ അതിന്റെ ഭാഗമായിരുന്നു എന്ന് ഈ സിനിമ കണ്ടാല്‍ മനസിലാകും .

      ഒരു സിനിമയില്‍ ട്വിസ്റ്റ്‌ നിര്‍ബന്ധമായും വേണമെന്ന് ഞാന്‍ പറയില്ല. താങ്കള്‍ പറഞ്ഞ ആ നിലപാടിനോട് ഞാന്‍ യോജിക്കുന്നു.

      നന്ദി കണ്ണന്‍ നായര്‍ ...

      Delete
  2. കമല്‍ ഹാസന്‍ അദ്ദേഹത്തിന്‍റെ അമേരിക്കന്‍ സ്നേഹം പ്രകടിപ്പിച്ചു എന്ന് മാത്രം.. വിശ്വരൂപത്തിന്റെ കാര്യത്തില്‍ പുള്ളി നിരുപദ്രവകാരി ഒന്നും അല്ല. അതിനു വേണ്ടത് തികഞ്ഞ അവഗണന ആണ്. അതുണ്ടോ ആ ചിലര്‍ക്ക് മനസ്സിലാവുന്നു.

    ReplyDelete
    Replies
    1. കമല്‍ ഹാസന്റെ നിലപാടുകള്‍ എന്നും സ്വാഗതാര്‍ഹം ആയിരുന്നു. അദ്ദേഹത്തിന്‍റെ സിനിമകളില്‍ പലതിലും അത് പ്രതിഫലിച്ചിട്ടുമുണ്ട്. പക്ഷെ ഈ അടുത്തിറങ്ങിയ അദ്ദേഹത്തിന്‍റെ ബിഗ്‌ ബട്ജറ്റ് സിനിമകളില്‍ എല്ലാം നൂതന സാങ്കേതിക വിദ്യ കൈകാര്യം ചെയ്തിരിക്കുന്നത് അമേരിക്കയില്‍ നിന്നുള്ളവരാണ്. അമേരിക്കയോടുള്ള സ്നേഹം അങ്ങിനെ തുടങ്ങിയതായിരിക്കണം. അത് ഒരു പരിധി വരെ ചില പ്രീണന നിലപാടുകള്‍ സ്വീകരിക്കാന്‍ അദ്ദേഹത്തെ നിര്‍ബന്ധിച്ചും കാണും. ഇത് എന്റെ ഒരു അനുമാനം മാത്രമാണ്.

      സാമ്രാജ്യത്വ ശക്തികളോടും , ഫാസിസ്റ്റ് മനോഭാവികളോടും എന്നും ശക്തമായ വിയോജിപ്പ് മാത്രമേ കമല്‍ ഹാസന്‍ രേഖപ്പെടുത്തിയിട്ടുള്ളൂ...ഈ ഒരൊറ്റ സിനിമ കൊണ്ട് അദ്ദേഹത്തെ അങ്ങേയറ്റം വിമര്‍ശിക്കാന്‍ എന്ത് കൊണ്ടോ ഞാന്‍ ഇഷ്ട്ടപ്പെടുന്നില്ല.

      Delete
  3. സിനിമയെ സിനിമയുടെ വൈക്ക് വിടുക .ഒരു സിനിമകൊണ്ട് തകരുന്നതല്ല ഇസ്ലാം എന്ന് വിളിച്ചു പറയേണ്ടി വന്നൂ എന്നല്ലാതെ വിമര്‍ശകര്‍ക്ക് എന്ത് കിട്ടി .(കമല്‍ഹാസന് കാര്യം കിട്ടി )ഒരു ചിത്രം കൊണ്ട് തകര്‍ക്കാന്‍ കഴിയുന്നതല്ല ഒരു സംസ്കാരം എന്ന് മനസിലാക്കിയിരുന്നു എങ്കില്‍ എം എഫ് ഹുസൈന് .......ഇന്ത്യന്‍ പൌരനായി മരിക്കാമായിരുന്നു.

    ReplyDelete
  4. കണ്ടവന്‍മാരുടെ ഇഷ്ട്ടത്തിനു സിനിമ വെട്ടികൂട്ടിയാല്‍ അത് പിന്നെ തട്ടികൂട്ടാവില്ലേ......കമലഹാസന്‍ പറയാന്‍ ശ്രമിച്ചത്‌ ഭംഗിയായിതന്നെ പറഞ്ഞു. അല്ലെങ്കിലും കമലിന് പണ്ടേ നന്നായി മസാല ഇടാന്‍ അറിയില്ല , അതിന്റെ പ്രശ്നം ഇവിടെയും ഉണ്ട്.

    ReplyDelete
    Replies
    1. ഉം.. അഭിപ്രായം പല വിധം...അത്രേ ഉള്ളൂ...

      Delete
  5. പൂര്‍ണ്ണമായും അംഗീകരിക്കുന്നു പ്രവീണ്‍. ഇതിന്റെ അവസാനം വിന്‍ ഡീസലിന്റെ ത്രിബ്ള്‍ എക്സ് പോലെ ആയിപ്പോയി.

    ReplyDelete
    Replies
    1. കിലുക്കം സിനിമയില്‍ ജഗതി പറയില്ലേ, ഒരു വെടീം പോകേം മാത്രേ കണ്ടുള്ളൂ..കിളവന് നല്ല ഉന്നമില്ലാത്തത് കൊണ്ട് ജീവന്‍ തിരിച്ചു കിട്ടി. അതാണ്‌ സംഭവിച്ചത്...

      Delete
  6. സിനിമ കണ്ടില്ല... മാധ്യമത്തില്‍ അന്‍വര്‍ അബ്ദുല്ല ഇതൊരു പ്രോ അമേരിക്കന്‍ സിനിമയാണെന്ന് എഴുതിക്കണ്ടു...

    കുറച്ചൊക്കെ മൂല്യങ്ങളുള്ള കലാകാരനാണ് കമല്‍ ഹാസന്‍ എന്ന ധാരണ ഇപ്പോഴും കുറച്ചോക്കെ ഉള്ളതുകൊണ്ട് അദ്ദേഹത്തെ ആക്ഷേപിക്കാനും തോന്നുന്നില്ല

    ReplyDelete
    Replies
    1. കമല്‍ ഹാസനെ ഇഷ്ട്ടപ്പെടുന്നവര്‍ക്ക് വേണമെങ്കില്‍ ഈ സിനിമ കാണാം . ഒരിക്കലും ഒരു must watch movie അല്ല. entertainment മൂവിയും അല്ല. പിന്നെന്താണ് ഈ സിനിമ എന്ന് മാത്രം ചോദിക്കരുത് . സാങ്കേതിക വശങ്ങളെ observe ചെയ്യാന്‍ ഇഷ്ടമാണ് എങ്കില്‍ കാണാം .

      അന്‍വര്‍ അബ്ദുള്ള പറഞ്ഞത് ഞാന്‍ വായിചിട്ടില്ല. അദ്ദേഹം പറഞ്ഞതിനോട് പൂര്‍ണമായും യൊജിക്കുന്നില്ല. പക്ഷെ അത്യാവശ്യം ചില സീനുകളില്‍ എല്ലാം അമേരിക്കയെ വെള്ള പൂശിയിട്ടുണ്ട് . അതില്ല എന്ന് പറയുന്നുമില്ല .

      താലിബാന്‍ ക്യാമ്പുകളും അവരുടെ ട്രെയിനിംഗ് കാര്യങ്ങളുമെല്ലാം സിനിമയില്‍ നല്ല വൃത്തിയായി ചിത്രീകരിച്ചിട്ടുണ്ട്. അതിലൂടെയാണ് സിനിമ പ്രധാനമായും സഞ്ചരിക്കുന്നത് പോലും . അത് കൊണ്ടൊക്കെ തന്നെ പലപ്പോഴും സിനിമ ലാഗ് ചെയ്യുന്ന ഫീല്‍ ഉണ്ടായി .

      പിന്നെ ഒരു സിനിമ എന്ന് പറയുമ്പോള്‍ നമ്മള്‍ അത്തരം വിഭാഗീയ ചിന്തകളില്‍ കൂടി കാണാതിരിക്കാന്‍ ശ്രമിക്കുകയാകും നല്ലത്. കമല്‍ ഹാസനെ ആ ഒരൊറ്റ കാര്യം വച്ച് കൊണ്ട് മൊത്തത്തില്‍ വിമര്‍ശിക്കാന്‍ ഞാനും ആളല്ല.

      Delete
  7. കമല്‍ പടങ്ങള്‍ നിരാശപ്പെടുത്താറില്ലായിരുന്നു. പക്ഷെ ഇത്...

    ReplyDelete
    Replies
    1. ഇനി പറഞ്ഞിട്ട് കാര്യമില്ല അജിത്തെട്ടാ ... ഉം..നമുക്ക് ഇനി ഇതിന്റെ രണ്ടാം ഭാഗം എങ്ങിനെയുണ്ടാകും എന്ന് നോക്കാം .. ഹി ഹി

      Delete
  8. കഴിഞ്ഞ ദിവസമാണ് പടം കണ്ടത്. ചിലയിടങ്ങളില്‍ എഡിറ്റ്‌ ചെയ്തിരുന്നെകില്‍ പടം കുറെ കൂടെ ഫാസ്റ്റ് ആയേനെ എന്ന് തോന്നി. അഫ്നാനിസ്തനിലെ രംഗങ്ങള്‍ തന്നെ പട ത്തിന്റെ ഹൈ ലൈറ്റ് . ആക്ഷന്‍ രംഗങ്ങള്‍ വളരെ നന്നായി എടുത്തിരിക്കുന്നു.

    അപൂര്‍ണ്ണത തോന്നി എന്നത് നേര് . അത് രണ്ടാം ഭാഗത്തില്‍ കഥ തുടരും എന്നത് കൊണ്ടല്ലേ ?

    പടം അമേരിക്കന്‍ അധിനിവേശത്തെ വെള്ളപൂശുന്നതാണ് എന്ന് പറഞ്ഞത് മനസ്സിലാകുന്നില്ല പ്രവീണ്‍ ! ടെററിസം പ്രമേയമാക്കുന്ന സിനിമകള്‍ നില്‍ക്കുന്ന ഒരു ചട്ടക്കൂടിലല്ലാതെ എന്തെങ്കിലും കൂടുതലായി ഇതിലുണ്ടോ ?

    ഈ സിനിമക്കെതിരെ വാളെടുക്കേണ്ട കാര്യം ഉണ്ട് എന്ന് പടം കണ്ടപ്പോള്‍ തോന്നിയില്ല .. തീവ്രവാദം പ്രമേയമാക്കിയ ഒരു സിനിമയെ , സിനിമയായി മാത്രം കണ്ടാല്‍ തീരുന്ന പ്രശ്നങ്ങളെ ഇതിലുള്ളൂ എന്നാണ് ഞാന്‍ മനസ്സിലാക്കിയത് .


    ReplyDelete
    Replies
    1. ശശിയേട്ടാ ..രണ്ടാം ഭാഗം ഉള്ളത് കൊണ്ട് മാത്രം അപൂര്‍ണത തോന്നിച്ചതാണോ ? എന്തോ അങ്ങിനെ തോന്നുന്നില്ല എനിക്ക് .

      അമേരിക്കന്‍ അധിനിവേശത്തെ വെള്ള പൂശുന്നു എന്ന് ഞാന്‍ പറഞ്ഞതിന് അര്‍ത്ഥം കമല്‍ ഹാസന്‍ മനപൂര്‍വം അങ്ങിനെ ഒരര്‍ത്ഥത്തില്‍ സിനിമയെടുത്തു എന്നല്ല. സിനിമയില്‍ അമേരിക്കയുടെ ഭാഗത്ത് നിന്നുള്ള രംഗങ്ങള്‍ കാണുമ്പോള്‍ എന്തോ അങ്ങിനെ തോന്നിപ്പോയി. ഒരു നിഷ്പക്ഷത വേണ്ടെന്നു വിചാരിച്ചു കാണും ചിലപ്പോള്‍ ..

      ശശിയേട്ടന്‍ പറഞ്ഞ ബാക്കിയെല്ലാത്തിനോടും ഞാന്‍ യോജിക്കുന്നു.

      Delete