ഭർത്താവിൽ നിന്നും വേണ്ട പരിഗണന ലഭിക്കാതെ, അടുക്കളയും വീട്ടു ജോലിയും മാത്രമായി ഒതുങ്ങി ജീവിക്കേണ്ടി വരുന്ന സാധാരണ വീട്ടമ്മയാണ് ഇള (നിമ്രത് കൌർ). മകളെ സ്കൂളിലേക്ക് പറഞ്ഞയച്ചു കഴിഞ്ഞാൽ ഇളയുടെ അടുത്ത ജോലി ഭർത്താവിനു വേണ്ട ഉച്ച ഭക്ഷണം പാകം ചെയ്യുക എന്നതാണ്. സ്വാദുള്ള വിഭവങ്ങൾ തയ്യാറാക്കിക്കൊടുത്താൽ ഭർത്താവിൽനിന്നുള്ള അവഗണന ഇല്ലാതാക്കാൻ കഴിയും എന്ന ബുദ്ധി ഇളക്ക് ഉപദേശിച്ചു കൊടുക്കുന്നത് തൊട്ടു മുകളിലത്തെ ഫ്ലാറ്റിൽ താമസിക്കുന്ന ആന്റിയാണ്. അതു പ്രകാരം ഇള പ്രത്യേക കരുതലോടു കൂടിയാണ് ഭർത്താവിനു വേണ്ട വിഭവങ്ങൾ പാകം ചെയ്യുക. പാകം ചെയ്ത രുചിയുള്ള വിഭവങ്ങൾ ഒന്നിന് മുകളിൽ ഒന്നായി അതാതു തട്ടുകളിൽ അടുക്കി വച്ച ശേഷം ലഞ്ച് ബോക്സ് 'ഡബ്ബാവാല'ക്ക് കൈമാറും. ഡബ്ബാവാലയാണ് ദൂരെ ഓഫീസിലുള്ള ഇളയുടെ ഭർത്താവിന് ഭക്ഷണം എത്തിച്ചുകൊടുക്കുക. വീട്ടിലെ അടുക്കളയിൽ നിന്നും പുറപ്പെടുന്ന ഇളയുടെ ലഞ്ച് ബോക്സിന് ഒരുപാട് കൈകളിലൂടെ സഞ്ചരിച്ചു വേണം ഭർത്താവിന്‍റെ ഓഫീസിലെത്താൻ. വൈകിട്ട് ഭർത്താവ് വീട്ടിൽ എത്തുന്നതിനു മുൻപേ ലഞ്ച് ബോക്സ് ഡബ്ബാവാല തിരികെ എത്തിച്ചിരിക്കും. മടങ്ങിയെത്തുന്ന ലഞ്ച് ബോക്സിലെ പാതി കഴിച്ച ഭക്ഷണം കാണുമ്പോൾ ഇളയുടെ മുഖം വാടും. തന്‍റെ പാചകത്തെക്കുറിച്ച് ഭർത്താവിൽ നിന്ന് എന്തെങ്കിലും ഒരു അഭിപ്രായം കേട്ടിരുന്നെങ്കിൽ എന്നവൾ ആഗ്രഹിക്കുന്നതും വെറുതെയാണ്. കാര്യമായ മാറ്റങ്ങളൊന്നും സംഭവിക്കാതെ അവരുടെ നിത്യജീവിതം അങ്ങനെ തുടരുന്നു.
മുംബൈ പോലുള്ള തിരക്കേറിയ നഗരങ്ങളിലെ അംബരചുംബികളായ ഫ്ലാറ്റ് സമുച്ചയങ്ങൾ ഒരു വിസ്മയ കാഴ്ചയാണ് പലർക്കും. ആ ഒരു വിസ്മയത്തിനും അപ്പുറം അത്തരം ഫ്ലാറ്റ് സമുച്ചയങ്ങളിലെ ജീവിതങ്ങളിലേക്ക് ക്യാമറ ഫോക്കസ് ചെയ്യാൻ ബോളിവുഡ് മുഖ്യധാരാ സിനിമാ പ്രവർത്തകരിൽ അധികമാരും ശ്രമിക്കാറില്ല. ഇനി അഥവാ ഉണ്ടെങ്കിൽത്തന്നെ, ബോളിവുഡിലെ ഒരു പൊതു പ്രവണത വച്ചു നോക്കുമ്പോൾ അത്തരം പ്രമേയ സിനിമകളിൽ നിറയേണ്ടത് 'ഹാഷ് പോഷ്' ശൈലിയിൽ ജീവിക്കുന്ന ഒരുപിടി കഥാപാത്രങ്ങളുടെ ആഘോഷങ്ങളും നിറപ്പകിട്ടുകളും ഗ്ലാമറുമാണ്. എന്നാൽ റിതേഷിന്‍റെ 'ദി ലഞ്ച് ബോക്സ്' അതിനൊരു അപവാദമായി മാറുകയാണ്. മധ്യവർത്തി കുടുംബങ്ങളുടെ ഫ്ലാറ്റ് ജീവിതം എന്നതിലുപരി രണ്ടുമുറി ഫ്ലാറ്റുകളിൽ മാത്രം തങ്ങളുടെ ലോകത്തെ ഒതുക്കി ജീവിക്കേണ്ടി വരുന്ന സ്ത്രീ ജീവിതങ്ങളെയാണ് ദി ലഞ്ച് ബോക്സിൽ പ്രധാനമായും സംവിധായകൻ വരച്ചു കാണിക്കുന്നത്. ഒരു സമൂഹജീവി എന്ന നിലയിൽ പുരുഷനെപ്പോലെതന്നെ സ്ത്രീക്കും സമൂഹവുമായി സംവദിക്കേണ്ട, അല്ലെങ്കിൽ ഇടപഴകേണ്ട ആവശ്യകതയുണ്ട് എന്ന പുരുഷന്‍റെ 'സ്ത്രീപക്ഷ' വാദം പലപ്പോഴും പ്രസംഗപ്രഹസനങ്ങളിൽ മാത്രം ഒതുങ്ങുകയാണ് പതിവ്. സ്റ്റേജിൽക്കയറി നിന്ന് മൈക്കിലൂടെ ഘോരഘോരം വിളിച്ചോതുന്ന ഇത്തരം (കപട) സ്ത്രീപക്ഷ വാദങ്ങൾക്ക് കിട്ടുന്ന കൈയടികൾക്ക് അപ്പുറം സാധാരണക്കാരന്‍റെ കുടുംബ ജീവിതത്തിൽ ഒരു സ്ത്രീക്ക് എത്ര ശതമാനം പ്രസക്തിയുണ്ട് എന്ന വലിയൊരു ചോദ്യം കൂടിയാണ് ഈ സിനിമ.
മുംബൈയിലെ "ഡബ്ബാവാല"കൾ ലോകപ്രശസ്തരാണ്. അവരുടെ ജോലിയിൽ ഒരു പിഴവും സംഭവിക്കാറില്ല. പക്ഷേ, സിനിമയിലെ ഡബ്ബാവാലക്ക് പിഴവ് പറ്റുന്നുണ്ട്. അങ്ങനെയാണ് ഇളയുടെ ലഞ്ച് ബോക്സ് വിലാസം മാറി തീർത്തും അപരിചിതനായ മറ്റൊരാളുടെ മുന്നിലേക്ക് എത്തുന്നത്. സർക്കാർ ഓഫീസിലെ ഫയലുകൾക്കും കണക്കുകൾക്കും ഇടയിൽ തന്‍റെ ശേഷിക്കുന്ന ഔദ്യോഗിക ജീവിതകാലം തള്ളിനീക്കുന്ന സാജൻ ഫെർണാണ്ടസ് (ഇർഫാൻ ഖാൻ) എന്ന മധ്യവയസ്കനു മുന്നിലേക്ക് ഇളയുടെ ലഞ്ച് ബോക്സ് വഴി തെറ്റിയെത്തുന്ന ആ നിമിഷം തൊട്ടാണ് സിനിമ സജീവമായി മുന്നേറുന്നത്.
സിനിമയിലെ ഇളയുടെ സാമൂഹിക ഇടപെടലുകൾ എന്താണെന്ന് ചോദിച്ചാൽ അത് കേവലം രണ്ടു മൂന്നു കഥാപാത്രങ്ങളുമായി ഇള നടത്തുന്ന സംഭാഷണങ്ങൾ അല്ലെങ്കിൽ ആശയവിനിമയം മാത്രമാണെന്ന് പറയേണ്ടി വരും. ആ കൂട്ടത്തിലെ പ്രധാനിയാണ് മുകളിലത്തെ ഫ്ലാറ്റിൽ താമസിക്കുന്ന, സിനിമയിൽ ഒരു സീനിൽ പോലും നേരിട്ട് പ്രത്യക്ഷപ്പെടാതെ ശബ്ദം കൊണ്ട് മാത്രം നമ്മുടെ മുന്നിലെത്തുന്ന ഇളയുടെ ആന്റി. ഭർത്താവും മകളും പോയി കഴിഞ്ഞാൽ വീട്ടു ജോലികളിൽ വ്യാപൃതയാകുന്ന ഇള, തന്‍റെ എല്ലാ പ്രശ്നങ്ങളും പങ്കുവെക്കുന്നത് ആ ആന്റിയോടാണ്. അടുക്കള ജനാലക്ക് സമീപം ചെന്നു നിന്ന് മേലോട്ട് നോക്കി "ആന്റീ .." എന്ന് നീട്ടി വിളിച്ചാൽ മാത്രം മതി ആന്റിയുടെ ശ്രദ്ധയും കരുതലും ഇളക്ക് കിട്ടാൻ. അതുകൊണ്ടുതന്നെ ആന്റിയുടെ മറുപടി ശബ്ദത്തിൽ അവൾ ഒരുപാട് ആശ്വാസം കാണുന്നുമുണ്ട്. അടുക്കള ഭാഗത്തുകൂടെ ഒരു കയറിൽ കെട്ടിത്തൂക്കിയിറക്കുന്ന കൂടയിൽ ആന്റി ഇളക്കായി എന്തെങ്കിലും കരുതി വച്ചിട്ടുണ്ടാകും. മിക്കപ്പോഴും സ്വാദുള്ള ഭക്ഷണം തന്നെയാകും അതിൽ ഉണ്ടായിരിക്കുക. ആ സ്വാദിന്‍റെ വിവിധ കൂട്ടുകൾ തന്നെയാണ് സിനിമയിലെ കഥാപാത്ര സംഭാഷണങ്ങളിലും പ്രകടമാകുന്നത്. ഭക്ഷണത്തിലെ എരിയും പുളിയും മധുരവും എന്ന പോലെ ജീവിതത്തിൽ നാം അനുഭവിക്കുന്ന എല്ലാത്തിനും അതാതു സാഹചര്യങ്ങളിൽ അതിന്റേതായ സ്ഥാനം ഉണ്ട്. അത് നമ്മൾ രുചിച്ചേ മതിയാകൂ താനും.
സാജൻ ഫെർണാണ്ടസിനു മുന്നിൽ അവിചാരിതമായി എത്തപ്പെടുന്ന ലഞ്ച് ബോക്സിനു ഒരു നിയോഗമുണ്ടായിരുന്നു. ജീവിതത്തിലെ അരുചികളുമായി പൊരുത്തപ്പെട്ടു പോയിരുന്ന സാജൻ ഫെർണാണ്ടസിന് ഇളയുടെ ലഞ്ച് ബോക്സിലെ വിഭവങ്ങൾ ഒരു പുത്തനുണർവ് നൽകുന്നത് ആ നിയോഗത്തിന്‍റെ ഭാഗമായിരിക്കാം. അന്നേ ദിവസം കാലിയായ ലഞ്ച് ബോക്സാണ് ഇളയുടെ അടുത്തേക്ക് മടങ്ങുന്നത്. സ്വാദിഷ്ടമായ ഭക്ഷണം തന്നയച്ച ഉടമയോട് ഒരു മറുപടിയെന്നോണം ലഞ്ച് ബോക്സിൽ സാജൻ എഴുതിയിടുന്ന ഒരു വരി കുറിപ്പ് ഇളയുടെ ജീവിതത്തിലും മാറ്റങ്ങൾ സൃഷ്ടിക്കുന്നു. സാജൻ - ഇള ബന്ധത്തിന്‍റെ സംശുദ്ധിയെ വളരെ ഭംഗിയായി സിനിമയിൽ ആവിഷ്കരിക്കുന്നുണ്ട്. അവിഹിതത്തിലേക്ക് കൂപ്പുകുത്താവുന്ന പല സാഹചര്യങ്ങളും കഥയിലേക്ക് വന്നു പോകുന്നുണ്ടെങ്കിലും സാജന്‍റെ നിർണായകമായ ചില ജീവിത നിരീക്ഷണങ്ങൾ സിനിമയെ മറ്റൊരു മനോഹരമായ തലത്തിലേക്ക് കൊണ്ടെത്തിക്കുന്നു.
ഫ്ലാറ്റും തിരക്കുള്ള റോഡും ബസ് - ട്രെയിൻ യാത്രകളും ഓഫീസ്മുറിയും കാന്റീനും മാത്രം പശ്ചാത്തലമാക്കിക്കൊണ്ട് കഥ പറയുമ്പോൾ പ്രേക്ഷകന് അനുഭവപ്പെടുമായിരുന്ന മുഷിവ് തിരക്കഥയിലെ സൂക്ഷ്മതകൊണ്ടാണ് റിതേഷ് ഇല്ലാതാക്കുന്നത്. വളരെ സരസമായി പ്രമേയം അവതരിപ്പിക്കപ്പെടുക കൂടി ചെയ്യുമ്പോൾ ലഞ്ച് ബോക്സിലെ വിഭവങ്ങളുടെ സ്വാദ് ഇരട്ടിക്കുന്നു. ഇർഫാൻ ഖാൻ, നവാസുദ്ദീന്‍ സിദ്ധീഖി എന്നിവരുടെ അഭിനയത്തികവിന്‍റെ ആകത്തുക കൂടിയാണ് പ്രേക്ഷകന് കിട്ടുന്ന ഒരു മണിക്കൂർ നാൽപ്പത്തി നാല് മിനുട്ട് ദൈർഘ്യമുള്ള ആസ്വാദനം എന്ന് പറയാതെ വയ്യ.
-pravin-
ഇ മഷി ഓണ്‍ ലൈന്‍ മാഗസിന്‍ ലക്കം 13 ഇല്‍ പ്രസിദ്ധീകരിച്ച സിനിമാ വിചാരം.
സിനിമ റിലീസ് ആയപ്പോൾ തന്നെ ഒരു അവലോകനം വായിച്ചു അന്ന് മുതൽ കാണാൻ ആഗ്രഹിച്ചു ..ഈ അടുത്താണ് കണ്ടത് എന്തായാലും കാത്തിരുന്ന് കണ്ടതിനു മുതലായ സിനിമ ..ഒരു പാട് ഇഷ്ടമായി സാജനെയും ഇളയേയും ..
ReplyDeleteഅതേ ദീപു കാത്തിരുന്നു കണ്ടതിന് മുതലായ സിനിമ .. സാജനും ഇളയും മനസ്സിലങ്ങ് കയറിക്കൂടി ..പിന്നെ ഇറങ്ങിപ്പോയതുമില്ല ....
Deleteഇ മഷിയില്‍ റിവ്യൂ വായിച്ചപ്പോഴേ കാണണം എന്നു വിചാരിച്ചതാ...ഇതുവരെയും കാണാന്‍ പറ്റിയില്ല...കാണണം...
ReplyDeleteകാണൂ സംഗീത് .. ഇഷ്ടമാകും ..ഉറപ്പ് ..
Deleteഇമഷിയില്‍ വായിച്ചിരുന്നു :). നല്ല അഭിപ്രായം മറ്റു പലയിടത്ത് നിന്നും കേട്ടെങ്കിലും ഇത് വരെ കാണാന്‍ കഴിഞ്ഞിട്ടില്ല. കാണണം എന്ന് ഉറപ്പിച്ചിരിക്കുന്നു :) നന്ദി പ്രവീണ്‍
ReplyDeleteവേഗം പോയി കാണൂ ...
Deleteപടം കാണണം
ReplyDeleteകാണൂ .
Deleteസിനിമ കണ്ടിരുന്നു കേട്ടോ...
Deleteഉജ്വലമായി ആവിഷ്കരിച്ചിരിക്കുന്നു. സാജന്‍റെ അസിസ്ടന്റ്റ് ആയി അപ്പോയിന്റ്മെന്റ് കിട്ടുന്ന ചെറുപ്പക്കാരന്റെ ജീവിതത്തിലേയ്ക്ക് കഥ കടന്നുപോകുന്നതും കൌതുകമുനര്‍ത്തുന്നു.
അത് കുടുംബ ജീവിതത്തിന്‍റെ വേറൊരു തലമാണ്. അയാള്‍ കുടുംബ ബന്ധം, കുട്ടികള്‍, ഒക്കെ അടുത്തറിയാന്‍ തുടങ്ങുന്നത്തിന്‍റെ, ചില നഷ്ട ബോധത്തിന്‍റെ സൂചനകള്‍.
നല്ല നിരീക്ഷണം ജോസ്സൂ ..സത്യം ..
Deleteപ്രവി യുടെ റിവ്യൂ വായിച്ചു കാണണം എന്ന് തോന്നിയ സിനിമകളില്‍ ഒന്ന് തന്നെ ഇത്. സമയ ലഭ്യത ഇല്ലായ്മ മൂലം പലതും കാണാന്‍ കഴിയുന്നില്ല. റിവ്യൂ കാണാന്‍ പ്രേരിപ്പിക്കുന്നു എന്നത് തന്നെ അതിന്റെ സ്വാധീനം ആണ് കാണിക്കുന്നത്. ഇങ്ങനെ നിരന്തരം കിട്ടുന്ന സമയത്തിനുള്ളില്‍ സിനിമ കാണാന്‍ നടക്കുന്നതിനാല്‍ പ്രിയ സുഹൃത്തിനെ ഫോണിലോ ചാറ്റിലോ കിട്ടുന്നില്ല എന്ന്ന്‍ പരാതി ഉള്ളപ്പോ തന്നെ അത് സഹിചാലെ ഇത്തരം മികച്ച റിവ്യൂ കിട്ടൂ എന്ന് സമാധാനിക്കുന്നു.
ReplyDeleteഹ ഹാഹ് .. അൻവർക്ക പുസ്തകങ്ങളെ കുറിച്ച് എഴുതുമ്പോ എനിക്ക് മനസ്സിൽ തോന്നാറുണ്ട് ..ഇതൊക്കെ ഒന്ന് വായിക്കണം എന്ന് .. എന്നാലോ വായന നടക്കുന്നുമില്ല .. അത് പോലെയാണ് അൻവർക്ക ഇത് വായിച്ചിട്ട് സിനിമ കാണണം എന്ന് ആഗ്രഹം പ്രകടിപ്പിക്കുന്നത്. എന്തായാലും ആഗ്രഹങ്ങൾ ഉണ്ടാകട്ടെ .. അതെങ്കിലും ഉണ്ടാകട്ടെ ..
Deleteപല സിനിമകളുടെയും റിവ്യൂ പ്രവീണ്‍ എഴുതുന്നത് വായിച്ചിട്ടുണ്ട് , പക്ഷേ ഇതു വായിച്ചപ്പോള്‍ മാറ്റിവെക്കാന്‍ പറ്റാത്തൊരു സിനിമ പോലെ , ഒരു പക്ഷേ സ്ത്രികളുടെ പൊതുവായ പ്രശ്നങ്ങള്‍ തന്നെയായിരിക്കും ഏതു കാണണമെന്ന തോന്നല്‍ ശക്തമാക്കാന്‍ കാരണം , പല വീട്ടമ്മമാരും പറയുന്നൊരു പരാതിയാണ് എന്ത് ഭക്ഷണമാണ് മുന്നിലിരിക്കുന്നതെന്ന് നോക്കാതെ ഭക്ഷിക്കുന്നവരാണ് പലരും , ഇന്നെന്തായിരുന്നു ഉച്ചത്തെ ഫുഡ് എന്ന് ചോതിച്ചാല്‍ , ഞാനിന്നു ഉച്ചയ്ക്കു ഊണ് കഴിച്ചായിരുന്നോ എന്ന് മറുചോത്യം ചോതിക്കുന്നവരാണ്പലരും ..
ReplyDeleteഇത് വെറുമൊരു ഭക്ഷണത്തിന്റെ കഥയല്ല കേട്ടോ . രുചി എന്ന വാക്കിന് ഭക്ഷണത്തിലെന്ന പോലെ ജീവിതത്തിലും ഒരുപാട് അർത്ഥ തലങ്ങൾ ഉണ്ടെന്നു ബോധ്യപ്പെടുത്തുന്ന സിനിമയാണിത് .. എന്തായാലും ചേച്ചി ഒന്ന് കണ്ടു നോക്ക് .
Deleteതീർച്ചയായും ഞാൻ ഈ സിനിമ കാണും....
ReplyDeleteനല്ലൊരു സിനിമയെ നന്നായി പരിചയപ്പെടുത്തി
പ്രദീപേട്ടാ .. എന്തായാലും കാണണം ട്ടോ
Deletepraveen, very accidentally i entered to your blog and read some reviews. the observation about this film is really intact. it is a good movie.
ReplyDeleteഒരു നൂറ് താങ്ക്യു ട്ടോ നൂറ ....
Deleteലഞ്ച് ബോക്സിൽ നല്ല വിഭവങ്ങളാണല്ലോ...
ReplyDeleteനല്ല വിഭവങ്ങൾ ആണ് മുരളിയേട്ടാ ... ഒന്ന് ടേസ്റ്റ് ചെയ്തു നോക്കൂ ..
Delete