Saturday, December 20, 2014

ഇയ്യോബിന്റെ പുസ്തകവും അമൽ നീരദിന്റെ ക്യാമറയും

ചില ദൃശ്യ സൌന്ദര്യങ്ങളെ  വാക്കുകളാൽ വർണ്ണിക്കാൻ സാധിക്കണമെന്നില്ല. ഇയ്യോബിന്റെ പുസ്തകവും അങ്ങിനെ തന്നെ. അമൽ നീരദിന്റെ ക്യാമറ എഴുതി തീർത്ത ഒരു മനോഹര പ്രകൃതി സൌന്ദര്യ കാവ്യമായി വേണം ഇയ്യോബിന്റെ പുസ്തകത്തെ ഒറ്റ നോട്ടത്തിൽ വിലയിരുത്താൻ. സ്വാതന്ത്ര്യ പൂർവ്വ  കേരളാ ചരിത്രവും ഫിക്ഷനുമെല്ലാം  കൂട്ടിക്കുഴച്ചു കൊണ്ടാണ് ഇയ്യോബിന്റെ പുസ്തകത്തിന്റെ കഥ അമൽ നീരദ് പറയുന്നത്. അത് കൊണ്ട് തന്നെ ഈ സിനിമയിൽ  പലർക്കും പല കാരണങ്ങൾ കൊണ്ട്  യോജിക്കാനും വിയോജിക്കാനുമൊക്കെയുള്ള  നിരവധി കഥാ സന്ദർഭങ്ങളും  ഉണ്ടാകാം. അത് തീർത്തും സ്വാഭാവികം. എന്നാൽ അതെല്ലാം ഒഴിച്ച് നിർത്തി കൊണ്ട് ഇയ്യോബിന്റെ പുസ്തകത്തെ നിരീക്ഷിക്കുമ്പോൾ  സിനിമയിലെ കഥാപാത്രങ്ങളുടെ രാഷ്ട്രീയമാണ് എല്ലാവർക്കും ഒരു പോലെ ചർച്ചാ പ്രസക്തമായി തോന്നിക്കുക എന്ന കാര്യത്തിൽ സംശയമില്ല. 

മൂന്നാർ മലനിരകൾ വെട്ടിത്തെളിച്ച് തേയില തോട്ടങ്ങളാക്കാൻ ബ്രിട്ടീഷുകാർ ശ്രമിച്ചു കൊണ്ടിരിക്കുന്ന കാലത്ത് നിന്നാണ് ഇയ്യോബിന്റെ (ലാൽ) കഥ തുടങ്ങുന്നത്. വെറുമൊരു സാധാരണ അടിമച്ചെക്കൻ ഹാരിസണ്‍ സായിപ്പിന്റെ (സാൽ യൂസഫ്‌) കൈയ്യാളാകുകയും  പിന്നീട് മതം മാറി ജോബ്‌ അഥവാ ഇയ്യോബായി സായിപ്പിന്റെ വിശ്വസ്തനും സന്തത സഹചാരിയുമായി മാറുമ്പോൾ ആരും അറിഞ്ഞിരുന്നില്ല അത്  നാടൻ സായിപ്പിലേക്കുള്ള ഒരു അടിമയുടെ പരിണാമ വഴികൾ കൂടിയാണെന്ന്. സായിപ്പിന്റെ ഭാര്യ സായിപ്പിനെയും മൂന്നാറിലെ തണുപ്പിനെയും ഉപേക്ഷിച്ചിട്ട് പോകുന്ന സമയത്താണ് ദുർമന്ത്രവാദിയെന്ന മുദ്ര കുത്തപ്പെട്ട് നാടു കടത്തപ്പെട്ട കഴലിയുടെ (ലെന) രംഗ പ്രവേശം. മറ്റുള്ളവർ ദുർമന്ത്രവാദിയെന്നു കരുതുന്ന കഴലിയെ സായിപ്പ് നോക്കി കണ്ടതാകട്ടെ മറ്റൊരു വിധത്തിലും. സായിപ്പിന്റെ നാടൻ മദാമ്മാ ഭാര്യയുടെ വേഷത്തിലേക്ക് കൂട് മാറാൻ കഴലിക്ക് അധികം താമസം വേണ്ടി വന്നില്ല. ആണുങ്ങൾ പലതും വെട്ടി പിടിക്കാനുള്ള രാഷ്ട്രീയത്തിൽ ശ്രദ്ധ പുലർത്തിയപ്പോൾ അടുക്കളയിൽ കഴലിയും ഇയ്യോബിന്റെ ഭാര്യയായ അന്നമ്മയും തമ്മിൽ സ്നേഹോഷ്മളമായ ഒരു സൌഹൃദ ബന്ധം വളർത്തിയെടുത്തു.  ഹാരിസണ്‍ സായിപ്പിന്റെ അപ്രതീക്ഷിതമായ മരണം ഇയ്യോബിന്റെ ജീവിതത്തിലെ മറ്റൊരു വഴിത്തിരുവാകുകയായിരുന്നു. ഗർഭിണിയായ കഴലിയെ കഴുത്തിനു പിടിച്ചു പുറത്തേക്കു തള്ളിയിട്ടു കൊണ്ട് ഇയ്യോബ് ഹാരിസണ്‍ സായിപ്പിന്റെ സർവ്വ സമ്പത്തുകളുടെയും അവകാശിയായി മാറി. ഇയ്യോബെന്ന നാടൻ സായിപ്പിന്റെ ഭരണയുഗം അവിടെയാണ് തുടങ്ങുന്നത്. 

ഇയ്യോബ്ബിന്റെ മൂന്നു മക്കൾ - ദിമിത്രി (ചെമ്പൻ വിനോദ്), ഐവാൻ (ജിനു ജോസഫ്), അലോഷി (ഫഹദ്). മൂന്നു മക്കളിൽ ഏറ്റവും സൌമ്യ ശീലനായ അലോഷി ഒരു പ്രത്യേക സാഹചര്യത്തിൽ നാട് വിട്ടു പോയി ബ്രിട്ടീഷ് പട്ടാളത്തിൽ ചേരുകയാണ്. ദിമിത്രിയും ഐവാനും അപ്പന്റെ എന്തിനും പോന്ന അപ്പൻ പറഞ്ഞാൽ എന്തും ചെയ്യാൻ തയ്യാറായിട്ടുള്ള മക്കളായി മൂന്നാറിൽ തന്നെ കൊഴുത്ത് വളരുന്നു. കഴലി തന്റെ മകൾ മാർത്തയുമായി ഒറ്റപ്പെട്ട ജീവിതം നയിക്കുന്നു. ഒരു ക്യാൻവാസിൽ തന്നെ വിരിയിച്ചെടുത്ത വിവിധ കഥാപാത്രങ്ങൾ പല തരം സംഘർഷങ്ങളിലൂടെ സഞ്ചരിക്കുന്ന കാഴ്ചയാണ് പിന്നീടങ്ങോട്ടുള്ള സിനിമയിൽ കാണാൻ സാധിക്കുക. കഴലിയുടെ മകൾ തനിയാവർത്തനം പോലെ മറ്റുള്ളവരുടെ മുന്നിൽ ദുർമന്ത്രവാദിനിയായി ചിത്രീകരിക്കപ്പെടുന്നു. അലോഷി ബ്രിട്ടീഷ് പട്ടാളത്തോട് കലാപം നടത്തി വിപ്ലവം മനസ്സിലേന്തി തിരിച്ചു വരുന്നു. ദിമിത്രി തന്റെ ജീവിതത്തിൽ വികല ലൈംഗികതക്കും ഭക്ഷണത്തിനും കൂടുതൽ പ്രാധാന്യം കൊടുക്കുമ്പോൾ ഐവാൻ ചെമ്പന്റെയും (വിനായകൻ) മറ്റു കീഴാളരുടെയും കുടിലുകൾ കത്തിച്ചും അവരോടെല്ലാം കൈയ്യൂക്ക് കാണിച്ചുമാണ് ആനന്ദം കണ്ടെത്തുന്നത്. അധികാരം എന്നും തന്നിൽ മാത്രം ഒതുങ്ങി നിൽക്കണം എന്ന ആഗ്രഹം ഇയ്യോബിന്റെ ഓരോ പ്രവർത്തിയിലും സംസാരത്തിലും കാണാം. തനിക്ക് ചുറ്റുമുള്ളവർ തന്നെ എന്നും അനുസരിക്കുന്നവരാകണം എന്ന നിർബന്ധ ബോധം അയാളിലുണ്ട്. മക്കളോടു പോലും അത് പ്രകടവുമാണ്. അലോഷി നാട് വിട്ടു പോകുന്നതിനും മുൻപേ തന്നെ ഇയ്യോബ് മനസിലാക്കുന്ന ഒരു സത്യമുണ്ട് - അലോഷി തന്റെ ഭാര്യ അന്നമ്മയുടെ മകനാണ്. അപ്പന്റെതായ ഒരു ശൈലിയും കടം കൊള്ളാത്ത അമ്മയുടെ മാത്രം മകൻ.

ഇയ്യോബിന്റെ  ബംഗ്ലാവിൽ  കഴിയുന്ന ദിമിത്രിയുടെ ഭാര്യ രാഹേൽ (പത്മപ്രിയ) തന്റെ കടുത്ത മൌനങ്ങൾക്ക് പിറകിലുള്ള നിഗൂഡതകളെ ഭീകരമായാണ് ഒരു വേള വെളിപ്പെടുത്തുന്നത്. എല്ലാ ജ്ഞാ  സ്വരങ്ങൾക്കും ചെവി കൊടുക്കുകയും അതനുസരിച്ച് മാത്രം ജീവിക്കാൻ വിധിക്കപ്പെടുകയും ചെയ്യേണ്ടി വരുന്ന ഒരു സ്ത്രീ ഏതൊക്കെ വിധത്തിലുള്ള മാറ്റങ്ങൾക്ക് അഥവാ സ്വഭാവങ്ങൾക്ക് അടിമപ്പെടും എന്നതിന് തീർച്ചയില്ല എന്നാണ് റാഹേലിന്റെ കഥാപാത്രം നമ്മളോടു പറയുന്നത്. അത് പോലെ പ്രതിനായകനായെത്തുന്ന അംഗൂർ റാവുത്തർ (ജയസൂര്യ)  ഒരുപാട് ശരീര ചലനങ്ങളോ കനപ്പെട്ട സംഭാഷണങ്ങളോ കൊണ്ടല്ല  തന്റെ എതിരാളികളെ നേരിടുന്നത്. മരം മുറിക്കാൻ സർക്കാർ അനുമതിയുണ്ടായിട്ടും അതിനു തടസ്സം നിൽക്കുന്ന ഇയ്യോബിനെ അംഗൂർ റാവുത്തർ വളരെ തന്ത്രപരമായി സംസാരിച്ച ശേഷം ചെറിയ ഒരു ചിരിയിലൂടെ  ഞെട്ടിക്കുന്ന രംഗം അതിന്റെ ഏറ്റവും ഉത്തമ ഉദാഹാരണമാണ്. വാപ്പയോടു ചോദിച്ചാൽ തന്നെ കുറിച്ച് അറിയാം എന്ന ഇയ്യോബിന്റെ ഭീഷണി ശബ്ദത്തെ അംഗൂർ നേരിടുന്നത് ചെറിയൊരു ചിരിയോടു കൂടെയുള്ള മറുപടി കൊണ്ടാണ്. "വാപ്പ ഇപ്പോൾ ഇല്ല, നാല്  മാസം മുൻപ് വാപ്പയെ ഞങ്ങൾ കൊന്നു. പുതുതായി ഒന്നും ചെയ്യാൻ വാപ്പ സമ്മതിച്ചിരുന്നില്ല"; ഈ ഒരു ഡയലോഗ് സൃഷ്ടിക്കുന്ന ഭീകരതക്ക് മുന്നിൽ ഇയ്യോബ് പോലും സ്തബ്ധനായി പോകുന്നുണ്ട്. ആക്രോശങ്ങൾ കൊണ്ടും ശരീരാകാരത്തിന്റെ പിന്തുണ കൊണ്ടും മാത്രമല്ല ഒരു പ്രതിനായകന് ഭീഷണിയുടെ സ്വരം സൃഷ്ടിക്കാൻ സാധിക്കുക എന്ന് അടിവരയിടുന്ന രംഗം കൂടിയാണത്.  ഇത്തരത്തിലുള്ള ലളിതമായ  സംഭാഷണങ്ങളാലും മുഖ ഭാവങ്ങളാലും അഭിനയ കലയുടെ തീവ്ര സ്വരങ്ങൾ മുഴക്കുന്ന കഥാപാത്രങ്ങൾ  കൊണ്ട്  സമ്പുഷ്ടമാണ് ഇയ്യോബിന്റെ പുസ്തകം എന്ന് കൂടി നിരീക്ഷിക്കേണ്ടിയിരിക്കുന്നു. 

അലോഷിയുടെ കമ്മ്യൂണിസവും വിപ്ലവവുമൊന്നും  സിനിമയിൽ വേണ്ടത്ര ചർച്ച ചെയ്യപ്പെടുന്നില്ല. കീഴാളനും തൊഴിലാളിക്കും വേണ്ടി സംസാരിക്കാൻ കമ്മ്യൂണിസ്റ്റ് സഖാക്കാൾ അന്നും വേണ്ട ഇടപെടലുകൾ നടത്തിയിരുന്നു എന്ന സൂചനകൾ മാത്രമാണ് സിനിമ തരുന്നത്.  ഒരൊറ്റ സീനിൽ വന്നു പോകുന്ന പി ജെ ആന്റണിയും  (ആഷിഖ് അബു),  തോട്ടം തൊഴിലാളികൾക്ക് വേണ്ടി ഇയ്യോബിനോട് സംസാരിക്കാൻ വരുന്ന റോസമ്മ പുന്നൂസും മറ്റൊരു സഖാവും മാത്രമാണ് സിനിമയിൽ കമ്മ്യൂണിസത്തെ പ്രതിനിധീകരിച്ചു കൊണ്ട് രംഗത്തെത്തുന്നത്. സായുധ വിപ്ലവം ആ കാലത്തെ കേരളത്തിലെ കമ്മ്യൂണിസ്റ്റ്കാർക്ക് പരിചയമുണ്ടായിരുന്നോ എന്ന് സംശയമാണ് എങ്കിലും സിനിമയിൽ ആലോഷിയെ രക്ഷിക്കാനായി തോക്കുകളേന്തി  പോലീസ് ജീപ്പ് വളയുന്ന സഖാക്കളെ നമുക്ക് കാണാൻ സാധിക്കുന്നുണ്ട്. ഇലക്ഷൻ സമയത്ത് വേണ്ട സഹായ സഹകരണങ്ങൾ പ്രതീക്ഷിച്ചു കൊണ്ട് ഇയ്യോബിനെ വന്നു കാണുന്ന ഒരു നാടൻ പ്രമാണി ദേശ സ്നേഹം കൊണ്ടാണ് താൻ ജനസേവകനാകാൻ  താൽപ്പര്യം കാണിക്കുന്നത് എന്ന് ഇടക്കിടെ പറയുന്നുണ്ട്. അയാളുടെ രാഷ്ട്രീയം എന്താണെന്ന് സിനിമ വ്യക്തമാക്കുന്നില്ലെങ്കിലും ആ കഥാപാത്രം കോണ്‍ഗ്രസ്സിന്റെ അക്കാലത്തെ പ്രമാണി ജന്മി രാഷ്ട്രീയക്കാരെ കണക്കറ്റ് പരിഹസിക്കുക തന്നെ ചെയ്യുന്നു. 

തന്റെ മുൻകാല സിനിമകളിലെ സ്ലോമോഷൻ ആഖ്യാന ശൈലികളൊന്നും  ഇയ്യോബിന്റെ പുസ്തകത്തിൽ അമൽ നീരദ് ആവർത്തിക്കുന്നില്ല. അമലിന്റെ മറ്റു സിനിമകളെ അപേക്ഷിച്ച് നോക്കുമ്പോൾ  ഇയ്യോബിന്റെ പുസ്തകത്തിന്റെ പ്രധാന സവിശേഷത  അതിലെ മികച്ച cinematography ആണെന്ന് പറയേണ്ടിയിരിക്കുന്നു. ഓരോ സീനിലും ആ മികവ് പ്രകടമാണ്. ഒരു നിമിഷം ഒന്ന് കണ്ണടച്ചാൽ പോലും നഷ്ടപ്പെട്ടേക്കാവുന്ന ദൃശ്യഭംഗിയുടെ ഒരു മുഴുനീള ചലച്ചിത്രരൂപമായി തന്നെയാണ്  ഇയ്യോബിന്റെ പുസ്തകത്തെ അമൽ നീരദ് ഒരുക്കിയിരിക്കുന്നത്. ആ നിലക്ക് തന്നെയാണ് ഇയ്യോബിന്റെ പുസ്തകം പ്രധാനമായും പ്രേക്ഷകന്റെ മനസ്സ് കവരുന്നത്. 

പഴയ കാലഘട്ടത്തെയും  ആളുകളുടെ  വേഷഭൂഷവിതാനങ്ങളെയും സംസാര ശൈലികളെയും എത്രത്തോളം സത്യസന്ധമായും മികവുറ്റതാക്കിയും സിനിമയിൽ അവതരിപ്പിക്കാൻ സാധിച്ചിട്ടുണ്ട് എന്നത് ഒരു സംശയമാണ്. ആദ്യം സൂചിപ്പിച്ച ഫിക്ഷന്റെ സ്വാധീനം ഈ കഥയിൽ ഉള്ളത് കൊണ്ട് മാത്രം അതെല്ലാം കണ്ണടച്ച് വിശ്വസിക്കാൻ മാത്രമേ പ്രേക്ഷകന് തരമുള്ളൂ. കഥയുമായോ സാഹചര്യവുമായോ ഒരു ബന്ധവുമില്ലാതെ സിനിമക്കിടയിൽ കേറി വന്നു കൊണ്ട് ചുമ്മാ ഒരു ഐറ്റം ഡാൻസ് കളിച്ചു മടങ്ങിയ അമല പോളിനെ അഭിനന്ദിക്കാതിരിക്കാൻ വയ്യ. ഇയ്യോബിന്റെ പുസ്തകത്തിലെ ഒരു അനാവശ്യ ഏട് തന്നെയായിരുന്നു അമല പോൾ. അമൽ നീരദിന്റെ മികവുകൾക്കിടയിൽ മനപൂർവ്വം അദ്ദേഹം തന്നെ തുന്നി ചേർത്ത ഒരു അനാവശ്യ അധ്യായം. 

ആകെ മൊത്തം ടോട്ടൽ = മികച്ച  ദൃശ്യാനുഭവം എന്ന നിലയിൽ നല്ലൊരു സിനിമ. ക്യാമറ കൊണ്ട് കഥ പറയുന്ന സംവിധായകരുടെ കൂട്ടത്തിൽ രാജാവാകാൻ മാത്രമുള്ള യോഗ്യത തനിക്കുണ്ട് എന്ന്  അമൽ നീരദ് ഈ സിനിമയിലൂടെ തെളിയിക്കുന്നു. 

*വിധി മാർക്ക് = 7/10 
-pravin- 

13 comments:

  1. ഇത് കാണണം.

    (നായ്ക്കള്‍; ജാഗ്രതൈ എന്നൊരു തമിഴ് പടമുണ്ട്, കണ്ടിട്ടുണ്ടോ? സത്യരാജിന്റെ മകനാണ് നായകന്‍. ഒരു പട്ടിയുടെ അഡ്വഞ്ചര്‍ ആണ് ഹൈലൈറ്റ്. പിന്നെ ഇന്നലെ നന്ദലാലയും കണ്ടു. ശുഭപര്യവസായിയായ ഒരു ശോകകാവ്യം വായിക്കുന്നതുപോലെ സുന്ദരമായ സിനിമ. ഈ മിഷ്കിന്‍ ആള് കൊള്ളാലോ. ഓനായയും ആട്ടുക്കുട്ടിയും, അഞ്ചാതേ ഇവയും കണ്ടു. നന്ദലാല കണ്ട് രണ്ടുമൂന്ന് വട്ടം കണ്ണ് നിറഞ്ഞു. വേശ്യപ്പെണ്ണിനെ കുളിപ്പിക്കുന്ന സീനെത്തിയപ്പോള്‍, ഭ്രാന്തിയമ്മയെ കാണുമ്പോള്‍, അകി അമ്മയെ കണ്ടിട്ട് പോയി വേശ്യപ്പെണ്ണിന് പോയി മുത്തം കൊടുക്കുമ്പോള്‍, അങ്ങനെ ചില സീനുകളില്‍. ഈയടുത്തകാലത്ത് കണ്ടതില്‍ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ!!)

    ReplyDelete
    Replies
    1. അജിത്ത്ഭായ് പറഞ്ഞ 2 പടവും ഞാൻ കണ്ടിട്ടില്ല ... ഭായ് പറഞ്ഞതുകൊണ്ട് തീര്ച്ചയായും കാണും ......

      Delete
    2. അജിത്തേട്ടാ ...നായ്ക്കൾ; ജാഗ്രതൈ കയ്യിൽ കിട്ടിയിട്ടുണ്ട് ..മിക്കവാറും ഇന്ന് കാണും ... മിഷ്കിൻ പടങ്ങൾക്ക് സാധാരണ സിനിമകളിൽ നിന്ന് വേറിട്ട ഒരു ഫീലാണ് .. സിനിമയാണ് കാണുന്നത് എന്ന് തോന്നുന്നില്ല ..രാജീവ് രവിയുടെ അന്നയും റസൂലുമൊക്കെ കാണുമ്പോൾ മിഷ്കിന്റെ ഓർമ്മ വരും ... അന്ജാതെ പണ്ട് കോയമ്പത്തൂരിൽ പഠിക്കുന്ന സമയത്ത് മലയാള സിനിമ കാണാൻ കിട്ടാതെ ചുമ്മാ കേറി കണ്ടതാണ് ..അതാണ്‌ ആദ്യമായി കണ്ട മിഷ്കിൻ പടം ..അതിനും ശേഷമാണ് പുള്ളിയുടെ ആദ്യ സിനിമ ചിത്തിരം പേശുതെടി കാണുന്നത് . ഒനായയും ആട്ടുക്കുട്ടിയും എല്ലാം കൊണ്ടും ഇഷ്ടമായ ഒരു സിനിമയാണ് ... നന്ദലാല കണ്ടിട്ടില്ല ...ഇപ്പൊ കാണാൻ വേണ്ടി തപ്പി നടക്കുന്നത് യുദ്ധം സെയ് ആണ് ...പിന്നെ മുഖംമൂടി ...ആ പടത്തിന്റെ പൊടി പോലും കിട്ടുന്നില്ല ..ഡൌണ്‍ലോഡ് ഇട്ടാലും സംഗതി കിട്ടുന്നില്ല .. ഡി വി ഡി യും കണ്ടില്ല ... എന്തായാലും അജിത്തേട്ടൻ പറഞ്ഞ ഈ രണ്ടു സിനിമകൾ കണ്ട ശേഷമേ ഇനി വേറൊരു പടം കാണുകയുള്ളൂ ...

      Delete
  2. ഇനി പടം കാണണ്ടല്ലോ .... ഹി ഹി ഹി .......

    ReplyDelete
  3. കാണാട്ടോ, എന്നിട്ട് പറയാം

    ReplyDelete
  4. ഈ സിനിമയെക്കുറിച്ച് എല്ലാവരും നല്ല അഭിപ്രായമാണ് പറയുന്നത്. തീർച്ചയായും കാണാൻ ഉറപ്പിച്ച സിനിമയെക്കുറിച്ച് ഒന്നുകൂടി നന്നായി മനസിലാക്കാൻ ഈ ലേഖനം ഉപകരിച്ചു.

    ReplyDelete
    Replies
    1. കണ്ടു നോക്കൂ പ്രദീപേട്ടാ ...ഈ സിനിമ തിയേറ്ററിൽ നിന്ന് കാണുമ്പോൾ കിട്ടുന്ന സുഖം ഒന്ന് വേറെയാണ് ...എല്ലാം ഒന്നിന്നൊന്നു മെച്ചപ്പെട്ട ഫ്രൈമുകൾ ...കണ്ണെടുക്കാൻ തോന്നില്ല ...

      Delete
  5. ഈ സിനിമയെ പറ്റി ഒരുപാട് നല്ല അഭിപ്രായങ്ങൾ കേട്ടു ..എന്തായാലും കാണും

    ReplyDelete
  6. ഇയ്യോബിന്റെ പുസ്തകത്തിന്റെ പ്രധാന സവിശേഷത
    അതിലെ മികച്ച cinematography ആണെന്ന് പറയേണ്ടിയിരിക്കുന്നു.
    ഓരോ സീനിലും ആ മികവ് പ്രകടമാണ്. ഒരു നിമിഷം ഒന്ന് കണ്ണടച്ചാൽ
    പോലും നഷ്ടപ്പെട്ടേക്കാവുന്ന ദൃശ്യഭംഗിയുടെ ഒരു മുഴുനീള ചലച്ചിത്രരൂപമായി
    തന്നെയാണ് ഇയ്യോബിന്റെ പുസ്തകത്തെ അമൽ നീരദ് ഒരുക്കിയിരിക്കുന്നത്. ആ നിലക്ക് തന്നെയാണ് ഇയ്യോബിന്റെ പുസ്തകം പ്രധാനമായും പ്രേക്ഷകന്റെ മനസ്സ് കവരുന്നത്.

    ReplyDelete