Thursday, April 30, 2026

ചിരി രസമുള്ള 'മധുവിധു' !!

സ്ത്രീകളില്ലാത്ത / സ്ത്രീകൾ വാഴാത്ത 'ഗോഡ്ഫാദർ', 'മേലേപ്പറമ്പിൽ ആൺവീട്', 'കല്ല്യാണരാമൻ' പോലുള്ള സിനിമകളിലെ തറവാട് കഥാ പരിസരത്തെ ഓർമ്മപ്പെടുത്തുമ്പോഴുംആ സിനിമകളുമായൊന്നും ഒരു ബന്ധവുമില്ലാത്ത വിധം സമാനമായൊരു പ്ലോട്ടിൽ പുതിയൊരു കഥയെ രസകരമായി പറഞ്ഞവതരിപ്പിക്കാൻ ബിബിൻ മോഹൻ - ജയ് വിഷ്ണു - വിഷ്ണു അരവിന്ദ് ടീമിനു സാധിച്ചിട്ടുണ്ട്.

ആഞ്ഞിലിമൂട്ടിൽ കുടുംബത്തിന്റെ പാരമ്പര്യത്തിൽ നിന്ന് പറഞ്ഞു തുടങ്ങി നിലവിലെ അവസ്ഥയിലേക്ക് പറഞ്ഞെത്തുന്ന ഇൻട്രോയിൽ തന്നെയുണ്ട് സിനിമയുടെ രസച്ചരട്.

ചുമരിൽ ആണിയടിച്ചു വച്ച ഫോട്ടോകളിലെ പൂർവ്വികരെയൊക്കെ സിനിമയുടെ കഥാഗതിയിലേക്ക് ബന്ധപ്പെടുത്തിയ രീതിയൊക്കെ ശ്രദ്ധേയമായി.

രസകരമായ ഒരു കുടുംബ സിനിമയുടെ മൂഡിനൊപ്പം തന്നെ മൂന്ന് നാല് തലമുറക്കാരുടെ പ്രണയ കഥകൾ കൂടി ചേർത്ത് വച്ചിട്ടുണ്ട് സിനിമയിൽ.

പറയാതെയും തിരിച്ചറിയാതെയും പോയ പ്രണയങ്ങൾ.. നഷ്ട പ്രണയം.. പ്രണയം സാക്ഷാത്ക്കരിച്ചിട്ടും ഒന്നിക്കാനാകാത്ത അവസ്ഥ.. ആഞ്ഞിലി മൂട്ടിൽ തറവാട്ടിൽ സർപ്പ ശാപമുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം തേടുകയാണ് സിനിമ.

ഇത്തരം സിനിമകളിൽ സാധാരണ നമ്മൾ കണ്ടു ശീലിച്ച സങ്കീർണ്ണതകളോ വില്ലന്റെ എൻട്രിയോ ഒന്നുമില്ലാതെ തന്നെ 'മധുവിധു'വിനെ കൈയ്യൊതുക്കത്തോടെ അവതരിപ്പിക്കാൻ വിഷ്ണു അരവിന്ദിന് സാധിച്ചിട്ടുണ്ട്.

ജഗദിഷ് - ഷറഫു - അസീസ് .. ഒരേ സമയം സിറ്റുവേഷണൽ കോമഡികളിലും സീരിയസ് രംഗങ്ങളിലും സ്‌കോർ ചെയ്തു കാണാം.

കുറച്ചു നേരമേ ഉള്ളൂവെങ്കിലും വിനീത് തട്ടിലിന്റെ സുര മാമനൊക്കെ സൂപ്പറായിരുന്നു.

കല്യാണി പണിക്കർ, വിജിത, ശ്രീജയ മൂന്നാളും അവരവരുടെ റോൾ നന്നായി തന്നെ ചെയ്തു.

സകുടുംബം കാണാവുന്ന ഒരു പടം. എന്റർടൈൻമെന്റ് തന്നെയാണ് രണ്ടു മണിക്കൂർ ദൈർഘ്യമുള്ള ഈ പടത്തിന്റെ ഗ്യാരണ്ടി.

ഈ കൊല്ലം ഇഷ്ടപ്പെട്ട 'ഫാമിലി എന്റർടൈനർ' സിനിമകളുടെ കൂട്ടത്തിലേക്ക് 'മധുവിധു' വിനെ കൂടി ചേർക്കുന്നു.

©bhadran praveen sekhar

Wednesday, April 29, 2026

ഒരു 'കൊല' ഫാമിലി എന്റെർറ്റൈനെർ !!


ഒരു കുടുംബ സിനിമയുടെ ട്രാക്കിൽ കഥ പറഞ്ഞു കൊണ്ടിരിക്കെ ഇടക്ക് വച്ചു നടക്കുന്ന കൊലപാതകം ആയിരുന്നല്ലോ 'ദൃശ്യ'ത്തിന്റെ അത് വരെയുണ്ടായിരുന്ന മൂഡ് മാറ്റി അതിനെ ഒരു ക്രൈം ത്രില്ലറാക്കി മാറ്റുന്നത്.

ആ കൊലപാതകത്തിന് ശേഷം ജോർജ്ജ് കുട്ടിയുടെ കുടുംബത്തിലുണ്ടാകുന്ന പ്രശ്നങ്ങളും അനുബന്ധ പിരിമുറുക്കങ്ങളുമൊക്കെ അതേ പടി നമ്മളെ കൂടി ബാധിക്കുന്നിടത്താണ് ദൃശ്യത്തിന്റെ ആസ്വാദനം.

എന്നാൽ ഇവിടെ 'മോഹിനിയാട്ട'ത്തിൽ മറ്റൊരു കുടുംബത്തിൽ മറ്റൊരു കഥാസാഹചര്യത്തിൽ നടക്കുന്ന കൊലപാതകം ഒരു മുഴുനീള സിനിമക്ക് വേണ്ട എന്റർടൈൻമെൻറ് ആയി മാറുകയാണ്.

ഒരു കുടുംബ സിനിമയുടെ രസകരമായ ആസ്വാദനം സമ്മാനിച്ച 'ഭരതനാട്യ'ത്തിന് ശേഷം അതേ ടീം വീണ്ടും വരുമ്പോൾ ഇങ്ങിനെ ഒരു ഴോനർ മാറ്റം പ്രതീക്ഷിച്ചിരുന്നില്ല. ട്രെയിലറിൽ നിന്നാണ് സംഗതി ഡാർക്ക് കോമഡി ആണെന്നുള്ളതിന്റെ സൂചന ആദ്യമായി കിട്ടുന്നത്.

വയലൻസിന്റെ ഒരു കണിക പോലുമില്ലാതെ ക്രൈം എന്ന സംഗതിയെ ഒരു കുടുംബ സിനിമയുടെ ചട്ടക്കൂടിനുള്ളിൽ നിന്ന് കൊണ്ട് രസകരമായ രീതിയിൽ കൈകാര്യം ചെയ്ത സംവിധാന മികവിന് തന്നെയാണ് ആദ്യത്തെ കയ്യടി.

സിനിമയിൽ ഗുരുതരമായ ഒരു ക്രൈം നടക്കുമ്പോൾ, കേന്ദ്ര കഥാപാത്രങ്ങളെല്ലാം പ്രതിസന്ധിയിലാകുമ്പോൾ കാണുന്ന നമുക്ക് മാത്രം അത് കോമഡിയായി മാറുന്ന അവസ്ഥ. അതാണ് 'മോഹിനിയാട്ട'ത്തിന്റെ ഫ്രഷ്‌നെസ്സ്.

ക്രൈം നടന്ന ശേഷമുള്ള ഭീകരമായ ചില സിറ്റുവേഷനുകളിൽ, കഥാപാത്രങ്ങളുടെ ഗൗരവപൂർണ്ണമായ സംഭാഷണ ശകലങ്ങളിൽ, അവരുടെ സ്വാഭാവികമായ ഭാവ പ്രകടനങ്ങളിൽ അങ്ങിനെ എല്ലായിടത്തും ഹാസ്യത്തിന്റെ സാധ്യതകളെ വിജയകരമായി അവതരിപ്പിച്ചു പ്രതിഫലിപ്പിക്കാൻ സാധിച്ചു എന്നത് ചെറിയ കാര്യമല്ല.

ഭരതൻ നായരുടെ കഥാപാത്രം ഇല്ലാതായി പോയിട്ടും ആ കഥാപാത്രത്തിന്റെ രസകരമായ ഒരു ഓർമ്മ-തുടർച്ച ഈ സിനിമയിലുമുണ്ട്. ഒരൊറ്റ സീനിൽ പോലും ആ കഥാപാത്രം നേരിട്ട് വരുന്നില്ലെങ്കിലും 'മോഹിനിയാട്ട'ത്തിലും ഭരതൻ നായർ അങ്ങിനെ നിറഞ്ഞു നിൽക്കുന്നുണ്ട്.

സൈജു കുറുപ്പ് - സുരാജ് വെഞ്ഞാറമൂട് - വിനയ് ഫോർട്ട് - ജഗദിഷ് അങ്ങിനെ നീളുന്ന ഒരു കൂട്ടം പേര് ഒരു ഭാഗത്ത് സ്‌കോർ ചെയ്തു പോകുമ്പോൾ മറു ഭാഗത്ത് കലാരഞ്ജിനി, നന്ദു പൊതുവാളൊക്കെ കരിയർ ബെസ്റ്റ് പെർഫോമൻസുമായി അഴിഞ്ഞാടുകയാണ്.

കലാരഞ്ജിനി - ഈ സിനിമയിൽ ഹൈ ലെവൽ പെർഫോമൻസ് ആണ്. ഡയലോഗ് ഡെലിവറി ആകട്ടെ ടൈമിംഗ് ആകട്ടെ അവര് കിടു ആയിരുന്നു. എക്സ്പ്രഷൻ കൊണ്ട് മാത്രം അവര് മൊത്തം സീനും തൂക്കുന്ന കാഴ്ച

സുരാജ് - ചത്ത് അഭിനയിക്കുക എന്നൊക്കെ വെറുതെ പറയുന്നതല്ല.. അമ്മാതിരി ഒരു ഐറ്റം. വളരെ സീരിയസായിട്ടുള്ള സംഭാഷണങ്ങളിൽ കൂടി ഹ്യൂമർ കൈമാറുന്ന പ്രതിഭാസം. കാര്യം പറഞ്ഞു വരുന്നതിനിടെ അനന്തരവനോട് സർബത്ത് അടിക്കുന്ന കാര്യം പറയുന്ന സീനൊക്കെ ആ ലെവൽ ഒന്നാണ്. അത് പോലെ അമ്പലം പണിഞ്ഞ കഥയുടെ വിവരണം. ആദ്യ ഭാഗത്തിൽ സൈജുവിന്റെ വേഷം ചെയ്യാൻ പറ്റാതെ പോയതിന്റെ എല്ലാ വിഷമവും രണ്ടാം ഭാഗത്തിൽ അങ്ങ് തീർത്തു.

നന്ദു പൊതുവാൾ..വഴി പോക്കൻ വേഷത്തിൽ ഒതുങ്ങേണ്ട ആളല്ല എന്ന് തെളിയിച്ച പ്രകടനം. മെയിൻ കഥാപാത്രങ്ങൾക്കൊപ്പം തിളങ്ങി നിക്കുന്നുണ്ട് മോഹിനിയാട്ടത്തിൽ.

അത് പോലെ ബേബി ജീൻ - ആ ചങ്ങായിയൊക്കെ സിനിമയുടെ രണ്ടാം പകുതി മൊത്തത്തിൽ തൂക്കി എന്ന് പറയാം.

സിനിമയിൽ ബേബി ജീന്റെ സുഭാഷ് പറയുന്ന പോലെ - ഇൻ ആയി കഴിഞ്ഞാൽ പിന്നെ ഒരേ ത്രില്ലാണ്.

എല്ലാം കൊണ്ടും പൈസ വസൂൽ പടം. Don't Miss to Watch !!

©bhadran praveen sekhar

Tuesday, April 28, 2026

തകർപ്പൻ വാഴ !!


ആദ്യ ഭാഗത്തിന്റെ അതേ ടെമ്പ്ലേറ്റിൽ കഥ പറയുമ്പോഴും പഴയതിനേക്കാൾ മികച്ച ഒരു പതിപ്പായി വാഴ 2 നെ മാറ്റാൻ സാധിച്ചിട്ടുണ്ട് സംവിധായകൻ സവിൻ സാക്ക്.

റീൽസ് പ്രകടനങ്ങൾ കൊണ്ട് ശ്രദ്ധേയരായ ഒരു പറ്റം ചെറുപ്പക്കാരെ മുൻ നിർത്തി കൊണ്ട് തിയേറ്റർ സ്‌ക്രീനിൽ ഓളം ഉണ്ടാക്കാൻ സാധിക്കുക എന്നത് ചെറിയ കാര്യമല്ല.

ഹാഷിർ - അലൻ - അജിൻ - വിനായക് -ദേവരാജ് ..ഗംഭീര പ്രകടനങ്ങൾ. കോമഡിയിൽ തുടങ്ങി ആക്ഷനും റിയാക്ഷനും ഇമോഷനുമൊക്കെയായി പരിചയ സമ്പത്തുള്ള നടന്മാരെ പോലെ സിനിമയുടെ ആദ്യാവസാനം വരെ അവർ തിളങ്ങി നിൽക്കുന്നു.

ചിരിയുടെ രസക്കൂട്ട് മാത്രമല്ല കഥാപാത്രങ്ങൾക്കിടയിലെ ബന്ധങ്ങളെയും മനോഹരമായി അടയാളപ്പെടുത്തുന്നുണ്ട് വാഴ 2.

ഓരോ കഥാപാത്രങ്ങളുടെയും ജീവിതത്തിൽ സംഭവിച്ച തിരിച്ചറിവുകളും നോവുകളും അത് വരെയുണ്ടായിരുന്ന കഥാപരിസരത്തെ വൈകാരികമാക്കി മാറ്റുന്നു.

അൽഫോൻസ് പുത്രന്റെ പോലീസ് കഥാപാത്രം എത്തുന്ന സീൻ ഒരു ബോധവത്ക്കരണ ക്ലാസ് പോലെ സിനിമക്കിടയിൽ മുഴച്ചു നിക്കുന്നതായി അനുഭവപ്പെടുമ്പോഴും സമകാലീന കേരളത്തിൽ ആ സീനിന് പ്രസക്തിയേറെയുണ്ട്.

സുധീഷ് - വിനോദ് കെടാമംഗലം - ബിജുക്കുട്ടൻ എന്നിവരുടെ അച്ഛൻ കഥാപാത്രങ്ങളെല്ലാം ശ്രദ്ധേയമായി തന്നെ അവതരിപ്പിക്കപ്പെട്ടു.

ഇമോഷണൽ ആയി അഭിനയിക്കാതെ തന്നെ ഒരു ചിരിയും കെട്ടിപ്പിടിത്തവുമൊക്കെ കൊണ്ട് വല്ലാത്തൊരു ഇമോഷണൽ ഫീൽ സമ്മാനിക്കുന്നുണ്ട് ബിജുക്കുട്ടൻ .

കണ്ണൻ സാഗർ, അലന്റെ പെങ്ങളായി അഭിനയിച്ച കുട്ടി, രണ്ടു മൂന്ന് സീനിൽ ദൈവത്തെ പോലെ വന്നു പോകുന്ന ചേട്ടൻ അങ്ങിനെ പറഞ്ഞു പോയാൽ കുറെയേറെ പേരുടെ കൂടി സിനിമയാണ് വാഴ 2.

വാഴയിലെ മുൻ താരങ്ങളെ ഈ സിനിമയിലേക്ക് പ്ലേസ് ചെയ്തിരിക്കുന്ന രീതിയും അതുണ്ടാക്കുന്ന ഓളവും വേറെ ലെവലാണ്. എന്റർടൈൻമെന്റിനൊപ്പം ഇമോഷണൽ കൂടിയാണ് വാഴ 2. പൈസ വസൂൽ. 

എന്തായാലും 'വാഴ' ഇനി ഒരു യൂണിവേഴ്‌സ് ആയി വിപുലീകരിക്കപ്പെടട്ടെ .

©bhadran praveen sekhar