Thursday, April 30, 2026

ചിരി രസമുള്ള 'മധുവിധു' !!

സ്ത്രീകളില്ലാത്ത / സ്ത്രീകൾ വാഴാത്ത 'ഗോഡ്ഫാദർ', 'മേലേപ്പറമ്പിൽ ആൺവീട്', 'കല്ല്യാണരാമൻ' പോലുള്ള സിനിമകളിലെ തറവാട് കഥാ പരിസരത്തെ ഓർമ്മപ്പെടുത്തുമ്പോഴുംആ സിനിമകളുമായൊന്നും ഒരു ബന്ധവുമില്ലാത്ത വിധം സമാനമായൊരു പ്ലോട്ടിൽ പുതിയൊരു കഥയെ രസകരമായി പറഞ്ഞവതരിപ്പിക്കാൻ ബിബിൻ മോഹൻ - ജയ് വിഷ്ണു - വിഷ്ണു അരവിന്ദ് ടീമിനു സാധിച്ചിട്ടുണ്ട്.

ആഞ്ഞിലിമൂട്ടിൽ കുടുംബത്തിന്റെ പാരമ്പര്യത്തിൽ നിന്ന് പറഞ്ഞു തുടങ്ങി നിലവിലെ അവസ്ഥയിലേക്ക് പറഞ്ഞെത്തുന്ന ഇൻട്രോയിൽ തന്നെയുണ്ട് സിനിമയുടെ രസച്ചരട്.

ചുമരിൽ ആണിയടിച്ചു വച്ച ഫോട്ടോകളിലെ പൂർവ്വികരെയൊക്കെ സിനിമയുടെ കഥാഗതിയിലേക്ക് ബന്ധപ്പെടുത്തിയ രീതിയൊക്കെ ശ്രദ്ധേയമായി.

രസകരമായ ഒരു കുടുംബ സിനിമയുടെ മൂഡിനൊപ്പം തന്നെ മൂന്ന് നാല് തലമുറക്കാരുടെ പ്രണയ കഥകൾ കൂടി ചേർത്ത് വച്ചിട്ടുണ്ട് സിനിമയിൽ.

പറയാതെയും തിരിച്ചറിയാതെയും പോയ പ്രണയങ്ങൾ.. നഷ്ട പ്രണയം.. പ്രണയം സാക്ഷാത്ക്കരിച്ചിട്ടും ഒന്നിക്കാനാകാത്ത അവസ്ഥ.. ആഞ്ഞിലി മൂട്ടിൽ തറവാട്ടിൽ സർപ്പ ശാപമുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം തേടുകയാണ് സിനിമ.

ഇത്തരം സിനിമകളിൽ സാധാരണ നമ്മൾ കണ്ടു ശീലിച്ച സങ്കീർണ്ണതകളോ വില്ലന്റെ എൻട്രിയോ ഒന്നുമില്ലാതെ തന്നെ 'മധുവിധു'വിനെ കൈയ്യൊതുക്കത്തോടെ അവതരിപ്പിക്കാൻ വിഷ്ണു അരവിന്ദിന് സാധിച്ചിട്ടുണ്ട്.

ജഗദിഷ് - ഷറഫു - അസീസ് .. ഒരേ സമയം സിറ്റുവേഷണൽ കോമഡികളിലും സീരിയസ് രംഗങ്ങളിലും സ്‌കോർ ചെയ്തു കാണാം.

കുറച്ചു നേരമേ ഉള്ളൂവെങ്കിലും വിനീത് തട്ടിലിന്റെ സുര മാമനൊക്കെ സൂപ്പറായിരുന്നു.

കല്യാണി പണിക്കർ, വിജിത, ശ്രീജയ മൂന്നാളും അവരവരുടെ റോൾ നന്നായി തന്നെ ചെയ്തു.

സകുടുംബം കാണാവുന്ന ഒരു പടം. എന്റർടൈൻമെന്റ് തന്നെയാണ് രണ്ടു മണിക്കൂർ ദൈർഘ്യമുള്ള ഈ പടത്തിന്റെ ഗ്യാരണ്ടി.

ഈ കൊല്ലം ഇഷ്ടപ്പെട്ട 'ഫാമിലി എന്റർടൈനർ' സിനിമകളുടെ കൂട്ടത്തിലേക്ക് 'മധുവിധു' വിനെ കൂടി ചേർക്കുന്നു.

©bhadran praveen sekhar

No comments:

Post a Comment