Sunday, October 20, 2019

ഒരു പോത്തും കുറേ മനുഷ്യ മൃഗങ്ങളും !!

കാലം എത്ര കഴിഞ്ഞാലും, എത്രയൊക്കെ പുരോഗമനം പറഞ്ഞാലും മനുഷ്യൻ അടിസ്ഥാനപരമായി ഒരു മൃഗം തന്നെയാണ്. ഒരു പക്ഷേ ഈ ലോകത്തിലെ  most dangerous wild animal എന്ന് വിശേഷിപ്പിക്കാൻ പറ്റുന്ന ഒരു ഇനം. ലിജോ ജോസ് പല്ലിശ്ശേരി ജെല്ലിക്കെട്ടിനു വേണ്ടി കേറി പിടിച്ചതും അതിനെ തന്നെയാണ്.

സിനിമയുടെ തുടക്കത്തിലേ കാണിക്കുന്ന ഗ്രാമത്തിലെ ഇറച്ചിക്കടയും അവിടെ ഇറച്ചി വാങ്ങാൻ വരുന്നവരുടെ ഇറച്ചി പ്രേമവുമൊക്കെ ഈ സിനിമയുടെ തീമിനോട് ചേർന്ന് വായിക്കാവുന്ന സംഗതികളാണ്. വിശപ്പിനും രുചിക്കും അപ്പുറം ഇറച്ചിയോടുള്ള മനുഷ്യന്റെ വെറിക്ക് യുഗങ്ങൾ പഴക്കമുള്ള പിന്നാമ്പുറ കഥകൾ വേറെയുണ്ട് .

മൃഗങ്ങളെ വേട്ടയാടി പിടിക്കുമ്പോൾ മനുഷ്യൻ അത്തരത്തിൽ ആനന്ദം അനുഭവിക്കുന്ന ഒരു മാനസിക നിലയിലേക്ക് എത്തുമായിരുന്നു. അധിനിവേശം നടത്താനും അധികാരം ഉറപ്പിക്കാനും വമ്പു കാണിക്കാനുമൊക്കെ  ഈ വേട്ടയാടൽ സ്വഭാവം പിന്നീട് ഒരു കാരണമായി മാറി. 

സമാധാനം പ്രസംഗിക്കുന്ന മനുഷ്യൻ തൊട്ട് പള്ളീലച്ചൻ പോലും ആ പോത്തിനെ ആട്ടി പിടിക്കാൻ ആക്രോശിക്കുന്നതിനു പിന്നിലുള്ളത് മനുഷ്യന്റെ ജീനിലുള്ള ആ  അക്രമ വാസനയാണ്. ആദ്യമൊക്കെ നിയമം പറഞ്ഞു നിന്നിരുന്ന ആ നാട്ടിലെ ഒരു പോലീസുകാരൻ പോലും പിന്നീട് ആൾക്കൂട്ടത്തിനൊപ്പം പോത്തിനെ പിടിക്കാൻ പായുന്നതിന് പിന്നിലെ മനഃശാസ്ത്രവും മറ്റൊന്നല്ല. 

മനോഹരമായി ഉണരുന്ന പ്രകൃതിയും ജീവജാലങ്ങളുമൊക്കെ കാണിക്കുന്ന ഷോട്ടിന് പിന്നീട് ഭീകരത നൽകുന്നത് കുറേ മനുഷ്യരുടെ കണ്ണുകൾ തുറക്കുന്നത് കാണിച്ചു കൊണ്ടാണ്. ശാന്തമായ ഒരു ചുറ്റുവട്ടത്തെ ഒച്ചപ്പാടോടു കൂടി വയലൻസ് നിറഞ്ഞ അന്തരീക്ഷമാക്കി മാറ്റുന്നത് മനുഷ്യനെന്ന മൃഗങ്ങൾ ഉണരുന്നതോടു കൂടിയാണ് എന്ന് സാരം.

യുക്തിഭദ്രമായ ഒരു തിരക്കഥ കൊണ്ടല്ല മറിച്ച് പറയാൻ ഉദ്ദേശിക്കുന്ന വിഷയത്തെ  അതി ഗംഭീരമായും ഭീകരമായും  തന്നെ പറഞ്ഞവതരിപ്പിക്കുന്ന മേയ്ക്കിങ് ആണ് ജെല്ലിക്കെട്ടിനെ വേറെ ലെവലിലേക്ക് എത്തിക്കുന്നത്. 

ചതിയും പകയും കാമവും വേട്ടയാടലും ആൾക്കൂട്ട മനഃശാസ്ത്രവുമൊക്കെ  ഇത്ര മാത്രം വന്യമായി അവതരിപ്പിക്കാൻ സിനിമയെ സഹായിക്കുന്നത് ഗിരീഷിന്റെ കാമറയും രംഗനാഥ്‌ രവിയുടെ സൗണ്ട് റെക്കോർഡിങ്ങുമാണ്. പലരെയും അസ്വസ്ഥപ്പെടുത്തുന്ന ആ സൗണ്ട് ഈ സിനിമയോട് അത്ര മാത്രം ചേർന്ന് നിൽക്കുന്നുണ്ട്. 

വെട്ടാൻ കൊണ്ട് വന്ന ഒരു പോത്ത് ഇറങ്ങിയോടി നാട്ടിൽ അങ്കലാപ്പുണ്ടാക്കിയാൽ തന്നെ  ഇത്രയോളം മനുഷ്യർ ഒരു നാടിളക്കി അതിന്റെ പിന്നാലെ ഇങ്ങിനെ ഓടുമോ, ഇത്രയേറെ കഷ്ടപ്പെട്ട് വേണോ അതിനെ പിടിക്കാൻ എന്നൊക്കെ സംശയിച്ചു കാണുന്നവർക്ക് ഈ സിനിമയുടെ ആസ്വാദനം ഇല്ലാതാകും. സിനിമ പറയാൻ ഉദ്ദേശിക്കുന്ന കാര്യത്തിന് വേണ്ടി സംവിധായകൻ ഉപയോഗിക്കുന്ന വെറും ടൂളുകൾ മാത്രമാണ് ആ നാടും പോത്തും പോത്തിന് പിന്നാലെ പായുന്ന മനുഷ്യരുമൊക്കെ.

ആനയും കരടിയുമൊക്കെ പാഞ്ഞു നടന്നിരുന്ന ഒരു കാടായിരുന്നു ഇന്നത്തെ നമ്മുടെ ഈ നാടെന്നു പറയുന്ന കരണവരോട് അതിശയത്തോടെ ഒരു പയ്യൻ ചോദിക്കുന്നുണ്ട് കാടോ ഇവിടെയോ എന്ന്. നീയൊക്കെ എന്ന് മുതലാടാ പാന്റും ഷർട്ടും ഇടാൻ തുടങ്ങിയത് എന്ന മറു ചോദ്യത്തിനൊപ്പം കാരണവർ പറഞ്ഞു വക്കുന്ന ഒന്നുണ്ട് - ഇപ്പോഴും ഇത് കാട് തന്നെയാണ്, ആ രണ്ടു കാലില് നടക്കുന്നത് നോക്കണ്ട അതൊക്കെ മൃഗങ്ങൾ ആണെന്ന്. ഈ പറച്ചിലിനൊപ്പം  മനുഷ്യൻ എത്ര മാത്രം വന്യത നിറഞ്ഞ മൃഗമാണ് എന്ന് അനുഭവപ്പെടുത്തി തരുന്നിടത്താണ് ജെല്ലിക്കെട്ട് മികച്ച സിനിമയാകുന്നത്. 

അവസാന സീനുകളിലൊക്കെയുള്ള അതിശയോക്തികൾ സിനിമ ആവശ്യപ്പെടുന്ന സംഗതികൾ തന്നെയാണ്. ആ അതിശയോക്തി കലർന്ന സീനില്ലെങ്കിൽ പറയാൻ വന്ന വിഷയത്തിന്റെ ഭീകരത അനുഭവപ്പെടാതെ പോകുമായിരുന്നു. മനുഷ്യന്റെ മരണം എന്നത് ജീവൻ പോകുന്നതല്ല  മറിച്ച്  പഴയ കാലത്തേക്കുള്ള തിരിച്ചു നടക്കലിലാണ്. ആ കാലത്തിലേക്ക് കൊണ്ട് പോകാനാണ് പോത്ത് പോലും  വന്നത് എന്ന ഓർമ്മപ്പെടുത്തൽ സിനിമയെ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്നു.

ചെമ്പൻ വിനോദും, പെപ്പെയും, സാബു മോനും, ജാഫർ ഇടുക്കിയും തൊട്ടു പല പരിചയ മുഖങ്ങളും ഈ സിനിമയിൽ ഉണ്ടെങ്കിലും മികച്ച പ്രകടനത്തിനുള്ള സ്‌പേസ് അവർക്കാർക്കും ലഭിക്കാതെ പോകുന്നത്  സിനിമയുടെ ഫോക്കസ് മുഴുവനും പോത്തിന് പിന്നാലെ പായുന്ന ആൾക്കൂട്ടത്തിലേക്കാണ് എന്നത് കൊണ്ടാണ്. ആന്റണിയും കുട്ടച്ചനും വർക്കിയുമൊക്കെ അവിടെ ആൾക്കൂട്ടത്തിൽ ഒരാൾ മാത്രമായി മാറുന്നു. ആ തലത്തിൽ ഈ സിനിമ സംവിധായകന്റെ പോലുമല്ല,  ആൾക്കൂട്ടത്തിനൊപ്പം പോത്തിന് പിന്നാലെ ഓടി മനുഷ്യനെന്ന മൃഗത്തെ കണ്ടറിയുന്ന പ്രേക്ഷകന്റെ മാത്രമാണ്.

ആകെ മൊത്തം ടോട്ടൽ =  ചിന്തിക്കാൻ  വകുപ്പുള്ള ഒരു പ്രമേയത്തിന്റെ  ഗംഭീര ദൃശ്യാവിഷ്ക്കാരം എന്ന നിലയിൽ വേറിട്ട ആസ്വാദനം  തരുന്ന ഒരു മികച്ച സിനിമ.

*വിധി മാർക്ക് = 8/10

-pravin-

4 comments:

  1. പോസ്റ്റർ കണ്ടപ്പോൾ ഇതിൽ "ഒറ്റ " പോത്തേ ഉള്ളു എന്ന് തെറ്റിദ്ധരിച്ചു.

    ReplyDelete
  2. ചിന്തിക്കാൻ വകുപ്പുള്ള ഒരു പ്രമേയത്തിന്റെ ഗംഭീര ദൃശ്യാവിഷ്ക്കാരം എന്ന നിലയിൽ വേറിട്ട ആസ്വാദനം തരുന്ന ഒരു മികച്ച സിനിമ.

    ReplyDelete