Friday, March 16, 2018

കാർബൺ - മനസ്സിനെ കാട് കയറ്റുന്ന സിനിമ

മനുഷ്യ മനസ്സിനോളം നിഗൂഢമായ മറ്റൊന്ന്  വേറെയുണ്ടോ എന്നറിയില്ല. ഒരിക്കലും അടങ്ങാത്ത അവന്റെ ആഗ്രഹങ്ങൾ തന്നെയായിരിക്കാം മനസ്സിനെ ഇത്രത്തോളം നിഗൂഢമാക്കുന്നത്. എല്ലാ കാലത്തെയും ഏതൊരു സാധാരണ മനുഷ്യന്റെയും സർവ്വ സാധാരണമായ ഒരു ആഗ്രഹമായിരുന്നു സമ്പാദിച്ചു സമ്പാദിച്ചു പണക്കാരനാകുക എന്നത്. കാലത്തിന്റെ വേഗത്തിനൊപ്പം മനുഷ്യന്റെ ആ ആഗ്രഹത്തിനും ഭാവഭേദം വന്നു. സമ്പാദിക്കാൻ വേണ്ടി ജീവിതത്തിലെ വിലപ്പെട്ട സമയങ്ങൾ കളയാൻ അവനൊരുക്കമല്ലാതായി. ഏതു വഴിക്കും പെട്ടെന്ന് പണക്കാരനാകണം എന്ന ചിന്തക്കാരുടെ എണ്ണം ദിനം പ്രതി കൂടി വന്നു. നമുക്ക് ചുറ്റുമുള്ള ഒരു പക്ഷേ  നമ്മളടക്കമുള്ള പലരുടെയും അങ്ങിനെയൊരു പ്രതിനിധി തന്നെയാണ് സിബി സെബാസ്റ്റ്യൻ. മരതക കല്ലും ആനയും വെള്ളിമൂങ്ങയുമടക്കം പലതിന്റെയും കച്ചവട സാധ്യതകളും ലാഭങ്ങളുമൊക്കെ അയാളെ 'പണക്കാരൻ' എന്ന പദവിയിലിലേക്ക് വല്ലാതെ ആകർഷിക്കുന്നുണ്ട്. പണമുണ്ടെങ്കിലേ ജീവിതത്തിൽ എന്തുമുള്ളൂ എന്ന പൊതുധാരണയെ ഇവിടെ സിബിയും കൂട്ട് പിടിച്ചു കാണാം. ജോലി ചെയ്തു ജീവിക്കുന്ന കൂട്ടുകാരന്റെ ഔദാര്യങ്ങൾ കൈപ്പറ്റുമ്പോഴും കൂട്ടുകാരന്റെ സ്ഥിരം ജോലി എന്ന രീതിയോട് ഒട്ടുമേ മമത കാണിക്കുന്നില്ല സിബി.  സിബി എന്ന കഥാപാത്രത്തെ രൂപം കൊണ്ടും ഭാവം കൊണ്ടും അയാളുടെ ചിന്താ രീതി കൊണ്ടും സിനിമയുടെ ആദ്യ പകുതിയിൽ വേണ്ടുവോളം വരച്ചിട്ടു തരുന്നുണ്ട് സംവിധായകൻ. എന്തിനാണ് ഒരു കഥാപാത്രത്തെ ഇത്രക്കും വിശദമായി വരച്ചിടുന്നത് എന്ന് ചോദ്യത്തിന്റെ ഉത്തരങ്ങൾ ക്ലൈമാക്സിൽ വാരി വലിച്ചിടുകയാണ് സംവിധായകൻ. ഉത്തരം കണ്ടത്തേണ്ട ഉത്തരവാദിത്തം തീർത്തും പ്രേക്ഷകന്റേതാക്കി മാറ്റുന്ന ആവിഷ്‌ക്കാര ശൈലി വേണു തന്റെ മുൻ സിനിമ 'മുന്നറിയിപ്പി'ലും അവലംബിച്ചു കണ്ടതാണ്. 

'മുന്നറിയിപ്പി'ൽ സി കെ രാഘവനെ പൂർണ്ണമായും വായിച്ചെടുക്കാൻ സാധിക്കുന്നത് സിനിമക്ക് ശേഷമാണ്. അത് വരേയ്ക്കും ആ കഥാപാത്രം പറഞ്ഞതും പറയാതിരുന്നതുമായ ഒരുപാട് കാര്യങ്ങളെ കൂട്ടി വായിക്കേണ്ടി വരുന്നുണ്ട് സിനിമക്കൊടുവിൽ. കഥാപാത്ര സംഭാഷങ്ങൾക്കിടയിലൂടെ വീണു കിട്ടുന്ന ചിന്തകളും സൂചനകളും നിലപാടുകളുമൊക്കെ  ഓർത്തു വക്കുകയും ബൗദ്ധിക വ്യായാമം കണക്കെ അതിനെയെല്ലാം ഉപയോഗപ്പെടുത്തുകയും ചെയ്യുമ്പോൾ മാത്രം കിട്ടുന്ന ചില ആസ്വാദന പൂർണ്ണതയും സംതൃപതിയും ഉണ്ട് വേണുവിന്റെ സിനിമകൾക്ക്. ഒരു സിനിമ നിർമ്മിതിയുടെ പിറകിൽ നിർമ്മാതാവും തിരക്കഥാകൃത്തും ഛായാഗ്രഹകനും സംഗീതജ്ഞനും അടക്കം അനവധി നിരവധി പേരുടെ ശ്രമങ്ങൾ ഉണ്ടെങ്കിൽ പോലും ആത്യന്തികമായി ഒരു സിനിമ എന്നത് കാണുന്ന പ്രേക്ഷകന്റെ കാഴ്ച മാത്രമായി ഒതുങ്ങുകയാണ് പതിവ്.  അത്തരം കാഴ്ചകൾക്കും അപ്പുറം കാണുന്നവനെ ചിന്തിപ്പിക്കുന്ന സിനിമകൾ വളരെ ചുരുക്കമാണ്.  എന്താണോ സംവിധായകൻ ഉദ്ദേശിച്ചത് അത് മനസ്സിലാകണമെങ്കിൽ കാര്യകാരണങ്ങളടക്കം പലതും കഥാപാത്ര സംഭാഷണങ്ങളാൽ  വിശദീകരിച്ചു പറഞ്ഞു കൊടുക്കുന്ന ശൈലിയാണ് പൊതുവെ മിക്ക സിനിമകളും പിൻപറ്റാറുള്ളത്.  വേണുവിന്റെ 'മുന്നറിയിപ്പും' 'കാർബണു'മൊക്കെ അക്കൂട്ടത്തിലെ  സമീപക കാലത്തെ അപവാദങ്ങളാണ്. 

സിബി എന്ന കഥാപാത്രത്തെ റിയാലിറ്റിക്കും ഫിക്ഷനുമിടയിൽ നിന്ന് കൊണ്ട് കാണേണ്ടതാണ്.  പ്രായോഗികമല്ലാത്ത ബിസിനസ്സ് സ്വപ്‌നങ്ങൾ ഉള്ള സിബിയുടെ മനസ്സിലേക്ക് കുടിയേറി പാർത്തവർ ഒരുപാടുണ്ട്. അക്കൂട്ടത്തിൽ പ്രധാനിയാണ് സൗബിന്റെ ആന പാപ്പാൻ വേഷം. സിബി എപ്പോഴോ എവിടെയോ വച്ച് കണ്ടു പരിചയപ്പെട്ട ഒരു കഥാപാത്രം. ആ കഥാപാത്രം റിയൽ ലൈഫിൽ ഒരിക്കലും വന്നു പോകുന്നതായി സിനിമ കാണിക്കുന്നില്ലെങ്കിലും രണ്ടു തവണയായി സിബി അയാളെ കാണുന്നുണ്ട്. ആനയുടെ ഉടമസ്ഥ എന്ന് അവകാശപ്പെടുന്ന സ്ത്രീയുമായുള്ള  സംസാരത്തിനിടയിൽ അവരുടെ ചുവന്നു കലങ്ങിയ  ഒരു കണ്ണ്  പ്രേക്ഷകനെ പോലെ സിബിയും ശ്രദ്ധിച്ചു കാണും. പക്ഷെ ആ കണ്ണെന്താ അങ്ങിനെയിരിക്കുന്നത്  എന്ന ചോദ്യം നമ്മളും സിബിയും സൗകര്യപൂർവ്വം മനസ്സിലൊതുക്കുന്നു. ചോദിക്കാൻ ആഗ്രഹിച്ചിട്ടും എന്ത് കൊണ്ടോ ചോദിക്കാതെ പോയ ആ ചോദ്യമാണ് മനസ്സിൽ പിന്നീട് മറ്റൊരു കഥ പോലെ വളർന്നു വരുകയും ഒരു സ്വപ്നം പോലെ നമുക്ക് അനുഭവപ്പെടുകയും ചെയ്യുന്നത്. തന്റെ ചെവിയെ ലക്ഷ്യമാക്കി  തോട്ടിയുമെടുത്തു പിന്നാലെ ഓടി വരുന്ന, സ്വയം മരിച്ചെന്നു അവകാശപ്പെട്ട ആനക്കാരൻ രാജേഷിൽ നിന്ന് സിബി രക്ഷപ്പെടുന്നത് സ്വപ്നത്തിൽ നിന്നെഴുന്നേൽക്കുമ്പോൾ ആണ്. ഞെട്ടി എഴുന്നേറ്റ ശേഷം മൊബൈൽ ഗാലറിയിൽ ആനക്കാരന്റെ ഫോട്ടോ നോക്കി ആ കഥാപാത്രം യാഥാർത്ഥമെന്ന് അയാൾ ഉറപ്പു വരുത്തുന്നു. ആനക്കാരനെ പരിചയപ്പെട്ടിട്ടുണ്ടെങ്കിലും സ്വപ്നത്തിൽ കണ്ട സംഗതികൾ സിബിയുടെ മനസ്സിൽ സംശയങ്ങളുണ്ടാക്കുന്നുണ്ട്.  ചോദ്യങ്ങളുടെയും ഉത്തരങ്ങളുടെയും ശേഷിപ്പുകളെ  മനസ്സിൽ  ഭദ്രമായി അടച്ചു വെച്ചു കൊണ്ട് അയാൾ  അടുത്ത ഫാന്റസിയിലേക്ക് യാത്ര തുടങ്ങുകയാണ്. അവിടെ 'നിധി' എന്ന വാക്കും അതിനു പിന്നിലെ നിറം പിടിപ്പിക്കുന്ന കഥകളും അതിനൊത്ത കാടിന്റെ പശ്ചാത്തലവുമാണ് അയാളുടെ മനസ്സിനെ ഭ്രമിപ്പിക്കുന്നത്. 

'നിധി' യോളം ഒരു പണക്കൊതിയനെ മത്തു പിടിപ്പിക്കുന്ന മറ്റൊരു സങ്കൽപ്പം വേറെയുണ്ടോ ഭൂമിയിൽ എന്ന് ചിന്തിപ്പിക്കുന്നുണ്ട് സിനിമ. നിധി സ്വപ്നവുമായി കാട് കയറാൻ കൊതിച്ച സിബിയുടെ മുന്നിലേക്ക് വന്നു വീഴുന്ന കഥാപാത്രമാണ് മമതയുടെ സമീറ എന്ന കഥാപാത്രം. സത്യത്തിൽ സമീറ ആരാണെന്നുള്ള  ചോദ്യത്തിന് സിബിക്ക് കിട്ടിയ  ഉത്തരം  പോലും അയാളെ ഫാന്റസിയുടെയും ഫിക്ഷന്റെയും ലോകത്തേക്ക് കൊണ്ട് പോകുന്നുണ്ട്. 'ദൂരെ.. ദൂരെ ..' എന്ന ഗാനത്തിൽ  സമീറയുടെ  കോസ്‌റ്റ്യൂംസിലൂടെ അവളെ ഒരു പ്രകൃതീശ്വരിയാക്കുകയാണ് സംവിധായകൻ. സിബിയുടെ കാഴ്ചകളിൽ സമീറ പ്രകൃതീശ്വരിയായി മാറുമ്പോൾ അയാളുടെ  മനസ്സിൽ സമീറയോട്  തീവ്രമായൊരു  വിശ്വാസവും കൂടി രൂപപ്പെടുകയായിരുന്നു. നിധിക്ക് വേണ്ടിയുള്ള യാത്രയിൽ സമീറയുടെ സാന്നിദ്ധ്യം അയാൾ ആഗ്രഹിക്കുന്നതും അത് കൊണ്ട് തന്നെ. കാട്ടിനുള്ളിലെവിടെയോ നിധി ഉണ്ടെന്നു  വിശ്വസിക്കുമ്പോഴും നിധി തേടി പോയവരാരും  തിരിച്ചു വന്നിട്ടില്ലെന്ന കഥയെ അയാൾ ഗൗനിക്കുന്നില്ല. അതെല്ലാം വെറും കെട്ടു കഥയായി പുറമേക്ക് പുച്ഛിച്ചു തള്ളുമ്പോഴും സിബിയുടെ ഉള്ളിന്റെയുള്ളിൽ ആ കഥകളോട് ഒരേ സമയം  വിശ്വാസവും ഭയവും ഉണ്ടായിരുന്നു എന്ന് വേണം കരുതാൻ. 

അവസാന രംഗങ്ങളിലേക്കെത്തുമ്പോൾ റിയാലിറ്റിയും ഫിക്ഷനും കൂടി ഇഴ ചേർന്ന് വല്ലാത്തൊരു മട്ടിലായി പോകുന്നുണ്ട് സിനിമ. സിബിയുടെ ഉള്ളിന്റെയുള്ളിൽ ഉണ്ടായിരുന്ന ആഗ്രഹങ്ങളും ഭയങ്ങളും വിശ്വാസങ്ങളും കാഴ്ചകളുമൊക്കെ സ്വതന്ത്രമാകുകയാണ് ആ ഘട്ടത്തിൽ.  കാണുന്നവന് അതിനെയൊക്കെ  സ്വപ്നമെന്നോ ഭ്രമമെന്നോ മരണമെന്നോ അങ്ങിനെ എന്ത് വേണമെങ്കിലും വ്യാഖ്യാനിക്കാനുള്ള അവസരമുണ്ട്.   സ്വന്തം ചിന്താ ശൈലിയിൽ കാര്യങ്ങളെ  മനസ്സിലാക്കാൻ കിട്ടിയ  അവസരമെന്ന നിലയിൽ അവസാന  രംഗങ്ങളെ  മരണവുമായി ചേർത്ത് വായിക്കാനാണ്‌  ഞാൻഎന്ന പ്രേക്ഷകൻ  ഇഷ്ടപ്പെടുന്നത്. ആഗ്രഹിച്ചതും സ്വപ്നം കണ്ടതുമായ ഒന്നിനെയും നേടാനാകാതെ  വിജനമായ കാട്ടിനുള്ളിൽ  ഒറ്റപ്പെട്ടു പോകുന്ന ഒരു മനുഷ്യന്റെ ചിന്താ വിചാരങ്ങളും ഭാവനകളും ഏതൊക്കെ വഴിക്ക് സഞ്ചരിച്ചേക്കാം എന്ന് പറയ വയ്യ. സ്വപ്നം കാണുന്നവനും മരിച്ചവനും തമ്മിൽ വളരെയേറെ സാമ്യതകൾ  അനുഭവിക്കേണ്ടി വരുന്നുണ്ടാകാം. എത്ര ദുർഘടം പിടിച്ച സ്വപ്നമാണെങ്കിലും നമ്മൾ ആ സ്വപ്നത്തിൽ എന്ത് കൊണ്ട് എപ്പോഴും അതിജീവിക്കാൻ പോരാടുന്നവരോ  അതിജീവിക്കുന്നവരോ  മാത്രമാകുന്നു ? സ്വപ്നം കാണുമ്പോൾ എന്ത് കൊണ്ട് അതൊരു സ്വപ്‌നമാണെന്ന്‌ നമ്മൾ തിരിച്ചറിയാതെ പോകുന്നു? സ്വപ്നത്തിൽ നിന്നും എഴുന്നേറ്റു വരുന്നത്  യാഥാർഥ്യത്തിലേക്കാണെന്നു നമ്മൾ വിശ്വസിക്കുന്നുവെങ്കിലും എന്ത് കൊണ്ട്  അതും മറ്റൊരു സ്വപ്നമായി കൂടാ ?  

മരിച്ചവർക്ക് തങ്ങൾ മരിച്ചതായി ഒരിക്കലും ബോധ്യപ്പെടില്ലെങ്കിൽ റിയൽ എന്ന് വിശ്വസിച്ച ഒരു ലോകത്ത് അവർക്കുണ്ടായിരുന്നു അതേ  ആഗ്രഹങ്ങളും സ്വപ്നങ്ങളുമൊക്കെ മരണ ശേഷവും അവർക്ക് കൂടെ ഉണ്ടായെന്നു വരാം. ഒരു പക്ഷെ സ്വപ്നത്തിലും യാഥാർഥ്യത്തിലും സാക്ഷാത്ക്കരിക്കപ്പെടാതെ പോയ പലതും ആ ഒരു ലോകത്ത് അവർക്ക് കിട്ടിയെന്നും വരും. ഈ ഒരു ഫിക്ഷനെയാണ് സിനിമ അവസാന ഇരുപത് മിനിറ്റുകളിൽ മനോഹരമായ visualisation കൊണ്ട് പറയാൻ ശ്രമിച്ചിരിക്കുന്നത് എന്ന് വിശ്വസിക്കുന്നു. കാട്ടിൽ ഒരിറ്റ് കുടി വെള്ളത്തിനായി ആഗ്രഹിച്ച സിബിക്ക് റിയൽ ലൈഫിൽ കിട്ടിയത് ചളി വെള്ളമാണെങ്കിൽ പിന്നീട് മഴയാണ് ദാഹമകറ്റുന്നത്. കയ്യിൽ ബോട്ടിൽ വെള്ളം ഉണ്ടായിരുന്ന സമയത്ത് അയാൾ വെള്ളത്തിന്റെ വില അറിഞ്ഞിരുന്നില്ല എന്നതും ഓർക്കണം. അത് പോലെ സമീറയിൽ സിബിക്കുണ്ടായ ചില വിശ്വാസങ്ങളും ഭാവനകളുമൊക്കെയാണ്  ദുർഘട ഘട്ടത്തിൽ അവൾ ഒരു രക്ഷകയെന്നോളം എത്തുന്നതായി സിബിയെ അനുഭവപ്പെടുത്തുന്നത്. ഒരിക്കൽ സ്വപ്നത്തിൽ തന്നെ ഭയപ്പെടുത്തിയ ആനക്കാരനെ അയാൾ കാട്ടിനുള്ളിൽ വച്ച് കാണുമ്പോൾ ഭയക്കുന്നില്ല. കുടുംബത്തിനോടുള്ള തന്റെ കർത്തവ്യങ്ങളിൽ  നിന്നും ഒളിച്ചോടിയിരുന്ന  സിബിയുടെ മുന്നിൽ അച്ഛന്റെയും അമ്മയുടെയും ദയനീയ രൂപങ്ങൾ  മിന്നി മായുന്നുണ്ട്.  ജീവിതവും സ്വപ്നവും  മരണവുമൊക്കെ  കാഴ്ചകൾ കൊണ്ട് വേറിട്ട അനുഭവങ്ങളായി മാറുന്നതിനിടയിലെപ്പോഴോ ആണ് നമുക്ക് തിരിച്ചറിവുകൾ സംഭവിക്കുന്നത്. ആൽക്കെമിസ്റ്റ് നോവലിലെ സാന്റിഗോയുടെ നിധി അന്വേഷിച്ചുള്ള യാത്രയെ പറ്റി  സമീറ സിബിയോട് പറയുന്നുണ്ടെങ്കിലും  ആ കഥയിൽ പക്ഷെ സിബിക്ക് അറിയേണ്ട ഒന്നേ ഉണ്ടായിരുന്നുള്ളൂ. അയാൾക്ക് ഒടുക്കം നിധി കിട്ടിയോ ഇല്ലയോ എന്ന്. സാന്റിഗോയുടെ  കഥയിൽ ജീവിത യാത്രയുടെ നിരർത്ഥകത വെളിപ്പെടുത്തുമ്പോൾ വേണുവിന്റെ 'കാർബൺ' സിബിക്ക് അത്തരത്തിൽ പൂർണ്ണമായും ഒരു തിരിച്ചറിവ് സംഭവിക്കുന്നതായി വ്യക്തമാക്കുന്നില്ല. പകരം ആഗ്രഹങ്ങൾക്ക് പിന്നാലെയുള്ള മനുഷ്യന്റെ യാത്ര എന്നും തുടരുക മാത്രമേയുള്ളൂ എന്ന് പറഞ്ഞു വക്കുന്നു. ഒരു പക്ഷെ മരണ ശേഷം പോലും. 

ആകെ മൊത്തം ടോട്ടൽ = ഒരു സംവിധായകൻ തന്റെ  സിനിമ കൊണ്ട് ഉദ്ദേശിച്ചതിനും അപ്പുറമുള്ള കാഴ്ചകൾ കാണാൻ പ്രേക്ഷകരെ അനുവദിക്കുമ്പോൾ കേവലാസ്വാദനമെന്നതിൽ നിന്നും സിനിമാ നിർമ്മാണത്തിന്റെ ഉദ്ദേശ്യം തന്നെ മാറുകയാണ്. ബൗദ്ധിക വ്യായാമത്തിനല്ല തിയേറ്ററിൽ വരുന്നത് മതി മറന്നു രസിക്കാനാണ് എന്ന് പറയുന്ന ഒരു വലിയ വിഭാഗം പ്രേക്ഷകർ ഉള്ള മലയാള സിനിമാ ഇന്ഡസ്ട്രിയെ സംബന്ധിച്ച് കാർബൺ പോലുള്ള സിനിമകൾ കൈ വിട്ട പരീക്ഷണങ്ങൾ തന്നെയാണ്. എന്നിരുന്നാലും ഫഹദിനെ പോലുള്ള മികച്ച നടന്റെ സാന്നിധ്യം കൊണ്ടും കാടിന്റെ പശ്ചാത്തലം കൊണ്ടും 'കാർബൺ' എല്ലാത്തരം പ്രേക്ഷകരുടെയും മനസ്സ് കവരുന്നുണ്ട്. സ്ഫടികം ജോർജ്ജിന്റെ വേറിട്ട കഥാപാത്ര പ്രകടനം മലയാള സിനിമക്ക്  മറ്റൊരു നല്ല സഹനടനെ കൂടി ഉറപ്പു വരുത്തുന്നു.  കെ യു മോഹനന്റെ ഛായാഗ്രഹണവും വേണുവിന്റെ സംവിധാനവും തന്നെയാണ് ഈ സിനിമയുടെ വശ്യത എന്ന് ചുരുക്കി പറയാം. 

*വിധി മാർക്ക് = 7/10 

-pravin-

2 comments:

  1. കണ്ടിഷ്ടപ്പെട്ട പടമാണ്
    കാർബൺ , ഒരു വ്യത്യസ്ഥ ചിത്രം ..

    ReplyDelete
  2. എന്‍റെ മനസിനെ പറഞ്ഞു മനസിലാക്കാന്‍ വേണ്ടി ഒരു പാട് തവണ കാണേണ്ടി വന്ന ഒരു സിനിമ പക്ഷെ ഇത് വരെ പുള്ളിക്കാരന് അത് മുഴുവനായിട്ട് മനസിലായിട്ടും ഇല്ല ... ഇനിയും കാണേണ്ടി വരും ....

    ReplyDelete