വികൃതികൾ സംഭവിച്ചു പോകുന്നതായിരിക്കാം. പക്ഷേ അത് മറ്റൊരാളുടെ മനസ്സിനെയും തകർത്തു കൊണ്ട് അയാളുടെ ജീവിതത്തെ പോലും തകിടം മറക്കുന്ന രീതിയിൽ സംഭവിക്കാതിരിക്കാൻ ശ്രദ്ധിക്കണം, ശ്രദ്ധിച്ചേ മതിയാകൂ. ഈ ഓർമ്മപ്പെടുത്തലും വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തലുമാണ് 'വികൃതി' എന്ന കൊച്ചു സിനിമയെ ശ്രദ്ധേയമാക്കുന്നത്.
കൊച്ചി മെട്രോയിൽ പാമ്പ് എന്ന അടിക്കുറിപ്പോടെ വർഷങ്ങൾക്ക് മുന്നേ എൽദോ എന്ന വ്യക്തിയുടെ ജീവിതം കൊണ്ട് ട്രോളടിച്ചു കളിച്ചവരെയും സമാന മനസ്സുള്ളവരെയുമൊക്കെ പ്രതിക്കൂട്ടിൽ നിർത്തി ചോദ്യം ചെയ്യുന്ന സിനിമയല്ല വികൃതി. മറിച്ച് അവരെ പോലുള്ളവരോട് വളരെ സരസമായി തന്നെ ചിലത് പറയുകയും തലകുനിപ്പിക്കുകയും ചെയ്യുന്ന സിനിമയാണിത്.
എൽദോയായി സുരാജ് പ്രകടനം കൊണ്ട് വീണ്ടും അതിശയിപ്പിക്കുകയാണ്. ഫൈനൽസിലെ വർഗ്ഗീസ് മാഷും വികൃതിയിലെ എൽദോയും ഈ വർഷം സുരാജിന് കിട്ടിയ മികച്ച കഥാപാത്രങ്ങളായി തന്നെ വിലയിരുത്തപ്പെടും എന്ന് ഉറപ്പ്.
സുരാജ്-സുരഭി എന്നീ രണ്ടു ദേശീയ അവാർഡ് ജേതാക്കളെ ജോഡിയായി കാണാൻ കിട്ടിയതിലും സന്തോഷമുണ്ട്. സൗബിന്റെ സമീറും, വിൻസിയുടെ സീനത്തുമൊക്കെ തന്മയത്തമുള്ള പ്രകടനം കൊണ്ട് വേറിട്ട് നിന്നു.
ആദ്യ സിനിമയെ കുറ്റം പറയിപ്പിക്കാത്ത വിധം മനോഹരമാക്കിയഎംസി ജോസഫെന്ന സംവിധായകൻ മലയാള സിനിമക്ക് 'വികൃതി'യിലൂടെ കിട്ടിയ മറ്റൊരു പ്രതിഭയാണ്.
സോഷ്യൽ മീഡിയയുടെ അതിപ്രസരണമുള്ള ഈ കാലത്ത് നേരെന്ത് നെറിയെന്ത് എന്നറിയാതെ പടച്ചു വിടുന്ന പോസ്റ്റുകൾ എത്ര പേരുടെ ജീവിതങ്ങളെ ബാധിച്ചിരിക്കാം എന്ന് ചിന്തിച്ചു പോകുന്നുണ്ട്. വാ വിട്ട വാക്കും സെന്റ് ചെയ്ത പോസ്റ്റും തിരിച്ചെടുക്കാനാകില്ല എന്ന സമീറിന്റെ തിരിച്ചറിവോടെയുള്ള കമെന്റ് ചിരിക്കാനുള്ളതല്ല ചിന്തിക്കാനുള്ളത് തന്നെയാണ്.
ആകെ മൊത്തം ടോട്ടൽ = കാണേണ്ടതും പിന്തുണക്കേണ്ടതുമായ ഒരു കൊച്ചു സിനിമ.
*വിധി മാർക്ക് = 7.5/10
-pravin-
വാ വിട്ട വാക്കും സെന്റ് ചെയ്ത പോസ്റ്റും തിരിച്ചെടുക്കാനാകില്ല എന്ന സമീറിന്റെ തിരിച്ചറിവോടെയുള്ള കമെന്റ് ചിരിക്കാനുള്ളതല്ല ചിന്തിക്കാനുള്ളത് തന്നെയാണ്.
ReplyDelete